Follow Us On

14

April

2021

Wednesday

കാഴ്ചയും കാഴ്ചപ്പാടും

കാഴ്ചയും കാഴ്ചപ്പാടും

ഫാ. ജോസഫ് പുത്തന്‍പുര എന്ന് കേള്‍ക്കുമ്പോള്‍ ഏതു പ്രായക്കാരുടെ ചുണ്ടിലും അറിയാതെ പുഞ്ചിരി വിടരുന്നുണ്ടാകും. മലയാളികളെ പ്രസംഗങ്ങളിലൂടെ ഇത്രയധികം ചിരിപ്പിച്ചൊരാള്‍ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. പുത്തന്‍പുര അച്ചന്റെ ഫലിതങ്ങള്‍ക്കും ഏറെ പ്രത്യേകതകളുണ്ട്. വെറുതെ ചിരിച്ചു തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല.

ചിരികള്‍ക്കുള്ളില്‍ വലിയ ചിന്തകള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കഥയും തമാശകളും പറഞ്ഞ് പ്രസംഗിക്കുന്ന അച്ചന്മാരെ ഇഷ്ടപ്പെട്ടിരുന്ന ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. ”എത്ര നല്ല പ്രസംഗമാണെങ്കിലും കുറച്ചു കഴിയുമ്പോള്‍ ഒരു ഇടവേള കിട്ടിയിരുന്നെങ്കില്‍ എന്ന് ആളുകള്‍ വിചാരിക്കും. എന്നാല്‍ ഫലിതം ചേര്‍ത്ത് പറയുമ്പോള്‍ മടുപ്പ് തോന്നാതിരിക്കുകയും പറയുന്ന സന്ദേശങ്ങള്‍ മനസില്‍ പതിയുകയും ചെയ്യും.

” തന്റെ പ്രസംഗ ശൈലിയെക്കുറിച്ച് ഫാ. പുത്തന്‍പുരയ്ക്കല്‍ ഇങ്ങനെയാണ് വിശദീകരിക്കുന്നത്. ജനത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് ഫലിതരീതി സ്വീകരിക്കുന്നത്. പറയുന്ന ആശയങ്ങള്‍ കേള്‍ക്കുന്നവരുടെ മനസില്‍ നില്‍ക്കണം. അങ്ങനെ ശ്രദ്ധ ലഭിച്ചുകഴിയുമ്പോള്‍ ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ എളുപ്പമാകും. അടിസ്ഥാന ലക്ഷ്യം ഫലിതം പറയുകയല്ല. ക്രിസ്തുവിനെ കൊടുക്കാനുള്ള ഒരുക്കലാണ് തന്റെ ഫലിതങ്ങളെന്ന് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറയുന്നു.

1950-കളുടെ അവസാനം അരുവിത്തറയില്‍നിന്നും ഇടുക്കി ജില്ലയിലിലെ കട്ടപ്പനക്കടുത്ത് വലിയതോവാളയിലേക്ക് കുടിയേറിയതായിരുന്നു അച്ചന്റെ കുടുംബം. പരേതരായ ജോസഫ്-അന്നമ്മ ദമ്പതികള്‍ക്ക് അഞ്ച് മക്കളെ നല്‍കിയെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്ന് മൂത്ത രണ്ട് സഹോദരിമാരും ഒരു ചേട്ടനും ചെറുപ്പത്തില്‍ത്തന്നെ മരിച്ചു. പിതാവ് പട്ടാളക്കാരനായിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജോസഫ് അള്‍ത്താരബാലനായിരുന്നു. വൈദികനാകണമെന്നതായിരുന്നു ആഗ്രഹം. എസ്എസ്എല്‍സി കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ ചേരണമെന്ന ആഗ്രഹം വീട്ടിലറിയിച്ചെങ്കിലും അല്പംകൂടി കഴിഞ്ഞിട്ട് മതിയെന്നായിരുന്നു ലഭിച്ച മറുപടി.
പ്രീഡിഗ്രിക്ക് ചേര്‍ന്നു. ഇതിനിടയില്‍ രാഷ്ട്രീയം തലക്കുപിടിച്ചു. പ്രസംഗിക്കാനുള്ള കഴിവാണ് രാഷ്ട്രീയത്തില്‍ എത്തിച്ചതെന്നാണ് അച്ചന്‍ വിശദീകരിക്കുന്നത്.

പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ എത്തി. അപ്പോഴും വൈദികനാകണമെന്ന സ്വപ്‌നം മനസില്‍ കാത്തുസൂക്ഷിച്ചിരുന്നു. തുടര്‍ന്ന് കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. വൈദികനായതിനുശേഷം ലോ കോളജില്‍ ചേര്‍ന്ന് എല്‍എല്‍ബിയും പാസായി. പൗരോഹിത്യം സ്വീകരിച്ചിട്ട് 26 വര്‍ഷങ്ങള്‍ പിന്നിട്ട ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഇപ്പോള്‍ കപ്പൂച്ചിന്‍ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലാണ്.

? ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ എന്നു പറഞ്ഞാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരാളാണ്. പൊതുവേദികളെ സുവിശേഷപ്രഘോഷണ വേദികളായിട്ടാണോ കാണുന്നത്.

• പ്രസംഗിക്കുന്നതിനായി വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളും മറ്റ് മതസ്ഥരും വിളിക്കാറുണ്ട്. ഒരു വൈദികന്‍ എന്ന നിലയിലാണ് എന്നെ വിളിക്കുന്നത്. അവര്‍ ഈ വേഷത്തെയും ക്രിസ്തീയ പൗരോഹിത്യത്തെയും ഇതിലൂടെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കാറുണ്ട്.

ക്രിസ്തീയ മാധ്യമങ്ങളിലൂടെ ഒരു നിശ്ചിത വിഭാഗത്തിലുള്ള ആളുകളിലേക്കുമാത്രമാണ് എത്താന്‍ സാധിക്കുന്നത്. എന്നാല്‍ സെക്കുലര്‍ മാധ്യമങ്ങളില്‍ പറഞ്ഞാല്‍ അനേക ലക്ഷങ്ങളിലേക്ക് എത്തും. എല്ലാ വിഭാഗം ആളുകളുമായി സംവദിക്കാന്‍ കഴിയുന്നു. അതുവഴി സഭയെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും പലര്‍ക്കുമുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും കഴിയുന്നുണ്ട്.

 

? അടുത്ത കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്. സ്വകാര്യമായി പറഞ്ഞത് രഹസ്യമായി പകര്‍ത്തുകയായിരുന്നോ.

പ്രസംഗം വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിലെ വാകയാര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ നൂറാം വാര്‍ഷികത്തില്‍ നടത്തിയ പ്രസംഗമായിരുന്നു. നമ്മുടെ പെണ്‍കുട്ടികളെ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പെണ്‍കുട്ടികള്‍ ചാടിപ്പോയി വീഴരുതെന്നും പലപ്പോഴും പറയാറുണ്ട്. അത് അവിടെയും ആവര്‍ത്തിച്ചു.

ചിലരൊക്കെ പറയും ആ മതത്തിലെ ചെറുപ്പക്കാര്‍ എത്രമാത്രമാണ് സ്ത്രീകളെ കരുതുന്നത്. നമ്മുടെ സമുദായത്തിലെ ആണുങ്ങളല്ലേ മദ്യപിക്കുന്നതും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും. നമ്മള്‍ മെച്ചമെന്ന് പറയുന്നവര്‍ അങ്ങനെ ആകണമെന്നില്ലെന്നുമായിരുന്നു ഞാന്‍ ഓര്‍മിപ്പിച്ചത്…

ടിപ്പുവിന്റെ കാലത്തെ അഞ്ഞൂറ് വര്‍ഷമെന്നത് ഒരു കഥപോലെ പറഞ്ഞതാണ്. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം എടുത്തതിനാലാണ് അങ്ങനെയൊരു വിവാദം ഉണ്ടായത്. അതു മുഴുവന്‍ കേട്ടിരുന്നെങ്കില്‍ സംശയം ഉണ്ടാകുമായിരുന്നില്ല. മുസ്ലീങ്ങള്‍ എന്നു പറഞ്ഞ സ്ഥാനത്ത് മുസ്ലീം തീവ്രവാദികള്‍ എന്നു പറയേണ്ടതായിരുന്നു.

? രാഷ്ട്രീയ നേതാവിന്റെ കുപ്പായം ഉപേക്ഷിച്ചാണ് അച്ചന്‍ സെമിനാരിയില്‍ ചേര്‍ന്നതെന്ന് കേട്ടിട്ടുണ്ട്. അതേപ്പറ്റി വിശദീകരിക്കാമോ.

