Follow Us On

01

December

2022

Thursday

എന്നെ ഉറക്കാതെ സംരക്ഷിച്ച യൗസേപ്പിതാവ്‌

എന്നെ ഉറക്കാതെ  സംരക്ഷിച്ച യൗസേപ്പിതാവ്‌

കുറച്ചുനാളുകളായി, വണ്ടിയോടിക്കുമ്പോള്‍ ഭയങ്കരമായ ഉറക്കമായിരുന്നു. കൂടെക്കൂടെ മുഖം കഴുകണം, സോഡ കുടിക്കണം. വീണ്ടും നാലഞ്ച് കിലോമീറ്റര്‍ ഡ്രൈവ് ചെയ്യും. പിന്നെയും ഉറക്കം. നിയന്ത്രിക്കാന്‍ പറ്റുന്നില്ല. നൂറ് കിലോമീറ്റര്‍ യാത്ര ചെയ്യുകയാണെങ്കില്‍ ചുരുങ്ങിയത് അഞ്ച്-ആറ് സ്ഥലത്ത് എങ്കിലും വണ്ടി നിര്‍ത്തണം.

അങ്ങനെയിരിക്കെ യൗസേപ്പിതാവിന്റെ ഉറങ്ങുന്ന ഫോട്ടോ വെഞ്ചരിച്ച് വണ്ടിയ്ക്കകത്ത് വച്ചു, യാത്ര തുടങ്ങുന്നതിനുമുമ്പ് യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കും. പോകുന്ന വഴിക്കൊക്കെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അതിനുശേഷം എനിക്ക് വണ്ടി ഓടിക്കുമ്പോള്‍ ഉറക്കം വരാറില്ല.

പരസ്‌നേഹത്തിന്റെ മാതൃക
മറിയത്തെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാല്‍ രഹസ്യമായി ഉപേക്ഷിക്കാന്‍ യൗസേപ്പിതാവ് തീരുമാനിച്ചു. അന്നത്തെ യഹൂദപാരമ്പര്യമനുസരിച്ച് വിവാഹനിശ്ചയം കഴിഞ്ഞാല്‍ യുവാവിനും യുവതിക്കും ഒന്നിച്ച് താമസിക്കാം. കന്യാകാമറിയം ഗര്‍ഭിണിയാണെങ്കില്‍ അത് യൗസേപ്പിതാവില്‍നിന്നാണല്ലോ. അപ്പോള്‍ രഹസ്യമായി ഉപേക്ഷിച്ച് പോയാല്‍, ആ ദേശത്തുള്ള ജനമെല്ലാം പറയും ഇവന്‍ എന്തൊരു ദുഷ്ടനാ, ആ പാവം പെണ്ണുമായി വിവാഹനിശ്ചയം നടത്തി അവളെ ഗര്‍ഭിണിയാക്കി അവന്‍ സ്ഥലം വിട്ടുവെന്ന്.

മാതാവിനെ രക്ഷിക്കാന്‍വേണ്ടി അപമാനം സഹിച്ച് മരണംവരെ ജീവിക്കാന്‍ യൗസേപ്പിതാവ് തീരുമാനിച്ചു.  ഇനി ഒരു കല്യാണം കഴിക്കാന്‍ യൗസേപ്പിതാവ് ആഗ്രഹിച്ചാല്‍തന്നെ പെണ്‍വീട്ടുകാര്‍ അന്വേഷിക്കുമ്പോള്‍ യൗസേപ്പ് ആദ്യം ഒരു പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം നടത്തിയെന്നും ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിച്ചു പോയി എന്നുമായിരിക്കും കിട്ടുന്ന വിവരം. ജീവിതകാലത്തൊരിക്കലും പിന്നെ വിവാഹം നടക്കില്ല. ഇതെല്ലാം സഹിക്കാനും സ്വീകരിക്കാനും യൗസേപ്പിതാവ് തയാറായി. അത്രമാത്രം പരസ്‌നേഹം നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.

