Follow Us On

01

December

2022

Thursday

സ്വര്‍ഗം ആദരിക്കുന്ന വിശുദ്ധന്‍

സ്വര്‍ഗം ആദരിക്കുന്ന  വിശുദ്ധന്‍

പരിശുദ്ധ അമ്മ കഴിഞ്ഞാല്‍ എനിക്കേറ്റവും പ്രിയപ്പെട്ട വിശുദ്ധന്‍ യൗസേപ്പിതാവാണ്. സഭയുടെ പാരമ്പര്യവും ജീവിതാനുഭവങ്ങളുമാണ് ഈ ബോധ്യം എന്നില്‍ രൂഢമൂലമാക്കിയത്. അലന്‍ എയിംസ് വിഖ്യാതനായ ഓസ്‌ട്രേലിയന്‍ ആത്മീയ എഴുത്തുകാരനാണ്. പലപ്പോഴും അദ്ദേഹത്തിന് സ്വര്‍ഗത്തെക്കുറിച്ചുള്ള സ്വകാര്യ വെളിപാടുകള്‍ ലഭിച്ചിട്ടുണ്ട്.

ഒരിക്കല്‍ സ്വര്‍ഗത്തിന്റെ ഘടന വെളിപ്പെടുത്തുന്ന ഒരു ദര്‍ശനം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അത് നടന്ന തീയതി സഹിതം (1994 ഡിസംബര്‍ 17-ന് പരിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം) അദ്ദേഹത്തിന്റെ ഹെവന്‍ലി വേഡ്‌സ് എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. കണ്ടത് ഇപ്രകാരമാണ്. ഒരു വലിയ സിംഹാസനത്തില്‍ പിതാവായ ദൈവം ഉപവിഷ്ടനായിരിക്കുന്നു. പിതാവിന്റെ വലതുവശത്ത് ഈശോയും ഇടതുവശത്ത് പരിശുദ്ധാത്മാവും.

വലതുവശത്ത് ഈശോയുടെ താഴെയാണ് പരിശുദ്ധ അമ്മയുടെ സ്ഥാനം. അതിന്റെ തൊട്ടുതാഴത്തെ സ്ഥാനം വിശുദ്ധ യൗസേപ്പിതാവിന്റേതാണ്. പരിശുദ്ധാത്മാവിന്റെ താഴെ മൂന്ന് മുഖ്യ ദൈവദൂതന്മാര്‍. അടുത്ത വരിയില്‍ പത്രോസ് തൊട്ട് അപ്പസ്‌തോലന്മാര്‍ നിരന്നിരിക്കുന്നു. അവരുടെ താഴെ വെള്ളിവെളിച്ചംപോലെ വെട്ടിത്തിളങ്ങുന്ന ലക്ഷക്കണക്കിന് മാലാഖമാരെയും വിശുദ്ധരെയും അദ്ദേഹം കണ്ടു (ഹെവന്‍ലി വേഡ്‌സ്: പേജ് 87). ഇപ്രകാരം പരിശുദ്ധ അമ്മ കഴിഞ്ഞാല്‍ സ്വര്‍ഗം ഏറ്റവും കൂടുതല്‍ ആദരിക്കുന്ന ഈ വിശുദ്ധനെ നാമും കൂടുതല്‍ ആദരിക്കേണ്ടതും സ്‌നേഹിക്കേണ്ടതും അല്ലേ?

മനസില്‍ തങ്ങിനില്ക്കുന്ന അനുഭവങ്ങള്‍

വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥംവഴി എനിക്ക് ലഭിച്ച വ്യക്തിപരമായ ഒരു അനുഗ്രഹത്തെക്കുറിച്ച് പറയട്ടെ. എന്റെ വീടിന്റെ പണി പണം കൈയില്‍ കിട്ടിയതനുസരിച്ച് ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കിയതാണ്. അതില്‍ താഴത്തെ നില പണിതിട്ട് പതിനേഴ് വര്‍ഷങ്ങളായി. മക്കളുടെ വിവാഹപ്രായം ആയതുകൊണ്ട് അത് ഒന്ന് നവീകരിക്കണമെന്ന ചിന്ത വന്നു. കര്‍ത്താവിനോട് ആലോചന ചോദിച്ച് 2017 സെപ്റ്റംബര്‍ 21-ന് (വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാള്‍ദിനം) ഇക്കാര്യത്തില്‍ മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചു. ഏകദേശം ഒന്നരമാസംകൊണ്ട് പണികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹിച്ചത്.

