Follow Us On

06

April

2020

Monday

സന്ദേശത്തിനുമുമ്പ് ഇഷ്ടഗാനം പങ്കുവെച്ച് പാപ്പ; വാക്കിലും പാട്ടിലും നിറഞ്ഞത് നല്ല പിതാവ്!

സന്ദേശത്തിനുമുമ്പ് ഇഷ്ടഗാനം പങ്കുവെച്ച് പാപ്പ; വാക്കിലും പാട്ടിലും നിറഞ്ഞത് നല്ല പിതാവ്!

വത്തിക്കാൻ സിറ്റി: പ്രഭാഷണത്തിൽമാത്രമല്ല, പാപ്പ പാടിയ ഈരടികളിലും നിറഞ്ഞുനിന്നത് പാപിയായ മകന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന നല്ല പിതാവായ ദൈവത്തിന്റെ ചിത്രം! ഇക്കഴിഞ്ഞ ദിവസം സാന്താ മാർത്താ ചാപ്പലിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു വാക്കും പാട്ടും സമ്മേളിച്ച പാപ്പയുടെ വചനപ്രഘോഷണം. ഇസ്രായേലേ, നിന്റെ ദൈവമായ കർത്താവിലേക്ക് മടങ്ങിവരുക’ എന്ന പ്രവാചക വചനം പങ്കുവെക്കവേയാണ്, തന്റെ കുട്ടിക്കാലത്ത് മനസിൽ പതിഞ്ഞ ഇഷ്ടഗാനത്തിന്റെ ഈരടികൾ പാപ്പ ഉരുവിട്ടത്.

‘നിന്റെ പിതാവിങ്കലേക്കു തിരികെ പോകൂ. അദ്ദേഹം നിനക്കായ് ഒരു താരാട്ടു പാടും. തിരികെ വരൂ! ദൈവം, നിന്റെ പിതാവാണ് പറയുന്നത്, തിരികെ വരൂ! വിധിയാളനല്ല, സ്‌നേഹത്തോടെ നമ്മെ കാത്തിരിക്കുന്ന പിതാവാണ് അവിടുന്ന്’ 75 വർഷംമുമ്പ്, തന്റെ കുട്ടിക്കാലത്ത് ബ്യൂനസ് ഐരസിൽവെച്ച് ശ്രവിച്ച ഗാനത്തിന്റെ ഈരടികൾ പാപ്പ അനുസ്മരിച്ചു.

കാർളോ ബൂത്തി ആലപിച്ച ഗാനം അക്കാലത്ത് കുടുംബങ്ങൾ ഏറെ സന്തോഷത്തോടെ ആവർത്തിച്ചു ശ്രവിച്ചു. കുട്ടിയായിരുന്ന തന്നെ അന്ന് ആ വരികൾ നയിച്ചത് സുവിശേഷം രേഖപ്പെടുത്തിയിട്ടുള്ള ധൂർത്തപുത്രന്റെ കഥയിലേക്കാണെന്ന് പാപ്പ പറഞ്ഞു. വഴിതെറ്റിപ്പോയശേഷം തിരികെവരുന്ന മകന്റെ കഥയാണത്. പിതാവിന്റെ സ്വത്തെല്ലാം ധൂർത്തടിച്ച് ജീവിച്ച്, എല്ലാം നഷ്ടമാക്കിയിട്ട് തിരികെ വരുന്ന പാപിയായ മകന്റെ കഥ.

അതുപോലെ, തപസിലെ ഈ ദിനങ്ങളിൽ സ്‌നേഹമുള്ള പിതാവ് നമുക്കായി പ്രത്യേകം കാത്തിരിക്കുകയാണെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. പിതൃസ്‌നേഹത്തിന്റെ ആർദ്രമായ കാരുണ്യമാണ് തപസുകാലത്ത് ദൈവം നമുക്കായി വച്ചുനീട്ടുന്നത്. അതിനാൽ, നമ്മുടെ ഹൃദായാന്തരാളത്തിലേക്കു കടന്നുചെല്ലണം.

കുറവുകളെക്കുറിച്ചും പാപാവസ്ഥയെക്കുറിച്ചും ബോധമുണ്ടാകുമെങ്കിലും ദൈവം നമുക്കായി എന്നും കാത്തിരിക്കുന്ന സ്‌നേഹവും കരുണ്യവുമുള്ള പിതാവാകയാൽ തിരികെ അവിടുത്തെ പക്കലേക്ക് പോകാൻ മടിക്കരുതെന്നും പാപ്പ ഓർമിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?