യുവത്വത്തിന്റെ ധീരത
യൗസേപ്പിതാവിനെ ഒരു വൃദ്ധനായിട്ടാണ് പലപ്പോഴും ഓര്‍ക്കുന്നതും ചിത്രീകരിക്കുന്നതും. പക്ഷേ ഒരിക്കലും യൗസേപ്പിതാവ് വൃദ്ധനായിരുന്നില്ല. അന്നത്തെ യഹൂദപാരമ്പര്യം അനുസരിച്ച് ആണ്‍കുട്ടികള്‍ക്ക് പതിനെട്ടും പെണ്‍കുട്ടികള്‍ക്ക് പതിമൂന്നും വയസാണ് വിവാഹപ്രായം. കന്യകാമറിയം വിവാഹപ്രായംവരെ ദൈവാലയത്തിലാണ് വളര്‍ന്നത്. മറിയത്തിന് വിവാഹം ആലോചിക്കുന്നത് പുരോഹിതരാണ്.

പതിമൂന്നോ പതിനാലോ വയസുള്ള പെണ്‍കുട്ടിയെ വൃദ്ധനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ന്യായമായിട്ടും പുരോഹിതന്മാര്‍ തയാറാകുകയില്ല. അപ്പോള്‍ യൗസേപ്പിതാവ് യുവാവായിരുന്നുവെന്നതില്‍ സംശയമില്ല. യൗവനപ്രായത്തില്‍ ഇതുപോലെയൊരു തീരുമാനം എടുക്കാന്‍മാത്രം ധീരത പ്രകടിപ്പിച്ച യൗസേപ്പിതാവില്‍ അത്രമാത്രം ദൈവഭക്തിയുണ്ടായിരുന്നു. ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ മനുഷ്യനായിരുന്നു അദ്ദേഹം.

സ്വര്‍ഗത്തിലെ മൂന്നാമന്‍
ദാവീദ് ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ മനുഷ്യനായിരുന്നവെന്ന്അപ്പസ്‌തോല പ്രവര്‍ത്തനം 13:22-ല്‍ പറയുന്നുണ്ടല്ലോ. യൗസേപ്പിതാവ് ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ വ്യക്തിയായിരുന്നതിനാലാണ് സ്വന്തം പുത്രനെ ഭൂമിയില്‍ സംരക്ഷിക്കാനും പരിപാലിക്കാനും ദൈവം അദ്ദേഹത്തെ വിശ്വസിച്ച് ഏല്പിച്ചത്. ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ വരോടാണല്ലോ അവിടുന്ന് സംസാരിക്കുന്നത്.

അവര്‍ക്കുമാത്രമേ ദൈവസ്വരം ശ്രവിക്കാനും തിരിച്ചറിയാനും സാധിക്കൂ. പരിശുദ്ധ മറിയം കഴിഞ്ഞാല്‍, യൗസേപ്പിതാവിനോളം ദൈവഭക്തിയും ദൈവത്തോടുള്ള വിധേയത്വവും അനുസരണവും സ്‌നേഹവുമെല്ലാം വിളങ്ങിയിരിക്കുന്ന മറ്റൊരാളെ കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ത്തന്നെ സ്വര്‍ഗത്തിലെ മൂന്നാം സ്ഥാനക്കാരനാണ് ഈ സൗമ്യനായ പിതാവ്.

മറ്റുള്ളവരുടെ ഉള്ള കുറ്റംപോലും പറയരുതെന്നും അവരുടെ കുറവുകള്‍ മറച്ചുപിടിക്കണമെന്നുമാണ് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നത്. അഥവാ അവ വെളിച്ചത്തുവന്നാല്‍ അത് സ്വയം ഏറ്റെടുക്കുക. അവിടെയാണ് യൗസേപ്പിതാവിന്റെ മഹത്വം. ദൈവപുത്രന്‍ ‘അപ്പാ’ എന്നു വിളിച്ചു ആശ്രയിച്ച യൗസേപ്പിതാവിന്റെ കരങ്ങളില്‍ നമ്മെയും നമ്മുടെ മക്കളെയും ഭരമേല്പിക്കാന്‍ നാം മടിക്കേണ്ടതില്ല. ദൈവകുമാരനെ സംരക്ഷിച്ച അവിടുന്ന് നമ്മെയും സംരക്ഷിക്കും. ദൈവത്തിന് യൗസേപ്പിനെ വിശ്വസിക്കാമെങ്കില്‍ നമുക്കും വിശ്വസിക്കാമല്ലോ.

ഔസേപ്പച്ചന്‍ ചെറുനിലം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?