Follow Us On

07

May

2021

Friday

സന്തോഷത്തിൻ്റെ അടയാളങ്ങൾ

സന്തോഷത്തിൻ്റെ  അടയാളങ്ങൾ

‘യാത്ര ചെയ്യും ഞാന്‍ അന്ത്യംവരെ, യുദ്ധം ചെയ്യും ഞാന്‍ ക്രൂശേ നോക്കി’- ഇതൊരു പാട്ടിന്റെ ഈരടികളാണ്. ഞാനത് തിരിച്ചും പാടാറുണ്ട് – ‘യാത്ര ചെയ്യും ഞാന്‍ ക്രൂശേ നോക്കി, യുദ്ധം ചെയ്യും ഞാന്‍ അന്ത്യംവരെ’. ഈ ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം ഈ ലോകത്തിലെ തിന്മകളോട് പടവെട്ടി മാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളൂ.

ഇന്ന് യുവജനങ്ങള്‍ക്ക് മുമ്പില്‍ ആകര്‍ഷകങ്ങളായിട്ടുള്ള ആശയങ്ങളും കൂട്ടുകെട്ടുകളും ബന്ധങ്ങളും മറ്റു പ്രലോഭനങ്ങളും സത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഞാന്‍ സങ്കടത്തോടെ ഓര്‍ക്കാറുണ്ട്, നമ്മുടെ കുട്ടികളാണ് പലയിടത്തേക്കും മാറിപ്പോകുന്നത്. അതിന്റെ അര്‍ത്ഥം വിശ്വാസത്തിന്റെ ആഴം മക്കള്‍ക്ക് ഇല്ലെന്നതാണ്. ആഴമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം വിശ്വാസം ത്യജിക്കുക എന്നത് ജീവന്‍ ത്യജിക്കുന്നതിന് തുല്യമാണ്.

പുതിയ തലമുറയ്ക്ക് വഴിതെറ്റുന്നുണ്ടെങ്കില്‍ അത് വഴി അറിയാത്തതുകൊണ്ടാണ്. മതവിശ്വാസത്തെ വളരെ വൈകാരികമായി സമീപിക്കുമ്പോഴും ദൈവത്തില്‍ ആശ്രയിക്കുന്ന പഴയ തലമുറയുടെ ജീവിതവിജയം പുതിയ തലമുറയ്ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് എന്റെയൊരു തോന്നല്‍. എല്ലാം കാണുന്ന, എല്ലാം അറിയുന്ന, എല്ലാം മനസിലാക്കുന്ന, എല്ലാം നിയന്ത്രിക്കുന്ന, എല്ലാറ്റിന്റെയും ഉടയവനായിട്ടുള്ള, ഉറവിടമായിട്ടുള്ള ദൈവംതന്നെയാണ് നമുക്ക് ആത്യന്തികമായി ആശ്രയിക്കാനുള്ളത്.

ഈ വിശ്വാസത്തിന്റെ, ദൈവകരുതലിന്റെ, ദൈവത്തിന്റെ കാവലിന്റെ വലിയൊരു കരുത്ത് നമ്മുടെ പുതിയ തലമുറയ്ക്ക് കാണിച്ചുകൊടുക്കാന്‍ കഴിയണം. അങ്ങനെ അവര്‍ക്ക് ആഴത്തില്‍ ദൈവവുമായി കണക്ട് ചെയ്യുന്ന ആത്മീയത രൂപപ്പെടുത്താന്‍ സാധിക്കും. അത് മതാത്മകത മാത്രമല്ല – മതം എന്നുള്ളത് ഈ ആത്മീയതയിലേക്ക് കൊണ്ടുപോകുന്ന ഒരു ഘടകമാണ്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍, മതവിശ്വാസികള്‍ കൂടുന്നുണ്ടെങ്കിലും ദൈവത്തിലുള്ള വിശ്വാസം കുറഞ്ഞുവരുന്നതായി പലരും നിരീക്ഷിക്കാറുണ്ട്. മതാത്മകത കൂടുന്നു, ആത്മീയത കുറയുന്നു. മതവിശ്വാസികളുടെ ആത്മീയത കുറയുന്നതുകൊണ്ടാണത്.