കാരണം നവംബര്‍ 27-ന് അനുജന്റെ മകളുടെ കല്യാണവും തീരുമാനിച്ചിരുന്നു. മാനുഷികമായി അസാധ്യമായ ഇക്കാര്യം സാധിക്കുവാന്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ശക്തമായ പ്രാര്‍ത്ഥന ചോദിച്ചാണ് പണി ആരംഭിച്ചത്. പിന്നീടങ്ങോട്ട് അതിശയത്തിന്റെ നാളുകളായിരുന്നു. മുറികള്‍ പുനഃക്രമീകരിക്കുവാന്‍ ദൈവത്തിന്റെ വെളിച്ചം ലഭിച്ചു.

ജോലിക്കാര്‍ ധാരാളം, അത് കൃത്യമായും. അങ്ങനെ എല്ലാ പണികളും (കട്ടിംഗ്, ടൈലിംഗ്, പ്ലംബിംഗ്, പുതിയ അടുക്കള വാര്‍പ്പ്, പെയിന്റിങ്ങ്, ഇന്റീരിയര്‍ വര്‍ക്ക് എല്ലാം) വിചാരിച്ചതിനെക്കാള്‍ നേരത്തെ മനോഹരമായി പൂ ര്‍ത്തിയാക്കി. പണി തീര്‍ന്നപ്പോള്‍ പണിക്കാര്‍ക്കു തന്നെ അത്ഭുതമായിരുന്നു. അവര്‍ പറഞ്ഞു: വീട് അങ്ങ് മാറിപ്പോയി, പഴയ വീടാണെന്ന് തോന്നുകയേയില്ല. വീട് കാണുവാ ന്‍ വന്നവരെല്ലാം ഇത് ശരിവച്ചു. അതാണ് വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥശക്തി.
വ്യക്തിപരമായ ജീവിതത്തില്‍ മാത്രമല്ല, ശുശ്രൂഷാതലത്തിലും വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥം വലിയ ശക്തിയുള്ളതും ഏറെ ഫലവത്തായതും ആയിരുന്നു എന്നോര്‍ക്കുന്നു.

മാധ്യമരംഗത്തെ വിവിധ മേഖലകളില്‍ (അച്ചടി, ദൃശ്യ, ശ്രാവ്യ മേഖലകളിലൊക്കെയും) ശാലോമിനെ ശക്തമായി ഉപയോഗിക്കുവാന്‍ ദൈവം തിരുമനസായപ്പോള്‍ ശത്രു ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. മാനുഷികമായി പതറിപ്പോകേണ്ടതും തകര്‍ന്നുപോകേണ്ടതുമായ നാളുകളായിരുന്നു അവ. എന്നാല്‍ പരിശുദ്ധ ദൈവമാതാവിനോട് ചേര്‍ന്ന് ജപമാല പ്രാര്‍ത്ഥനകളും ജപമാല റാലികളും നടത്തി. കൂടാതെ തിരുക്കുടുംബത്തെ നാശത്തില്‍നിന്ന് രക്ഷിക്കുവാന്‍ ദൈവം ഉപയോഗിച്ച വിശുദ്ധ യൗസേപ്പിന്റെ ശക്തമായ മാധ്യസ്ഥവും തേടി പ്രാര്‍ത്ഥിച്ചു.

ആഞ്ഞടിച്ച കൊടുങ്കാറ്റുകളെല്ലാം അടങ്ങി കടല്‍ ശാന്തമായി എന്ന് പറയേണ്ടതില്ലല്ലോ. കുടുംബങ്ങളെയും സഭയെയും സഭാസ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകര്‍ക്കുവാന്‍ ശത്രു കിണഞ്ഞു പരിശ്രമിക്കുന്ന ഇക്കാലത്ത് വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം എത്ര ശക്തമാണെന്ന് ഈ അനുഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.

