Follow Us On

01

December

2022

Thursday

കളികൂട്ടുകാരന്‍ നല്‍കിയ സൗഖ്യം

കളികൂട്ടുകാരന്‍ നല്‍കിയ സൗഖ്യം

താമരശേരി വിലങ്ങാട് പള്ളിയുടെ കുരിശുപള്ളിയായി 1970-ലാണ് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള വലിയപാനോം കുരിശുപള്ളി സ്ഥാപിതമായത്. തിരുക്കുടുംബത്തിന് കാവലായവന്‍ നിരാലംബരായ കുടിയേറ്റ ജനതയുടെ കാവലാളായപ്പോള്‍ അവരുടെ ചരിത്രംതന്നെ തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു.

ജനസാന്ദ്രതയുള്ള പ്രദേശത്ത് നിന്ന് കുടുംബങ്ങളിലധികവും മഞ്ഞക്കുന്ന് പള്ളിയുടെ സമീപപ്രദേശങ്ങളിലേക്ക് കുടിയേറിയപ്പോള്‍ കുരിശുപള്ളി ഒറ്റപ്പെട്ട അവസ്ഥയിലായി. എങ്കിലും എല്ലാ രണ്ടാം ഞായറാഴ്ചകളില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ നാടിന്റെ വിവിധഭാഗങ്ങളില്‍നിന്നും നാനാജാതി മതസ്ഥരായ ആള്‍ക്കാരാണ് എത്തിച്ചേരുന്നത്.

അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറത്തുള്ള വലിയ പാനോം ജനതയുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോഴാണ് വിശുദ്ധന്റെ മാധ്യസ്ഥശക്തി എത്ര വലുതാണന്ന് തിരിച്ചറിയുക. വൈകുന്നേരങ്ങളില്‍ ആടുമാടുകളെ മേയിക്കാന്‍ എത്തിയിരുന്ന കുട്ടികളുടെ വിശ്രമകേന്ദ്രം ഈ പള്ളിയായിരുന്നു. സ്‌കൂള്‍ സാഹിത്യ സമാജത്തിലേക്കുള്ള എത്രയോ കുട്ടിനാടകങ്ങള്‍ക്ക് തിരക്കഥയും സ്റ്റേജുമൊക്കെയായി ആ അങ്കണം മാറി. കളികള്‍ക്കിടയില്‍ എപ്പോഴൊക്കെയോ ചൊല്ലിക്കൂട്ടിയ ജപമാലകളും താടിയും മീശയുമുള്ള ആര്‍ദ്രമായ കണ്ണുകളുടെ ഉടമയായ ആ അപ്പനോട് ആരും കേള്‍ക്കാതെ അടക്കം പറഞ്ഞ സങ്കടങ്ങളും പഴയ തലമുറയ്ക്ക് ഇന്നും പച്ചകെടാത്ത ഓര്‍മകളാണ്.

വിശുദ്ധ യൗസേപ്പിതാവ് തന്റെ സാന്നിധ്യം ആദ്യമായി അറിയിച്ചത് കുട്ടികള്‍ക്കാണ്. ഒരു സായാഹ്നത്തില്‍ സ്‌കൂള്‍ വിട്ടുവന്ന മൂന്ന് കുട്ടികള്‍ക്ക് നടുവിലൂടെ പുരോഹിതവേഷധാരിയായ ഒരാള്‍ പള്ളിയിലേക്ക് കയറിപ്പോയി. പിന്നീട് അവിടെയൊക്കെ നോക്കിയിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ല. പിന്നീടൊരിക്കല്‍ വിശുദ്ധ യൗസേപ്പിതാവിന്റേതുപോലുള്ള പുഷ്പിച്ച വടിയും തോല്‍ച്ചെരുപ്പും പള്ളിയിലിരിക്കുന്നത് കുട്ടികള്‍ കണ്ടതായി സാക്ഷ്യപ്പെടുത്തിയപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമായി.

ദൈവാലയപരിസരത്ത് പതിവായി കാലി മേയ്ക്കുവാന്‍ കൂട്ടുകാരോടൊപ്പം എത്തിയിരുന്ന ഒരു കൊച്ചുപയ്യന്‍ ഇടവേളകളിലെപ്പോഴൊക്കെയോ തന്റെ ഹൃദയവും ആ പിതാവുമായി പങ്കുവച്ചിരുന്നു. ജീവിതത്തിന്റെ മധ്യാഹ്നത്തില്‍ തന്റെ ഏകമകന്റെ ശരീരകോശങ്ങളെ ‘ലുക്കീമിയ’ പിടിമുറുക്കിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഓടിയണഞ്ഞത് ഈ പിതാവിന്റെ സന്നിധിയിലേക്കാണ്. തന്റെ കുട്ടിക്കൂട്ടുകാരന്റെ പഴയ സ്‌നേഹത്തിന് മുതലും പലിശയുമായി നസ്രത്തിലെ തച്ചന്‍ കണക്ക് തീര്‍ത്തപ്പോള്‍ അടുത്ത തിരുനാളില്‍ സാക്ഷ്യവുമായി അവനെത്തി.

വിവാഹം കഴിഞ്ഞ് നാല് വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാകാത്തിന്റെ ഹൃദയഭാരം യൗസേപ്പിതാവിന്റെ പക്കള്‍ ഇറക്കിവച്ച മറ്റൊരു വ്യക്തിക്ക് കുട്ടിയുമായി വന്ന് സാക്ഷ്യപ്പെടുത്താനുള്ള ഭാഗ്യം കൊടുത്ത് ആ നല്ല പിതാവ് അനുഗ്രഹിച്ചതും വലിയപാനോം കുരിശുപള്ളിയിലെ തിരുനാളിനോടനുബന്ധിച്ചാണ്. ബ്രെയിന്‍ട്യൂമര്‍ ബാധിച്ച ഒരു സഹോദരി, ഓപ്പറേഷന്‍ വേണമെന്ന് പറഞ്ഞപ്പോള്‍ താന്‍ ചെറുപ്പംമുതലേ കിന്നാരം പറഞ്ഞവന്റെ ചാരെയാണ് ഓടിയെത്തിയത്.

ഓപ്പറേഷന്‍ തിയേറ്ററില്‍വച്ച് ഡോക്ടര്‍ക്ക് തോന്നിയ അസ്വസ്ഥതമൂലം ഓപ്പറേഷന്‍ മാറ്റിവച്ചു. 12 വര്‍ഷം പിന്നിടുമ്പോള്‍ അവളിന്ന് യൗസേപ്പിതാവിന്റെ സാക്ഷിയായി ജീവിക്കുന്നു. ഇങ്ങനെ അക്ഷരങ്ങള്‍കൊണ്ട് എഴുതി തീര്‍ക്കാന്‍ പറ്റാത്ത എത്രയെത്ര അനുഭവസാക്ഷ്യങ്ങള്‍!. മാര്‍ച്ച് 19-നുശേഷം വരുന്ന ഞായറാഴ്ചയാണ് എല്ലാ വര്‍ഷവും ഇവിടെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ കൊണ്ടാടുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?