തെക്കു കിഴക്കന്‍ ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ 2019 ഡിസംബര്‍ 31-ന് പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് ലോകത്തെ ആകെ ഞെട്ടിക്കുകയാണ്. ഏറെ നേടി എന്ന് പറയുന്ന മനുഷ്യന്റെ നിസഹായത വളരെ കൃത്യമായി പ്രകടമാക്കുകയാണ് കൊറോണ. മനുഷ്യന്‍ കണ്ടെത്തിയ എല്ലാ ശേഷിക്കും അപ്പുറം ആ രോഗം ഭീകരത കാട്ടുന്നു.
പ്രതിരോധ മരുന്നുകളില്ല. രോഗം ബാധിക്കുന്നവന്‍ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നതില്‍ മനുഷ്യന് ഇനിയും ഒന്നും ചെയ്യാനില്ല. മനുഷ്യര്‍ വലിയ കാര്യമാക്കാതിരുന്ന പനി എന്ന രോഗ ലക്ഷണത്തെ വല്ലാതെ ഭയപ്പെടേണ്ട ഒന്നാക്കി മാറ്റി കൊറോണ വൈറസ് എന്ന ശത്രുകീടം.
പ്രത്യക്ഷപ്പെട്ട് മൂന്നു മാസം തികയുന്നതിനു മുമ്പ് ലോകത്തിലെ നൂറിലധികം രാഷ്ട്രങ്ങളില്‍ വ്യാപിച്ചതുകൊണ്ട് ലോകാരോഗ്യ സംഘടന ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചതോടെ പേടി എല്ലാ സീമകളെയും അതിലംഘിച്ചിരിക്കുന്നു.
മരണനിരക്ക് താരതമ്യേന കുറഞ്ഞ രോഗമാണ് കോവിഡ് 19 എന്ന് പറയുമ്പോഴും ജീവനില്‍ ഭയമുള്ളവരെല്ലാം ഭീതിയിലാണ്. രണ്ടു മാസം കൊണ്ട് ഒന്നേകാല്‍ ലക്ഷം പേരെ ബാധിച്ച ഈ വൈറസ് മൂലം മരിച്ചത് ഔദ്യോഗിക കണക്കനുസരിച്ച് 5000 പേര്‍ മാത്രം. 70,000 പേര്‍ സുഖം പ്രാപിച്ചു. എങ്കിലും ഭീതിയാണ് സര്‍വത്ര.
പ്രത്യാശയോടെ നേരിടുന്നവര്‍
എന്നാല്‍ മനുഷ്യ ശക്തിയുടെ പരിമിതികള്‍ ഏറ്റുപറഞ്ഞു ദൈവത്തില്‍ ആശ്രയിച്ച് ജാഗ്രതയോടെ ജീവിക്കുന്നവര്‍ പ്രത്യാശയോടെ ഈ മഹാവിപത്തിനെ നേരിടുന്നു. മനുഷ്യന്‍ നിസഹായനായ എത്രയോ സംഭവങ്ങളില്‍ ഒന്നാണ് കൊറോണ വൈറസ്. സര്‍വചാരചരങ്ങളുടെയും സ്രഷ്ടാവായ ദൈവത്തിന് ബാലികേറാ മല ഒന്നുമല്ല ഈ ശത്രു കീടം.
മാനുഷികമായ പരിഹാരമാര്‍ഗങ്ങള്‍ നിസഹായമെന്ന് ലോകം കണ്ട ആദ്യത്തെ സംഭവമല്ല കൊറോണ വൈറസ് എന്ന മഹാമാരി. ക്രിസ്തുവര്‍ഷം 165-ല്‍ 50 ലക്ഷം ജീവനെടുത്ത അന്തോണിയറ്റ് പ്ലേഗ് മുതല്‍ 3.6 കോടി ജനം മരിച്ച എച്ച്.ഐ.വി ബാധവരെ ഇതുവരെ അനുഭവിച്ചിട്ടുള്ള 10 മഹാമാരികളില്‍ ഒരു കണക്കുവച്ചും ഭീകരനല്ല കൊറോണ. 1968-ലെ ഹോങ്കോംഗ് ഫ്‌ളൂ തിന്നത് 10 ലക്ഷം പേരെ. 1956 മുതല്‍ 58 വരെ ദീര്‍ഘിച്ച ഏഷ്യന്‍ ഫ്‌ളൂ 20 ലക്ഷം ജീവനാണ് എടുത്തത്.
1918 മുതല്‍ 20 വരെ പടര്‍ന്ന സ്പാനിഷ് ഫ്‌ളൂ എട്ടു ലക്ഷം ജിവനെടുത്തു. 1910-ല്‍ ഇന്ത്യയില്‍ പിറന്ന ആറാം കോളറ എട്ടു ലക്ഷം പേരെ വധിച്ചു. 1890-ലെ റഷ്യന്‍ ഫ്‌ളൂ 10 ലക്ഷം പേരെയും 1852-ലെ മൂന്നാം കോളറ 10 ലക്ഷം പേരെയും 1346-ലെ കറുത്ത മരണം 20 കോടി ജനത്തെയും തിന്ന കഥകള്‍ ചരിത്രത്തിലുണ്ട്.
ഈ കണക്കുകള്‍ എല്ലാം കൂട്ടിയാലും അമ്മയുടെ ഉദരത്തില്‍വച്ച് മനുഷ്യന്‍ ഒരു വര്‍ഷം കൊല്ലുന്ന കുഞ്ഞുങ്ങളുടെ നാലയലത്ത് എത്തുന്നില്ല ശത്രു കീടങ്ങള്‍ തിന്നുന്നവരുടെ സംഖ്യ. ലോകത്തില്‍ ഒരു വര്‍ഷം അഞ്ചു കോടി ജനങ്ങളെ ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലുന്നതായാണല്ലോ കണക്ക്. ഇങ്ങനെ കശാപ്പു ചെയ്യുന്നവര്‍ക്ക് എങ്ങനെ 5,000 പേരുടെ മരണത്തില്‍ ഇത്ര വിലപിക്കാനാവും.
നെല്ലും പതിരും
നേരും നുണയും നിറഞ്ഞ കഥകള്‍ പരക്കുന്നതുകൊണ്ട് നെല്ലേത് പതിരേത് എന്ന് തിരിച്ചെടുക്കുവാന്‍ വല്ലാതെ ക്ലേശിക്കുകയാണ് ജനം. ഇറ്റലിയില്‍, ഇറാനില്‍, ദക്ഷിണ കൊറിയയില്‍, സ്‌പെയിനില്‍, ജര്‍മ്മനിയില്‍, ഫ്രാന്‍സില്‍, അമേരിക്കയില്‍ എല്ലാം കൊറോണ ബാധ പടരുന്നു എന്ന വാര്‍ത്ത ആരെയാണ് ആശങ്കപ്പെടുത്താത്തത്.
ചൈനയില്‍ എല്ലാം ശരിയായി എന്ന മട്ടില്‍ അവിടെനിന്നും വരുന്ന കണക്കുകള്‍ ശരിയാണോ എന്ന് ആര്‍ക്കും ഉറപ്പില്ല. ഭാരതത്തിലും കേരളത്തിലും കൊറോണ എത്തിക്കഴിഞ്ഞു. ഉത്തര കൊറിയയിലെ സ്ഥിതി എങ്ങനെ എന്നും ആര്‍ക്കും ഒരു ഗ്രാഹ്യവുമില്ല.
അതുകൊണ്ട് ഭാവനാ സമ്പന്നരായ വാര്‍ത്താ കച്ചവടക്കാര്‍ സംഭ്രമജനകമായ വാര്‍ത്തകള്‍തന്നെ പടച്ചുണ്ടാക്കുന്നു. വിജനമായ തെരുവുകള്‍, ശൂന്യമാകുന്ന കലവറകള്‍, പാളിപ്പോകുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ വാര്‍ത്താ കച്ചവടക്കാര്‍ ഭാവനവിലാസം അനുസരിച്ച് കഥകളുണ്ടാക്കി നാട്ടുകാരെ ശരിക്കും പേടിപ്പിക്കുന്നു.
