Follow Us On

29

March

2024

Friday

ഇംഗ്ലണ്ട് വാത്‌സിംഗാമിലേക്ക് തിരിഞ്ഞു! പാപ്പയുടെ വാക്കുകളിൽ പ്രത്യാശവെച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് വാത്‌സിംഗാമിലേക്ക് തിരിഞ്ഞു! പാപ്പയുടെ വാക്കുകളിൽ പ്രത്യാശവെച്ച് ഇംഗ്ലണ്ട്

യു.കെ: ആറര നൂറ്റാണ്ടിനുശേഷം ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച വിശ്വാസീസമൂഹം, പതിറ്റാണ്ടുകൾക്കുമുമ്പ് ലിയോ 13-ാമൻ പാപ്പയിലൂടെ ലഭിച്ച ഒരു ദൈവീക വാഗ്ദാനം നിറവേറാൻ പ്രാർത്ഥിക്കുകയാണിപ്പോൾ. ‘ഇംഗ്ലണ്ട് വാത്‌സിംഗാമിലേക്ക് തിരിയുമ്പോൾ പരിശുദ്ധ ദൈവമാതാവ് ഇംഗ്ലണ്ടിലേക്ക് തിരിയും,’ എന്ന ലിയോ13-ാമന്റെ വാക്കുകൾ, കൊറോണാ ഭീതിയിൽ കഴിയുന്ന ജനസമൂഹത്തിന് നൽകുന്ന ആത്മീയധൈര്യം ചെറുതല്ല.

റിച്ചാർഡ് രണ്ടാമൻ രാജാവ് 1381ൽ ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയ്ക്ക് ‘സ്ത്രീധന’മായി (ഡൗറി ഓഫ് മേരി) പ്രഖ്യാപിച്ചതിന്റെ അനുസ്മരണാർത്ഥം മാർച്ച് 29 ക്രമീകരിച്ച പുനഃസമർപ്പണം, കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും അവിസ്മരണീയമായി മാറി. ഏതാണ്ട് അഞ്ച് ലക്ഷത്തിൽപ്പരം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം വിശേഷാൽ പ്രാർത്ഥനകളോടെ പുനഃസമർപ്പണത്തിൽ പങ്കുചേർന്നത്.

വാത്‌സിംഗ്ഹാം തീർത്ഥാടനകേന്ദ്രത്തിലെ പുനസമർപ്പണം രണ്ട് വെബ്‌സൈറ്റുകളിലൂടെ തത്‌സമയം ലഭ്യമാക്കിയെങ്കിലും നിരവധിപേർ ലോഗിൻ ചെയ്തതിനാൽ വെബ് സൈറ്റുകൾ പ്രവർത്തന രഹിതമായി. ഒടുവിൽ യു ടൂബിലൂടെ തത്‌സമയം കാണാൻ നിർദേശിക്കുകയായിരുന്നു. പുനസമർപ്പണത്തിന് മുന്നോടിയായി തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ അർമിറ്റാഗാണ്, ലിയോ 13-ാമൻ ഇംഗ്ലണ്ടിലെ ബിഷപ്പുമാർക്ക് നൽകിയ സന്ദേശം വിശ്വാസികളെ ഓർമിപ്പിച്ചത്.

‘മൂന്ന് വർഷംമുമ്പ് നമ്മുടെ രാജ്യത്തെ ദൈവമാതാവിന് പുനഃസമർപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഇന്ന് അതിന് ഇത്രയധികം പ്രാധാന്യമുണ്ടാവുമെന്ന് ഒരു പക്ഷേ, നമ്മുടെ സഭാധികാരികൾ കരുതിയിട്ടുണ്ടാവില്ല. ഈ അവസരത്തിൽ ലിയോ 13-ാമൻ പാപ്പ ബിഷപ്പുമാർക്ക് നൽകിയ ഒരു സന്ദേശമാണ് ഓർമവരുന്നത്. ഇംഗ്ലണ്ട് വാൽസിംഗാമിലേക്ക് തിരിയുമ്പോൾ പരിശുദ്ധ ദൈവമാതാവ് ഇംഗ്ലണ്ടിലേക്ക് തിരിയും. നമുക്ക് ഏറ്റവും ആവശ്യമുള്ള ഈ സമയത്ത് പരിശുദ്ധ അമ്മ ഇംഗ്ലണ്ടിലേക്ക് തിരിയുമെന്നത് ഉറപ്പാണ്.’

പുനസമർപ്പണ ദിനത്തിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പുമായ കർദിനാൾ വിൻസെന്റ് നിക്കോൾസ് ട്വിറ്ററിലൂടെ പ്രത്യേക സന്ദേശം പങ്കുവെച്ചിരുന്നു. ‘ഈ സമർപ്പണത്തിലൂടെ നമ്മെതന്നെ പരിശുദ്ധ അമ്മയ്ക്ക് സമ്മാനമായി നൽകുകയാണ്. നമ്മുടെമേലും നമ്മുടെ രാജ്യത്തിന്റെമേലും സംരക്ഷണം നൽകണമേയെന്ന് നമുക്ക് പരിശുദ്ധ അമ്മയോട് യാചിക്കാം.’ പുനസമർപ്പണ പ്രാർത്ഥന ചൊല്ലുന്ന ഒരു വീഡിയോ സന്ദേശവും അദ്ദേഹം പോസ്റ്റ് ചെയ്തു.

ആധുനിക വെല്ലുവിളികൾ നേരിടുന്ന ഇംഗ്ലണ്ടിലെ സഭയ്ക്ക് ഉണർവും ചൈതന്യവും ലഭിക്കണമെന്ന നിയോഗവുമായാണ് 2018ൽ ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭ പുനഃസമർപ്പണത്തിനുള്ള പ്രഖ്യാപനം നടത്തിയത്. എന്നാൽ, പുതിയ സാഹചര്യങ്ങൾമൂലം ലോകജനത ഒന്നടങ്കം, വിശിഷ്യാ ഇംഗ്ലണ്ടിലെ ജനങ്ങൾ കൊറോണാ വൈറസിൽനിന്ന് സംരക്ഷിതരാകാനുള്ള പ്രാർത്ഥനകളാണ് പ്രധാനമായും ഉയർന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?