Follow Us On

25

June

2021

Friday

ഓശാനത്തിരുനാൾ നമ്മോട് പറയുന്നത്‌?

ഓശാനത്തിരുനാൾ നമ്മോട് പറയുന്നത്‌?

ഓശാനയുടെ ആന്തരികാർത്ഥം മനസിലാക്കാൻ മത്തായിയുടെ സുവിശേഷം അടിസ്ഥാനമാക്കി ബിഷപ്പ് മാർ റാഫേൽ തട്ടിൽ നൽകുന്ന ധ്യാനചിന്ത.

ബിഷപ് മാർ റാഫേൽ തട്ടിൽ

വലിയ ആഴ്ചയുടെ കവാടം തുറക്കലാണ് ഓശാന. ഈശോയുടെ പീഡാനുഭവവാരം ആരംഭിക്കുന്നത് ഓശാനപ്പെരുന്നാളോടുകൂടിയാണ്. ഓശാനയുടെ ആന്തരികാർത്ഥം മനസിലാക്കാൻ മത്തായിയുടെ സുവിശേഷം 21:1-10 ശ്രദ്ധാപൂർവം പഠനവിഷയമാക്കണം. ഈ സുവിശേഷഭാഗത്തെ അഞ്ച് ഭാഗങ്ങളാക്കി തിരിക്കാം.

ഒന്ന്, ഓശാന തിരുനാളിന്റെ ഒരുക്കം. രണ്ട്, ഓശാന തിരുനാളിലെ ജനകീയ പങ്കാളിത്തം. മൂന്ന്, ഓശാന തിരുനാളിന്റെ ആത്മീയമായ അരൂപി. നാല്, ഓശാന പെരുന്നാളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യത്തിന്റെ അർത്ഥവും സാംഗത്യവും. അഞ്ച്, ഓശാന പെരുന്നാളും ദൈവാലയ വിശുദ്ധീകരണവും തമ്മിലുള്ള അർത്ഥം.

ഓശാന തിരുനാളിന്റെ ഒരുക്കം ആരംഭിക്കുന്നത് ഈശോ ബെത്ഫാഗയിലെത്തുമ്പോൾ ശിഷ്യന്മാരോട് പറഞ്ഞു; നിങ്ങൾ മുന്നോട്ടുള്ള ഗ്രാമത്തിലേക്ക് പോവുക. അവിടെ ഒരു വീടിന്റെ മുറ്റത്ത് ഒരു കഴുതയെയും കഴുതക്കുട്ടിയെയും കെട്ടിയിരിക്കുന്നത് നിങ്ങൾ കാണും. ഇതുവരെ ആരും കയറിയിട്ടില്ലാത്ത കഴുതയും കഴുതക്കുട്ടിയും. നിങ്ങളതിനെ അഴിച്ചുകൊണ്ടുവരിക. ആരെങ്കിലും നിങ്ങളോട് അഭിപ്രായവ്യത്യാസം പറഞ്ഞാൽ മറുപടിയായി നിങ്ങൾ ഇപ്രകാരം പറയണം; കർത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട്.

വിശുദ്ധ ഫ്രാൻസിസ് അസീസി സ്വന്തമായി പണി ചെയ്ത ഫ്രാൻസിസ്‌ക്കൻ ആശ്രമമാണ് ഇറ്റലിയിലെ ഫ്‌ളോറൻസ് നഗരത്തിനടുത്തുള്ള ഫീസുള. ഈ പള്ളിയുടെ അൾത്താര ചുവരിൽ അസീസിയുടെ ആഗ്രഹപ്രകാരം വരച്ചൊരു ചിത്രമുണ്ട്. ഓശാന തിരുനാളിന് ഈശോയെ വഹിക്കുന്ന കഴുതയുടെ മുഖം അസീസിയുടെ മുഖമാണ്. കുട്ടിക്കഴുതയുടെ മുഖം അസീസിയിലെ ക്ലാരയുടേതാണ്.

