Follow Us On

12

July

2020

Sunday

24 മണിക്കൂര്‍ പവര്‍ഹൗസുകള്‍

24 മണിക്കൂര്‍ പവര്‍ഹൗസുകള്‍

”പിന്നീട് ഈശോ മലമുകളിലേക്ക് കയറി തനിക്കിഷ്ടമുള്ളവരെ തന്റെ പക്കലേക്ക് വിളിച്ചു. അവര്‍ അവിടുത്തെ അടുത്തുചെന്നു” (മര്‍ക്കോസ് 3:13). യേശു വിളിക്കുന്നത് യോഗ്യത ഉള്ളവരെയല്ല, അവിടുത്തേക്ക് ഇഷ്ടമുള്ളവരെയാണ്; അത് അന്നും ഇന്നും അങ്ങനെതന്നെ. പിതാവിനോട് ആലോചന ചോദിച്ചാണ് ഈശോ ഈ തെരഞ്ഞെടുപ്പും വിളിയുമെല്ലാം നടത്തുന്നത്. വിളി സ്വീകരിച്ച പന്ത്രണ്ട് അപ്പസ്‌തോലന്മാരും തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ചു; അവിടുത്തെ അനുഗമിച്ചു.

യേശുവിനെ അനുഗമിച്ച, സഹായിച്ച പല സ്ത്രീകളെയും ബൈബിളില്‍ കാണാം (ലൂക്കാ 8:3). പരിശുദ്ധ അമ്മ ചെറുപ്പം മുതല്‍ ദൈവാലയത്തില്‍ ആയിരുന്നു. അമ്മ അര്‍പ്പിച്ച പ്രാര്‍ത്ഥനയിലൂടെ, ത്യാഗത്തിലൂടെ, സമര്‍പ്പണത്തിലൂടെ യേശുവിനെ ലോകത്തിലേക്ക് കൊണ്ടുവരുവാന്‍ ഇടനല്‍കി. അന്ന പുണ്യവതി സദാ ദൈവാലയം വിട്ടുപോകാതെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിയുകയായിരുന്നു (ലൂക്കാ 2:36). ഇങ്ങനെ ദൈവത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചവരെ ഇക്കാലഘട്ടത്തിലും ആവശ്യമുണ്ട്.

സഭയില്‍ വിശുദ്ധരായി പേരു വിളിക്കപ്പെട്ടവരില്‍ കൂടുതലും സമര്‍പ്പിതജീവിതം നയിച്ച സ്ത്രീകളാണ്. അവരില്‍ പലരും പുറത്തിറങ്ങി വന്‍കാര്യങ്ങള്‍ ചെയ്തതായി കാണുന്നില്ല. പക്ഷേ സമൂഹജീവിതത്തിലെ വേദനകളും സഹനങ്ങളും ലോകത്തിന്റെ പാപങ്ങള്‍ക്കു പരിഹാരമായി പ്രാര്‍ത്ഥനയിലൂടെ സമര്‍പ്പിച്ചു, സ്വര്‍ഗം പുല്‍കി.

സമര്‍പ്പിതരുടെ ത്യാഗോജ്ജ്വലമായ പ്രാര്‍ത്ഥനകള്‍ സഭയ്ക്കും സഭാപ്രവര്‍ത്തനങ്ങള്‍ക്കും വലിയ ശക്തിയാണ് പ്രദാനം ചെയ്യുന്നത്. സഭയുടെ ആരംഭം മുതല്‍ സമര്‍പ്പണ ജീവിതത്തിനുള്ള താല്പര്യം പരിശുദ്ധാത്മാവ് അനേകരില്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ ക്രിസ്തീയ വിശ്വാസം ആളിപ്പടര്‍ന്നതിനുപിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അവിടെയുണ്ടായിരുന്ന എണ്ണമറ്റ സന്യസ്തരുടെ പ്രാര്‍ത്ഥനകളും പരിത്യാഗപ്രവൃത്തികളും സുവിശേഷ പ്രവര്‍ത്തനങ്ങളുമായിരുന്നു.

എന്നാല്‍ ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണുന്ന വിശ്വാസത്തകര്‍ച്ച നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതല്ലേ? വിശ്വാസം കുറയുന്നു, ദൈവാലയങ്ങളില്‍ ജനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു, സന്യാസ ഭവനങ്ങള്‍ ശൂന്യമാകുന്നു. കാരണം സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവിടെ ആരുമില്ല. നിരന്തര ആരാധനയും പരിത്യാഗങ്ങളും അര്‍പ്പിക്കാന്‍ സന്യസ്തര്‍ ഇല്ലാതായിരിക്കുന്നു. സന്യസ്തര്‍ കുറഞ്ഞതോടെയല്ലേ സഭയിലും ജീര്‍ണത ആരംഭിച്ചത്?

ഇന്ന് കേരള-ഭാരത സഭകളിലേക്ക് നോക്കിയാല്‍, ഇവിടെയും വിശ്വാസ ജീവിതത്തിന് മങ്ങലേല്ക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് മനസിലാക്കാന്‍ കഴിയും. സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ സമര്‍പ്പിത സമൂഹങ്ങള്‍ ഇന്നും ആവശ്യമാണ്. സന്യാസഭവനങ്ങള്‍ക്കുള്ളില്‍ ആരും അറിയാതെ മണിക്കൂറുകള്‍ പ്രാര്‍ത്ഥിക്കുന്ന അനേക സമര്‍പ്പിതരുണ്ട്.

