Follow Us On

06

April

2020

Monday

കിണറിനു ദാഹിച്ചപ്പോൾ… – ലെന്റൻ റിഫ്‌ളെക്ഷൻ 33

കിണറിനു ദാഹിച്ചപ്പോൾ… – ലെന്റൻ റിഫ്‌ളെക്ഷൻ 33
ക്രൂശിതന്റെ ദാഹം ഇന്നും തുടരുകയാണ്, ഭൂമിയിലൂടെയും മനുഷ്യരിലൂടെയും. ക്രൂശിതന്റെ ദാഹമൊഴിയെ ധ്യാനിക്കുമ്പോൾ ജലത്തിനുവേണ്ടി മുറിവേറ്റ ഭൂമിയുടെ ഈ കരച്ചിലും നമ്മെ അസ്വസ്ഥരാക്കട്ടെ!
ഫാ.  ബെന്നി നൽക്കര സി.എം.ഐ
“എനിക്കു ദാഹിക്കുന്നു” (യോഹ 19:28)
ക്രൂശിതനായ യേശുവിന്റെ അന്ത്യമൊഴികളിൽ അവിടുത്തെ മാനുഷികഭാവവും വികാരവും  ഏറ്റവും നിറഞ്ഞു നിൽക്കുന്ന മൊഴി. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഈ അന്ത്യമൊഴി യേശു ജീവജലത്തെക്കുറിച്ചു വാചാലമാകുന്ന യോഹന്നാന്റെ സുവിശേഷത്തിന്റെ ചിന്താധാരയോട് ചേർന്നുപോകുന്ന ഒന്നാണ്‌.
“എനിക്കു ദാഹിക്കുന്നു” രണ്ടേ രണ്ടു ചെറിയ വാക്കുകൾകൊണ്ട് അവർണ്ണനീയമായ അർത്ഥതലങ്ങളിലേക്കാണ്  നാം  കൂട്ടികൊണ്ടുപോകപ്പെടുന്നത്. എല്ലാ ദാഹവും ശമിപ്പിക്കുന്ന ജീവജലത്തിന്റെ ഉറവയെന്നു സ്വയം വിശേഷിപ്പിച്ചവൻ തന്നെ ദാഹാർത്തനായിപ്പോകുന്നതിന്റെ പുറകിലെ പൊരുളെന്താണ്?
ഏതൊരു സാധാരണ മനുഷ്യനെയും പോലെ യേശുവിനു വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നുണ്ട്, സുവിശേഷങ്ങളിലുടനീളം. ഇടയ്ക്കൊക്കെ ആ വിശപ്പടക്കാനും ദാഹമകറ്റാനും പരിശ്രമിക്കുന്ന അവിടുത്തെ നാം കണ്ടുമുട്ടുകയും  ചെയ്യുന്നു. ചമ്മട്ടിയടിയേൽക്കുകയും മുൾമുടി ധരിപ്പിക്കപ്പെടുകയും ഭാരമേറിയ കുരിശുമായി പലപ്രാവശ്യം വീഴുകയും ഒടുവിൽ കൈകാലുകൾ കുരിശോടുചേർത്തു അണിയടിക്കപ്പെടുകയും ചെയ്തവനു ദാഹിച്ചു എന്നതിൽ അതിശയോക്തിയില്ല.
“അണ്ണാക്ക് ഓടിന്റെ കഷണം പോലെ വരണ്ടു…” എന്ന സങ്കീർത്തനത്തിന്റെ ആരംഭം ഉരുവിട്ടു നിലവിളിച്ചവൻ എനിക്കു ദാഹിക്കുന്നു എന്നു പറയാതിരുന്നാലല്ലേ അതിൽ അസ്വാഭാവികതയുള്ളൂ. താൻ എല്ലാത്തരത്തിലും മനുഷ്യനാണ് എന്ന് തന്റെ മരണനേരത്തുപോലും യേശു പറയാതെ പറയുമ്പോൾ യോഹന്നാൻ സുവിശേഷകനൊരു ദൈവശാസ്ത്രലക്ഷ്യം കൂടിയുണ്ട്.
യേശുക്രിസ്തുവിന്റെ മനുഷ്യപ്രകൃതിയെ തിരസ്കരിച്ച ജ്ഞാനവാദത്തിന്റെ(Gnosticism) പശ്ചാത്തലത്തിലാണ് ഈ സുവിശേഷം എഴുതപ്പെട്ടത് എന്നതുകൊണ്ടുതന്നെ യേശുക്രിസ്തുവിനെ കരയുകയും ചിരിക്കുകയും വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന മനുഷ്യനായി ചിത്രീകരിക്കാൻ യോഹന്നാൻ ശ്രമിച്ചിട്ടുണ്ട്. അവന്റെ കുരിശിലെ ദാഹത്തെ ഈയൊരു പശ്ചാത്തലത്തിൽ കാണുമ്പോൾ അതു കൂടുതൽ അർത്ഥപൂർണ്ണമാകുന്നു.
യോഹന്നാന്റെ സുവിശേഷത്തിൽ സമരിയക്കാരിയുമായുള്ള തമ്മിലുള്ള സുദീർഘമായ സംഭാഷണങ്ങൾക്കൊടുവിൽ ” ഞാൻ നൽകുന്ന ജലം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല” എന്നും കൂടാരത്തിരുന്നാളിന്റെ മഹാദിനത്തിൽ “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അയാൾ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” എന്നും പറഞ്ഞവൻ ദാഹിച്ചു വലയുന്നത് ഒരുവേള നമ്മളെ സ്തബ്ധരാക്കിയേക്കാം.