ഈ ചിത്രത്തെക്കുറിച്ചുള്ള പിന്നാമ്പുറകഥയുണ്ട്. ഈ ചിത്രം വരക്കുമ്പോൾ വിശുദ്ധ ഫ്രാൻസിസ് തറയിലിരുന്ന് വിശുദ്ധ മത്തായി 21:1-11 വരെയുള്ള ഓശാന തിരുനാളിന്റെ വിവരണം ചിത്രകാരന് വായിച്ചുകൊടുക്കുമായിരുന്നു. താൻ കർത്താവാൽ അഴിക്കപ്പെട്ട കഴുതയാണ്. തന്റെ സന്യാസ സമൂഹത്തിന്റെ ദൗത്യം കർത്താവിനെ ജറുസലേമിലേക്ക് വഹിക്കുന്നതാണ്. അക്കാലത്ത് മറ്റു സന്യാസ സമൂഹങ്ങളിൽ അംഗമായി ചേർന്നുകൂടെയെന്ന് അസീസിയോട് ചോദിച്ചവരുണ്ടായിരുന്നു. അതിന് അസീസിയുടെ മറുപടി ഇങ്ങനെയായിരുന്നു: എന്നെ വിളിച്ച ജറുസലേമിലേക്കല്ല, അവരെ വിളിച്ചിരിക്കുന്നത്.

നമ്മുടെ വ്യക്തിപരമായ ജീവിതങ്ങൾ കർത്താവിനെ ജറുസലേമിലേക്ക് വഹിക്കാനുള്ള സംവിധാനമാണ്. ജീവിതത്തിന്റെ സർവ സാധ്യതകളും കർത്താവിനെ ജറുസലേമിലേക്ക് കൊണ്ടുപോകാനുള്ള ഉപാധിയായി കാണണം. സമ്പത്ത്, സ്വാധീനം, അറിവ്, ജോലി, എന്തുമാകട്ടെ കർത്താവിനുവേണ്ടി അഴിക്കപ്പെട്ട കഴുതകളാകാൻ നമുക്ക് കഴിയണം.
സുവിശേഷവൽക്കരണമെന്ന് പറയുന്നത് ഓരോരുത്തരും അവരുടെ സാധ്യതകൾക്കുള്ളിൽ കർത്താവിനെ സമൂഹമധ്യത്തിൽ അവതരിപ്പിക്കുന്നതാണ്.

ഓരോ വിശുദ്ധരുടെയും വിളികൾ വ്യത്യസ്തമായിരിക്കുന്നതുപോലെ നമ്മുടെ വിളികളും വ്യത്യസ്തങ്ങളാണ്. ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെ വിളിക്കകത്തുള്ള വിളി കണ്ടെടുക്കാൻ നമുക്ക് കഴിയണം. പാട്ടുകാരനോ ചിത്രകാരനോ സുവിശേഷപ്രസംഗകനോ കോളജ് അധ്യാപകനോ ഡോക്ടറോ എഞ്ചിനിയറോ ആരായാലും നമ്മുടെ സാഹചര്യത്തിൽ കർത്താവിനെ സംവഹിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.

കഴുതയുടെ ഉടമസ്ഥൻ കഴുതയെ വിട്ടുകൊടുത്തു. ജനം മുഴുവൻ കഴുതപ്പുറത്തുള്ള യാത്രയിൽ പങ്കാളികളായി. സ്ത്രീകൾ വസ്ത്രങ്ങൾ വഴിയിൽ വിരിക്കുന്നു. യുവാക്കൾ മരത്തിൽ കയറി ചില്ലകൾ വെട്ടി നിലത്ത് വിരിക്കുന്നു. കുഞ്ഞുങ്ങൾ ആർത്തുവിളിക്കുന്നു. എല്ലാവരുടെയും പങ്കാളിത്തത്തോടുകൂടിയിട്ടാണ് ഓശാനപ്രദക്ഷിണം നിർവഹിക്കപ്പെടുന്നത്. ഇതൊരു പ്രതീകമാണ്.

