Follow Us On

06

April

2020

Monday

ചെറിയ കാര്യങ്ങളിലൂടെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ദൈവം

ചെറിയ കാര്യങ്ങളിലൂടെ വലിയ പ്രശ്‌നങ്ങള്‍  പരിഹരിക്കുന്ന ദൈവം

നമ്മള്‍ ചെറുതും വലുതുമായ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. പല പ്രശ്‌നങ്ങളും തീരുവാന്‍ പ്രാര്‍ത്ഥിക്കുന്നവരുമാണ്. ദൈവത്തിന്റെ വലിയ ഇടപെടല്‍ ഉണ്ടായാലേ പല പ്രശ്‌നങ്ങളും തീരുകയുള്ളൂ എന്ന് കരുതുന്നവരാണ്. ദൈവം ഇടപെട്ടാല്‍പോലും തന്റെ പ്രശ്‌നങ്ങള്‍ തീരുകയില്ല എന്ന് കരുതുന്നവരും നമ്മുടെ കൂട്ടത്തില്‍ ഉണ്ട്.

നമ്മളില്‍ കുറച്ചുപേര്‍ വിശ്വാസികളായ അവിശ്വാസികളാണ്. അഥവാ അവിശ്വാസികളായ വിശ്വാസികളാണ്. എന്നുവച്ചാല്‍, ദൈവം വലിയവനാണ്; അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. എന്നാല്‍ എന്റെ പ്രശ്‌നം തീര്‍ക്കുവാന്‍ ദൈവം ഇടപെടും എന്ന് വിശ്വസിക്കുവാന്‍ കഴിയാത്തവരുമാണ്.

മറ്റു ചിലരുടെ പ്രശ്‌നം ദൈവം പ്രവര്‍ത്തിക്കുന്ന വഴികളെ സംബന്ധിച്ചാണ്. ദൈവത്തിന് ഏത് മനുഷ്യരിലൂടെയും ഒരു മനുഷ്യന്റെയും സഹായം ഇല്ലാതെയും പ്രവര്‍ത്തിക്കാന്‍ കഴിയും. ഏത് വസ്തുവിലൂടെയും ഒരു വസ്തുവിന്റെയും സഹായം ഇല്ലാതെയും പ്രവര്‍ത്തിക്കാന്‍ കഴിയും.

ഈ അറിവുകള്‍ മനസില്‍ വച്ചുകൊണ്ട് നമുക്ക് സുവിശേഷഭാഗത്തേക്ക് വരാം (യോഹന്നാന്‍ 9:1-41). ജന്മനാ അന്ധനായ മനുഷ്യനെ കണ്ടപ്പോള്‍ യേശുവിനോട് ശിഷ്യന്മാര്‍ ചോദിച്ചു: ഇവന്‍ അന്ധനായി ജനിച്ചത് ഇവന്റെ പാപം മൂലമാണോ ഇവന്റെ മാതാപിതാക്കളുടെ പാപം മൂലമാണോ? ഇത് രണ്ടുമല്ല ഈ അന്ധതയ്ക്ക് കാരണം എന്ന് യേശു പറഞ്ഞു. തുടര്‍ന്ന്, യേശു തുപ്പല്‍കൊണ്ട് ചേറ് ഉണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളില്‍ പൂശിയശേഷം പറഞ്ഞു: സീലോഹ കുളത്തില്‍പോയി കഴുകുക. അതനുസരിച്ച് ആ മനുഷ്യന്‍ പോയി കഴുകുകയും കാഴ്ചശക്തി നേടുകയും ചെയ്തു.

യേശു ചെയ്തതും സുവിശേഷങ്ങളില്‍ നാം വായിക്കുന്നതുമായ എല്ലാ അത്ഭുതങ്ങളെയും സൂക്ഷ്മമായി പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ മനസിലാകും.
ഒന്ന്, ചിലപ്പോള്‍ തന്റെ വാക്കുകള്‍മാത്രം ഉപയോഗിച്ചാണ് യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതും രോഗശാന്തികള്‍ നല്‍കുന്നതും പിശാചുക്കളെ പുറത്താക്കുന്നതും. നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു തുടങ്ങിയ വാക്കുകള്‍ മാത്രമാണ് യേശു ഉപയോഗിച്ചത്.

രണ്ട്, യേശു ചിലപ്പോള്‍ രോഗികളെ തൊട്ട് സുഖപ്പെടുത്തുന്നു. പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയത് കൈയില്‍ പിടിച്ചുകൊണ്ടാണ്. ചില അന്ധര്‍ക്ക് കാഴ്ച നല്‍കിയത് കണ്ണുകളില്‍ സ്പര്‍ശിച്ചുകൊണ്ടാണ്. ഇങ്ങനെ സ്പര്‍ശനത്തിലൂടെ സൗഖ്യം നല്‍കുന്നു.

