Follow Us On

18

April

2024

Thursday

കുറ്റബോധത്തിന്റെ മാറാപ്പ്‌- ലെന്റൻ റിഫ്‌ളെക്ഷൻ 34

കുറ്റബോധത്തിന്റെ മാറാപ്പ്‌- ലെന്റൻ റിഫ്‌ളെക്ഷൻ 34

നമ്മുടെ അതിക്രമങ്ങള്‍ തോളിലേറ്റാന്‍ രക്ഷകന്‍ ഉള്ളപ്പോള്‍ എന്തിന് നാം തലതാഴ്ത്തി നടക്കണം. നിത്യവെളിച്ചമായവന്‍ കുറ്റബോധത്തിന്റെ തടവറയെ ഭേദിച്ച് നിങ്ങളെ പുറത്തുകൊണ്ടുവരും.

ഫാ. റോയ് പാലാട്ടി സി.എം.ഐ

”ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ട് നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാല്‍ മരത്തില്‍ തൂക്കപ്പെട്ടവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു” (ഗലാ. 3:13).

ഏറെ വിഷാദനായിട്ടാണ് ക്ലമന്റ് അന്ന് ധ്യാനത്തില്‍ പങ്കെടുത്തത്. വീണ്ടെടുക്കാനാവാത്ത ഇന്നലെക്കുറിച്ച് ഭാരപ്പെട്ടും വന്നുപോയ പിഴവുകളെ നിരന്തരം പഴിച്ചും സ്വയം പീഡിപ്പിച്ച് കഴിയുകയായിരുന്നു അയാള്‍. ക്രിസ്തു കാണിച്ചുതരുന്ന ഭാവിയിലേക്ക് കണ്ണുകളുയര്‍ത്താനുള്ള സന്ദേശമാണയാള്‍ അന്ന് വചനവേദിയില്‍ കേട്ടത്. അദ്ദേഹം പറഞ്ഞു: ‘ഒരിക്കലും വന്നുപോകാന്‍ പാടില്ലാത്ത ഒരു പിഴവാണ് എന്റെ പതിനാലാമത്തെ വയസില്‍ സംഭവിച്ചത്.

തോക്കുപയോഗിച്ച് കളിക്കുകയായിരുന്നു അന്ന് ഞാനും എന്റെ അനുജനും. ഞാനറിയാതെ എന്റെ തോക്കില്‍നിന്നും വെടിയുണ്ടയുതിര്‍ന്നു, അനുജന്റെ നെഞ്ചിലേക്ക്. മൂന്നു മിനിറ്റു സമയത്തോളം അവന്‍ വേദനകൊണ്ട് പുളഞ്ഞു. ശേഷം മരിച്ചു. ഇന്നും ആ മുഖവും അനുജന്റെ നിലവിളിയും രക്തവും എന്റെ രാത്രികളെയും സഞ്ചാരങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നു. എത്ര കുമ്പസാരിച്ചിട്ടും ഇതിന്റെ നോവില്‍നിന്നും കരകയറാന്‍ ആകാത്തതുപോലെ. അറുപതു വയസുള്ള ക്ലമന്റ് കുറ്റബോധത്തിന്റെ തടവറയിലായിരുന്നു.

ഈ ഭാരം ആര് ഏറ്റെടുക്കും? ക്രിസ്തു നമുക്കായി ശാപത്തിന്റെ കുരിശു പേറിയ കഥ അന്നയാള്‍ ഗാഢമായി ധ്യാനിച്ചു. ഏറെ പ്രതീക്ഷ പകര്‍ന്നു ദൈവത്തിന്റെ വചനം. ഇനി ഇതിന്റെ പേരില്‍ കരയില്ലെന്ന് പറഞ്ഞ് ആ മനുഷ്യന്‍ ഇറങ്ങിപ്പോയി.

കുറ്റബോധം ഒരു തടവറയാണ്. ഒരു പ്രകാശത്തെയും സ്വാഗതം ചെയാത്ത ഇരുട്ടിന്റെ തടവറ. അതില്‍നിന്നും കര കയറാന്‍ ക്രിസ്തുവിന്റെ മഹത്വമേറിയ പ്രകാശം വേണം. ഇന്നലകളിലെ വീഴ്ചകളുടെമേല്‍ ഒന്നും ചെയ്യാനാകാത്തവരാണ് നാം. ആ വീഴ്ചകളെ കുത്തിനോവിച്ച് എത്രകാലം ഭാരപ്പെട്ടു കഴിയും നാം? നമ്മുടെ അതിക്രമങ്ങള്‍ തോളിലേറ്റാന്‍ രക്ഷകന്‍ ഉള്ളപ്പോള്‍ എന്തിന് നാം തലതാഴ്ത്തി നടക്കണം. നിത്യവെളിച്ചമായവന്‍ കുറ്റബോധത്തിന്റെ തടവറയെ ഭേദിച്ച് നിങ്ങളെ പുറത്തുകൊണ്ടുവരും.

നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ത്തുകളയുന്നതാണ് കുറ്റബോധം. നിര്‍ണായക ചുവടുകള്‍ക്കായി ഒരുങ്ങുമ്പോഴെല്ലാം ഗതകാല വീഴ്ചകളും പരാജയങ്ങളും മനസില്‍ തെളിഞ്ഞുവരും. വാക്കു പാലിക്കാത്ത നീയെങ്ങനെ ജീവന്റെ വചനത്തെക്കുറിച്ച് പറയും? വിശുദ്ധി നഷ്ടമാക്കിയ നീയെങ്ങനെ പരിശുദ്ധനായവനായി നിലകൊള്ളും? ഇടറിപ്പോയ നീ എങ്ങനെ ഇടറിയവരെ താങ്ങിനിര്‍ത്തും? ദുഷ്ടന്‍ എന്നുമൊരുക്കുന്നത് കുറ്റബോധത്തിന്റെ വിരുന്നുമേശയാണ്.

ലജ്ജാകരമായ ചെയ്തികളുടെ ഗതകാല സ്മൃതിയില്‍ നിങ്ങള്‍ ഉലയാന്‍ തുടങ്ങും. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തത് ദുഷ്ടന്‍ നിങ്ങളുടെ ഓര്‍മയിലെത്തിക്കും. വീഴ്ചയുടെ മാറാപ്പില്‍ നിങ്ങള്‍ വിഷമിക്കും. കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളന്‍ വരുന്നതെന്ന് ക്രിസ്തു പറഞ്ഞത് ഓര്‍ക്കുക. നിങ്ങളുടെ വീണ്ടെടുപ്പിന്റെ വഴികളെ ദുര്‍ബലമാക്കിയും നശിപ്പിച്ചും അവന്‍ നിങ്ങളെ നിരന്തരം കൊല്ലാന്‍ ഒരുങ്ങുന്നു. ജീവന്‍ നല്‍കാനും അത് സമൃദ്ധമായി നല്‍കാനും വരുന്ന യേശുവിനെ ചേര്‍ത്തുപിടിക്കുക.

കുറ്റബോധത്തിന്റെ ഉറവിടം ദുഷ്ടനാണെങ്കില്‍ ആത്മവിശ്വാസത്തിന്റേത് ക്രിസ്തുവാണ്. ആത്മശക്തി കെടുത്തുന്നതൊന്നും അവന്‍ ചെയ്യില്ല. അതുകൊണ്ടാണ് ക്രിസ്തു നിങ്ങളെ ഒരിക്കലും നാണിപ്പിക്കുകയോ ലജ്ജിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് പറയുന്നത്. പാപം മോചിക്കുക മാത്രമല്ല, പാപം നമ്മില്‍ ചേര്‍ത്തുവച്ച മുറിവുകളെ ഉണക്കാനുംവേണ്ടിയാണ് അനുരഞ്ജനത്തിന്റെ കൂദാശ ക്രിസ്തു സ്ഥാപിച്ചത്.

കുമ്പസാരക്കൂട് ആരെയും നാണിപ്പിക്കുകയോ ലജ്ജിപ്പിക്കുകയോ ചെയ്യുന്നില്ല. കാരണം അത് നഗ്നതയെ വെളിവാക്കുകയല്ല, മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. വിധിയും വിസ്താരവുമില്ലാത്ത ആ ന്യാപീഠത്തില്‍, വിടുതലിന്റെ മൊഴികള്‍ എന്നും നിങ്ങള്‍ക്കു കേള്‍ക്കാം. ശരിയാണ്, കുറ്റം ചെയ്തവന്‍ കഴുമരത്തില്‍ കയറണമെന്നതാണ് നിയമം. അത് കയറിയേ തീരൂ.