കൊറോണ പിടിച്ചവര്‍
വത്തിക്കാനിലെ വിഭൂതി തിരുക്കര്‍മങ്ങളില്‍ പ്രധാന കാര്‍മികത്വം വഹിച്ച് ചാരം പൂശല്‍ ശുശ്രൂഷയില്‍ പങ്കെടുത്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പനി കൊറോണ ആണോ എന്ന് ലോകം ഭയന്നു. കൊറോണ ബാധിതരായ ഏതാനും സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംമ്പിനും കൊറോണ ബാധ ഏറ്റു എന്ന് പ്രചാരണം ഉണ്ടായി.
മാര്‍പാപ്പയുടെ പനി കൊറോണ ബാധ അല്ലായിരുന്നു എന്ന് പരിശോധനയില്‍ തെളിഞ്ഞു. അദ്ദേഹം ചുമതലകള്‍ പുനരാരംഭിച്ചു. അമേരിക്ക ദേശിയ അടിയന്തരാവസ്ഥയിലേക്ക് പോകുന്നതായാണ് വാര്‍ത്ത. അപ്പോഴാണ് വരുന്നത് ബ്രിട്ടനിലെ ആരോഗ്യമന്ത്രി നാന്‍ഡി ഡോറിസിന് കൊറോണ ബാധിച്ച വാര്‍ത്ത. ഓസ്‌ക്കാര്‍ ജേതാവായ ഹോളിബുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റീത്താ വില്‍സണും കൊറോണ.
കാനഡായിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും ഭാര്യ സോഫിക്കും കൊറോണ. അമേരിക്കന്‍ പ്രസിഡന്റ് ട്രംമ്പിനോടൊപ്പം ഫ്‌ളോറിഡയില്‍വച്ച് ഭക്ഷണം കഴിച്ച ബ്രസിലിന്റെ പ്രസിഡന്റ് ജയിര്‍ ബൊല്‍സോനാരോയുടെ പ്രസ് സെക്രട്ടറി ഫാബിയോ വാജ് ഗാര്‍ട്ടന് കൊറോണ ബാധിച്ചു. ജയിര്‍ ബൊല്‍സൊനാരോയ്ക്കും കൊറൊണയാണ്.
നഷ്ടക്കണക്ക്
ലോക സമ്പത്ത് വ്യവസ്ഥയ്ക്ക് നഷ്ടം ശതകോടികളാണ്. ഓരോ ദിവസവും പുത്തന്‍ കണക്കുകളാണ് വരുന്നത്. 814 കോടി എന്ന കണക്കാണ് ഏറ്റവും അവസാനമായി കണ്ടത്. 2008 ലെ സാമ്പത്തിക മാന്ദ്യമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. അതിലും ദയനിയമാകുമോ കാര്യങ്ങള്‍ എന്ന് അപ്പോള്‍ പറയാം എന്ന മട്ട്.
ഓഹരി വിപണികള്‍ കൂപ്പു കുത്തി. പെട്രോളിനും സ്വര്‍ണ്ണത്തിനും വരെ വില വല്ലാതെ കുറഞ്ഞു. മനുഷ്യരെല്ലാം കതകടച്ച് വീട്ടിലിരിക്കുന്നു. അമേരിക്കന്‍ അടിയന്തരാവസ്ഥ കൂടി വന്നാല്‍ സംഭവിക്കുവാന്‍ പോകുന്ന തിരിച്ചടികള്‍ അതി ഭീകരമാകും. ടൂറിസം വ്യവസായം ഇല്ലാതായി. ആശുപത്രികളിലും ദൈവാലയങ്ങളില്‍ പോലും പോകാന്‍ ഭിതി.
മലയാളികള്‍
കൊറോണ ബാധമൂലം ലോകത്തെമ്പാടുമുള്ള മലയാളികള്‍ വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു. വിവിധ ദേശങ്ങളില്‍ രോഗം പിടിച്ച് ക്ലേശിക്കുന്നവരുണ്ട്. പഠനത്തിനും ഗവേഷണത്തിനും ദൂരത്തുപോയി കുടുങ്ങിയവരുണ്ട്. ശരിയായ രേഖകളില്ലാതെ ജീവിക്കുന്നവരുണ്ട്. നാട്ടിലേക്ക് ഉടനെ ഒന്നും വരാനാവില്ല എന്ന് എല്ലാ വിദേശ മലയാളിക്കും ഏതാണ്ട് തീര്‍ച്ചയായി.