“എനിക്കു ദാഹിക്കുന്നു” എന്ന യേശുവിന്റെ വാക്കുകൾ തിരുവെഴുത്തുകളുടെ പൂർത്തീകരണത്തിനാണെന്നു സുവിശേഷകൻ  സാക്ഷ്യപ്പെടുത്തുന്നുണ്ട്.  “ഭക്ഷണമായി അവർ എനിക്കു  വിഷം തന്നു. ദാഹത്തിനു എനിക്കു അവർ വിനാഗിരി തന്നു” എന്ന സങ്കീർത്തനം 69:21 ഭാഗമാണ് ഇവിടെ വിവക്ഷയെന്നു കാണാം. ദുരിതക്കയത്തിലാണ്ടു പോയവൻ വിമോചനത്തിനായി കേഴുന്ന ഈ സങ്കീർത്തനഭാഗം ആരംഭിക്കുന്നത് തന്നെ കഴുത്തോളം വെള്ളത്താൽ ചുറ്റപ്പെട്ടവന്റെ വിലാപത്തോടെയാണ്.
ആഴമുള്ള വെള്ളത്തിൽ താണുപോകുമ്പോഴും തൊണ്ട വരണ്ടുപോകുന്ന ദുരവസ്ഥയിലാണയാൾ. പിതാവ് ഭരമേല്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കിവൻ “എനിക്ക് ദാഹിക്കുന്നു” എന്ന് പറഞ്ഞു കേണത് അതുകൊണ്ടുതന്നെ വെള്ളത്തിനുവേണ്ടി മാത്രം ദാഹിച്ചിട്ടല്ല എന്ന് വ്യക്തം. അന്ധതയും ക്രൂരതയും ഹൃദയകാഠിന്യവും ബാധിച്ചവരാൽ വലയം ചെയ്യപ്പെട്ടവന്റെ നൊമ്പരമാണിത്. ജീവജലത്തിലേക്കു മനുഷ്യരെ നയിക്കാൻ പരിശ്രമിച്ചപ്പോൾ തിരസ്കരണവും നിസ്സംഗതയും തെറ്റിദ്ധാരണയും പ്രതിഫലമായി ലഭിച്ചവൻ തിരുവെഴുത്തുകൾ നിറവേറാൻ വേണ്ടി “എനിക്കു ദാഹിക്കുന്നു” എന്ന് സ്വരമുയർത്തുമ്പോൾ അതിന്റെ പുറകിൽ ഈയൊരു വേദനയുടെ നിഴലുണ്ട്.
യേശുവിന്റെ കുരിശിലെ ദാഹം നമ്മിൽ ഒരുപാടു ചിന്തകളും ചോദ്യങ്ങളുമുയർത്തുന്നു. മരുഭൂമിയിൽ വലഞ്ഞ ഹാഗാറിനും കുഞ്ഞിനും പിന്നീട് ഇസ്രായേലിനും ഏലിയായുടെ കാലത്തു പ്രവാചകർക്കും ദാഹജലം കൊടുത്ത ദൈവം സ്വപുത്രന്റെ ദാഹത്തിനു എന്തിനു ഇടവരുത്തി? സഹനത്തിലൂടെ സമ്പൂർണ്ണമാകുന്ന സ്നേഹത്തിന്റെ ആഴം  വെളിപ്പെടുത്താനും മനുഷ്യവേദനകളോട് താൻ എത്രമാത്രം സ്വപുത്രനിലൂടെ താദാത്മ്യപ്പെടുന്നു എന്ന് വെളിപ്പെടുത്താനും ആയിരുന്നു എന്നു ചിന്തിക്കുന്നതല്ലേ കൂടുതൽ അഭികാമ്യം? താൻ കുടിക്കാനിരിക്കുന്ന പാനപാത്രം പിതാവിനോട് ചോദിച്ചുവാങ്ങുന്നവന്റെ ദാഹമല്ലേയത്?
ക്രൂശിതന്റെ ദാഹം ഇന്നും തുടരുകയാണ്, ഭൂമിയിലൂടെയും മനുഷ്യരിലൂടെയും. ചിന്തയും വിവേകവുമില്ലാത്ത മനുഷ്യപ്രവൃത്തികൊണ്ടു കാടുകൾ തുടച്ചുനീക്കി മഴയെ ഇല്ലാതാക്കിയതും മലിനമാക്കപ്പെട്ട ജലാശയങ്ങളും ഭൂമിയെയെയും മനുഷ്യരെയും ദാഹാർത്തരാക്കുന്നു. നീരുറവകൾ വറ്റിയും നദീതടങ്ങൾ വരണ്ടും ജനസമൂഹങ്ങൾ വെള്ളത്തിനുവേണ്ടി ദാഹിക്കുന്നു. ക്രൂശിതന്റെ ദാഹമൊഴിയെ ധ്യാനിക്കുമ്പോൾ ജലത്തിനുവേണ്ടി മുറിവേറ്റ ഭൂമിയുടെ ഈ കരച്ചിലും നമ്മെ അസ്വസ്ഥരാക്കട്ടെ!
മറുമൊഴി: ക്രൂശിതനായ കർത്താവേ, നിന്നെപ്പോലെ, ഞാൻ കുടിക്കാനുള്ള പാനപാത്രത്തിനുവേണ്ടിയുള്ള ദാഹം എന്നിൽ ജനിപ്പിക്കണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?