Follow Us On

31

January

2023

Tuesday

ഈ പീഡനങ്ങളില്‍ തളരരുത്‌

ഈ പീഡനങ്ങളില്‍ തളരരുത്‌

ആരാധാനാലയങ്ങളെയും ആത്മീയ സ്ഥാപനങ്ങളെയും ഏറെ ആദരവോടെ കാണുന്നവരാണ് ഭാരതീയര്‍. ആത്മീയഗുരുക്കന്മാരോടും സമൂഹം ആ ബഹുമാനവും ആദരവും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണത്. ഏതു വിശ്വാസത്തില്‍പ്പെട്ടവര്‍ക്കും നിര്‍ഭയമായി പ്രവര്‍ത്തിക്കുവാനും അവരുടെ വിശ്വാസങ്ങള്‍ പുലര്‍ത്തുവാനും കഴിയുന്ന സ്വാതന്ത്ര്യത്തെ അഭിമാനമായാണ് നാം കാണുന്നത്.

എന്നാല്‍, സമീപകാലത്ത് കേള്‍ക്കുന്ന വാര്‍ത്തകള്‍ പലതും നമ്മുടെ സംസ്‌കാരത്തിനും തലമുറകളായി പുലര്‍ത്തിവന്ന സഹിഷ്ണുതയ്ക്കും ഒട്ടും യോജിക്കുന്നവയല്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഏതാനും വര്‍ഷങ്ങളായി അത്തരം സംഭവങ്ങള്‍ ഏറിവരുകയാണ്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിന്റെ അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയില്‍ സംഭവിച്ചത്. ബംഗളൂരുവിലെ ദേവനഹള്ളിക്കു അടുത്തുള്ള മഹിമബേട്ടയില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപവും 14 കുരിശുകളും റവന്യൂ അധികാരികള്‍ തകര്‍ത്തിരിക്കുകയാണ്. തീവ്രവര്‍ഗീയത പ്രചരിപ്പിക്കുന്ന ചില സംഘടനകളുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്തരമൊരു സംഭവം നടന്നത്.

ചിലരുടെ അടിസ്ഥാനരഹിതമായ പരാതിയുടെ പേരില്‍ റവന്യൂ അധികൃതര്‍ സ്വഭാവിക നീതി നിഷേധിച്ചുകൊണ്ട് നടപടികള്‍ എടുക്കുകയായിരുന്നു. മഹിമബേട്ടയില്‍ 40 വര്‍ഷത്തോളമായി ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്ന പ്രദേശത്ത് ആറ് വര്‍ഷങ്ങള്‍ക്കുമുമ്പാണ് സംസ്ഥാന ഗവണ്‍മെന്റ് നാലരയേക്കര്‍ സ്ഥലം പതിച്ചുനല്‍കിയത്. ചാപ്പല്‍, സെമിത്തേരി, 12 അടി ഉയരമുള്ള ക്രിസ്തുവിന്റെ തിരുസ്വരൂപം 14 ചെറിയ കല്‍ക്കുരിശുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ നാമാവശേഷമായിരിക്കുന്നത്.

മതപരിവര്‍ത്തനമെന്ന ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ തിരുസ്വരൂപം സ്ഥാപിച്ചത് സര്‍ക്കാര്‍ വക സ്ഥലത്താണെന്ന് കാണിച്ചായിരുന്നു പരാതി. അപ്പോഴും സര്‍ക്കാരിനോട് സഹകരിക്കാനാണ് അവിടുത്തെ ക്രൈസ്തവ നേതൃത്വം തയാറായത്. ഗവണ്‍മെന്റ് ഭൂമിയാണെങ്കില്‍ വലിയ നോമ്പു കഴിയുമ്പോള്‍ തിരുസ്വരൂപം നീക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അതുപോലും അനുവദിക്കാതെ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് റവന്യൂ അധികൃതര്‍ വിധേയപ്പെടുകയായിരുന്നു. ഗവണ്‍മെന്റു ഭൂമിയാണോ എന്ന് വിശദമായ പരിശോധനകള്‍ക്കുശേഷം തീരുമാനിക്കപ്പെടേണ്ടതാണ്. അത്തരമൊരു സാഹചര്യം നിലനില്ക്കുമ്പോഴാണ് റവന്യൂ അധികൃതരുടെ ഏകപക്ഷീയമായ നടപടി. ജെസിബി ഉപയോഗിച്ച് തിരുസ്വരൂപവും കുരിശുകളും നീക്കം ചെയ്യുകയായിരുന്നു. തീര്‍ച്ചയായും വലിയ അവഹേളനമാണ് നടന്നിരിക്കുന്നത്.

