Follow Us On

31

January

2023

Tuesday

കൊറോണ അതിജീവനത്തിന് ചില റഷ്യന്‍ രഹസ്യങ്ങള്‍

കൊറോണ അതിജീവനത്തിന്  ചില റഷ്യന്‍ രഹസ്യങ്ങള്‍

ലോകം ആശങ്കകളുടെ നടുവിലാണ്. പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോറോണ എന്ന കോവിഡ് 19-നെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുനില്ക്കുന്നു. രോഗത്തിന്റെ അതിവേഗമുള്ള വ്യാപനമാണ് ഭീതി വിതയ്ക്കുന്നത്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കോറോണയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു.

ചൈനയില്‍ ഈ രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ നമ്മെ ഒരുപക്ഷേ, കാര്യമായി ആശങ്കപ്പെടുത്തിയിരുന്നില്ല. അവിടെനിന്ന് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നോ കേരളത്തിന്റെ ജനജീവിതത്തെ സ്തംഭിപ്പിക്കുമെന്നോ ആരും ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാവില്ല. വിദേശരാജ്യങ്ങളില്‍ കഴിയുന്ന അനേകര്‍ക്ക് സ്വന്തം നാട്ടിലേക്ക് വരാനോ ഇവിടെനിന്ന് അങ്ങോട്ട് പോകാനോ കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുന്നു.

രോഗം നീണ്ടുനിന്നാല്‍ ആരോഗ്യമേഖലക്കുപുറമേ സാമ്പത്തിക രംഗത്തും ഏല്പിക്കുന്ന ആഘാതം വലുതായിരിക്കും. പഴയകാലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ അവ ഒതുങ്ങിനില്ക്കുമായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഏതു രാജ്യത്തുചെന്നാലും ലോകത്തിന്റെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ അവിടെ കാണും. പ്രത്യേകിച്ച്, ഇന്ത്യാക്കാര്‍ ഇല്ലാത്ത രാജ്യങ്ങള്‍ കാണില്ല. പഠനം, ബിസിനസ്, തൊഴില്‍, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകള്‍ വിസ്തൃതമായി. അതിനാല്‍ എവിടെ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും ലോകത്തെ മുഴുവന്‍ വളരെ വേഗം ബാധിക്കും.

ശാസ്ത്രം ഇത്രയും വികസിക്കുന്നതിന് മുമ്പും മാരകമായ പകര്‍ച്ചവ്യാധികളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. അന്ന് ആശ്രയമര്‍പ്പിച്ചത് ദൈവത്തിലായിരുന്നു. മെഡിക്കല്‍ സയന്‍സിനെ മാറ്റിനിര്‍ത്തണമെന്നല്ല അതിനര്‍ത്ഥം. ശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കണം. ദൈവം ഏതുവിധത്തിലായിരിക്കും ഇടപെടുന്നതെന്ന് നമുക്കറിയില്ലല്ലോ. ചിലപ്പോള്‍ മരുന്നിന്റെ രൂപത്തിലായിരിക്കാം.

വൈദ്യശാസ്ത്രം ഇത്രയും പുരോഗമിച്ചപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് പഴഞ്ചനാണെന്ന ധാരണ മനസുകളില്‍ കയറിയിട്ടുണ്ടെങ്കില്‍ അതു മാറ്റേണ്ടിയിരിക്കുന്നു. ചികിത്സാ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച ഉപകരണങ്ങളും മരുന്നുകളും കണ്ടുപിടിച്ച, ലോകം ആദരവോടെ ഓര്‍മിക്കുന്ന പ്രശസ്തരായ പല ശാസ്ത്രജ്ഞമാരും തികഞ്ഞ ദൈവവിശ്വാസികളായിരുന്നു.

ലോകത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രധാന സംഭവവികാസങ്ങള്‍ മാത്രം നോക്കിയാല്‍ മതി പ്രാര്‍ത്ഥനയുടെ ശക്തി തിരിച്ചറിയാന്‍. ഭരണഘടനാ ഭേദഗതി നടപടികളിലാണ് റഷ്യന്‍ ഭരണകൂടം. ദൈവവിശ്വാസം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്നതിനുള്ള നടപടികള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച രേഖ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അവതരിപ്പിച്ചത് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു.

