Follow Us On

29

March

2024

Friday

അപ്പന്റെ കൂടെയുള്ള അവസാന യാത്ര

അപ്പന്റെ കൂടെയുള്ള  അവസാന യാത്ര

തമിഴ്‌നാട്ടിലെ പോലിസ് വണ്ടിയില്‍ എഴുതിയിരിക്കുന്ന വാക്ക് ചെറുപ്പംമുതല്‍ ഇഷ്ടമുള്ളതാണ്, കാവല്‍. തമിഴില്‍ പോലിസിനിട്ടിരിക്കുന്ന പേര് ശരിക്കും ചേരുന്നയാളാണ് വിശുദ്ധ യൗസേപ്പിതാവ്. മകനും അമ്മയ്ക്കുംവേണ്ടി നിഴല്‍പോലെ കാവല്‍ നിന്നയാള്‍. സിനിമകളിലെയും നാടകങ്ങളിലെയുമൊക്കെ മറക്കാനാവാത്ത ചില കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് ജോസഫ്.

അധികം ഡയലോഗുകള്‍ ഒന്നുമുണ്ടാകില്ല അവര്‍ക്ക്. ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് അധികമാരും ശ്രദ്ധിക്കാതെ യവനികയ്ക്ക് പിറകിലേക്ക് മറയുന്നവര്‍. ചിലപ്പോള്‍ ഒരക്ഷരംപോലും മിണ്ടുന്നില്ലെങ്കിലും മുഖഭാവങ്ങള്‍കൊണ്ട് കാണികളെ കരയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ചില കഥാപാത്രങ്ങള്‍. ദിവസങ്ങള്‍ കഴിഞ്ഞാലും മനസില്‍നിന്നും മായാത്ത അവരുടെ മുഖങ്ങള്‍. ജോസഫിന് അങ്ങനെയൊരു റോളാണ് ബൈബിളില്‍.

തീര്‍ത്ഥാടനം
മകന്റെയൊപ്പം നടത്തുന്ന ഒരു തീര്‍ത്ഥാടനത്തിന്റെ കഥയാണ് അവസാനമായി ബൈബിള്‍ ജോസഫിനെക്കുറിച്ച് വിവരിക്കുന്നത്. മകന്‍ നഷ്ടപ്പെട്ട ഒരപ്പന്‍ തിന്നുന്ന തീയെക്കുറിച്ചു ഊഹിക്കാവുന്നതേയുള്ളു. ഒരുപക്ഷേ വിറങ്ങലിച്ചുപോയിട്ടുണ്ടാകും പാവം. കുറച്ചു ദിവസങ്ങളിലായി മകന്റെകൂടെ ഈ അപ്പന്‍ നടത്തുന്ന യാത്ര മനസില്‍ നിന്നും പോകുന്നില്ല. എന്തൊക്കെയായിരിക്കും അവര്‍ അന്ന് പോകുമ്പോഴും തിരിച്ചുവരുമ്പോഴും സംസാരിച്ചിട്ടുണ്ടാവുക.

എന്തായാലും ജോസഫിന്റെ ‘മിഷന്‍’ വിജയിച്ചു എന്നതിന് ആ ദൈവാലയത്തിലെ ‘സീന്‍’ ശ്രദ്ധിച്ചാല്‍ മതി. ആദ്യമായിട്ട് മകന്‍ ദൈവത്തെ അപ്പാ എന്ന് വിളിക്കുന്നത് അവിടെവച്ചാണല്ലോ. ദൈവത്തെ പരിചയപ്പെടുത്തുവാന്‍ വന്നവന്‍, ആദ്യം ദൈവത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നത് അപ്പായെന്നു വിളിച്ചുകൊണ്ടാണെങ്കില്‍, ഉറപ്പായിട്ടും ഈ അപ്പനില്‍ അവന് ദൈവത്തെ മണത്തിട്ടുണ്ടാകണം. ഇനി ഈ അപ്പനില്ലെങ്കിലും മകന്‍ തനിച്ചു ജീവിച്ചുകൊള്ളും, കാരണം അവന്‍ അവന്റെ ശരിക്കുമുള്ള അപ്പനെ കണ്ടെത്തി.

