Follow Us On

28

March

2024

Thursday

ഡല്‍ഹി കലാപബാധിതരുടെ പുനരധിവാസത്തിനായി ചര്‍ച്ച

ഡല്‍ഹി കലാപബാധിതരുടെ പുനരധിവാസത്തിനായി ചര്‍ച്ച

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് അക്രമത്തിന് ഇരയായവര്‍ക്കിടയില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹിയിലെ വിവിധ സംഘടനകള്‍ ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ഡോ. അനില്‍ കൂട്ടോയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ വിദ്യാജ്യോതി തിയോളജി കോളജിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിം പ്രദര്‍ശിപ്പിച്ചാണ് യോഗം ആരംഭിച്ചത്. കോളജ് പ്രിന്‍സിപ്പലും യോഗത്തിന്റെ സംഘാടകനുമായ ജെസ്യൂട്ട് വൈദികന്‍ ഫാ. പി.ആര്‍. ജോണ്‍ യോഗത്തിന്റെ ഉദ്ദേശ്യം വിശദീകരിച്ചുകൊണ്ട് ആമുഖ പ്രസംഗം നടത്തി.

നിസ്വാര്‍ത്ഥ സേവനങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വരാന്‍ ആര്‍ച്ച്ബിഷപ് കൂട്ടോ ജനങ്ങളെ ആഹ്വാനം ചെയ്തു. കലാപം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമായ ശിവ് വിഹാറിലെ തന്റെ വേദനാജനകമായ അനുഭവം സിസ്റ്റര്‍ അനസ്താസിയ ഗില്‍ വിവരിച്ചു. കലാപബാധിതരുടെയിടയില്‍ ആദ്യത്തെ സന്ദര്‍ശനം നടത്തിയവരില്‍ ഒരാളായിരുന്നു ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ സിസ്റ്റര്‍.

‘ആ പ്രദേശങ്ങളില്‍ താന്‍ കണ്ട കാര്യങ്ങളുടെ ഭയവും ഉത്ക്കണ്ഠയും വിവരണാതീതമാണ്. ദുരിതാശ്വാസ കാമ്പിനായി സാധനങ്ങള്‍ സംഭാവന ചെയ്യുന്നതിനേക്കാള്‍ വ്യക്തിപരമായി എല്ലാവരും ഇടപെടണം. ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മരുന്നുകളുമായി അയച്ചതിന് അതിരൂപതയുടെ ഹോളി ഫാമിലി ഹോസ്പിറ്റല്‍ ഡയറക്ടര്‍ക്ക് നന്ദി പറയുന്നു.’ സിസ്റ്റര്‍ അനസ്താസിയ പറഞ്ഞു.

ഡല്‍ഹിയില്‍ സമാധാനവും സാഹോദര്യവും വളര്‍ത്തിയെടുക്കാന്‍ സമാധാന സമിതികള്‍ രൂപീകരിച്ച് റാലികള്‍ സംഘടിപ്പിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രവര്‍ത്തിക്കാന്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുക, ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിലൂടെ അവരുടെ പുനരധിവാസത്തിനായി ഒരു ദീര്‍ഘകാല പദ്ധതി തയാറാക്കുക എന്നിവ യോഗം തീരുമാനിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?