Follow Us On

29

March

2024

Friday

ഉത്ഥാന വഴികള്‍

ഉത്ഥാന വഴികള്‍

യേശു എനിക്ക് ആരാണ് എന്നൊരു ചോദ്യം ഇന്ന് അനേകം മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഈ നോമ്പുകാലത്ത് വ്യക്തിപരമായി ചിന്തിക്കുമ്പോള്‍ ആരാണ് എനിക്ക് യേശു? അവന്‍ എന്തിനാണ് ഈ ഭൂമിയിലേക്ക് വന്നത്? അതിനുള്ള ഉത്തരം അവന്റെ കുരിശുമരണത്തിലൂടെ യാത്ര ചെയ്ത് അവന്റെ ഉത്ഥാനത്തിലേക്ക് എത്തിനില്‍ക്കുന്ന ജീവിത ദിവസങ്ങളായി ഈ നോമ്പുകാലത്തെ കാണണം.

അങ്ങനെ കാണുമ്പോള്‍ യോഹന്നാന്റെ സുവിശേഷം 14:6 തിരുവചനത്തില്‍ യേശു പറഞ്ഞു: ഞാനാണ് വഴിയും സത്യവും ജീവനും. എങ്ങോട്ടേക്കുള്ള വഴി, ആരാണ് സത്യം, എന്തിലേക്കുള്ള സത്യം. ഏതുതരമുള്ള ജീവനാണ് അവന്‍ നമുക്ക് തരിക. ഈ ചിന്തകളും നമ്മെ ഈ ദിവസങ്ങളില്‍ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു.
ഈശോ വന്നത് നമുക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് (യോഹ. 10:10). നമുക്ക് ജീവന്‍ നല്‍കാന്‍ അവിടുത്തേക്ക് ജീവന്‍ വെടിയേണ്ടിവന്നു.

വിശുദ്ധ ഗ്രന്ഥത്തില്‍ നാമത് കാണുന്നുണ്ട്. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടിയിരുന്നു. സംഖ്യ 21-ന്റെ നാലു മുതല്‍ ഒമ്പതുവരെയുള്ള വചനങ്ങളില്‍ ദൈവത്തിനും മോശയ്ക്കും എതിരായി പിറുപിറുത്ത ഇസ്രായേല്‍ ജനത്തിനുള്ള ശിക്ഷയായി ദൈവം അവരുടെ ഇടയിലേക്ക് ആഗ്നേയ സര്‍പ്പങ്ങളെ അയക്കുന്നതായി നാം വായിക്കുന്നു.

ജനം പശ്ചാത്തപിച്ചപ്പോള്‍ ഒരു പിച്ചള സര്‍പ്പമുണ്ടാക്കി, അതിനെ വടിയില്‍ ഉയര്‍ത്താന്‍ ദൈവം മോശയോട് കല്‍പ്പിക്കുന്നു. ഉയര്‍ത്തപ്പെട്ട പിച്ചളസര്‍പ്പത്തെ നോക്കിയവര്‍ രക്ഷ പ്രാപിച്ചതായും നാം കാണുന്നുണ്ട്. ജ്ഞാനത്തിന്റെ പുസ്തകം 16-ന്റെ 14-ല്‍ ഉയര്‍ത്തപ്പെട്ട സര്‍പ്പത്തെ രക്ഷയുടെ അടയാളമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

യേശുവിന്റെ വഴിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ദിശയറിയാന്‍ പറ്റും. അതെ, തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാതെ, വഴി അറിയില്ലാതെ അസ്വസ്ഥമാകുന്ന മനസുകളോട് കര്‍ത്താവിന്റെ വചനം പറയുന്നു, ഞാനാണ് വഴി. അവന്‍ കാണിച്ചുതന്ന വഴി -പുല്‍ക്കൂട് തൊട്ട് കുരിശുമരണംവരെ ഇല്ലായ്മയുടെ, എളിമയുടെ, ദാരിദ്ര്യത്തിന്റെ, അനുസരണത്തിന്റെ, പരാതികളില്ലാത്ത, പരിഭവങ്ങളില്ലാത്ത ഒരു വഴിയാണ്.

അതിനുമപ്പുറത്ത് ഒരുപാട് ദൈവതിരുമുമ്പിലിരുന്ന് പ്രാര്‍ത്ഥിച്ച, പ്രാര്‍ത്ഥനയുടെ ഒരു വഴി. അതാണ് യേശുക്രിസ്തുവില്‍ വെളിപ്പെട്ട വഴി. ”വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല” (യോഹ. 14:6). ജീവിതത്തില്‍ വഴിയില്ല എന്ന് തോന്നുന്നവര്‍ക്ക് ഏതു വഴി വേണമെന്ന് ചിന്തിക്കാന്‍ തിരുവചനം നമ്മെ പ്രേരിപ്പിക്കുകയാണ്.