• പഠിക്കുന്ന കാലത്ത് പ്രസംഗത്തില്‍ മുന്‍പന്തിയിലായിരുന്നു. അങ്ങനെയാണ് പ്രീ-ഡ്രിഗ്രി കാലത്ത് രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പലവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ പ്രവര്‍ത്തിച്ചുവന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പിളര്‍പ്പ് ഉണ്ടാകുകയും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നവര്‍ രണ്ടു പക്ഷമായി തിരിയുകയും ചെയ്തു.

മിത്രങ്ങള്‍ ശത്രുക്കളായി മാറുന്ന കാഴ്ചയും കണ്ടു. അതോടെ രാഷ്ട്രീയത്തോടുള്ള ഇഷ്ടം കുറഞ്ഞു. പലരുടെയും ലക്ഷ്യം സ്വന്തം ഉയര്‍ച്ച മാത്രമാണെന്ന തിരിച്ചറിവ് രാഷ്ട്രീയത്തോടുള്ള വിരക്തിക്ക് കാരണമായി. അതുമാത്രമല്ല, പഠനത്തില്‍ എന്നും മികവു പുലര്‍ത്തിയിരുന്ന ഞാന്‍ ചില വിഷയങ്ങള്‍ക്ക് പരാജയപ്പെടുകയും ചെയ്തു. അങ്ങനെ രാഷ്ട്രീയത്തിലുള്ള താല്പര്യം നഷ്ടപ്പെട്ടു.

? സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുകള്‍ വല്ലാതെ ഉണ്ടാകുന്നു. സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നു. ഇവിടെ ക്രൈസ്തവ സഭയുടെയും വിശ്വാസികളുടെയും റോള്‍ എന്താണ്.

• ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കുന്ന രീതിയിലുള്ള ചിന്തകള്‍ വളരാന്‍ തുടങ്ങിയത് 1980-കള്‍ക്കുശേഷമാണ്. ഇത് അപകടകരമാണ്. എന്നാല്‍, അഭിപ്രായം പറഞ്ഞാല്‍ അത് വര്‍ഗീയതാകുമോ എന്നോര്‍ത്ത് ചില സമയങ്ങളില്‍ മൗനം പാലിക്കുന്നതും ശരിയല്ല. ഇത്തരം നിശബ്ദതകള്‍ വലിയൊരു വീഴ്ചയാണ്. ചില കാര്യങ്ങളില്‍ ഉറച്ച നിലപാടുകള്‍ ആവശ്യമാണ്.

കത്തോലിക്കാ സമൂഹം നില്ക്കുന്ന അടിത്തറയെക്കുറിച്ച് നാം ബോധവാന്മാരകണം. നമ്മുടെ പെണ്‍കുട്ടികളെ വശീകരിച്ചുകൊണ്ടുപോകുമ്പോള്‍ നിശബ്ദത പാലിക്കരുത്. പ്രേമ വിവാഹങ്ങള്‍ വേറെയാണ്. മതംമാറ്റുന്നതിനായി വശീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ല. പറഞ്ഞാല്‍ എന്തു വിചാരിക്കും എന്ന് കരുതുന്നതു തെറ്റാണ്.

എല്ലാവരെയും സന്തോഷിപ്പിക്കാന്‍ നോക്കിയിരുന്നെങ്കില്‍ പത്രോസ് ശ്ലീഹായ്ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വരുമായിരുന്നില്ല. പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ നല്ല രീതിയില്‍ എടുത്തില്ലെങ്കില്‍ അവരോട് തര്‍ക്കിക്കാനും തോല്പിക്കാനും പോകരുത്. കുറച്ചു കഴിയുമ്പോള്‍ ആളുകള്‍ സത്യത്തിന്റെ പാതയില്‍ എത്തും.

? ഹൃദയം തുറന്ന് ചിരിക്കാന്‍ കഴിയുക എന്നത് മനസിന്റെ നിര്‍മലതയുടെ അടയാളമാണെന്ന് പറയാറുണ്ട്. കേള്‍വിക്കാരെ ഏറെ ചിരിപ്പിക്കുന്ന അച്ചന് അതേപ്പറ്റി എന്താണ് പറയാനുള്ളത്.

• ചിരി ആയുസിന്റെ ദൈര്‍ഘ്യം കൂട്ടുകയും എല്ലാവരെയും സമന്മാരാക്കുകയും ചെയ്യും. മുഖ്യമന്ത്രിയാണെങ്കിലും അറ്റന്ററാണെങ്കിലും കളക്ടറാണെങ്കിലും ഇനി കീഴ്ജീവനക്കാരനാണെങ്കിലും ചിരി വരുമ്പോള്‍ ചിരിക്കും. ചിരി എന്നത് നമുക്ക് വ്യാഖ്യാനിക്കാന്‍ പറ്റാത്ത ഒരു അനുഭവമാണ്. ഉള്ളില്‍ ഭാരമില്ലാത്തവര്‍ക്കേ ഉള്ളുതുറന്ന് ചിരിക്കാനും ചിരിപ്പിക്കാനും പറ്റൂ.

? കോമഡി സിനികള്‍ ചെയ്യുന്ന സംവിധായകരുണ്ട്. കാലം ചെല്ലുംതോറും കോമഡികളുടെ നിലവാരം കുറയുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. എന്നാല്‍ അച്ചന്റെ തമാശകളുടെ നിലവാരം കൂടുകയാണ്. എന്താണ് അതിന്റെ പിന്നിലെ രഹസ്യം.

• ഞാനൊരു തമാശക്കാരനാണെന്ന് പറഞ്ഞാല്‍ ആളുകള്‍ ചിരിക്കുകയില്ല. അത് അവതരിപ്പിക്കുന്ന രീതിയാണ് പ്രധാനം. എന്റെ ബാല്യകാലം മുതല്‍ ഫലിതങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമായിരുന്നു. ചിരിക്കാനുള്ള തയാറെടുപ്പോടെയാണ് എന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ എത്തുന്നതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ വലിയ ഗൗരവത്തില്‍ പറഞ്ഞാല്‍ ആളുകള്‍ക്ക് അതു സ്വീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്.

? ഏറ്റവും കൂടുതല്‍ അവഹേളിക്കപ്പെടുന്ന ഒരു വിഭാഗമാണ് ക്രൈസ്തവര്‍. അതേ നാണയത്തില്‍ മറുപടി കൊടുക്കണമെന്ന് വാദിക്കുന്ന ഒരു വിഭാഗം ക്രൈസ്തവരുടെ ഇടയിലുമുണ്ട്. ഇത്തരം അവസരങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്നാണ് അച്ചന്റെ അഭിപ്രായം.

• നമ്മള്‍ പ്രതികരിക്കണം. തെറ്റു കണ്ടാല്‍ പറയേണ്ടത് പറയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ പറഞ്ഞ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ശരിയാണെന്ന് സമൂഹം ചിന്തിക്കും. നമ്മുടെ നിലപാടുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. എന്നാല്‍, ക്രൈസ്തവ രീതിക്ക് ചേര്‍ന്ന ഭാഷയില്‍ മാത്രമേ പ്രതികരിക്കാവൂ.

? അച്ചന്‍ അനേക വിദേശരാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിച്ചിട്ടുണ്ടല്ലോ. വിശ്വാസത്തിന്റെ കാര്യത്തില്‍ അവിടെ കാണുന്ന കാഴ്ചകള്‍ എന്തൊക്കെയാണ്.

• അമേരിക്കയില്‍ ഉള്ളത്ര വിശ്വാസം യൂറോപ്പില്‍ ഇല്ല. വിശ്വാസത്തില്‍ ആഴമുള്ളവരുണ്ട്. എന്നാല്‍ പൊതുവേ അങ്ങനെയല്ല. അമേരിക്കയില്‍ കേരളത്തിലെപോലെതന്നെ ആത്മീയതയില്‍ അടിത്തറയിട്ടാണ് വളരുന്നത്. എന്നാല്‍, യുവജനങ്ങളില്‍ വലിയൊരു ശതമാനം അവിടുത്തെ സംസ്‌കാരത്തോട് ചേര്‍ന്നാണ് ജീവിക്കുന്നത്.

ആത്മീയതക്ക് വലിയ പ്രാധാന്യം നല്‍കുന്ന കുടുംബങ്ങളിലെ പുതുതലമുറയിലും ആ വിശ്വാസം ദര്‍ശിക്കുവാന്‍ കഴിയും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ വിശ്വാസത്തില്‍ കേന്ദ്രീകരിച്ചാണ് മുമ്പോട്ടുപോകുന്നത്. അവിടെ സുരക്ഷിതത്വബോധം കുറവാണ്.

യൂറോപ്പിലെ ഭൗതിക സാഹചര്യങ്ങള്‍ പലരുടെയും വിശ്വാസത്തില്‍ മങ്ങല്‍ ഏല്പിച്ചിട്ടുണ്ട്. സമ്പന്നതയും സൗകര്യങ്ങളും ചിലരെ ദൈവത്തില്‍നിന്ന് അകറ്റുമ്പോള്‍ മറ്റുചിലരെ അതു കൂടുതല്‍ നന്മയിലേക്ക് നയിക്കുന്നുണ്ട്.