ഉറ്റവര്‍ മരിച്ചാല്‍പോലും വന്ന് അന്തിമോപചാരം അര്‍പ്പിക്കാനാവാത്ത നില. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ പലരും വിമാനത്താവളങ്ങളില്‍ കുടുങ്ങി. രോഗം ഇല്ലെന്ന രേഖ സമ്പാദിക്കാതെ അവര്‍ക്ക് യാത്ര തുടരാനാവില്ല. അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് അവര്‍ക്കു മാത്രമാണ് മനസിലാവുക. നാട്ടില്‍ എത്തിയാല്‍ തന്നെ ക്വാറന്റൈന്‍ പരിശോധനയക്ക് വിധേയമാകണം. പഴയ കാലത്തെപ്പോലെ വിമാനത്തില്‍ നിന്നും ഓടി ഇറങ്ങി വീട്ടിലേക്ക് പോകാനാവില്ല. അതുകൊണ്ട് തന്നെ പലരും സത്യം മറച്ചുവയ്ക്കുന്നു.
കേരളം പകര്‍ച്ചവ്യാധികളുടെ നാടായി മാറുകയാണ്. നിപ്പയും കൊറോണയും മാത്രമല്ല പക്ഷിപ്പനിയും കുരങ്ങു പനിയും തക്കാളിപ്പനിയും എച്ച് വണ്‍ എന്‍ വണ്ണും അടക്കം കേട്ടു കേള്‍വി പോലും ഇല്ലാത്ത എത്രയോ തരി ശത്രുകീടങ്ങളാണ് കേരളത്തെ ബുദ്ധിമുട്ടിക്കന്നത്.
നിസഹായനോ?
എല്ലാം തങ്ങളുടെ കൈപ്പിടിയിലാക്കി എന്ന് വല്ലാതെ അഹങ്കരിച്ചിരുന്ന മനുഷ്യന്‍ താന്‍ ഒന്നുമല്ലെന്ന ഭീതിയില്‍ ആകെ ആകുലപ്പെട്ട അവസ്ഥയിലാണ്. എന്നാലും കൊറോണ വന്നപ്പോഴും ദൈവത്തെയും പ്രാര്‍ത്ഥനക്കാരെയും എല്ലാം നിന്ദിക്കുന്നത് പതിവു പരിപാടിയാക്കിയിട്ടുണ്ട്. അവര്‍ അട്ടഹസിച്ചതുകൊണ്ട് ദൈവം ഇല്ലാതാവുകയോ പ്രാര്‍ത്ഥനക്കാര്‍ ദൈവത്തെ വിളിക്കാതിരിക്കുകയോ ഇല്ല.
പ്രകോപിച്ച് ദൈവത്തെ കൊണ്ട് അത്ഭുതം പ്രവര്‍ത്തിപ്പിക്കാനും സാധിക്കില്ല. വിശ്വസിച്ചു നിലവിളിക്കുന്നവര്‍ക്ക് ദൈവം ഉത്തരം കൊടുക്കും. ആ വിശ്വാസം അവരുടെ കരുത്താണ്. വൈദ്യശാസ്ത്രത്തിന് മരുന്നില്ലാത്ത എത്രയോ രോഗങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചു സൗഖ്യം നേടിയിട്ടുണ്ട്!. അതിനര്‍ത്ഥം മരണമില്ലെന്നല്ല.
കൊറോണയെ ആര്‍ക്കാണ് പേടി?
ഒന്നും ചെയ്യാനാവില്ലെന്ന് അറിയുമ്പോഴും സ്വന്തം ശക്തിയില്‍ വല്ലാതെ ആശ്രയിക്കുന്നവരാണ് കൊറോണയെ ഏറെ ഭയപ്പെടുന്നത്. ദൈവത്തെ അറിയാത്തവര്‍ക്ക്, അവിടുത്തെ കരുണയിലും സര്‍വ ശക്തിയിലും വിശ്വാസം ഇല്ലാത്തവര്‍ക്ക് കൊറോണയെ ഭയമാണ്.