സുരക്ഷിത സങ്കേതം
അശുദ്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ വിശുദ്ധിയില്‍ ജീവിക്കുക എന്നത് വളരെ ദുഷ്‌കരമാണ് എന്ന് നമുക്ക് തോന്നാം. എന്നാല്‍ ഒരു ക്രൈസ്തവന് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുവാന്‍ സാധിക്കുകയില്ല. കാരണം പൗലോസ് ശ്ലീഹാ അര്‍ത്ഥശങ്കയില്ലാത്തവിധം ക്രിസ്തുശിഷ്യന്റെ വിളിയെക്കുറിച്ച് ഇപ്രകാരം എഴുതിയിട്ടുണ്ട്: ”അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” (1 തെസ. 4:7). വിശുദ്ധിയില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ സുരക്ഷിത സങ്കേതമാണ് പരിശുദ്ധ അമ്മ കഴിഞ്ഞാല്‍ വിശുദ്ധ യൗസേപ്പ്. ഉണ്ണി ഈശോയെ ശത്രുവിന്റെ പിടിയില്‍നിന്ന് രക്ഷിച്ച ആ കരങ്ങള്‍ക്ക് അതിനുള്ള കൃപ ദൈവം നല്‍കിയിട്ടുണ്ട്.

എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ് ‘ദൈവനഗരം’ (The Mystical City of God)). പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതം ആദ്യം മുതല്‍ അവസാനംവരെ വളരെ മനോഹരമായി ഈ പുസ്തകത്തില്‍ അനാവരണം ചെയ്യുന്നുണ്ട്. അഗ്രേദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയയ്ക്ക് ലഭിച്ച വെളിപാടുകളാണ് ഇതിന് ആധാരം. ആ ഗ്രന്ഥത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ദൈവദത്തമായ വിശുദ്ധിയെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്:

”അത്യുന്നതന്‍ വിശുദ്ധ യൗസേപ്പിന് പുതിയ വിശുദ്ധി നല്‍കി. ജഡികതയുടെ കണികപോലും ഇല്ലാതെ തന്റെ വധുവായ മേരിയെ ശുശ്രൂഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്.” വിശുദ്ധി ദാനമായി ലഭിച്ചതാണ് വിശുദ്ധ യൗസേപ്പിന്. എങ്കില്‍ ആ പിതാവിന്റെ മക്കളായ നമുക്കും ഈ അമൂല്യദാനം ലഭിക്കുവാന്‍ അവിടുന്ന് മാധ്യസ്ഥം വഹിക്കുകയില്ലേ?

നിശബ്ദതയുടെ സംഗീതം
നിശബ്ദതയുടെ മധുരസംഗീതമായിരുന്നു വിശുദ്ധ യൗസേപ്പിന്റെ ജീവിതം. നമ്മളൊക്കെ ശബ്ദഘോഷങ്ങള്‍ വളരെ ഇഷ്ടപ്പെടുന്നവരാണ്. നമ്മുടെ പ്രാര്‍ത്ഥനകളും വ്യത്യസ്തമല്ല. പലപ്പോഴും അതൊരു അതിഭാഷണമായിത്തീരാറുമുണ്ട്. ദൈവത്തോടുള്ള ഒരു മോണോലോഗ്. ദൈവം പറയുന്നത് ശ്രവിക്കുവാന്‍ നിശബ്ദമായി ഇരിക്കുന്നത് നമുക്ക് പരിചിതമായ കാര്യമല്ല. എന്നാല്‍ വിശുദ്ധ യൗസേപ്പ് ഒരിക്കല്‍പ്പോലും സംസാരിക്കുന്നതായി സുവിശേഷത്തില്‍ കാണുന്നില്ല.

ദൈവത്തെ ശ്രവിക്കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി. ഏത് പ്രതിസന്ധിയിലും അദ്ദേഹം ആലോചന ചോദിച്ചിരുന്നത് ദൈവത്തോടാണ്. ദൈവഹിതം അന്വേഷിക്കുന്നതും നിറവേറ്റുന്നതും ജീവിതചര്യയാക്കി മാറ്റി. ”ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് എന്റെ അമ്മയും സഹോദരന്മാരും” (ലൂക്കാ 8:21) എന്ന് ഈശോ പറയുമ്പോള്‍ തന്റെ അമ്മയെ മാത്രമല്ല, വളര്‍ത്തുപിതാവിനെയും മനസില്‍ കണ്ടു എന്നുവേണം കരുതുവാന്‍.