? സുവിശേഷ പ്രഘോഷണ രീതികളില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമാണെന്ന് അച്ചന് തോന്നുന്നുണ്ടോ. ഏതുവിധത്തിലുള്ള മാറ്റമാണ് കൊണ്ടുവരേണ്ടത്.

• 80-കളിലും 90-കളിലുമുള്ള രീതിയല്ല ഇന്നാവശ്യം. കാലാനുസൃതമായിട്ടുള്ള വായനയും അതനുസരിച്ചുള്ള വ്യാഖ്യാനങ്ങളും ഉണ്ടാകണം. മനുഷ്യന്റെ ശൈലി നമ്മള്‍ പഠിക്കണം. പഴയ മനുഷ്യര്‍ക്ക് ടെന്‍ഷന്‍ കുറവായിരുന്നു. ഇപ്പോള്‍ ടെന്‍ഷന്‍ കൂടുതലാണ്.

നമ്മുടെ ശൈലികള്‍ ടെന്‍ഷന്‍ വര്‍ധിപ്പിക്കാതെ ടെന്‍ഷന്‍ കുറയ്ക്കുന്ന രീതിയാകണം. ഈ രീതിയിലൂടെ മനുഷ്യരെ കൂടുതല്‍ സ്‌നേഹിക്കാനൊക്കെയുള്ള മനോഭാവം ഉണ്ടാകുന്നുണ്ട്. എന്നാല്‍ ചിലര്‍ക്കിത് ഇഷ്ടപ്പെടുന്നുമില്ല.

? രാജ്യത്തെ ഏറ്റവും കൂടുതല്‍ ഭീഷണികള്‍ക്ക് വിധേയമാകുന്ന ന്യൂനപക്ഷങ്ങളാണ് ക്രൈസ്തവര്‍. എന്നിട്ടും ചെറിയ കാര്യങ്ങളുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ വിഘടിച്ചുനില്‍ക്കുന്നു. ആ അനൈക്യത്തെ പലരും സമര്‍ത്ഥമായി മുതലെടുക്കുന്നുണ്ട്. എങ്ങനെ എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിയും. അച്ചന്‍ എല്ലാ വിഭാഗങ്ങളുടെയും വേദികളില്‍ സ്വീകാര്യനാണല്ലോ.

• ഭിന്നിപ്പിക്കുന്ന ഘടകങ്ങളും ഒന്നിപ്പിക്കുന്ന മേഖലകളുമുണ്ട്. എവിടെയും സ്‌നേഹവും ഐക്യവും ഉണ്ടാകണം. ഭിന്നിപ്പിക്കുന്നവയെ മാറ്റിനിര്‍ത്തുക. ഒരുമിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക. ജീവകാരുണ്യ മേഖലകളില്‍ ഒന്നിക്കാന്‍ പറ്റും. കുടുംബ ജീവിത മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകളുടെ കാര്യത്തില്‍ ഒന്നിക്കാനാകും.

ക്രിസ്തുവില്‍ നമ്മെ ഒരുമിപ്പിക്കുന്ന എല്ലാ മേഖലകളും കണ്ടുപിടിച്ച് ഒരുമിച്ചുനില്ക്കണം. ക്രിസ്തുവില്‍ ഒന്നിച്ചുനിന്ന് എന്തെല്ലാം ചെയ്യുവാന്‍ പറ്റുമോ അതെല്ലാം ചെയ്യുക. ഇല്ലെങ്കില്‍ ആട് ഇടികൂടുമ്പോള്‍ കുറുക്കന്‍ ചോരകുടിക്കുന്നതുപോലെ മറ്റുപലരും മുതലെടുക്കും.

? പുതിയ തലമുറ വിശ്വാസകാര്യങ്ങളില്‍നിന്നും അകലം പാലിക്കുന്നതായി കാണുന്നു. അവരെ എങ്ങനെ സഭയിലേക്ക് ആകര്‍ഷിക്കാമെന്നാണ് കരുതുന്നത്.

• അത് പൊതുവേയുള്ള ധാരണയാണ്. നമ്മുടെ യുവജനങ്ങളില്‍ ഭൂരിപക്ഷവും പുറത്താണ്. അതുകൊണ്ട് തോന്നുന്നതാണ്. ഉദാഹരണത്തിന്, കേരളത്തിലെ പള്ളികളില്‍ യുവജനങ്ങള്‍ കുറവാണെന്ന് പറയാറുണ്ട്. ഹൈദരബാദ്, ബംഗളൂരു, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും ചെന്നാല്‍ നമ്മുടെ യുവജനങ്ങളെ കാണാം.