ഭൂമിയില്‍ അപ്പന്റെ സ്ഥാനത്തിരിക്കുന്ന ഏതൊരാളിന്റെയും ‘മിഷന്‍’ ഇതുതന്നെയല്ലേ. നോക്കുവാന്‍ ഏല്‍പ്പിച്ചവര്‍ക്ക് നിഴല്‍പോലെ കാവല്‍നിന്ന് ദൈവത്തെ അപ്പായെന്ന് വിളിക്കുവാനുള്ള തിരിച്ചറിവുണ്ടാകുന്നതുവരെ കൂടെകൊണ്ടുപോവുക. അതുകഴിഞ്ഞ് അരങ്ങുവിടുക. മരണംവരെ കൂടെപിടിച്ചുനിര്‍ത്തുവാന്‍, എന്നും കൂടെ നടക്കുവാന്‍, തന്റെ കൈപ്പിടി വിട്ടുപോകാതിരിക്കുവാന്‍, തന്നില്‍ മാത്രം ആശ്രയിച്ചു ജീവിപ്പിക്കാനുള്ള പ്രലോഭനം എല്ലാവര്‍ക്കും ഉണ്ട്.

ഒരാള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായം അയാളെ ദൈവത്തിലേക്ക് എത്തിക്കുന്നതുമാത്രമല്ല, ആ ദൈവം സ്‌നേഹം മാത്രമായ അപ്പനാണ് എന്ന തിരിച്ചറിവിലേക്ക് എത്തിക്കുന്നതുകൂടെയല്ലേ? ഇത് കിട്ടിയവര്‍ക്കു പിന്നീട് വഴിതെറ്റാതെ ജീവിക്കുവാന്‍, തളര്‍ന്നു വീഴാതെ ജീവിക്കുവാന്‍ എളുപ്പമാണ്. ആ തിരിച്ചറിവിലേക്കുള്ള മൂന്ന് ദിവസത്തെ തീര്‍ത്ഥാടനമല്ലേ ജീവിതം. അതിനുള്ള പാഠപുസ്തകമാണ് ജോസഫിന്റെ ജീവിതം.

ജീവിതം ഒരു തീര്‍ത്ഥാടനമാണ് എന്നൊക്കെ ആലങ്കാരിക ഭാഷയില്‍ കേള്‍ക്കുമ്പോഴൊന്നും അധികമൊന്നും മനസിലായിരുന്നില്ല. കഴിഞ്ഞവര്‍ഷം ഒരു തീര്‍ത്ഥാടനത്തിന് പോകുവാന്‍ അവസരം ഉണ്ടായപ്പോഴാണ്, ഈ വരികളുടെ അര്‍ത്ഥം നന്നായി മനസിലായത്. ആറുദിവസത്തെ കാല്‍നട യാത്രയായിരുന്നു. നൂറുപേരോളം കൂടെയുണ്ടായിരുന്നു. ഒരു ദിവസം മുപ്പതു മുതല്‍ മുപ്പത്തഞ്ച് കിലോമീറ്റര്‍ ദൂരം നടന്നുള്ള യാത്ര. യൗസേപ്പിതാവിനെക്കുറിച്ച് അവസാനമായി ബൈബിള്‍ വിവരിക്കുന്ന കഥ ധ്യാനിച്ചപ്പോള്‍ ഈ തീര്‍ത്ഥാടനരാവുകള്‍ മനസില്‍ കൂടുതല്‍ സജീവമായി.

