Follow Us On

25

September

2020

Friday

പ്രലോഭനങ്ങൾ ഒഴിവാക്കാൻ മാർഗമുണ്ട്‌- ലെന്റൻ റിഫ്‌ളെക്ഷൻ 32

പ്രലോഭനങ്ങൾ ഒഴിവാക്കാൻ മാർഗമുണ്ട്‌- ലെന്റൻ റിഫ്‌ളെക്ഷൻ 32

വീഴാനുള്ള ഒരു സാധ്യതയെ സൂക്ഷിച്ച് വച്ചിട്ട് ഞാൻ ശ്രദ്ധിച്ചുകൊള്ളാം എന്ന് പറയുന്നത് തോന്നുന്ന സ്ഥലത്ത് കൂടെയുള്ള യാത്രയാണ്. എത്ര ശക്തിനാണെങ്കിലും തെന്നി വീണേക്കാം.

ഫാ. ജോസഫ് ഈന്തംകുഴി സി.എം.ഐ

മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങൾ ഉണ്ടാകാൻ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോഴും അവയെ അതിജീവിക്കാൻ വേണ്ട ശക്തി അവിടുന്ന് നിങ്ങൾക്ക് നൽകും. (1 കോറിന്തോസ് 10:13)

നോമ്പ് കാലം പ്രലോഭനങ്ങളെ കീഴടക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെ കാലഘട്ടമാണ്. തഴക്കമായി മാറിയ തെറ്റിന്റെ സാധ്യതകളെ ഒഴിവാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. എന്നാൽ പ്രാർത്ഥനകൊണ്ട് അവിടം നിറച്ചില്ലെങ്കിൽ പ്രലോഭനങ്ങൾ കൂട്ടമായെത്തി നമ്മെ ആക്രമിച്ചു കീഴ്‌പ്പെടുത്തും. ചിലപ്പോൾ അവസ്ഥ ആദ്യത്തേതിലും മോശമായേക്കാം.

പാപത്തിന് കാരണമാകുന്ന വ്യക്തികൾ, വസ്തുക്കൾ, സ്ഥലങ്ങൾ, സാഹചര്യങ്ങൾ എന്നിവയെ പൂർണമായും ഒഴിവാക്കുക എന്നീ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. വീഴാനുള്ള ഒരു സാധ്യതയെ സൂക്ഷിച്ച് വച്ചിട്ട് ഞാൻ ശ്രദ്ധിച്ചുകൊള്ളാം എന്ന് പറയുന്നത് തോന്നുന്ന സ്ഥലത്ത് കൂടെയുള്ള യാത്രയാണ്. എത്ര ശക്തിനാണെങ്കിലും തെന്നി വീണേക്കാം.

വീഴാൻ കാരണമായേക്കാം എന്ന് നമുക്കറിയാവുന്ന സാധ്യതകളെ സൂക്ഷിച്ച് വയ്ക്കുന്നത് ആത്മീയതയിൽ മുന്നേറാൻ പൂർണമായും നാം ആഗ്രഹിക്കുന്നില്ല എന്നതിനു തെളിവാണ്. നമ്മുടെ പതനത്തിന് കാരണമായേക്കാവുന്ന എല്ലാ കാര്യങ്ങളും മറ്റാരെക്കാളും നന്നായി നമുക്കറിയാം.

ദൈവത്തോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നെങ്കിൽ വളരെ ശ്രദ്ധ ആവശ്യമുണ്ട്. വായിക്കുന്ന പുസ്തകങ്ങൾ, സെർച്ച് ചെയ്യുന്ന ഇന്റർനെറ്റ്, അയക്കുന്ന മെസേജസ്, അംഗമായിരിക്കുന്ന വാട്‌സ്ആപ് ഗ്രൂപ്പ്, പരിചയപ്പെടുന്ന വ്യക്തികൾ, കൊടുക്കുന്ന ഫോൺ നമ്പറിൽ ഒക്കെ ഒരു ചൂണ്ട കൊളുത്ത് പതുങ്ങിയിരിപ്പുണ്ട്.

ചൂണ്ടയിൽ കൊത്തുന്നതുവരെ നാം ഫ്രീയാണ്. കൊത്തിക്കഴിഞ്ഞാൽ നമ്മുടെ വിധി നിർണയിക്കുക ചൂണ്ടയാണ്. നമ്മുടെ സ്വാതന്ത്ര്യവും അഭിമാനവും കളഞ്ഞ് ഏതു കരയിൽ വലിച്ചിടണം എന്നത് ചൂണ്ടക്കാരന്റെ തീരുമാനമാണ്. തെറ്റിപ്പോകാൻ നിമിഷങ്ങൾ മതി. അതിനാൽ നിരന്തരം ജാഗ്രതയുള്ളവരായിരിക്കാം.