അവരെപ്പോലുള്ളവര്‍ ഇനിയും കടന്നുവരേണ്ടിയിരിക്കുന്നു. പര്‍വതങ്ങള്‍ ജറുസലേമിനെ ചൂഴ്ന്നു നില്‍ക്കുന്നതുപോലെ (സങ്കീ. 125:2) സന്യാസ ഭവനങ്ങള്‍ ഒരു പവര്‍ ഹൗസുപോലെ ഇടവകയ്ക്ക്, രൂപതയ്ക്ക്, തിരുസഭയ്ക്ക് സംരക്ഷണമായി നില്‍ക്കേണ്ട നാളുകളിലേക്ക് നാം എത്തിനില്‍ക്കുകയാണ്. മറിച്ചായാല്‍ പാശ്ചാത്യസഭകള്‍ക്ക് സംഭവിച്ചത് നമ്മുടെ നാട്ടിലും സംഭവിക്കാനിടയുണ്ട്.

ഇന്ന് പ്രാര്‍ത്ഥനയില്‍ താല്‍പര്യമുള്ള, ദൈവവേല ചെയ്യാന്‍ സന്നദ്ധരായ അനേക വ്യക്തികള്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി കടന്നുവരുന്നുണ്ട്. മക്കളുടെ ഉത്തരവാദിത്വങ്ങള്‍ കഴിഞ്ഞവരും തങ്ങളുടെ ശിഷ്ടജീവിതം അനേക ഭക്തസംഘടനകളിലും പ്രേഷിത പ്രവര്‍ത്തനത്തിലും ഒക്കെ ചേര്‍ന്ന്, വചനം പ്രഘോഷിക്കാനും ആത്മാക്കളെ നേടാനുമായി മുന്നോട്ട് വരുന്നു.

മാമോദീസ സ്വീകരിച്ചവര്‍ തങ്ങളുടെ ദൗത്യം തിരിച്ചറിഞ്ഞ് മുന്നോട്ടുവരണം, അത് എല്ലാ ക്രൈസ്തവരുടെയും ഉത്തരവാദിത്വമാണ്. പക്ഷേ, അതുകൊണ്ട് സന്യാസ ദൈവവിളികള്‍ ആവശ്യമില്ല എന്ന് കരുതേണ്ടതില്ല. മുഴുവന്‍സമയ സമര്‍പ്പിതജീവിതങ്ങളെ സഭയ്ക്ക് അത്യാവശ്യമുണ്ട്. അവരുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും ശുശ്രൂഷകളും സേവനങ്ങളും സഭയ്ക്ക് അനിവാര്യമാണ്, വിലേയറിയതാണ്.

ദൈവസ്‌നേഹത്തെപ്രതി എല്ലാം വിട്ടുകൊടുത്ത്, ദാരിദ്ര്യവും ബ്രഹ്മചര്യവും അനുസരണവും സ്വയം സ്വീകരിച്ച് സമൂഹമായി ജീവിക്കുന്നത് എത്രയോ പാവനവും ശ്രേഷ്ഠവുമാണ്. യഥാര്‍ത്ഥത്തില്‍ സഭയുടെ പുളിമാവാണ് സമര്‍പ്പിതര്‍. ആരും അറിയാതെ അവര്‍ മാവിനെ പുളിപ്പിച്ചുകൊള്ളും. ലോകത്തെ മുഴുവന്‍ വിശുദ്ധീകരിക്കുന്ന പ്രക്രിയയാണത്.

വിശുദ്ധ കൊച്ചുത്രേസ്യയുടെ അമ്മ തന്റെ എല്ലാ മക്കളും ദൈവവിളി സ്വീകരിച്ച് സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടു. അതോടൊപ്പം ആ അമ്മയും അപ്പനും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ലോകം വിലമതിക്കുന്നതിനല്ല നാം വില കൊടുക്കേണ്ടത്. ദൈവം വിലമതിക്കുന്നതിനാണ്.

ലോകത്ത് തിന്മ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, നിരന്തരമായ പ്രാര്‍ത്ഥനയിലും ഏകാന്തതയിലും മൗനത്തിലും ലോകത്തിന് അനുഗ്രഹങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ 24 മണിക്കൂറും യേശുവിനായി മാറ്റപ്പെട്ട അനേകര്‍ സമര്‍പ്പണജീവിതത്തിലേക്ക് ഇനിയും കടന്നുവരട്ടെ. സ്വര്‍ഗത്തില്‍നിന്നുമാത്രം പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ഈശോയ്ക്കായി മുന്നേറുന്ന ഒരു സമര്‍പ്പിത സൈന്യം സഭയില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു.

ദൈവമില്ലാത്ത സമൂഹം അപകടത്തിലായിരിക്കുന്നതുപോലെ സമര്‍പ്പിതരില്ലാത്ത സഭയും അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് വായിച്ചെടുത്ത് സ്വയം സമര്‍പ്പിക്കാന്‍ അനേകര്‍ തയാറാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാം.

സിസ്റ്റര്‍ എല്‍സിസ് മാത്യു എം.എസ്.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?