മാറുന്ന കാലം
പണ്ടുകാലത്ത് ഒരു ആശുപത്രിയില്‍ പോകുകയാണെങ്കില്‍, ആശുപത്രിയില്‍ ചെന്നിരുന്ന്, അവിടെ വരുന്ന സമാന രോഗികളുടെ ദൈന്യതയും വിഷമവുമൊക്കെ കാണുമായിരുന്നു. കാത്തിരുന്ന് ഡോക്ടറെ കാണുന്നത് വരെയുള്ള സമയം മറ്റുള്ള രോഗികളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നുമല്ലല്ലോ. നമ്മള്‍ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുത്ത്, ആ ഡോക്ടറെ കണ്ട് തിരിച്ചുപോരുന്നു.

വേറെ ആരെയും കാണാനോ സംസാരിക്കാനോ ഉള്ള അവസരമോ സമയമോ ഇല്ല. അതിനുള്ള താല്‍പ്പര്യവുമില്ല. അങ്ങനെ എല്ലാംകൊണ്ടും പുതിയ തലമുറയുടെ ജീവിതരീതികള്‍ വ്യത്യസ്തമാണ്. ഇടപഴകലുകളും കണ്ടുമുട്ടലുകളും കൂട്ടിമുട്ടലുകളും കുറഞ്ഞു. സംസാരം ഫോണുകള്‍ ഏറ്റെടുത്തു. തമ്മില്‍ കാണാനുള്ള അവസരങ്ങള്‍ കുറഞ്ഞു.

യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളോ കുറവുകളോ വേദനകളോ ദുഃഖങ്ങളോ പ്രയാസങ്ങളോ പ്രശ്‌നങ്ങളോ അറിയാതെയാണ് പൊതുവേ ഇന്ന് കുട്ടികള്‍ വളര്‍ന്നുവരുന്നത്. എല്ലാത്തരത്തിലുള്ള പ്രതിസന്ധികളിലും അവരെ പൊതിഞ്ഞ് കാത്തുസൂക്ഷിച്ച് ഒരു ബുദ്ധിമുട്ടും അല്ലലും അറിയിക്കാതെ, വേദനയറിയിക്കാതെ പുതുതലമുറയെ മാതാപിതാക്കള്‍ വളര്‍ത്തിക്കൊണ്ടുവരുന്നു. അതുകൊണ്ട് അവര്‍ക്ക് കഷ്ടപ്പാട്, ത്യാഗം, സഹനം, സഹിഷ്ണുത, പരസഹായം, പരസ്‌നേഹം, ഒതുങ്ങിക്കൂടല്‍, അടങ്ങിയൊതുങ്ങിയിരിക്കല്‍, ചെറുതാവല്‍ ഇങ്ങനെയുള്ള ഒന്നും കാര്യമായി ജീവിതത്തില്‍ അറിയേണ്ടി വന്നിട്ടില്ല.

പല മൂല്യങ്ങളും കുട്ടികള്‍ അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ കേട്ടുപഠിക്കും. പക്ഷേ കണ്ടുപഠിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഇടം കുടുംബമാണ്. അവര്‍ പഠിക്കുന്ന വിശ്വസ്തത, സത്യസന്ധത, വിശ്വാസം, സ്‌നേഹം, പരസ്‌നേഹം, സഹിഷ്ണുത… അങ്ങനെയുള്ള ധാരാളം കാര്യങ്ങള്‍ കുടുംബത്തില്‍നിന്നു മാത്രമേ പഠിക്കുകയുള്ളൂ.

യഥാര്‍ത്ഥ വേദപാഠം
ആത്മീയതയുടെ ആഴങ്ങള്‍ ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളിലൂടെയാണ് കുട്ടികള്‍ക്ക് കിട്ടേണ്ടത്. നമുക്ക് ദൈവം എന്തുമാത്രം ഉപകരിക്കുന്നുവെന്നുള്ളതും ദൈവത്തിലുള്ള വിശ്വാസവും ദൈവത്തിലുള്ള ശരണപ്പെടലും ജീവിതത്തില്‍ നമ്മെ എങ്ങനെ മുന്നോട്ട് നയിക്കുന്നുവെന്നുള്ളതും അവരെ ബോധ്യപ്പെടുത്തണം. ജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതുവഴിയായി നമുക്ക് ജീവിതത്തില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ആകുമെന്നും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തതുകൊണ്ട് ജീവിതത്തിന്റെ ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നില്ലായെന്നും കാണിച്ചുകൊടുക്കാന്‍ കഴിയണം.