ഇന്‍ സിനു ജേസു എന്ന പുസ്തകത്തില്‍ (ഒരു ബനഡിക്ടന്‍ സന്യാസിക്ക് ഈശോ നല്‍കിയ വെളിപാടുകള്‍) നിശബ്ദതയുടെ പ്രാധാന്യത്തെക്കുറിച്ച് ഈശോ വാചാലനാകുന്നുണ്ട്. നമ്മുടെ ആഗ്രഹങ്ങളും വിചാരങ്ങളും ഈശോയോട് പറയുന്നത് ഒരിക്കലും തെറ്റല്ല. ”ഒരിക്കല്‍ അവയെല്ലാം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് നിശബ്ദതയില്‍ ഒന്നായി ഇരുന്നാല്‍ ധാരാളം മതിയാവും.

അവരുടെ സ്‌നേഹത്തിന്റെ കൂടുതല്‍ പൂര്‍ണമായ പ്രകടനമാണത്. ആത്മാക്കള്‍ അനുവദിച്ചാല്‍ മാത്രം ഞാന്‍ അവരെ നിശബ്ദതയിലേക്ക് നയിക്കും. എന്നാല്‍ നിരവധി ആത്മാക്കള്‍ക്ക് ഈ നിശബ്ദതയെ ഭയമാണ്. വിശ്വാസം, ശരണം, പ്രത്യേകിച്ച് സ്‌നേഹം എന്നിവകളാല്‍ അവര്‍ എന്നോട് നേരിട്ട് ഐക്യപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഭയംമൂലം അവര്‍ ആശയങ്ങളുടെയും വാക്കുകളുടെയും മറയില്‍ ഒളിച്ചിരിക്കുവാന്‍ ഇടയാകുന്നു” (പേജ് 210).

സ്വപ്‌നങ്ങളുടെ രാജാവ്
സ്വപ്‌നങ്ങളുടെ രാജാവായിരുന്നു വിശുദ്ധ യൗസേപ്പ്. നമ്മളൊക്കെ സ്വപ്‌നങ്ങള്‍ ഇഷ്ടപ്പെടുന്നവരും കാണുന്നവരുമാണ്. അവ നമ്മുടെ ജീവിതത്തെ ചുറ്റിയുള്ളവയായിരിക്കും. എന്നാല്‍ കാലത്തെ അതിജീവിക്കുന്നവര്‍, നിത്യതയെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവര്‍ കാണുന്നത് ദൈവികമായ സ്വപ്‌നങ്ങളായിരിക്കും. വിശുദ്ധ യൗസേപ്പ് സ്വപ്‌നങ്ങള്‍ കാണുക മാത്രമല്ല അവയനുസരിച്ച് അക്ഷരാര്‍ത്ഥത്തില്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തെ തികച്ചും വ്യത്യസ്തനാക്കുന്നത്.

സുവിശേഷം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പല സ്ഥലങ്ങളില്‍ മുദ്ര കുത്തിയിരിക്കുന്നത് കാണുക: ”ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു: അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു” (മത്തായി 1:24), ”അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ആ രാത്രിതന്നെ ഈജിപ്തിലേക്ക് പോയി” (മത്തായി 2:14),

”അവന്‍ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേല്‍ ദേശത്തേക്ക് പുറപ്പെട്ടു (മത്തായി 2:21), ”സ്വപ്‌നത്തില്‍ ലഭിച്ച നിര്‍ദേശമനുസരിച്ച് അവന്‍ ഗലീലി പ്രദേശത്തേക്ക് പോയി” (മത്തായി 2:22). ഭൂമിയില്‍ രക്ഷാകരദൗത്യം പൂര്‍ത്തിയാക്കുവാന്‍ പരിശുദ്ധ അമ്മയെപ്പോലെ തന്റെ ജീവിതം മുഴുവന്‍ ഹോമിച്ച ഈ വിശുദ്ധന്‍ ദൈവത്തിന് വളരെ പ്രിയപ്പെട്ടവന്‍തന്നെയാണ്. നമുക്കും അങ്ങനെതന്നെയാകട്ടെ.

കെ.ജെ. മാത്യു

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?