പ്രലോഭനങ്ങളെ പെട്ടെന്ന് കീഴ്‌പ്പെടുത്താനുള്ള വ്യഗ്രതയാൽ നാം ഒത്തിരി തീരുമാനങ്ങൾ എടുത്ത് നോമ്പ് ആരംഭിക്കുന്നു. പക്ഷേ, പാതി ദിവസത്തിനുള്ളിൽ പലതും പെരുവഴിയിലാകുന്നു. പാലിക്കുമെന്ന് ഉറപ്പുള്ള, സാധ്യമാകുന്ന ചില തീരുമാനങ്ങൾ എടുക്കുക, അവ നിരന്തരം ചെയ്ത് ആത്മീയ വഴിയിൽ മുന്നേറുക.

ആത്മീയതയിൽ ആഴപ്പെടാൻ നിരന്തരം ആ പ്രവൃത്തികളുമായി മുന്നേറിക്കൊണ്ടിരിക്കണം. ദൈവത്തിൽനിന്ന് ഉത്തരം കിട്ടിയാലും ഇല്ലെങ്കിലും ശ്രമം ഉപേക്ഷിക്കരുത്. നിധി ഒളിഞ്ഞിരിക്കുക ഭൂമിയുടെ അഗാധതയിലാണ്. നിരന്തരം ശ്രദ്ധയോടെ ചെയ്യുന്ന ആത്മീയ പ്രവൃത്തിയുടെ ഫലമായി ആത്മാവിന്റെ ശക്തി നമ്മിൽ രൂപപ്പെടുന്നു. അതിന്റെ ഫലമായി പ്രലോഭനങ്ങളെ നേരിടാൻ തക്ക ശക്തി നമുക്ക് ലഭിക്കുന്നു.

മനസ്സിൽ വരുന്ന പ്രലോഭനങ്ങൾക്ക് ഭക്ഷണം നൽകി അതിനെ പരിപോഷിപ്പിച്ചിട്ടാണ് അത് വീർത്ത് വലുതായി നമ്മെ വിഴുങ്ങുന്നത്. അതിനാൽ തിന്മയുടെ സ്വാധീനങ്ങളെ പട്ടിണിക്കിട്ട് കൊല്ലണം. നോമ്പിന്റെ കാലഘട്ടം ശരീരത്തെ മാത്രമല്ല മനസ്സിനെയും പട്ടിണിക്കിടാനും നിയന്ത്രിക്കാനും ഉപവസിക്കാനുമുള്ള സമയമാണ്.

നാം ഒത്തിരി താമസിച്ചു എന്ന് കരുതണ്ട. ഇതാണ് സ്വീകാര്യമായ സമയം. രക്ഷയുടെ ദിവസം. ഇന്ന് ആരംഭിക്കാം. ഒരു ദനാറയ്ക്കള്ള സാധ്യത ഇനിയും നഷ്ടപ്പെട്ടിട്ടില്ല. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ സങ്കടപ്പെടുകയല്ല അതിനെ അതിജീവിക്കാൻ ശ്രമിക്കണം. 40 നാൾ ഉപവസിച്ചശേഷം പ്രലോഭനങ്ങളുടെ മുമ്പിലേക്ക് ചങ്ക് വിരിച്ച് ചെന്ന ക്രിസ്തുവാണ് നമ്മുടെ മാതൃക.

ആത്മീയ ജീവിതത്തിൽ മുന്നേറാൻ ആരെങ്കിലും ആഗ്രഹിച്ചാൽ പ്രലോഭനങ്ങളെ അതിജീവിച്ചേ മതിയാകൂ.

ഒരു ക്ലാസ്സിൽനിന്നും അടുത്ത ക്ലാസ്സിലേക്ക് പ്രമോട്ട് ചെയ്യുന്ന പരീക്ഷകളാണ് പ്രലോഭനങ്ങൾ. ഇതിൽ ഒന്നിൽ അതി ജീവിച്ച് കീഴടക്കിയാൽ നാം ആത്മീയ ജീവിതത്തിന്റെ അടുത്തപടിയിലേക്ക് കടന്നുകഴിഞ്ഞു.

ഈ ലോകത്തിൽ ജീവിക്കുന്നിടത്തോളം കാലം പ്രലോഭനങ്ങൾ വന്നുകൊണ്ടിരിക്കും. ഭയപ്പെടാതെ ധൈര്യമായി അഭിമുഖീകരിക്കുക, കാരണം ക്രിസ്തുവാണ് നമ്മുടെ കൂടെ, നമ്മുടെ സഹായി. പലതവണ പരാജയപ്പെട്ടാലും പിന്മാറാതെയിരിക്കുക. ഈ നിരന്തര യുദ്ധമാണ് നമ്മുടെ ബലം. അവന്റെ കരുണയുടെ കരം നമ്മുടെ തലയ്ക്ക് മീതെ നിരന്തരം തണലായുണ്ട്.

പ്രാർത്ഥന: സർവാധിപനായ ദൈവമേ ഞങ്ങളെ നീ രക്ഷിച്ചു കൊള്ളണമേ. സകല പ്രലോഭനങ്ങളിൽനിന്നും തിന്മയിൽനിന്നും ദോഷങ്ങളിൽനിന്നും ഞങ്ങളെ അങ്ങിൽനിന്ന് അകറ്റുന്ന സകല പാപത്തിന്റെ ശീലങ്ങളിൽനിന്നും രക്ഷിച്ചു കൊള്ളണമേ, ആമേൻ…

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?