സുവിശേഷവൽക്കരണം എല്ലാവരുടെയും പങ്കാളിത്തത്തോടെ നടത്തപ്പെടേണ്ട കാര്യമാണ്. അല്മായരുടെ ദൗത്യം അവർ തിരിച്ചറിയണം. മാതാപിതാക്കൾ കുടുംബത്തിലുള്ള അവരുടെ ദൗത്യം തിരിച്ചറിയണം. യുവജനങ്ങൾ സമൂഹത്തിലുള്ള ദൗത്യം തിരിച്ചറിയണം. കുഞ്ഞുങ്ങൾക്ക് കുഞ്ഞുങ്ങളുടേതായ ദൗത്യമുണ്ട്. ആർത്തുവിളിച്ച് മുദ്രാവാക്യം വിളിക്കാൻ. പക്ഷേ പലപ്പോഴും സഭയുടെ പങ്കാളിത്ത ദൗത്യം നിർവഹിക്കപ്പെടുന്നില്ല.

ഓശാന പെരുന്നാൾ പങ്കാളിത്ത സഭയെക്കുറിച്ച് നമ്മെ ഓർമപ്പെടുത്തുന്നു. കർത്താവിന്റെ ജറുസലെം പ്രവേശനം സാധ്യമാകേണ്ടത് എല്ലാവരും ഒന്നിച്ച് പരിശ്രമിച്ചശേഷമാണ്. പള്ളിക്കകത്ത് പ്രാർത്ഥിക്കുന്നത് മാത്രമാണ് എന്റെ ദൗത്യമെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. സ്‌തോത്രക്കാഴ്ച ഇട്ടു, കുരിശിന്റെ വഴിക്ക് തിരി പിടിച്ചു, പ്രദക്ഷിണത്തിന് മേലാപ്പ് പിടിച്ചു, പെരുന്നാളുകൾക്ക് പ്രസുദേന്തിയായി. പക്ഷേ ജീവിതദൗത്യംകൊണ്ട് ഓശാനപ്രദക്ഷിണത്തിന് കൂട്ടുപങ്കാളികളാകാൻ കഴിയണം. സഭ പടുത്തുയർത്തപ്പെടേണ്ടത് ഈ പങ്കാളിത്താത്മകമായ ചൈതന്യത്തിലാണ്.

സഭയുടെ ഏറ്റവും വലിയ ദൈവശാസ്ത്രം മൗതിക ശരീരത്തിന്റെ ദൈവശാസ്ത്രമാണ്. എല്ലാവരും കൂടെ ഒന്നിച്ചാണ് സഭ പടുത്തുയർത്തുന്നത്. ഈ കാഴ്ചപ്പാട് ഓശാന പ്രദക്ഷിണത്തിലും പാലിക്കാൻ നമുക്ക് കഴിയണം. ദാവീദിന്റെ പുത്രനായ കർത്താവ് വിനയാന്വിതനായി കഴുതപ്പുറത്ത് വരുന്നു. സഭയുടെ എല്ലാ ദൗത്യവും വിനയത്തിന്റെ ശുശ്രൂഷയാണ്. സഭയുടെ എല്ലാ ശുശ്രൂഷകളും കാലുകഴുകലിന്റെ ശുശ്രൂഷയാണ്.

ഈ കാലഘട്ടത്തിന്റെ പ്രൗഢിയും പത്രാസുമൊക്കെ സഭ സ്വന്തമാക്കുന്നത് അപകടമാണ്. പള്ളി പണിയലിലാകാം, വിവാഹാഘോഷങ്ങളിലാകാം, തിരുപ്പട്ട ശുശ്രൂഷകളിലാകാം, മെത്രാഭിഷേകത്തിലാകാം, ആർഭാടങ്ങളും ആഘോഷങ്ങളും സഭയുടെ അന്തഃസത്ത ചോർത്തിക്കളയുന്നു. നമ്മുടെ ആഘോഷങ്ങൾ പണത്തിന്റെയും സ്വാധീനത്തിന്റെയുമൊക്കെ ആധിപത്യമായി മാറാറില്ലേ. പ്രദക്ഷിണങ്ങൾ വഴിമുടക്കികളാകാറില്ലേ? നമുക്ക് കുറെക്കൂടി വിനയത്തിന്റെയും എളിമയുടെയും ശൈലി സ്വീകരിക്കാൻ കഴിയണം.