പരിമിതമായ താമസസൗകര്യം, ലളിതമായ ഭക്ഷണം, പ്രാര്‍ത്ഥനയിലും, നിശബ്ദതയിലും പൊതിഞ്ഞ വഴികള്‍… ഇനി ഒരടി മുന്നോട്ട് നടക്കാനാകില്ല എന്നോര്‍ത്തുനില്‍ക്കുമ്പോള്‍ കൂടെയുള്ളവരുടെ കൈത്താങ്ങലുകളും വാക്കുകളും. അങ്ങനെ വിശുദ്ധ കാഴ്ചകള്‍. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ് ഓരോ തീര്‍ത്ഥാടനവും. ജീവിക്കുവാന്‍ മനുഷ്യന് ഇതൊക്കെ മാത്രം മതി എന്ന് തുടങ്ങി എത്രയെത്ര പാഠങ്ങളാണ് ഈ യാത്ര സമ്മാനിച്ചത്.

ജീവിതം കൂടെയുള്ളവരുടെ കൂടെ നമ്മള്‍ നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ തന്നെയാണ്. ഓരോ തീര്‍ത്ഥാടനത്തിനും ഒരു ലക്ഷ്യസ്ഥാനമുണ്ട്. ആരും ആരുടെയും കൂടെ അവസാനംവരെ സഞ്ചരിക്കുന്നില്ല. ചില നിശ്ചയിക്കപ്പെട്ട സ്ഥലംവരെയെ കൂടെപോകുവാനാകൂ. പക്ഷേ, നമ്മുടെ ജീവിതം നോക്കുമ്പോള്‍ ഈ കൂടെയുള്ളവരൊക്കെ അവസാന ശ്വാസംവരെ കൂടെയുണ്ടാകും എന്ന രീതിയിലാണ് പെരുമാറ്റങ്ങളൊക്കെ.

അതുകൊണ്ടാണ് ചിലരുടെ പെട്ടെന്നുള്ള വേര്‍പാടുകള്‍ താങ്ങാനാവാതെ വാവിട്ട് നിലവിളിച്ച് കുറച്ചുകാലത്തേക്കെങ്കിലും നമ്മള്‍ നിശ്ചലരായിപ്പോകുന്നത്. ചിലരുടെ കൂടെയുള്ള ജീവിതത്തെക്കുറിച്ചു തോരാതെ പരാതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. ക്ഷമിക്കുവാനും, താഴ്ന്നുകൊടുക്കുവാനും വിട്ടുകൊടുക്കുവാനും ഇത്തിരി എളുപ്പമാകും ഇവരെന്നും നമ്മുടെ കൂടെയുണ്ടാവില്ല എന്ന ചിന്ത.

ഇതുവരെ ആരും ജീവിച്ചിട്ടില്ലാത്ത,പുതിയതായിട്ട് ജീവിച്ച് തുടങ്ങുവാനുള്ള ഒരു പാഠമല്ല ക്രിസ്തു പറഞ്ഞ് പഠിപ്പിച്ചത്. ഒരു തീര്‍ത്ഥാടകനും തന്റെ യാത്ര തീരുവോളം അന്തിയുറങ്ങുന്നത് വീടിന്റെ സുരക്ഷിതത്തിലല്ല. ആരോ വച്ചുനീട്ടുന്ന കാരുണ്യത്തിന്റെ കൂരക്കീഴിലാണ്. മണലില്‍ വീട് പണിയരുത്, പാറപ്പുറത്ത് പണിയണം എന്ന് അവന്‍ പറയുമ്പോള്‍, അതെങ്ങനെ പണിയണമെന്ന് അപ്പന്‍ ചെറുപ്പത്തിലേ കാണിച്ച് കൊടുത്തിരുന്നു.

ആരുടെയും സല്‍പ്പേര് നശിപ്പിക്കാതെ, ദൈവത്തോട് ആലോചന ചോദിച്ച് ഓരോ കാര്യങ്ങളും ചെയ്ത്, താഴ്ന്നുകൊടുത്ത്…. അങ്ങനെയാണല്ലോ അദ്ദേഹം തന്റെ കൊച്ച് വീട് പണിതത്. ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം, ഭാര്യയെ എങ്ങനെ ആദരിക്കണം, മക്കളെ എങ്ങനെ വളര്‍ത്തണം, സഹോദരനോട് എങ്ങനെ ക്ഷമിക്കണം, പ്രകൃതിയില്‍നിന്നും എങ്ങനെ പാഠങ്ങള്‍ പഠിക്കാം, ദൈവത്തെ എങ്ങനെ ബഹുമാനിക്കണം, ദൈവപരിപാലനയില്‍ എങ്ങനെ ആശ്രയിക്കണം…. അങ്ങനെ ക്രിസ്തുവിന്റെ ഓരോ വരികള്‍ക്ക് പിന്നിലും അത് ജീവിച്ചുകാണിച്ച, ദൈവത്തെ അപ്പാ എന്ന് വിളിക്കുവാന്‍ അവനെ പഠിപ്പിച്ച ജോസഫിന്റെ ജീവിതമുണ്ട്.

