Follow Us On

19

April

2024

Friday

ആശ്വാസവും പ്രത്യാശയും പകർന്ന്, ലോകജനതയ്ക്ക് വിശേഷാൽ ‘ഉർബി എത് ഓർബി’

ആശ്വാസവും പ്രത്യാശയും പകർന്ന്, ലോകജനതയ്ക്ക് വിശേഷാൽ ‘ഉർബി എത് ഓർബി’

വീയെക്‌സ്‌

വത്തിക്കാൻ സിറ്റി: രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് സംഹാരദൂതനെപ്പോലെ കടന്നുകയറുന്ന കൊറോണാ വൈറസ് സൃഷ്ടിച്ച ക്‌ളേശങ്ങളാലും ഭയാശങ്കകളാലും വീർപ്പുമുട്ടുന്ന ലോകജനതയ്ക്ക് ആശ്വാസവും പ്രത്യാശയും പകർന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വിശേഷാൽ ശ്ലൈഹീകാശീർവാദം. പതിവിൽനിന്ന് വിപരീതമായി വത്തിക്കാൻ ചത്വരം ശൂന്യമായിരുന്നെങ്കിലും ദശലക്ഷക്കണക്കിന് ജനസഞ്ചയമാണ്, ഫ്രാൻസിസ് പാപ്പ നൽകിയ വിശേഷാൽ ‘ഉർബി എത് ഓർബി’ ആശീർവാദം സ്വീകരിച്ച് ആത്മീയശക്തി സംഭരിച്ചത്.

നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന് ഇന്ന് വ്യത്യസ്ഥമായ മുഖമായിരുന്നു. ലോകജനത ഒന്നടങ്കം അനുഭവിക്കുന്ന ദുഃഖം മുഴുവൻ തളംകെട്ടിനിൽക്കുന്ന വത്തിക്കാൻ ചത്വരം, ഒരുപക്ഷേ, ഇതിനുമുമ്പ് ആരും കണ്ടിട്ടുണ്ടാവില്ല. നിശബ്ദത ശബ്ദിച്ച അന്തരീക്ഷത്തിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പൂമുഖത്ത് ക്രമീകരിച്ച വചനവേദിയിലേക്ക് ഫ്രാൻസിസ് പാപ്പ ആഗതനായി.

പശ്ചാത്തലത്തിൽ റോമിലെ സെന്റ് മർസലോ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്ന അത്ഭുത കുരിശുരൂപവും റോമിലെ മേരി മേജർ ബസിലിക്കയിൽനിന്ന് കൊണ്ടുവന്ന, ‘റോമിന്റെ രക്ഷക’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദൈവമാതാവിന്റെ ചിത്രവും, ഇരുട്ടിനെ ഭേദിച്ച് തെളിഞ്ഞ് കത്തുന്ന ദീപങ്ങളും.

വിശ്വാസീസമൂഹത്തിന്റെ ബാഹുല്യത്താൽ നിറഞ്ഞുകവിയാറുള്ള ചത്വരം ശൂന്യമായിരുന്നെങ്കിലും പാപ്പയെ കേൾക്കാൻ ടെലിവിഷൻ ഉൾപ്പെടെയുള്ള സമ്പർക്കമാധ്യമങ്ങളുടെ മുമ്പിൽ ലോകമെമ്പാടും കാത്തുകാത്തിരുന്ന ജനസഞ്ചയത്തോട് പാപ്പ സംസാരിച്ചു തുടങ്ങി. യുവത്വത്തിന്റെ പ്രസരിപ്പോടെമാത്രം കണ്ടിട്ടുള്ള പാപ്പയുടെ മുഖത്ത്, ലോകജനത അനുഭവിക്കുന്ന ക്ലേശങ്ങളെപ്രതിയുള്ള സങ്കടം വ്യക്തം.

വചനപാരായണത്തോടെയായിരുന്നു തുടക്കം. തുടർന്ന് ധ്യാനചിന്ത. കൊടുങ്കാറ്റിന് നടുവിൽ വള്ളത്തിൽ അകപ്പെട്ട ശിഷ്യന്മാർ ഭയന്നപ്പോൾ, നിങ്ങൾക്ക് വിശ്വാസമില്ലേ എന്ന് ക്രിസ്തുചോദിക്കുന്ന ഭാഗം ഉദ്ധരിച്ചുകൊണ്ട് വിശ്വാസത്തിൽ ധൈര്യപ്പെടണമെന്ന ഓർമപ്പെടുത്തലാണ് പാപ്പ നൽകിയത്.

ധ്യാനചിന്ത പങ്കുവെച്ചശേഷം പാപ്പ, ‘റോമിന്റെ രക്ഷക’യായി ദൈവമാതാവിന്റെ തിരുസ്വരൂപത്തിനുമുന്നിൽ ഒരൽപ്പനേരം പ്രാർത്ഥനാ നിരതനായി. തുടർന്ന്, അത്ഭുത കുരിശു രൂപത്തിനുമുന്നിൽ പ്രാർത്ഥിച്ചു. ശേഷം, പ്രധാനകവാടം മാത്രം തുറന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അകത്തേക്ക്. വാതിലിനോട് ചേർന്നുതന്നെ ക്രമീകരിച്ച അൾത്താരയിൽ എഴുന്നള്ളിച്ചുവെച്ച ദിവ്യകാരുണ്യ നാഥനുമുന്നിൽ ഏതാനും സമയം നിശബ്ദപ്രാർത്ഥനയിൽ മുഴുകി പാപ്പ.

അതേസമയം പശ്ചാത്തലത്തിൽ, യാചനാ പ്രാർത്ഥനകൾ ഉയർന്നു. മഹാമാരികളിൽനിന്നും അനർത്ഥത്തിൽനിന്നും ലോകത്തെ രക്ഷിക്കാൻവേണ്ടി, ക്ലേശങ്ങളിലായിരുന്നവർക്കുവേണ്ടി, ഭരണാധിപന്മാർക്കുവേണ്ടി… യാചനാ പ്രാർത്ഥനയുടെ സമാപനത്തിലായിരുന്നു ലോകജനത ഒന്നടങ്കം കാത്തിരുന്ന ദിവ്യകാരുണ്യ ആശീർവാദം, പൂർണ ദണ്ഡവിമോചനം വാഗ്ദാനം ചെയ്യപ്പെട്ട വിശേഷാൽ ‘ഉർബി എത് ഒർബി’ ആശീർവാദം.

‘ലോകത്തിനും നഗരത്തിനും’ എന്ന അർത്ഥം വരുന്ന ‘ഉർബി എത് ഒർബി’ ആശീർവാദം പുതിയ പാപ്പയെ തിരഞ്ഞെടുക്കപ്പെടുന്ന സമയത്തും ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിലും മാത്രമേ നൽകാറുള്ളു. എന്നാൽ, ‘കോവിഡ് 19’ മഹാമാരി ലോകരാജ്യങ്ങളെ ഒന്നടങ്കം പിടിമുറുക്കിയ സാഹചര്യത്തിൽ വിശേഷാൽ ‘ഉർബി എത് ഒർബി’ ആശീർവാദത്തിന് ഫ്രാൻസിസ് പാപ്പ തയാറാകുകയായിരുന്നു. ശാലോം വേൾഡ്, ശാലോം ടി.വി എന്നിവ ഉൾപ്പെടെയുള്ള നിരവധി ചാനലുകളിും സാമൂഹ്യമാധ്യമങ്ങളിലും തത്‌സമ സംപ്രേഷണം ക്രമീകരിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?