കാലു കഴുകിയവനാണ് നമ്മുടെ ഗുരു. കാലു കഴുകിയശേഷം ഈശോ അത്താഴമേശയുടെ നടുവിൽ വന്നിരുന്നിട്ട് പറഞ്ഞു: നിങ്ങളുടെ നാഥനും രക്ഷകനുമായ ഞാൻ കാലു കഴുകിയെങ്കിൽ നിങ്ങളും പരസ്പരം കാലുകൾ കഴുകണം. ഓശാന പ്രദക്ഷിണത്തിനുമുമ്പ് കർത്താവിന്റെ ഇടതും വലതുമിരിക്കാനുള്ള തർക്കമാണ് സെബദിപുത്രന്മാരുടെ ഇടയിൽ നടക്കുന്നത്. വിനയാന്വിതനായി വന്ന കർത്താവ് അവരോട് പറഞ്ഞ മറുപടി നാം സുവിശേഷത്തിൽ വായിക്കുന്നു. നിങ്ങളിൽ മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരുമാകും. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി ജീവൻ കൊടുക്കുവാനുമാണ്.

സഭയുടെ എല്ലാ ആഘോഷങ്ങളിലും ആധികാരികത ഉണ്ടാകണമെങ്കിൽ വിനയത്തിന്റെ ഭാവമുണ്ടാകണം. ദാവീദിന്റെ പുത്രനിലൂടെയാണ് മനുഷ്യവംശം രക്ഷിക്കപ്പെടുന്നത്. ഒരുപക്ഷേ ഈ രക്ഷയുടെ ദൗത്യത്തിന്റെ പരമപ്രാധാന്യം നമുക്ക് പ്രഖ്യാപിക്കാൻ കഴിയണം. ദാവീദിന്റെ പുത്രന് ഓശാന. അവൻ നീണാൾ വാഴട്ടെ. നമ്മുടെ എല്ലാ ശുശ്രൂഷകളും ഈ രക്ഷയുടെ മുദ്രാവാക്യത്തിന്റെ പ്രതിധ്വനി ആയിരിക്കണം.

നമ്മൾ നടത്തുന്ന പള്ളിക്കൂടങ്ങളോ ആശുപത്രികളോ തുടങ്ങി എല്ലാ ശുശ്രൂഷകളിലും രക്ഷയുടെ അഥവാ വിമോചനത്തിന്റെ കാഹളമുണ്ടാകണം. നമ്മുടെ ശുശ്രൂഷകളിലുള്ള അസ്വീകാര്യത എന്താണ്? രക്ഷയുടെ ദൗത്യം അതിന്റെ ആധികാരികതയിൽ പ്രഘോഷിക്കാനും പങ്കുവയ്ക്കാനും കഴിയാതെ പോകുന്നതാണ്. സഭയുടെ സാന്നിധ്യം ഒരു മോചനത്തിന്റെ സാന്നിധ്യമാകണം. രക്ഷയുടെ സാന്നിധ്യമാകണം. ദാവീദിന്റെ പുത്രൻ വരുന്നത് രക്ഷയ്ക്കുവേണ്ടിയിട്ടാണ്.