പ്രോ-ലൈഫ് ആശയങ്ങളെ പിന്തുണക്കുന്ന പ്രസിഡന്റ് പുടിന്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും വായ്പാ ഇളവുകളും നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. റഷ്യയുടെ ചരിത്രം അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ലോകത്തുനിന്ന് ദൈവവിശ്വാസം തുടച്ചുനീക്കാന്‍ ഏറെ പരിശ്രമിച്ച രാജ്യമായിരുന്നു സോവിയറ്റ് യൂണിയന്‍.

നിരീശ്വരവാദം ലോകത്തില്‍ എല്ലായിടത്തും എത്തിക്കുന്നതിനായി രാജ്യത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയവരാണ് അവര്‍. അതിനായി ചെലവഴിച്ച സമ്പത്തും സൈനിക ശക്തിയും ബൗദ്ധിക ഇടപെടലുകളും ചരിത്രത്തിന്റെ ഭാഗമാണ്. അതുമാത്രമല്ല, ബോള്‍ഷേവിക് വിപ്ലവത്തെതുടര്‍ന്ന് ക്രൈസ്തവ രക്തസാക്ഷികളുടെ ചുടുനിണം വീണ് കുതിര്‍ന്ന മണ്ണാണ് ആ രാജ്യത്തിന്റേത്.

ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ മാതാവ് സോവിയറ്റ് യൂണിയനെ തന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ പ്രാര്‍ത്ഥനകള്‍കൊണ്ട് എന്തു പ്രയോജനമെന്ന് ചിന്തിച്ചവരായിരുന്നു ഭൂരിപക്ഷവും. കാരണം, നിരീശ്വരവാദ ആശയങ്ങളുടെ പ്രഭവകേന്ദ്രവും ലോകത്തെ നിയന്ത്രിക്കാന്‍ ശേഷിയുമുണ്ടായിരുന്നു ആ സാമ്രാജ്യത്തിന്.

എന്നാല്‍, 1991-ല്‍ അന്നത്തെ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് സോവിറ്റ് യൂണിയന്‍ പിരിച്ചുവിടുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ സ്ഥാനത്താണ് ഇപ്പോള്‍ റഷ്യ. ഒരു കാലത്ത് മനഷ്യമനസുകളില്‍നിന്ന് ദൈവചിന്ത എടുത്തുകളയാന്‍ സമ്പത്തും സൈനിക ബലവും ഉപയോഗിച്ചവര്‍ ഭരണഘടനയില്‍ ദൈവവിശ്വാസം എഴുതിച്ചേര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു കാര്യം തിരിച്ചറിയണം, പ്രാര്‍ത്ഥനകള്‍ക്കു അസാധ്യമായത് ഒന്നുമില്ല.

സോവിയറ്റ് യൂണിയന്റെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥനാ ആഹ്വാനങ്ങള്‍ മുഴങ്ങിയപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ അനേകരുടെ ബുദ്ധി സമ്മതിച്ചില്ല. എന്നാല്‍, അന്ന് പ്രാര്‍ത്ഥിച്ചവര്‍ പ്രതീക്ഷിച്ചതിലും എത്ര വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പ്രതിസന്ധികളുടെ വലുപ്പത്തിലേക്ക് നോക്കി നാം ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല. ദൈവത്തിന് ഒന്നും അസാധ്യമല്ല.

ഈ രോഗത്തെയും വിശ്വാസത്തിന്റെ കണ്ണുകള്‍കൊണ്ട് കാണണം. ഇടവകകളിലും സന്യാസ ഭവനങ്ങളിലും നിത്യാരാധന കേന്ദ്രങ്ങളിലുമൊക്കെ പ്രാര്‍ത്ഥനകള്‍ ഉയരട്ടെ. മനുഷ്യബുദ്ധിക്ക് ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ ദൈവം ഇടപെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രാര്‍ത്ഥനകള്‍ക്ക് മാറ്റാന്‍ കഴിയാത്തതായി ഒന്നുമില്ല. ആശ്രയിക്കുന്നവരെ തള്ളിക്കളയുന്ന ദൈവമല്ല നമ്മുടേത്. മനുഷ്യരുടെ നിലവിളികളിലേക്ക് ഇറങ്ങിവരുന്ന ദൈവത്തെയാണ് ബൈബിളിലുടനീളം കാണുന്നത്. ”ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്” (സങ്കീ. 46:1).

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?