ഇത് മാതാപിതാക്കളുടെ വലിയൊരു ഉത്തരവാദിത്വമാണ്. യുവമാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ദൈവത്തിന് കൊടുക്കുന്ന, ദൈവിക കാര്യങ്ങള്‍ക്ക് കൊടുക്കുന്ന മുന്‍ഗണനയും ഒന്നാം സ്ഥാനവും വളരെ പ്രധാനപ്പെട്ടതാണ്. അമ്മത്രേസ്യ പറഞ്ഞുപോലെ – ‘ദൈവം മാത്രം മതി, ദൈവത്തെ വേറിട്ടുകൊണ്ട് എന്തുവേണ്ടു’ എന്ന് ചോദിച്ചുകൊണ്ട് ദൈവത്തില്‍ പൂര്‍ണമായി ആശ്രയിച്ചുകൊണ്ട് ജീവിതത്തില്‍ വിജയിക്കുന്നതിനുള്ള പ്രയത്‌നമാണ് മാതാപിതാക്കള്‍ നടത്തേണ്ടത്. അപ്രകാരമുള്ള മാതാപിതാക്കളാണ് കുട്ടികള്‍ക്ക് ലഭിക്കുന്ന യഥാര്‍ത്ഥ വേദപാഠം.

പല മൂല്യങ്ങളും കുട്ടികള്‍ അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ കേട്ടുപഠിക്കും. പക്ഷേ കണ്ടുപഠിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഇടം കുടുംബമാണ്. അവര്‍ പഠിക്കുന്ന വിശ്വസ്തത, സത്യസന്ധത, വിശ്വാസം, സ്‌നേഹം, പരസ്‌നേഹം, സഹിഷ്ണുത, ക്ഷമിക്കല്‍, പൊറുക്കല്‍, നന്മ കാണാനും നല്ലതു പറയാനും ചെയ്യാനുമുള്ള വാസനകള്‍, ദൈവസന്നിധിയില്‍ താഴ്മയോടെ ജീവിക്കുക, എപ്പോഴും ചെറുതാകുന്നതിലൂടെ ദൈവത്തിന്റെ മുമ്പില്‍ വലുതാവുക… അങ്ങനെയുള്ള ധാരാളം കാര്യങ്ങള്‍ കുടുംബത്തില്‍നിന്നു മാത്രമേ പഠിക്കുകയുള്ളൂ.

മക്കള്‍ക്കുവേണ്ടി ഒരു കൈത്തിരിയായി എരിയുന്ന മാതാപിതാക്കളാണ് കുട്ടികളുടെ ഏറ്റവും നല്ല മാതൃക. എന്തുമാത്രം കഷ്ടപ്പാട് സഹിക്കേണ്ടി വന്നാലും ഒരിക്കലും വിശ്വാസത്തില്‍ നിന്നോ ദൈവികകാര്യങ്ങളില്‍നിന്നോ പിന്മാറില്ല എന്നുള്ളതും ഒരിക്കലും ഒരു കാരണവശാലും കളവു പറയില്ല എന്നും തെറ്റായ വഴിയെ പോകില്ലെന്നും ആരുടെയും പറ്റിച്ചെടുക്കില്ല എന്നുമൊക്കെയുള്ള ദൈവത്തിന്റെ മുമ്പിലുള്ള നേര്‍രേഖ – ജീവിതവിശുദ്ധി – കുടുംബത്തില്‍നിന്ന് കിട്ടേണ്ടതാണ്.