മറ്റ് ഏതെങ്കിലും മതവിഭാഗത്തിന്റേതായിരുന്നെങ്കില്‍ ഇത്തരമൊരു നടപടിക്ക് ബന്ധപ്പെട്ടവര്‍ തയാറാകുമായിരുന്നോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. ഇല്ലെന്ന കാര്യത്തില്‍ സംശയമില്ല. പ്രദേശവാസികളായ മറ്റു മതസ്ഥര്‍ക്ക് ഈ സ്ഥാപനങ്ങളോട് യാതൊരു എതിര്‍പ്പുമില്ല എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. പുറത്തുനിന്ന് എത്തിയവരാണ് പരാതിക്കാര്‍. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുടെ തലം ഉണ്ടെന്ന് വ്യക്തം.

ഇന്ത്യയില്‍ അടുത്ത കാലത്തായി മിഷനറിമാര്‍ക്ക് എതിരെ മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തിന്റെ ധാരാളം കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും പലരും ജയില്‍വാസം അനുഷ്ഠിക്കേണ്ടിവരുകയും ചെയ്തിട്ടുണ്ട്. നിയമങ്ങള്‍ അക്രമകാരികളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ അധികാരികള്‍ തയാറാകുന്നത് ജനാധിപത്യ സമൂഹത്തിന് ലജ്ജാകരമാണ്.

ക്രൈസ്തവര്‍ക്ക് എതിരെയുള്ള പീഡനങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം പത്താമതാണെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഏതാനും ആഴ്ചകള്‍ക്കുമുമ്പായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍നിന്നുവേണം ഇങ്ങനെയുള്ള സംഭവങ്ങളെ വിലയിരുത്താന്‍. നിയമസംവിധാനങ്ങളെ സ്വാധീനിച്ചു നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ വലിയ നീതിനിഷേധങ്ങളാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതും അധികാരികള്‍ പക്ഷംചേരുന്നതും രാജ്യത്തിന് നാണക്കേടാണ്. നീതിന്യായ സംവിധാനങ്ങള്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഗവണ്‍മെന്റുകള്‍ക്കുണ്ട്.

എന്നിരുന്നാലും ക്രൈസ്തവര്‍ ഭയപ്പെടേണ്ടതില്ല. കത്തോലിക്ക സഭയുടെ മുമ്പില്‍ ഉണ്ടായിരുന്നത് പൂവിരിച്ച പാതകള്‍ ആയിരുന്നില്ല. അക്രമങ്ങളുടെ പേരില്‍ ആരെയും വെറുക്കാനോ ശത്രുപക്ഷത്തുനിര്‍ത്താനോ പാടില്ല. അത് ക്രിസ്തീയമല്ല. പീഡനങ്ങള്‍ അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ഒപ്പം, അതിന് കാരണക്കാരായവര്‍ക്ക് മാനസാന്തരം ഉണ്ടാകുന്നതിനായും പ്രാര്‍ത്ഥിക്കാം. ഈ നോമ്പുകാലത്തെ ത്യാഗങ്ങള്‍ ആ നിയോഗത്തിനായി മാറ്റിവയ്ക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?