പേര്
ജോസഫ്, ഈ പേരില്‍ തന്നെ എന്തൊക്കെ നന്മകളാണ് ഒളിഞ്ഞിരിക്കുന്നത്. ഒരു പുതിയ ഭാഷ പഠിക്കുമ്പോള്‍ ആദ്യം പഠിക്കുന്ന വാക്യങ്ങളില്‍ ഒന്നാണ്, നിന്റെ പേര് എന്താണ്? മകന് പേരിടുവാന്‍ മാലാഖ അദ്ദേഹത്തെ ആദ്യമേല്‍പ്പിച്ച ചുമതലകളില്‍ ഒന്നാണ്. മകന് പേരിടുമ്പോള്‍ ഭാര്യയുടെ പേര് നഷ്ടപ്പെടാതിരിക്കുവാന്‍ ജോസഫ് കൊടുക്കുന്നത് എത്ര വലിയ വിലയാണ്. അതിലും വലുതായിട്ട് ഒരു കാര്യം കൂടെ തോന്നും, സ്വന്തം പേര് നോക്കാതെയാണ് ഒരായുസ് മുഴുവന്‍ അയാള്‍ ജീവിച്ചുതീര്‍ത്തത്.

ഒരാള്‍ക്ക് പേരുണ്ടാക്കികൊടുക്കുന്നു, വേറൊരാളുടെ പേര് നഷ്ടപ്പെടുത്താതെ നോക്കുന്നു, സ്വന്തം പേര് നോക്കാതെ ജീവിച്ച് ‘സ്‌റ്റേജിന്റെ’ പിറകിലേക്ക് ആരുമറിയാതെ പിന്മാറുന്നു. പത്തോ പതിനെട്ടോ വര്‍ഷങ്ങളല്ല, പതിനെട്ട് നൂറ്റാണ്ട് വേണ്ടിവന്നു അദ്ദേഹത്തിന് ‘കരിയറില്‍’ ഒരു പ്രമോഷന്‍’ കിട്ടുവാന്‍. അതുകഴിഞ്ഞാണ് അദ്ദേഹത്തിന് താന്‍ ചെയ്ത ജോലിയുടെ അംഗീകാരം കിട്ടുന്നത്. തിരുസഭയുടെ സംരക്ഷകന്‍ എന്ന പട്ടം.

പിന്നെയും രണ്ട് നൂറ്റാണ്ട് കഴിഞ്ഞാണ് താന്‍ ജീവിതം കൊടുത്ത് വളര്‍ത്തിയ മകന്റെയും കാവല്‍ നിന്ന് സംരക്ഷിച്ച ഭാര്യയുടെയും കൂടെ പള്ളിയില്‍ ഒന്ന് പേര് വായിക്കപ്പെടുവാന്‍. അധികം നാളായിട്ടില്ല വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ ആ പേര് വായിച്ചുതുടങ്ങിയിട്ട്. പക്ഷേ അതൊന്നും ആഗ്രഹിച്ചല്ല അദ്ദേഹം ജീവിച്ചത് എന്ന് അറിഞ്ഞുകൂടാത്തത് ആര്‍ക്കാണ്?