പഴയ തലമുറയില്‍നിന്നും പുതിയ തലമുറയിലേക്ക് മാറുന്ന ഒരു തലമുറയുണ്ടല്ലോ – ഒരു യുവതലമുറ. ആ യുവതലമുറയ്ക്ക് പഴയതിനെയും പുതിയതിനെയും ഒരുമിപ്പിച്ചുകൊണ്ടുപോകാന്‍ കഴിയണം. പഴയതിന്റെ നന്മകളും പുതിയതിന്റെ സാധ്യതകളും മനസിലാക്കി പഴയ നന്മകളെ അവഗണിക്കാതെ പുതിയ സാധ്യതകളെ ഉപയോഗിക്കുന്ന നല്ല ചൂണ്ടുപലകകള്‍ ആവണം യുവജനങ്ങള്‍.
വേരിന്റെ വിശുദ്ധി
മക്കള്‍ വഴിതെറ്റിപ്പോയതിനെക്കുറിച്ച് വേദനിച്ചുകൊണ്ട് വരുന്ന മാതാപിതാക്കളോട് ഞാന്‍ കൊച്ചു കാര്യങ്ങളേ പറയാറുള്ളൂ. അതില്‍ പ്രധാനമാണ് വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ – വേര് പരിശുദ്ധമാണെങ്കിലേ ശാഖ പരിശുദ്ധമാവുകയുള്ളൂ. മാതാപിതാക്കന്മാരുടെ അവിശ്വസ്തതയും അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങളും അവരുടെ വഴിവിട്ട പോക്കുകളും സത്യസന്ധതയില്ലാത്ത ജീവിതവുമെല്ലാം ബാധിക്കുന്നത് മക്കളെയാണ്. കുടുംബത്തില്‍നിന്ന് കിട്ടേണ്ട സ്‌നേഹത്തിന്റെ, വിശുദ്ധിയുടെ നിറവ് കിട്ടാതാവുമ്പോള്‍ അവര്‍ക്ക് ലഹരി കിട്ടാനുള്ള മറ്റ് വഴികളിലേക്ക് പോകും.

അതുകൊണ്ട് കുട്ടികളും ചെറുപ്പക്കാരുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ മാതാപിതാക്കന്മാരോട് പറയാറുള്ളത് – നിങ്ങള്‍ ആദ്യം നിങ്ങളുടെ വഴികള്‍ നേരെയാക്കണം – അപ്പോള്‍ മക്കളും നേരെയാകും എന്നാണ്. കുട്ടികളോട് പറയാറുണ്ട്, മാതാപിതാക്കള്‍ വഴിതെറ്റി പോയി, എങ്കിലും നിങ്ങളെ കണ്ട് അവര്‍ നന്നാകണം. നിങ്ങള്‍ അവരുടെ ഒരു തിരുത്തല്‍ ശക്തിയായി മാറും എന്നു ഞാന്‍ പറയാറുണ്ട്. അങ്ങനെ മക്കളിലൂടെ മാതാപിതാക്കന്മാരെ നന്നാക്കിയെടുത്തതും മാതാപിതാക്കന്മാര്‍ അവരുടെ വഴികള്‍ നേരെയാക്കിയപ്പോള്‍ മക്കള്‍ നേര്‍വഴിക്ക് വന്നതുമായ ധാരാളം അനുഭവങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇത് രണ്ടും സംഭവിക്കേണ്ടതാണ്.

കുമ്പസാരവും കുര്‍ബാനയും മറ്റ് കൂദാശകളും അനുഭവമാകുന്നത് അതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുമ്പോഴാണ്. എന്തുകൊണ്ട് കുമ്പസാരം എന്നെ വിശുദ്ധീകരിക്കുന്നു, നല്ലവനാക്കാന്‍ സഹായിക്കുന്നു എന്നുള്ളത് മാതാപിതാക്കളില്‍നിന്ന് ആദ്യം കാണണം. മാതാപിതാക്കള്‍ കുമ്പസാരിച്ച് കഴിഞ്ഞപ്പോള്‍ ജീവിതത്തിലുണ്ടായ തെളിച്ചം തീര്‍ച്ചയായിട്ടും കുട്ടികള്‍ക്ക് മനസിലാകും. അവര്‍ക്കപ്പോള്‍ കുമ്പസാരത്തിലുള്ള വിശ്വാസം വര്‍ധിക്കും, കുമ്പസാരംകൊണ്ടുള്ള ഗുണം അവര്‍ മനസിലാക്കും.