അവിടെയുള്ള ദൈവാലയങ്ങളില്‍ കുടുംബമായി വരുന്ന ധാരാളം യുവജനങ്ങളുണ്ട്. യുവജനങ്ങളുടെ പ്രോഗ്രാമുകളില്‍ അവര്‍ സജീവമാണ്. സഭയുടെ മുഖ്യധാരയില്‍ നിര്‍ണായകമായ പങ്ക് ഇല്ലാത്തതുകൊണ്ട് യുവജനങ്ങള്‍ വലിയുന്നുണ്ടാകാം. സെക്കുലറിസവും മറ്റു വിവാദങ്ങളുമൊക്കെ ഉണ്ടാകുമ്പോഴും ഭക്തിയിലും കൂദാശയിലും ആഴമായി കേന്ദ്രീകരിച്ച് ജീവിക്കുന്നവരാണ് അധികവും. സഭയില്‍നിന്ന് അകലംപാലിച്ചിരുന്ന യുവജനങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു.

? ഇന്ന് സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്ന കാലമാണ്. സോഷ്യല്‍ മീഡിയകളെ സഭ ഏതു വിധത്തില്‍ പ്രയോജനപ്പെടുത്തണം.

• മീഡിയ ഉപയോഗിച്ച് നല്ല പ്രസംഗങ്ങളും ബോധ്യങ്ങളും കൊടുക്കുക. നല്ല കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുകയും അതിനവസരം കൊടുക്കുകയും ചെയ്യുക. സെക്കുലര്‍ മീഡിയകളില്‍ അവസരം കിട്ടുന്നവര്‍ അത് പ്രയോജനപ്പെടുത്തണം.

? യുവജനങ്ങളോടുള്ള ഇടപെടലുകളില്‍ സഭയുടെ സമീപനത്തിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് തോന്നിയിട്ടുണ്ടോ.

• അവരെ സുഹൃത്തുക്കളായി കാണണം. എന്നാല്‍ അത് വൈദികരുടെ ഐഡിന്റിറ്റി കളയുന്ന വിധത്തിലാകരുത്. അതായത് മാന്യമായ അകലം പാലിക്കണം. ആ രീതിയില്‍ യുവജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യിക്കണം.

? മാധ്യമങ്ങളോട് സംസാരിക്കാന്‍ അല്മായരുടെ ഒരു ടീമിനെ പരിശീലനം നല്‍കി വളര്‍ത്തിക്കൊണ്ട് വരണമെന്ന് തോന്നിയിട്ടുണ്ടോ.

• പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്. അങ്ങനെ ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സഭയുടെ നിലപാട് ലോകത്തെ അറിയിക്കാനും സമൂഹത്തിന് ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ മാറ്റാനും സാധിക്കും.

ഒരു കഥ പറഞ്ഞാണ് അച്ചന്‍ അവസാനിപ്പിച്ചത്. ഒരാള്‍ മരിച്ച് സ്വര്‍ഗത്തില്‍ ചെന്നു. അവിടെ ഭിത്തിയില്‍ കുറെ ബള്‍ബുകള്‍ പതിപ്പിച്ചിരിക്കുന്നതു കണ്ടു. ഇത് എന്താണെന്നു അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി. ഓരോ ബള്‍ബും ഓരോ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്നു എന്നായിരുന്നു.

ആ ഭൂഖണ്ഡത്തിലുള്ള ഒരാള്‍ നുണ പറഞ്ഞാല്‍ ബള്‍ബു തെളിയും. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാ ബള്‍ബും ഒന്നിച്ചു തെളിഞ്ഞു. ഇത് എന്തു പറ്റിയെന്ന് അയാള്‍ അത്ഭുതത്തോടെ ചോദിച്ചു. കേരളത്തിലെ ചാനലുകളില്‍ രാത്രിയിലെ ചര്‍ച്ചകള്‍ തുടങ്ങി എന്നായിരുന്നു മറുപടി. അതെ, ഫാ. ജോസഫ് പുത്തന്‍പുരയുടെ ഫലിതങ്ങള്‍ ചിരിച്ചുമറക്കാനുള്ളതല്ല; ചിന്തയിലേക്ക് നയിക്കാനുള്ളവയാണ്.

ജോസഫ് മൈക്കിള്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?