സഭയുടെ എല്ലാ ശുശ്രൂഷകളും മോചനത്തിന്റെയും രക്ഷയുടേതുമായി മാറുന്ന അവസ്ഥാവിശേഷമുണ്ടാകണം. നമ്മൾ നിർവഹിക്കുന്ന ശുശ്രൂഷകളിലൂടെ മോചനവും രക്ഷയും നൽകപ്പെടുന്നില്ല എന്നതാണ് നമ്മെക്കുറിച്ചുള്ള വിമർശനം. അവൻ മരിച്ചു കഴിഞ്ഞപ്പോൾ ശതാധിപൻ വിളിച്ചു പറഞ്ഞു; ഇവൻ ദൈവപുത്രനാണ്. നല്ല കള്ളൻ വിളിച്ചു ചോദിച്ചു: നീ പറുദീസായിലായിരിക്കുമ്പോൾ എന്നെക്കൂടെ ഓർക്കണേ. കർത്താവ് മരിക്കുന്നതിനുമുമ്പ് ശത്രുക്കൾക്ക് പാപമോചനം കൊടുത്തു.

ഇന്ന് മാർഗത്തിൽനിന്നും ലക്ഷ്യത്തിലേക്ക് പോകാതെ മാർഗം തന്നെ ലക്ഷ്യമായിത്തീരുന്ന അവസ്ഥാവിശേഷം നമുക്കുണ്ട്. ഈ തെറ്റ് തിരുത്താൻ കഴിയണം. ഓശാനപ്രദക്ഷിണം അവസാനിക്കുന്നത് ദൈവാലയശുദ്ധീകരണത്തോടുകൂടിയാണ്. ഇതിൽ വലിയ ആഴ്ചയുടെ മുഴുവൻ അന്തഃസത്തയും അടങ്ങിയിരിക്കുന്നു. നോമ്പുകാലത്തിലെ തപസും പ്രാർത്ഥനയും പ്രായശ്ചിത്തവുമെല്ലാംതന്നെ നമ്മുടെ വിശുദ്ധീകരണത്തിലേക്കാണ് നയിക്കേണ്ടത്.

നമ്മുടെ ജീവിതങ്ങളാകുന്ന, കുടുംബങ്ങളാകുന്ന ദൈവാലയങ്ങൾ വിശുദ്ധീകരിക്കപ്പെടേണ്ടിയിരിക്കുന്നു. വ്യക്തിജീവിതങ്ങളിലൊക്കെ ധാരാളം അഴുക്കുകൾ കടന്നുകൂടിയിട്ടുണ്ട്. അവിടെയൊക്കെ വിശുദ്ധീകരണം വരണം. അതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കണം. അവൻ നാണയമാറ്റക്കാരുടെ തട്ടുകൾ മറിച്ചിട്ടു, മൃഗങ്ങളെ ആട്ടിയോടിച്ചു. പ്രാവുകളെ എടുത്തുകൊണ്ടുപോകാൻ പറഞ്ഞു.

യേശു പറഞ്ഞു: നിങ്ങൾ ഈ ദൈവാലയം പൊളിച്ചുമാറ്റുക, മൂന്നു ദിവസത്തിനകം ഞാനിത് പുതുക്കി പണിയും. ദൈവാലയം ശുദ്ധീകരിച്ചത് ഒരുപക്ഷേ ഒരു പ്രതീകമാണ്. വലിയ നോമ്പും വലിയ ആഴ്ചയും ജീവിതങ്ങളെ ശുദ്ധീകരിക്കാനുള്ള സമയമാണ്. നോമ്പുവീടൽ വീണ്ടും നമ്മുടെ മാർഗങ്ങളിലേക്ക് പൂർവാധികം ശക്തിയോടെ മടങ്ങാനുള്ളതല്ല. സാമ്പത്തിക അച്ചടക്കം പാലിച്ചിരുന്നവൻ സാമ്പത്തിക അതിക്രമത്തിലേക്ക് കടക്കരുത്. ഓശാനയുടെ മുദ്രാവാക്യം വിമോചനത്തിന്റെ മുദ്രാവാക്യമാണ്. അതിന് ഈ കാലഘട്ടം നമ്മെ സഹായിക്കട്ടെ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?