യേശുവെന്ന സത്യം ഇന്ന് പല ജീവിതങ്ങളിലും ഇല്ല. യേശുവെന്ന സത്യം അനുഭവിക്കാന്‍ പറ്റാത്തതുകൊണ്ട്, തിരിച്ചറിയാന്‍ പറ്റാത്തതുകൊണ്ട് പലരും അസത്യങ്ങളുടെ ബന്ധനത്തിലാണ്. ഒരു പരിധിവരെ തങ്ങളുടേതായ മൂഢവ്യാപാരങ്ങള്‍കൊണ്ട്, മൂഢപ്രവൃത്തികള്‍കൊണ്ട്, മൂഢ ആലോചനകള്‍കൊണ്ട് കെട്ടപ്പെട്ടിരിക്കുന്നു.

സത്യം തിരിച്ചറിയാന്‍ പറ്റാതെ ചിന്തയും മനസും കണ്ണും ഹൃദയവും കെട്ടപ്പെട്ട വ്യക്തികളോട് കുരിശില്‍നിന്ന് ഉത്ഥാനത്തിലേക്ക് എത്തപ്പെട്ട ഈശോ പറയും – ഞാനാണ് സത്യം. ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ യേശുവെന്ന വഴിയിലേക്ക് വന്ന്, യേശുവെന്ന സത്യത്തിലേക്ക് ജീവിതം എടുത്തുവയ്ക്കാന്‍ ഈശോ പറയുന്നു; ‘എന്നിലേക്ക് നോക്ക്, നിനക്കുവേണ്ടി ജീവന്‍ വെടിഞ്ഞ എന്നിലേക്ക്.’

അങ്ങനെയൊരു ഈശോയെ, ജീവനാകുന്ന യേശുവിനെ ഈ നോമ്പുകാലത്ത് ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ഈശോ നമ്മെ വിളിക്കുകയാണ്.
നമ്മള്‍ ചുറ്റുപാടും കണ്ണോടിക്കുമ്പോള്‍ വഴിയില്ലാത്ത ജീവിതങ്ങളും സത്യം കണ്ടെത്താന്‍ പറ്റാത്തവരും ആത്മീയ ജീവന്‍ നഷ്ടപ്പെട്ടുപോകുന്നവരുമായ നിരവധി പേരുണ്ട്. നോമ്പുകാലം എല്ലാംകൊണ്ടും വഴിയും സത്യവും ജീവനുമാകുന്ന യേശുക്രിസ്തുവിനെ സ്വന്തമാക്കാനുള്ള ഒരു അവസരമാണ്.

അങ്ങനെയെങ്കില്‍ അത് എങ്ങനെയാണ് ഈ നോമ്പുകാലത്ത് സാധിക്കുക? വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തില്‍ കര്‍ത്താവിന്റെ സന്നിധിയിലേക്ക് കടന്നുവന്ന പാപിനിയായ സ്ത്രീ അവന്റെ പാദത്തിങ്കലിരുന്ന് കരയുന്ന രംഗമുണ്ട്. തന്റെ തലമുടിയെടുത്ത് അവന്റെ പാദം തുടയ്ക്കുന്നു.

തനിക്കുള്ള വിലപിടിച്ച, സൂക്ഷിച്ചുവച്ചിരുന്ന നാദീര്‍ സുഗന്ധതൈലം അവന്റെ പാദങ്ങളിലേക്ക് ഒഴിക്കാന്‍ അവള്‍ക്ക് സാധിച്ചപ്പോള്‍ കുറ്റപ്പെടുത്തുന്ന, സത്യം തിരിച്ചറിയാന്‍ സാധിക്കാത്ത കണ്ണുകള്‍ക്ക് മുമ്പില്‍, കുറ്റപ്പെടുത്തുന്ന അധരങ്ങള്‍ക്ക് മുമ്പില്‍, വിമര്‍ശിക്കുന്ന നാവുകള്‍ക്ക് മുമ്പില്‍ പാപിനിയായ സ്ത്രീയെക്കുറിച്ച് യേശുപറഞ്ഞു: ഇവള്‍ക്ക് സാധിക്കുന്നത് ഇവള്‍ ചെയ്തു.

കുരിശിന്റെ വഴിയിലൂടെ, ത്യാഗത്തിലൂടെ വിശുദ്ധിയില്‍ വളരാന്‍ ആഗ്രഹിക്കുന്ന എന്നോടും നിങ്ങളോടും ഈശോ പറയും: നിങ്ങള്‍ക്ക് സാധിക്കുന്നത് നിങ്ങള്‍ ചെയ്യുവിന്‍. ഏതൊക്കെ വിധത്തില്‍ എനിക്ക് സാധിക്കും? ഈ കുരിശിനെ എത്രമാത്രം എനിക്ക് സ്‌നേഹിക്കാന്‍ പറ്റും.
കുരിശില്‍ ജീവന്‍ വെടിഞ്ഞ എന്റെ യേശുവിനോട് എനിക്കുള്ള സ്‌നേഹം എത്ര വലുതാണ്? ഈ നോമ്പുകാലത്ത് നാം ആത്മപരിശോധന നടത്തണം.

സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച്‌

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?