പോളണ്ട്: കൊറോണ പടരുന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങളുടെ ആത്മീയസംരക്ഷണം ഉറപ്പാക്കാൻ ദൈവകരുണയുടെ അത്ഭുത ചിത്രം വീടിന്റെ പ്രധാന വാതിലിൽ പതിക്കാൻ വിശ്വാസികൾക്ക് നിർദേശം നൽകി മരിയൻ സഭാംഗമായ (കോൺഗ്രിഗേഷൻ ഓഫ് ദ മരിയൻ ഫാദേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് ഹേർട്ട്) ഫാ. ക്രിസ് അലാർ. കൊറോണ കാലത്ത് ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്.
കരുണയുടെ രൂപംകൊണ്ട് വാതിലുകൾ മുദ്രണം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വൈദികന്റെ വീഡിയോ അനേകരാണ് ഇതിനകം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തത്. പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീന ക്വവാൽസ്കിക്കുണ്ടായ വെളിപാടിൽനിന്നാണ് ലോകത്താകമാനം കരുണയുടെ ഈശോയോടുള്ള ഭക്തി ആരംഭിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെട്ട ക്രിസ്തു, ദൈവീകകരുണയുടെ ചിത്രം വെളിപ്പെടുത്തിക്കൊടുക്കുകയായിരുന്നു.
‘കരുണയുടെ ചിത്രത്തെ ആദരിക്കുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോകില്ല,’ എന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് നൽകിയ വാഗ്ദാനം ഓർമിപ്പിച്ചാണ്, ദൈവീക കരുണയുടെ ചിത്രം വാതിലിൽ പതിപ്പിക്കാൻ ഫാ. അലാർ ഉദ്ബോധിപ്പിച്ചത്. ‘കാരുണ്യവാനായ ഈശോയുടെ ചിത്രം സ്ഥാപിച്ച ഭവനങ്ങളും നഗരങ്ങളും ഞാൻ സംരക്ഷിക്കും. ഈ ചിത്രത്തെ ബഹുമാനിക്കുന്ന വ്യക്തികളെ ഞാൻ സംരക്ഷിക്കും. എന്റെ കരുണയിൽ ആശ്രയിക്കുക എന്നതു മാത്രമാണ് ഏകമാർഗം,’ വിശുദ്ധ ഫൗസ്റ്റീനയ്ക്കു ഈശോ നൽകിയ നിർദേശം ഫാ. അലാർ വിശ്വാസികളെ വീണ്ടും ഓർമിപ്പിച്ചു.
1931 ഫെബ്രുവരി 22നാണ് വിശുദ്ധയ്ക്ക് ഈശോയുടെ ദർശനം ഉണ്ടായത്. അവൾ ഈശോയെ ദർശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലർന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ ഒരു ചിത്രം തയാറാക്കാൻ വിശുദ്ധയോട് ഈശോ ആവശ്യപ്പെടുകയായിരുന്നു. ക്രൂശിതനായ ക്രിസ്തുവിന്റെ ഹൃദയത്തിൽനിന്ന് ഒഴുകിയ രക്തത്തെയും ജലത്തെയുമാണ് ഈ രശ്മികൾ പ്രതിനിധീകരിക്കുന്നത്. 1934 ജൂണിൽ ദിവ്യകാരുണ്യത്തിന്റെ ഈ ചിത്രം പൂർത്തിയാക്കി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലും റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിലുമൊന്നും നശിച്ചുപോകാതെ അത് ഇപ്പോഴും ലിഥുനിയയിലെ ആരാധനാലയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *