Follow Us On

28

March

2024

Thursday

ക്രിസ്തു ക്വാറന്റൈനിലല്ല, സുവിശേഷം ചങ്ങലയിലുമല്ല: ആർച്ച്ബിഷപ്പ് ഗോമസ്

ക്രിസ്തു ക്വാറന്റൈനിലല്ല, സുവിശേഷം ചങ്ങലയിലുമല്ല: ആർച്ച്ബിഷപ്പ് ഗോമസ്

വാഷിംഗ്ടൺ ഡി.സി: നാമെല്ലാം ക്വാറന്റൈനിലാണെങ്കിലും ക്രിസ്തുനാഥൻ ക്വാറന്റൈനിൽ അല്ലെന്നും ക്രിസ്തുവിന്റെ സുവിശേഷം ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിട്ടില്ലെന്നും വിശ്വാസീസമൂഹത്തെ ഓർമിപ്പിച്ച് അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ഹൊസെ ഗോമസ്. നമ്മുടെ ഹൃദയമാകുന്ന ദൈവാലയത്തിൽ അവിടുത്തെ ആരാധിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധവാരത്തിന് മുന്നോടിയായി നൽകിയ പ്രത്യേക സന്ദേശത്തിലൂടെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ലോസ് ആഞ്ചലസ് അതിരൂപതാധ്യക്ഷൻ കൂടിയായ അദ്ദേഹം.

ആരാധനക്രമ വത്‌സരത്തിലെ സുപ്രധാനമായ വിശുദ്ധവാരത്തിലേക്ക് നാം പ്രവേശിക്കുകയാണ്. അമേരിക്കൻ ജനതയും മറ്റ് അനേകം രാജ്യങ്ങളിലെ ജനങ്ങളും ക്വാറന്റൈനിലാണിപ്പോൾ. കൊറോണാ വൈറസ്മൂലം നമ്മുടെ സമൂഹമെല്ലാം അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. വിശ്വാസികൾക്കെല്ലാം ഒരൊറ്റ സമൂഹമായി വീണ്ടും അൾത്താരയ്ക്ക് മുന്നിലെത്തി ബലിയർപ്പിക്കാൻ കഴിയുന്ന ദിനങ്ങളെക്കുറിച്ചോർത്ത് സങ്കടപ്പെടുകയാണ് നാമെല്ലാം.

അതുകൊണ്ടുതന്നെ ഈ വിശുദ്ധവാരം വ്യത്യസ്ഥമാണ്. നമ്മുടെ ദൈവാലയങ്ങൾ അടക്കപ്പെട്ടിരിക്കുന്നു പക്ഷേ, ക്രിസ്തു ക്വാറന്റൈനിലല്ല. അവിടുത്തെ സുവിശേഷം ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിട്ടുമില്ല. നമുക്ക് ഓരോരുത്തർക്കുമായി അവിടുത്തെ ഹൃദയം അവിടുന്ന് തുറന്നിട്ടിരിക്കുകയാണ്. നമുക്ക് ഒരുമിച്ച് ബലിയർപ്പണത്തിന് അണയാൻ സാധിക്കുന്നില്ലെങ്കിലും നമുക്ക് ഓരോരുത്തർക്കും നമ്മുടെ ഹൃദയമാകുന്ന ദൈവാലയത്തിൽ അവിടുത്തെ കണ്ടെത്താനാകും, ആരാധിക്കാനാകും.

ക്ലേശകരമായ ഈ നാളുകളിൽ, നാം അനുഭവിക്കുന്ന ദുരിതങ്ങൾ ക്ഷമയോടെയും സഹാനുഭൂതിയോടെയും വഹിക്കാനും നാമെല്ലാം ക്രിസ്തു സ്ഥാപിച്ച സഭാകുടുംബങ്ങളിലെ അംഗങ്ങളാണെന്ന ബോധ്യത്തിൽ ആഴപ്പെടാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമെന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. ലോകം കൊറോണാ മുക്തമാകാൻ അമേരിക്കൻ ബിഷപ്പുമാരെ പ്രതിനിധീകരിച്ച് ദുഃഖവെള്ളിയാഴ്ച ആർച്ച്ബിഷപ്പ് ഗോമസ് തിരുഹൃദയ ലുത്തീനിയ പ്രാർത്ഥന ക്രമീകരിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?