നമുക്കുവേണ്ടി ക്രിസ്തു അത് ചെയ്തു. അവന്റെ സ്‌നേഹത്തിന്റെയും കരുതലിന്റെയും അങ്കികൊണ്ട് അവന്‍ നിന്റെ വീഴ്ചകളെ മറച്ചുപിടിക്കുന്നു. അടിമത്തമല്ല, സ്വാതന്ത്ര്യമാണവന്‍ തരുന്നത്. എന്നിട്ടും ക്രിസതു നല്‍കുന്ന ആനന്ദത്തിലേക്ക് തിരിയാതെ, കാലത്തെ പഴിച്ചും വീഴ്ചയെ ശപിച്ചും കാലം തള്ളിനീക്കുന്നത് എന്തിനാണ്? കുറ്റബോധത്തിന്റെ കാരണങ്ങള്‍ രണ്ടാകാം: ഒന്ന്, ക്രിസ്തു നല്‍കുന്ന കരുണയെ ഇനിയും ആഴത്തില്‍ അനുഭവിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ഏറ്റുപറച്ചിലിന്റെ കൂദാശയില്‍ നമ്മെത്തന്നെ പൂര്‍ണമായി നല്‍കാനാവുന്നില്ല. രണ്ട്: അഹന്തയാണ്. ദൈവകരുണയെക്കാള്‍ വലുതാണ് എന്റെ പതനമെന്ന തോന്നല്‍.

മൂന്നുവിധമുള്ള ഏറ്റുപറച്ചിലുകളെ വിശുദ്ധ ബേസില്‍ ധ്യാനമാക്കുന്നുണ്ട്. നരകത്തെ പേടിച്ച് പാപം ഏറ്റുപറയാം. സ്വര്‍ഗത്തെമാത്രം പ്രതീക്ഷിച്ചും ഏറ്റുപറയാം. അപ്പനെ പേടിച്ച് എത്രകാലം നിങ്ങള്‍ നല്ലവരായി ജീവിക്കും? അപ്പന്‍ നല്‍കുന്ന സമ്മാനത്തില്‍ കണ്ണുംവച്ച് മാത്രം നിങ്ങളെങ്ങനെ പരിശുദ്ധരായി ജീവിക്കും? ഇതു രണ്ടുമല്ല, ഏറ്റുപറച്ചിലിന്റെ പ്രേരകവിഷയമാകേണ്ടത്.

ദൈവത്തോടുള്ള അഗാധമായ സ്‌നേഹമാകണം. സ്‌നേഹം പൊറുക്കുന്നു. പരിപൂര്‍ണമായ സ്‌നേഹം സകലതും പൊറുക്കുന്നു (1 കോറി. 13:7). കൂടുതല്‍ സ്‌നേഹിക്കുന്നവരുടെ പാപങ്ങള്‍ അധികമായി ക്ഷമിക്കപ്പെടുന്നു. ഭയംകൊണ്ടാണ് നിങ്ങള്‍ ഏറ്റുപറയുന്നതെങ്കില്‍ ആ വികാരം തീരുമ്പോള്‍ വീണ്ടും കുറ്റബോധത്തില്‍ വീഴും. കൂദാശയുടെ കൃപ നിങ്ങളില്‍ കുടികൊള്ളുമെങ്കിലും അത് ജീവിതത്തിലേക്ക് പകര്‍ത്താനാവില്ല. സ്‌നേഹത്തില്‍ ഭയത്തിന് സ്ഥാനമില്ലല്ലോ (1 യോഹ. 4:18).

സ്‌നേഹം വെറും വികാരം മാത്രമല്ല. അടിസ്ഥാനപരമായി അതൊരു തീരുമാനമാണ്. ജീവനെക്കാളുപരി ക്രിസ്തുവിനൊപ്പം ചരിക്കാമെന്ന നിലപാട്.
കുറ്റബോധത്തിന്റെ കാരണങ്ങളില്‍ മറ്റൊന്ന് അഹന്തതന്നെ. യൂദാസിലേക്ക് നോക്കുക. അവനും അനുതപിക്കുന്നുണ്ട്. അതുകൊണ്ടല്ലേ, വെള്ളിനാണയങ്ങള്‍ മടക്കിക്കൊടുക്കാന്‍ അവന്‍ ഒരുങ്ങുന്നത്. പുരോഹിതര്‍ അതു സ്വീകരിക്കാതെ വന്നപ്പോള്‍, അവനത് ദൈവാലയ പരിസരത്ത് വലിച്ചെറിഞ്ഞു.