മാനുഷികമായ പരിഹാരമാര്‍ഗങ്ങള്‍ നിസഹായമെന്ന് ലോകം കണ്ട ആദ്യത്തെ സംഭവമല്ല കൊറോണ വൈറസ് എന്ന മഹാമാരി. ക്രിസ്തുവര്‍ഷം 165- ല്‍ 50 ലക്ഷം ജീവനെടുത്ത അന്തോണിയറ്റ് പ്ലേഗ് മുതല്‍ 3.6 കോടി ജനം മരിച്ച എച്ച്.ഐ.വി ബാധവരെ ഇതുവരെ അനുഭവിച്ചിട്ടുള്ള 10 മഹാമാരികളില്‍ ഒരു കണക്കുവച്ചും ഭീകരനല്ല കൊറോണ. 1968-ലെ ഹോങ്കോംഗ് ഫ്‌ളൂ തിന്നത് 10 ലക്ഷം പേരെ. 1890-ലെ റഷ്യന്‍ ഫ്‌ളൂ 10 ലക്ഷം പേരെയും 1852-ലെ മൂന്നാം കോളറ 10 ലക്ഷം പേരുടെയും ജീവനെടുത്ത കഥകള്‍ ചരിത്രത്തിലുണ്ട്. ഈ കണക്കുകള്‍ എല്ലാം കൂട്ടിയാലും അമ്മയുടെ ഉദരത്തില്‍വച്ച് മനുഷ്യന്‍ ഒരു വര്‍ഷം കൊല്ലുന്ന കുഞ്ഞുങ്ങളുടെ നാലയലത്ത് എത്തുന്നില്ല ശത്രു കീടങ്ങള്‍ തിന്നുന്നവരുടെ സംഖ്യ.
മാനസാന്തരമോ?
സമൂഹം വല്ലാതെ ദൈവവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വേളകളില്‍ പ്രകൃതി വന്യമായി പ്രതികരിക്കാറുണ്ട്. രണ്ടായിരം വര്‍ഷം മുമ്പ് നിരപരാധിയായ ഈശോ കാല്‍വരിക്കുരിശില്‍ മരിക്കേണ്ടി വന്നപ്പോള്‍ പ്രകൃതിയില്‍ ഉണ്ടായ മാറ്റങ്ങള്‍ അടയാളമാണ്. നിരപരാധികളുടെ ചോരയോട് പ്രകൃതി വന്യമായി പ്രതികരിക്കും.
ഗര്‍ഭഛിദ്രത്തിലും മത പീഡനങ്ങളിലും എല്ലാമായി എന്തു മാത്രം നിരപരാധികളുടെ രക്തമാണ് ദൈവത്തെ നോക്കി നിലവിളിക്കുന്നത്.
ഓരോ സംഭവത്തിനു പിന്നിലും ദൈവിക ലക്ഷ്യം ഉണ്ടെന്ന സത്യം തിരിച്ചറിയണം. മനുഷ്യനെ അനുതാപത്തിലേക്ക് നയിക്കുകയാണ് ദൈവത്തിന്റെ പദ്ധതികളുടെയും ഇടപെടലുകളുടെയും എല്ലാം ലക്ഷ്യം എന്ന് രക്ഷാകര ചരിത്രം പഠിപ്പിക്കുന്നു.
കൊറോണയെ ഭയന്നായാലും സമൂഹത്തില്‍ സംഭവിക്കുന്നത് നല്ല മാറ്റങ്ങളാണ്. ഓരോ വര്‍ഷവും ഒരു മനഃസാക്ഷിക്കടിയും ഇല്ലാതെ അഞ്ചു കോടി കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലുന്നവര്‍ ജീവന്റെ വിലയെക്കുറിച്ച് ആകുലപ്പെട്ടു തുടങ്ങി. ചുംബന സമരം പോലുള്ള പേക്കൂത്തുകളിലൂടെ ധാര്‍മ്മിക അപചയത്തിന് വേണ്ടി വാദിച്ചവര്‍ക്കുപോലും ഹസ്തദാനം ചെയ്യാന്‍പോലും മടി.
പ്രലോഭിപ്പിക്കുന്ന വേഷവിതാനങ്ങളില്‍ മദിച്ചിരുന്നവര്‍ ചുണ്ടുകള്‍ മൂടിക്കെട്ടി പുറത്തിറങ്ങുന്നു. ബാറുകളും സിനിമാശാലകളും എല്ലാം നിര്‍ജ്ജനമാകുന്നു. കുടുംബം എന്തിന് എന്ന് വെല്ലുവിളിച്ചവര്‍ കുടുംബത്തിനുള്ളിലെ സുരക്ഷയില്‍ ധൈര്യം കാണുന്നു. കൊറോണ കൊണ്ടു പോയാല്‍ സമ്പാദിച്ചു കൂട്ടിയിരിക്കുന്നതെല്ലാം ആര്‍ക്ക് എന്ന ചിന്തയും ശക്തമാകുന്നു.
ദിനവൃത്താന്ത പുസ്തകത്തില്‍ ദൈവം പറയുന്നു. എന്റെ നാമം പേറുന്ന ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ ദുര്‍മ്മാര്‍ങ്ങളില്‍ നിന്നും പിന്മാറുകയും ചെയ്താല്‍ ഞാന്‍ അവരുടെ പ്രാര്‍ത്ഥന കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശം സമ്പുഷ്ടമാക്കും (2 ദിന. 7.14).
വല്ലാത്ത അടയാളം
കൊറോണ പ്രത്യക്ഷപ്പെട്ട ഉടനെ ലോകം രക്ഷപ്പെടാനായി ചെയ്തത് ദൈവരാധന നിര്‍ത്തുകയായിരുന്നു. സാവാകാശം അബദ്ധം മനസിലായ ലോകം തിരിച്ചുവരുന്നുണ്ട്. ഇറ്റലിയിലാകെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ദൈവാലയങ്ങള്‍ ആരാധനയ്ക്കായി തുറന്നു തുടങ്ങി. മാര്‍പാപ്പ താമസ സ്ഥലമായ സാന്താ മാര്‍ത്തായില്‍ ഏകനായി സ്വകാര്യബലി അര്‍പ്പിക്കുന്നു.
കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ ഏതാനും പേര്‍ക്ക് മാര്‍പാപ്പ അര്‍പ്പിക്കുന്ന ബലിയില്‍ സംബന്ധിക്കുവാന്‍ അവസരം കൊടുത്തിരുന്നു. ഇപ്പോള്‍ അതില്ല. പകരം വിശുദ്ധ കുര്‍ബാന ടെലിവിഷനിലൂടെ കാണിക്കുന്നു. മാര്‍പാപ്പയുടെ പൊതു ദര്‍ശന പരിപാടിക്കും തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം ഇല്ല. പാപ്പയുടെ പ്രസംഗം ടെലിവിഷനിലൂടെ വരുന്നു. പ്രാര്‍ത്ഥിക്കുവാനും ജാഗ്രത പുലര്‍ത്തുവാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ദൈവവിശ്വാസിയുടെ വഴി അതാണ്.
പത്തനംതിട്ടയിലെ മാതൃക
കൊറോണയെ ഏതാണ്ട് നിയന്ത്രണത്തിലാക്കി എന്ന് കരുതിയിരുന്ന മലയാളക്കരയെ വല്ലാതെ ഭയപ്പെടുത്തിക്കൊണ്ട്, പത്തനംതിട്ടയില്‍ പടര്‍ന്ന കൊറോണയെ പ്രാര്‍ത്ഥനയിലൂടെ ശക്തമായി നേരിടുന്നതിന്റെ നേര്‍ സാക്ഷ്യം നമുക്കു മുന്നിലുണ്ട്.
കൊറോണയെ ഭയന്ന് ദൈവാലയങ്ങള്‍ പൂട്ടാന്‍ അധികൃതര്‍ തയ്യാറയപ്പോള്‍ പത്തനംതിട്ടയിലെ മെത്രാപ്പോലീത്ത സാമുവേല്‍ മാര്‍ ഐറേനിയോസ് രൂപതയിലെ ദൈവാലയങ്ങള്‍ പകലാകെ മലര്‍ക്കെ തുറന്നിടാന്‍ നിര്‍ദേശിച്ചു. കൊറോണ വാര്‍ത്ത വന്ന മൂന്നു ദിവസം എല്ലാ ദൈവാലയങ്ങളിലും ദിവ്യകാരുണ്യ ആരാധന നടത്തി.