ഒരാളുടെ പേര് നശിപ്പിക്കുവാന്‍ ഈ കാലത്തോളം സാധ്യതയും പ്രലോഭനവുമുള്ള ഒരു കാലവും ഉണ്ടായിട്ടില്ല.നാട്ടുംപുറത്തെ പണ്ടത്തെ ചായക്കടയ്ക്കും ബസ്‌സ്റ്റോപ്പിനും പഞ്ചായത്തുകിണറ്റിന്‍ക്കരയ്ക്കും ഒക്കെയുള്ള പുതിയ പേരുകളാണ് വാട്ട്‌സപ്പും ഫെയിസ്žബുക്കും ഇന്‍സ്റ്റാഗ്രാമും എന്നൊക്കെ എന്ന് തോന്നാറുണ്ട്.

വിരല്‍ത്തുമ്പിന്റെ ഒരു ചെറിയ ചലനംകൊണ്ട് നിമിഷങ്ങളുടെ വേഗത്തിലാണ് പലരുടെയും പേരുകള്‍ നശിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദേഷ്യത്തിന്റെ വേഗത്തില്‍ ചെയ്തുപോയത് എന്തുപെട്ടെന്നാണ് ഭൂമിയുടെ അതിര്‍ത്തികള്‍ താണ്ടുന്നത്. പറഞ്ഞുപോയതൊക്കെ തിരിച്ചെടുക്കണമെന്ന് എത്ര കൊതിച്ചാലും സാധിക്കാതെ കൈവിട്ടുപോയ എത്ര സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

നിയമപരമായിട്ട് എല്ലാ സാധ്യതകളുമുണ്ടായിരുന്നു ജോസഫിന് മറിയത്തെ കൊലയ്ക്കുകൊടുക്കുവാന്‍ എന്ന് എപ്പോഴും കേള്‍ക്കുന്ന പല്ലവിയാണ്. മകന് പേരിടുമ്പോള്‍, അദ്ദേഹം ഭാര്യയുടെ പേര് സ്വന്തം പേരുകളഞ്ഞുപോലും സംരക്ഷിക്കുന്നു. അതാണ് ജോസഫ്. അങ്ങനെയുള്ള ഒരുപാട് മുഖങ്ങള്‍ ഓര്‍മയില്‍ തെളിയുന്നുണ്ട്.

ഒരു ചെറിയ കുടുംബത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ തുടങ്ങി, തൊഴിലെടുക്കുന്നയിടത്തും പള്ളിയിലും രാജ്യത്തിന്റെ ഉന്നതകസേരകള്‍ക്ക് പിന്നില്‍വരെ പേരില്ലാതെപോകുന്ന മഹാവിശുദ്ധന്മാര്‍ ഉണ്ട്. അവരുടെ നന്മയാണ് ചിലര്‍ക്ക് പേര് കിട്ടുവാനും ചിലരുടെ പേര് നഷ്ടപ്പെടാതിരിക്കാനും കാരണമായത്. അവരുടെ നിശബ്ദതയാണ് പലരുടെയും പേരുകള്‍ മുഴങ്ങികേള്‍ക്കാനും വലിയ അക്ഷരങ്ങളില്‍ തിളങ്ങി നില്‍ക്കാനും കാരണമായിക്കൊണ്ടിരിക്കുന്നത്.

ചിലരുടെ പേരുകള്‍ സംരക്ഷിക്കുവാന്‍ സ്വന്തം പേരുകള്‍ നഷ്ടപ്പെടുത്തിയവര്‍, ചിലര്‍ക്ക് പേരുകിട്ടുവാന്‍ സ്‌നേഹത്തോടെ പിന്‍വാങ്ങുന്നവര്‍. അതിന് ഭൂമിയോളം താഴുന്ന എളിമ വേണം, കടലോളം സ്‌നേഹം വേണം, അതിര്‍വരമ്പുകളില്ലാത്ത ക്ഷമവേണം. ചുരുക്കിയെഴുതിയാല്‍ എല്ലാ പുണ്യങ്ങളും സംഗമിച്ചവര്‍ക്കേ അതിന് കഴിയൂ. അവരെ നമസ്‌കരിച്ചുകൊണ്ട് യൗസേപ്പിതാവിന് ഒരുമ്മ.

ബാസ്റ്റ്യന്‍ നീലഗിരി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?