അത് ഭണ്ഡാരത്തില്‍പോലും സ്വീകരിക്കപ്പെട്ടില്ല എന്നോര്‍ക്കുക. ക്രിസ്തു വന്നതോടെ പൗരോഹിത്യത്തിന്റെ ദിശ മാറിയിരുന്നു. ക്രിസ്തുവില്‍ നിലകൊള്ളുന്ന നിത്യപൗരോഹിത്യത്തില്‍ ചേരാത്തവര്‍ക്ക് പാപമോചനം അവന്റെ നാമത്തില്‍ കൊടുക്കുക സാധ്യമല്ലല്ലോ. യൂദാസിന്റെ അനുതാപം അന്നത്തെ ദൈവാലയത്തില്‍ വിലപ്പോയില്ല.

പുതിയ ദൈവാലയമായ ക്രിസ്തുവിലും അവന്റെ പൗരോഹിത്യത്തിലേക്കുമായിരുന്നു യൂദാസ് വെള്ളിക്കാശ് വലിച്ചെറിയേണ്ടിയിരുന്നത്. ക്രിസ്തുവിന്റെ കരുണയുടെ കുത്തൊഴുക്കില്‍ നിലംപരിശാകാത്ത തിന്മയുടെ ഗോപുരങ്ങളൊന്നും അവനിലില്ല. പക്ഷേ, അവന്‍ അതിനു തയാറായില്ല. പണം മടക്കിക്കൊടുത്ത് നീതിമാന്റെ രക്തത്തിന്റെ കറ കഴുകിക്കളയാമെന്ന് അവന്‍ വ്യാമോഹിച്ചു.

കുറ്റബോധം മാറ്റാന്‍ മനുഷ്യനിര്‍മിതമായ ടെക്‌നിക്കുകളിലും അഭ്യാസമുറകളിലും അഭിരമിക്കുന്നവരുടെ ആദ്യരൂപങ്ങളിലൊന്നാണ് യൂദാസ്. നിങ്ങളിലുള്ള അധികമായ ആശ്രയം ദൈവപുത്രനിലേക്ക് യാത്ര ചെയ്യാന്‍ നിങ്ങളെ വിലക്കുന്നത് കാണുക. ദൈവകരുണയ്ക്ക് വീണ്ടെടുക്കാനാവാത്ത ഏതു തെറ്റാണ് നിങ്ങളിലുള്ളത്?

ഒരിക്കല്‍ ഏറ്റുപറഞ്ഞിട്ടും മതിവരാതെ പലയാവര്‍ത്തി ഏറ്റുപറയുന്നതും യഥാര്‍ത്ഥ അനുതാപമാകണമെന്നില്ല. നിന്റെ വീഴ്ചയുടെ ആഘാതം നിന്റെ സ്‌നേഹത്തെക്കാള്‍ ശക്തമായതിനാലാണ്. സ്‌നേഹത്തില്‍ കരയാന്‍ ശ്രമിക്കുക. അതല്ലേ അനുതാപം. സ്‌നേഹത്തെ അധികമായി ധ്യാനിച്ച് വീഴ്ചകളുടെ പരിക്കുകളെ അതിജീവിക്കുക. മാനസാന്തരത്തിന് രണ്ടു വഴികളുണ്ട്: മാമോദീസയുടെ ജലവും അനുതാപത്തിന്റെ കണ്ണീരും (വിശുദ്ധ അംബ്രോസ്).

അതിജീവിക്കാന്‍ എത്ര ശ്രമിച്ചിട്ടും വീഴുന്നുണ്ട്, നാം. നിരാശ വേണ്ട, കുറ്റബോധവും വേണ്ട. ക്രിസ്തുവിലേക്ക് നോക്കി വിശുദ്ധിയുടെ തിരിനാളങ്ങളെ ഊതിക്കത്തിക്കുക. ഡമാസ്‌കസിലെ വിശുദ്ധ പത്രോസ് പറയുന്നത് എത്രയോ സത്യം: ‘എന്തായിത്തീരണമോ അതായിത്തീരാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലും നിരാശപ്പെടരുത്. നിങ്ങള്‍ക്കുവേണ്ടി ഒരു മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിന് നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാന്‍ കഴിയില്ലെന്ന് കരുതുന്നത് അബദ്ധമല്ലേ?

പ്രാര്‍ത്ഥന: എനിക്കുവേണ്ടി ശാപകരമായ കുരിശുമരത്തില്‍ കയറേണ്ടി വന്നവനെ, എന്റെ ജീവിതവഴിയിൽ എനിക്ക് കരുത്ത്‌ പകരണമേ.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?