Follow Us On

19

April

2024

Friday

ഭയപ്പെടേണ്ട, ഈ പരീക്ഷണകാലം നമ്മെ വിശ്വാസത്തിലേക്ക് നയിക്കും; വിശ്വാസികളെ സധൈര്യരാക്കി പാപ്പ

ഭയപ്പെടേണ്ട, ഈ പരീക്ഷണകാലം നമ്മെ വിശ്വാസത്തിലേക്ക് നയിക്കും; വിശ്വാസികളെ സധൈര്യരാക്കി പാപ്പ

ക്രിസ്റ്റി എൽസ

വത്തിക്കാൻ സിറ്റി: ഈ പരീക്ഷണ നാളുകൾ നമ്മെ വിശ്വാസത്തിലേക്ക് നയിക്കാനുള്ള വഴിയാണെന്നും ക്രിസ്തുവിശ്വാസിയുടെ രക്ഷ കുരിശിലാണെന്ന കാര്യം വിസ്മരിക്കരുതെന്നും ഫ്രാൻസിസ് പാപ്പ. കൊറോണാ വൈറസിനെതിരെ ആത്മീയ പ്രതിരോധം സൃഷ്ടിക്കാൻ ക്രമീകരിച്ച ‘ഉർബി എത് ഓർബി’ ആശീർവാദത്തിനു മുമ്പ് നൽകിയ ധ്യാനപ്രസംഗത്തിലായിരുന്നു പാപ്പയുടെ ഓർമപ്പെടുത്തൽ.

ഭയപ്പെടേണ്ട, തിന്മയെ നന്മയ്ക്കാക്കി മാറ്റാൻ ദൈവീകശക്തിക്ക് കഴിയുമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. കൊടുങ്കാറ്റിന് നടുവിൽ വള്ളത്തിൽ അകപ്പെട്ട ശിഷ്യന്മാർ ഭയന്നുവിളിച്ച വചനഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പ സന്ദേശം നൽകിയത്. കൊടുങ്കാറ്റിന് നടുവിൽ വള്ളത്തിൽ അകപ്പെട്ട ശിഷ്യന്മാരെപോലെയാണ് നാം. നാമെല്ലാവരും ഒരേ വള്ളത്തിലെ യാത്രക്കാരാണെന്ന വലിയ ചിന്തയാണ് ‘കൊവിഡ് 19’ നൽകുന്നത്.

വള്ളം മറിയാൻ പോയപ്പോൾ, ദൈവമേ നീ ഇത് കാണുന്നില്ലേയെന്ന് ചോദിച്ച് ദൈവത്തെ വിളിച്ചപേക്ഷിച്ച ശിഷ്യഗണത്തിന്റെ പ്രതിനിധികളാണ് നാം. എന്നാൽ, നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്, നിങ്ങൾക്ക് വിശ്വാസമില്ലേ എന്നാണ് ദൈവം അവരോട് ചോദിച്ചത്. അതുതന്നയാണ് അവിടുന്ന് നമ്മോടും ചോദിക്കുന്നത്.

ലോകത്ത് നടമാടുന്ന അനീതിയും പാവപ്പെട്ടവരുടെ കണ്ണീരും അപരന്റെ ബലഹീനതകളുമെല്ലാം മറന്ന്, രോഗം പിടിപെട്ട ഈ ലോകത്ത് നാം മാത്രം ആരോഗ്യവാന്മാരാകണമെന്ന് ആഗ്രഹിച്ചവരാണ് നാം ഓരോരുത്തരും. എന്നാൽ, ദൈവമേ കൊടുങ്കാറ്റിൽ അടിയുലയുന്ന ഈ കടലിൽ ഞങ്ങൾ കരയുകയാണ്, ഞങ്ങളുടെ നിലവിളി കേൾക്കണമേ എന്ന് നമുക്ക് വിളിച്ചപേക്ഷിക്കാം.

ഈ പരീക്ഷണകാലം നമ്മെ വിശ്വാസത്തിലേക്ക് നയിക്കാനുള്ള ഒരു വിളിയാണ്. ദൈവം വിധി നിർണയിക്കുന്ന സമയമല്ല ഇത്‌, മറിച്ച് നമുക്കുതന്നെ വിധി നിർണയിക്കാനുള്ള നിമിഷങ്ങളാണിത്. ജീവിതത്തിന് ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായവ തിരിച്ചറിയാനും അതിൽ തീരുമാനമെടുക്കാനുമുള്ള ഒരു അവസരംകൂടിയാണിത്.

അതോടൊപ്പം തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കൊവിഡ് ബാധിതരെ ശുശ്രൂഷിക്കുന്ന അരോഗ്യവിദഗ്ധർ, വൈദികർ, പൊലീസ് ഉദ്യോഗസ്ഥർ, ഭരണാധികാരികൾ തുടങ്ങിയവരിൽനിന്ന് പാഠം ഉൾക്കൊള്ളാനുള്ള  സമയവുമാണ്. പരിശുദ്ധാത്മാവിന്റെ വലിയ പ്രേരണയാണ് അവർക്ക് ധൈര്യവും ശക്തിയും പ്രധാനം ചെയ്യുന്നതും.

അങ്ങനെ വിധി നിർണയിച്ച്, പാഠം ഉൾക്കൊണ്ട് പാപമോചനം നേടണമെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ നമ്മുടെ വിശ്വാസം ആരംഭിക്കുകയാണ്. നാം ദൈവസന്നിധിയിലേക്ക് തിരിയുകയും നമ്മുടെ ആശങ്കകളെ അവിടുത്തേക്ക് നൽകുകയുമാണെങ്കിൽ അവയൊക്കെ തരണം ചെയ്യാൻ അവിടുന്ന് നമ്മെ പ്രാപ്തനാക്കും. എന്തെന്നാൽ, അതാണ് ദൈവത്തിന്റെ ശക്തി. സംഭവിക്കുന്ന തിന്മകൾക്കിടയിലും ദൈവത്തോട് ചേർന്നുനിന്നാൽ അവയെക്കെ അവിടുന്ന് നന്മയാക്കി മാറ്റും. അവിടത്തോടൊപ്പം നിന്നാൽ ജിവിതം ഒരിക്കലും മരണതുല്യമാവില്ല.

ഒറ്റപ്പെടലുകൾക്ക് നടുവിൽ, ക്രിസ്തു ഉയിർത്തെഴുന്നേറ്റ് നമുക്കരികിൽ ജീവിക്കുന്നുവെന്ന, നമ്മുടെ രക്ഷയ്ക്ക് കാരണമായ ആ വിളംബരത്തിന് കാതോർക്കാം. ഈ കാലഘട്ടത്തിൽ നാം അനുഭവിക്കുന്ന വിഷമങ്ങളോടുകൂടിതന്നെ അവിടുത്തെ കുരിശിനെ ചേർത്തുപിടിക്കാം.അങ്ങനെ ജീവിതത്തിന് പ്രത്യാശ നേടാം. വിശ്വാസത്തിന്റെ ശക്തിയും അതുതന്നെയാണ്. ഭയത്തിൻനിന്ന് നമ്മെ വിമുക്തരാക്കി നമുക്ക് പ്രത്യാശ നൽകുന്ന വലിയ ശക്തിയാണതെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?