മൂന്ന്, രോഗശാന്തികള്‍ നല്‍കാനും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനും ചിലപ്പോള്‍ യേശു ചില വസ്തുക്കള്‍ ഉപയോഗിക്കുന്നു. അത്തരം ഒരു സംഭവമാണ് യോഹന്നാന്‍ 9:1-41-ല്‍ വിവരിക്കുന്ന, അന്ധന് കാഴ്ച കൊടുക്കുന്ന സംഭവം. ഇവിടെ യേശു തുപ്പല്‍കൊണ്ട് ചെളി ഉണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളില്‍ പൂശുന്നു; തുടര്‍ന്ന് സീലോഹ കുളത്തില്‍ പോയി കഴുകാന്‍ പറയുന്നു. അപ്പോള്‍ ഈ മനുഷ്യന് കാഴ്ച നല്‍കുവാന്‍ യേശു ചെളിയും സീലോഹ കുളത്തിലെ വെള്ളവും ഒരു മാധ്യമമായി ഉപയോഗിക്കുകയാണ്.

വാസ്തവത്തില്‍ ഇവിടെ കാഴ്ച ലഭിച്ചത് തുപ്പല്‍കൊണ്ട് ഉണ്ടാക്കിയ ചെളിയുടെയും കുളത്തിലെ വെള്ളത്തിന്റെയും കഴിവുകള്‍കൊണ്ടല്ല. കാഴ്ച കിട്ടിയത് യേശു പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുവാന്‍മാത്രം വിശ്വാസം ആ മനുഷ്യന്‍ കാണിച്ചതുകൊണ്ടാണ്. കണ്ണില്‍ ചേറ് പുരട്ടാന്‍ ആ മനുഷ്യന് സമ്മതിക്കാതിരിക്കാമായിരുന്നു. ഈ ചേറും പൊട്ടക്കണ്ണില്‍ വച്ചുകൊണ്ട് തപ്പിത്തടഞ്ഞ് സീലോഹ കുളംവരെയുള്ള യാത്രയ്ക്ക് മടികാണിക്കാമായിരുന്നു.

എന്നാല്‍ ഇതു രണ്ടും ആ മനുഷ്യന്‍ ചെയ്തില്ല. യേശു എന്ത് പറഞ്ഞുവോ, അത് ചെയ്തു. അത് അദ്ദേഹം ചെയ്തത് ഒറ്റക്കാരണംകൊണ്ടാണ്. യേശു വെറുതെ, കബളിപ്പിക്കുവാന്‍ ഒന്നും പറയില്ല. എന്തെങ്കിലും ഒന്ന് കണ്ടിട്ടാണ് അവന്‍ ഓരോന്ന് പറയുന്നത്. അവന്‍ പറയുന്നതുപോലെ ചെയ്താല്‍ അവന്‍ ഒരത്ഭുതം പ്രവര്‍ത്തിക്കും. ഈ വിശ്വാസമാണ് അദ്ദേഹത്തെ പ്രവൃത്തിയിലേക്ക് നയിച്ചത്. ആ പ്രവൃത്തിയാണ് അദ്ദേഹത്തിന് സൗഖ്യം നല്‍കിയത്.

നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യംകൂടിയുണ്ട്. യേശു കടന്നുപോകുമ്പോള്‍ വഴിയരികില്‍ അഥവാ ചുറ്റും ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തിനിടയില്‍, ഈ അന്ധന്‍ ഉണ്ടായിരുന്നു. അദ്ദേഹം യേശുവിനെ അന്വേഷിച്ച് വന്നതായിരിക്കണം. അത്രയ്ക്കും ത്യാഗം അദ്ദേഹം എടുത്തുവല്ലോ. യേശു കടന്നുപോകുന്ന അവസരം ഒരു അനുഗ്രഹം കിട്ടാന്‍ അദ്ദേഹം ഉപയോഗിച്ചു.

സുവിശേഷത്തില്‍ നമ്മള്‍ കാണുന്ന അനേക അത്ഭുതങ്ങള്‍ നടന്നത്, ദൈവം ഒരുക്കിയ സാഹചര്യത്തെ മനുഷ്യന്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ ആണ്. എന്നാല്‍ അത്തരം സാഹചര്യം ഉപയോഗപ്പെടുത്താതിരുന്നവരെയും നാം കാണുന്നുണ്ട്. രക്തസ്രാവക്കാരി സ്ത്രീ അവസരം ഉപയോഗപ്പെടുത്തിയ ആള്‍ ആണ്. എന്നാല്‍, ആ യാത്രയില്‍ യേശുവിനെ തിക്കിഞെരുക്കിക്കൊണ്ടിരുന്നവര്‍ ആ അവസരം ഉപയോഗപ്പെടുത്താതിരുന്നവര്‍ ആണ്.

ഇന്ന് നമ്മുടെ ധ്യാനങ്ങള്‍, കണ്‍വന്‍ഷനുകള്‍ തുടങ്ങിയവയിലൂടെ ദൈവസന്നിധിയില്‍ ചെല്ലാനും അനുഗ്രഹം നേടാനും ദൈവം അവസരം ഉണ്ടാക്കുന്നുണ്ട്. ചിലര്‍ അത് ഉപയോഗപ്പെടുത്തി കൃപകള്‍ നേടുന്നു; പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നു. എന്നാല്‍, വേറെ ഒത്തിരിപ്പേര്‍ അത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നില്ല. കാരണം അവരുടെ വിശ്വാസം അത്തരത്തിലുള്ളതാണ്. വിശ്വസിച്ച് കൃപ സ്വീകരിക്കുക എന്നതാണ് പ്രായോഗിക ബുദ്ധി.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?