അനുദിനം പങ്കെടുക്കുന്ന ദിവ്യബലി എന്റെ ജീവിതത്തിന് വലിയൊരു ശക്തിയായി മാറുന്നുവെന്ന് മക്കള്‍ പറയണമെങ്കില്‍ ആത്മാവിന് പോഷണമായ കുര്‍ബാന മാതാപിതാക്കളുടെ ജീവിതത്തിന്റെ ചാലകശക്തിയായി മാറുന്ന അനുഭവം ഉണ്ടാകണം. കൂടപ്പിറപ്പുകളുടെയും മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും അനുഭവങ്ങളിലൂടെയാണ് തിരുത്തലിനും നന്നാകലിനും നേര്‍വഴിയിലൂടെയുള്ള യാത്രയ്ക്കും കൂദാശകള്‍ സഹായകമാണെന്ന ബോധ്യം യുവജനങ്ങള്‍ക്ക് ലഭിക്കുന്നത്. തിന്മകളോട് പടവെട്ടുന്ന കാര്യത്തില്‍ നമ്മുടെ കരുത്തെന്ന് പറയുന്നത് ദൈവം സഭയിലൂടെ നമുക്ക് തരുന്ന കൂദാശകളിലൂടെ ലഭിക്കുന്ന ശക്തിയാണ്.

ദൈവമാണ് തങ്ങളെ യോജിപ്പിച്ചതെന്ന ബോധ്യത്തോടെ മാതാപിതാക്കള്‍ പരസ്പരമുള്ള തുറവിയിലും വിശ്വാസത്തിലും വിശ്വസ്തതയിലും ആഴത്തിലുള്ള വിശുദ്ധിയിലും ജീവിക്കുന്നതുവഴിയായിതന്നെ അഭിപ്രായവ്യത്യാസങ്ങള്‍ അവരുടെയിടയില്‍നിന്ന് മാറും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം കുറയുന്നതോടുകൂടിത്തന്നെ മക്കള്‍ക്ക് വലിയ കൃപയുണ്ടാകും. അപ്പോള്‍ അവിടെയും അഭിപ്രായവ്യത്യാസങ്ങള്‍ കുറയും.

ചങ്ങാതി നന്നായാല്‍…
പിയര്‍ പ്രെഷര്‍(സുഹൃത്തുക്കളുടെയും സഹപാഠികളുടെയും സമയപ്രായക്കാരുടെയും സ്വാധീനം) വഴിയായി സംഭവിക്കുന്ന വഴിതെറ്റലിനെക്കുറിച്ചാണ് സാധാരണ പറയാറുള്ളത്. പക്ഷേ പിയര്‍ പ്രെഷര്‍ വഴിയായി കൂട്ടുകാര്‍ നന്നാകുന്നതും കാണാന്‍ സാധിക്കും. വഴിതെറ്റിപോകുന്നവരെ കണ്ടുപിടിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അവരുടെ കൂടെ നടന്ന് ദൈവാനുഭവത്തിലേക്ക് കൊണ്ടുവന്ന് നല്ല വഴിയിലേക്ക് തിരിക്കാനായിട്ട് ഭക്തസംഘടനകള്‍ക്കും കൂട്ടുകാര്‍ക്കും സാധിക്കും. വ്യക്തിപരമായി ഇപ്രകാരമുള്ള ആളുകളോട് സൗഹൃദം സ്ഥാപിച്ച് അവരെ നല്ല വഴിയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ കൃപയുള്ള ചെറുപ്പക്കാര്‍ പരിശ്രമിക്കണം.

ചേര്‍ത്തുപിടിക്കാം, മക്കളെ
ദിശ അറിയാത്തതുകൊണ്ടാണ് ദിശാബോധം നഷ്ടപ്പെടുന്നത്. ദിശാബോധം നഷ്ടപ്പെടാതിരിക്കാന്‍വേണ്ടി ചെയ്യാനുള്ളത് അവരെ അനുധാവനം ചെയ്യലാണ്. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടനെ അവരെ കുറ്റപ്പെടുത്തുകയും ശപിക്കുകയും വിധിക്കുകയും ചെയ്യുമ്പോഴാണ് അവരില്‍ വല്ലാത്ത സംഘര്‍ഷമുണ്ടാകുകയും മത്സരബുദ്ധിയോടെ അതിനെ നേരിടുകയും ചെയ്യുന്നത്.