13-ന് രൂപതാ ആസ്ഥാനത്ത് ബിഷപ്പും സംഘവും എല്ലാ ഇടവകകളിലും സാധിക്കുന്നവരെല്ലാവും ഉപവാസ പ്രാര്‍ത്ഥന നടത്തി. ഇറ്റലിയില്‍നിന്നും എത്തിയവരുടെ യാത്രാപഥം കണ്ടെത്തി ആള്‍ക്കാരെ പരിശോധനയ്ക്കയച്ച സര്‍ക്കാരിന് പുതിയ ഒരു രോഗിയെയും കണ്ടെത്താനായില്ല എന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വര്‍ഗത്തിന്റെ ഇടപെടലിന്റെ അടയാളമാണ്. ദൈവത്തിന് ഒരു വഴി ബാക്കിയുണ്ട് എന്ന സത്യം വീണ്ടും പ്രകാശിക്കുന്നു.
വിശ്വാസിയുടെ വിജയവീഥി
1882-ല്‍ മൂന്നാം കോളറ എന്ന മഹാമാരി 10 ലക്ഷം ജീവന്‍ എടുത്തതടക്കമുള്ള പശ്ചാത്തലത്തില്‍, മാര്‍ യൗസേപ്പിന്റെ സ്വര്‍ഗിയ മാധ്യസ്ഥം കൂടി തേടുവാന്‍ ഉപദേശിച്ചു കൊണ്ട് 1885 ഓഗസ്റ്റ് 15-ന് പുറപ്പെടുവിച്ച് ക്വാം ക്വാം പ്ലുയെരിസ് എന്ന ചാക്രിക ലേഖനത്തില്‍ ലെയോ പതിമൂന്നാമന്‍ പാപ്പ പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.
”നാം ജീവിക്കുന്ന ഇക്കാലഘട്ടം നിങ്ങള്‍ക്കറിയുന്നതാണല്ലോ? കടന്നു പോന്ന നാളുകളിലെ ഏറ്റവും ദുരിതപൂര്‍ണമായ കാലത്ത് ഉണ്ടായവയെക്കാള്‍ ഒട്ടും കുറഞ്ഞതല്ല സഭ ഇന്ന് നേരിടുന്ന പരിതാപകരമായ സാഹചര്യം. എല്ലാ ക്രൈസ്തവ പുണ്യങ്ങളുടെയും മൂലമായ വിശ്വാസം ചോര്‍ന്നുപോകുന്ന ആത്മാക്കള്‍ നിരവധിയാണ്. ഉപവി തണുത്തതായി നാം കാണുന്നു. യുവതലമുറ അനുദിനം ധര്‍മ്മങ്ങള്‍ ഇല്ലാത്തവരും കാഴ്ചപ്പാടുകളില്‍ അപചയം സംഭവിച്ചവരുമാകുന്നു.
ഒളിഞ്ഞും തെളിഞ്ഞും ക്രിസ്തുവിന്റെ സഭ ആക്രമിക്കപ്പെടുന്നു. പരമാചാര്യനെതിരെ ശമനമില്ലാത്ത പോരാട്ടം നടക്കുന്നു. മതവിശ്വാസത്തിന്റെ എല്ലാ അടിസ്ഥാനങ്ങളും അനുദിനം ശക്തമാകുന്ന ധിക്കാരത്തോടെയും കാഠിന്യത്തോടെയും അവമതിക്കപ്പെടുന്നു.
ഈ ദിവസങ്ങളില്‍ സമൂഹത്തിനുണ്ടായിരിക്കുന്ന പതനമോ മനുഷ്യമനസുകളെ ആകുലപ്പെടുത്തുന്ന പദ്ധതികളോ ഞാന്‍ ആഴത്തില്‍ വിവരിക്കേണ്ടതില്ലാത്ത വിധം കുപ്രസിദ്ധമാണല്ലോ. ഇത്രയും നിര്‍ഭാഗ്യകരവും ആയാസകരവും മാനുഷികമായ പരിഹാരങ്ങള്‍ അപര്യാപ്തമായതുകൊണ്ട്, ദൈവിക ശക്തിയുടെ സഹായം തേടേണ്ടത് ഏക മാര്‍ഗമായി മാറുന്നു.”
ടി. ദേവപ്രസാദ്
Leave a Comment
Your email address will not be published. Required fields are marked with *