അതിന് പകരം കണ്ണീരോടെ അവരെ അനുധാവനം ചെയ്യുന്ന മാതാപിതാക്കളും മുതിര്‍ന്നവരുമാണെന്നുണ്ടെങ്കില്‍ ഒരിക്കലും അവര്‍ക്ക് ദിശ തെറ്റില്ല. ദൈവത്തോടുള്ള വിശ്വസ്തത ലോകത്തോടുള്ള മൈത്രിയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ക്ക് കരുത്ത് കൊടുത്തുകൊണ്ടിരിക്കണം. നമ്മുടെ പ്രാര്‍ത്ഥനകളും അനുധാവനവും അതിന് ഒട്ടേറെ സഹായിക്കും. ലോകത്തിലായിരിക്കുമ്പോഴും ദൈവത്തെ ഓര്‍ത്തുകൊണ്ട് ജീവിക്കുന്ന ഒരു കുടുംബം അവരുടെ മുമ്പിലും അവരുടെ ഉള്ളിലും ഉണ്ട് എന്നുണ്ടെങ്കില്‍ ഒരിക്കലും അവര്‍ക്ക് വഴി തെറ്റില്ല.
ദൈവം മാത്രം ലഹരി
ദൈവം സന്തോഷങ്ങള്‍ക്ക് എതിരല്ല, ദൈവം നമ്മുടെ സന്തോഷങ്ങളുടെ പൂര്‍ണതയാണ് എന്ന് ദൈവത്തെ കൂട്ടുപിടിച്ച് സന്തോഷിക്കുന്നവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ കഴിയണം. ലോകത്തെ ഉപേക്ഷിക്കലല്ല ദൈവത്തെ സ്‌നേഹിക്കല്‍ എന്ന് പറയുന്നത്. ദൈവത്തെ മറക്കാതെ, ദൈവത്തെ കൂട്ടുപിടിച്ച്, ദൈവം അനുവദിക്കുന്ന ലൗകികസന്തോഷങ്ങളുടെ പൂര്‍ണതയിലേക്ക് പോകാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ദൈവം സന്തോഷത്തിന് തടസമല്ലെന്നും ഒരു ചാലശക്തിയാണെന്നും യുവജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കണം.

യുവജനങ്ങള്‍ അവരുടെ പ്രായത്തിന്റെ പ്രത്യേകതയനുസരിച്ച് എന്തിലെങ്കിലും ഒരു ലഹരി കണ്ടെത്തുന്നവരാണ്. ദൈവം ഒരു ലഹരിയായി മാറിയ ഒരാളെ സംബന്ധിച്ചിടത്തോളം ദൈവസ്‌നേഹം ഉള്ളില്‍ നിറയുന്നതനുസരിച്ച് ദൈവസ്‌നേഹം പകരാനായിട്ടുള്ള ആവേശം കൂടിക്കൊണ്ടിരിക്കും. നമ്മള്‍ ഏര്‍പ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ദൈവം നമുക്കൊരു ലഹരിയായി മാറിക്കഴിയുമ്പോള്‍ മറ്റ് ലഹരികളോട് നമുക്ക് പുച്ഛമേ തോന്നൂ.

യുവജനപ്രസ്ഥാനങ്ങളിലായാലും സന്നദ്ധ സേവന പ്രസ്ഥാനങ്ങളിലായാലും പഠനമേഖലയിലായാലും മറ്റ് ഏത് മേഖലയിലായാലും അത് അങ്ങനെതന്നെയാണ്. ദൈവ സ്‌നേഹത്തിന്റെ ലഹരി നുകര്‍ന്നതിലുള്ള സന്തോഷത്തിന്റെ അടയാളങ്ങള്‍ കൊണ്ട് നമ്മുടെ ജീവിതം നിറയണം. ആ ലഹരിയുടെ അടയാളങ്ങളാണ് പരസ്‌നേഹം, ത്യാഗം ചെയ്യാനുള്ള സന്നദ്ധത, മറ്റുള്ളവര്‍ക്കുവേണ്ടി ചെറുതാകല്‍, മറ്റുള്ളവര്‍ക്കുവേണ്ടി ബുദ്ധിമുട്ടുകള്‍ സഹിക്കുക, പരസ്‌നേഹപ്രവൃത്തികള്‍, സന്നദ്ധ സേവന പ്രവൃത്തികള്‍, നീതിക്കുവേണ്ടിയുള്ള നിലപാട് എടുക്കല്‍, നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടങ്ങിയവ. ദൈവം ലഹരിയായി മാറുന്ന അവസ്ഥയിലേക്ക് എത്തുന്ന യുവജനങ്ങള്‍ക്ക് സന്തോഷം തേടി മറ്റ് തെറ്റായ ലഹരികളിലേക്ക് പോകേണ്ട ആവശ്യം ഉണ്ടാകില്ല.

ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?