Follow Us On

18

April

2024

Thursday

ഇപ്പോൾ ഏങ്ങനെ കുമ്പസാരിക്കും? വായിക്കാം അനീഷ് അച്ചന്റെ കുറിപ്പ്‌

ഇപ്പോൾ ഏങ്ങനെ കുമ്പസാരിക്കും? വായിക്കാം അനീഷ് അച്ചന്റെ കുറിപ്പ്‌

ഫാ. അനീഷ് കരുമാലൂർ

അച്ചാ ഒന്നു ഓൺലൈനിൽ കുമ്പസാരിപ്പിക്കാമോ?, ഈ സമയത്തു എങ്ങിനെ കുമ്പസാരിക്കണം? എന്നിങ്ങനെ ചോദിച്ച് ഇൻബോക്സിൽ കുറച്ച് മെസ്സേജസ് വന്നിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഈ കുമ്പസാര കുറിപ്പ് എഴുതുന്നത്…

കത്തോലിക്കരായ എല്ലാവരും കുമ്പസാരിച്ച് ഒരുങ്ങുന്ന വലിയ ആഴ്ചയാണല്ലോ ഇത്‌.  വർഷത്തിൽ ഒരിക്കലും കുമ്പസാരിക്കാത്തവർ പോലും കുമ്പസാരിച്ച് പാപമോചനം നേടി ദൈവത്തിങ്കലേക്ക് തിരിച്ചുവരുന്ന സമയമാണ് വലിയ ആഴ്ച്ച. ഈ കൊറോണ  കാലത്ത്‌ എങ്ങനെ ഈസ്റ്റർ ഒരുക്ക കുമ്പസാരം നടത്തും ?

പാപത്തിൽ ജീവിച്ച് വിശുദ്ധനായിത്തീർന്ന അഗസ്തീനോസ് പുണ്യവാളൻ നമ്മെ പഠിപ്പിക്കുന്നത്, “എന്നെ സൃഷ്‌ടിച്ച എന്റെ ദൈവത്തിന് എന്റെ സമ്മതം കൂടാതെ എന്നെ രക്ഷിക്കാനാവില്ല” എന്നാണ്. അപ്പോൾ നമ്മുടെ സമ്മതം, പശ്ചാത്താപം ദൈവത്തിന് ആവശ്യമാണ് അതുകൊണ്ടാണ് നാം അനുതപിച്ച്, കൂടെകൂടെ കുമ്പസാരിക്കണം എന്ന് തിരുസഭ ഓർമ്മിപ്പിക്കുന്നത്.

നമ്മിലുള്ള പാപം എത്ര വലുതാണോ അതിലും വലുതാണ് ദൈവത്തിന് നമ്മോടുള്ള കരുണ.  അതു പ്രകടിതമാകുന്ന കുമ്പസാരം എന്ന കൂദാശയിൽ നാം പാപങ്ങൾ ഏറ്റുപറയുന്നത് വൈദികനോടല്ല മറിച്ച് ക്രിസ്തുവിനോടാണ്. പാപം ക്ഷമിക്കുന്നതും വൈദികനല്ല, ക്രിസ്തുവാണ്.

ഈ പെസഹാ കാലത്തുള്ള വ്യക്തിഗത കുമ്പസാരം ഈ വർഷം സാധിക്കാത്തതിനാൽ എങ്ങിനെ കുമ്പസാരിക്കാം എന്നതിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പ പറഞ്ഞുവയ്ക്കുന്നുണ്ട്. അക്കാര്യം ചുവടെ കൊടുക്കുന്നു:

പാപ്പ: “എന്താണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നത്. മതബോധന ഗ്രന്ഥം വ്യക്തമായി പറയുന്നുണ്ട്. കുമ്പസാരിക്കാൻ വൈദീകൻ ഇല്ലാത്ത സാഹചര്യങ്ങളിൽ, കുമ്പസാരത്തിനായി നന്നായി ഒരുങ്ങി ദൈവത്തോട് ഏറ്റു പറയുക. നമ്മുടെ പിതാവാണ് ദൈവം. നിന്റെ ജീവിതത്തിലെ പാപങ്ങൾ പിതാവായ ദൈവത്തിനു മുന്നിൽ ഏറ്റു പറയുക. നിനക്ക് പറയാനുള്ളതൊക്കെയും!

നിന്റെ പൂർണ്ണ ഹൃദയത്തോടെ ദൈവീക കരുണയ്ക്കായി പ്രാർത്ഥിക്കുക. കുമ്പസാരത്തിന്റെ ജപം ചൊല്ലുക. ഏറ്റവും അടുത്ത സാഹചര്യത്തിൽ കുമ്പസാരം നടത്തുമെന്ന് പ്രതിജ്ഞ നടത്തുക. ഇപ്പോൾ എന്നോട് ക്ഷമിക്കണമേ. അപ്പോൾ തന്നെ ദൈവകൃപ നിന്നിലേക്ക്‌ കടന്നു വരും.”

********

ഈ അവസരത്തിൽ നമുക്ക് എങ്ങിനെ കുമ്പസാരിക്കാം

1. കുമ്പസാരത്തിനുള്ള ജപം ചൊല്ലുക.

സര്‍വ്വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു.
ആമ്മേന്‍.

2. പാപങ്ങൾ ക്രമമായി ഓർക്കുക.

3. പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുക.

4. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുക.

5. മേലിൽ പാപം ചെയ്യുകയില്ലെന്നും വ്യക്തിപരമായി കുമ്പസാരിക്കാൻ ലഭിക്കുന്ന ഏറ്റവും അടുത്ത അവസരത്തിൽ പാപങ്ങൾ ഏറ്റുപറഞ്ഞുകൊള്ളാമെന്നും, കാർമ്മികൻ കൽപ്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റമെന്നും മനസ്സിൽ ഉറച്ച തീരുമാനം എടുക്കുക.
ഇത് പാലിക്കുവാൻ ആയി ഈശോയുടെ കൃപ യാചിക്കുക.

6. മനസ്താപ പ്രകരണം ചൊല്ലുക.

എന്റെ ദൈവമേ, ഏറ്റവും നല്ലവനും എല്ലാറ്റിലും ഉപരിയായി സ്നേഹിക്കപ്പെടുവാനും യോഗ്യനുമായ, അങ്ങേക്കെതിരായി പാപം ചെയ്തു പോയതിനാൽ, പൂർണ്ണ ഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും, പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാൽ, എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും, സ്വർഗത്തെ നഷ്ടപ്പെടുത്തി, നരകത്തിന് അർഹനായി തീർന്നതിനാലും, ഞാൻ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവര സഹായത്താൽ, പാപ സാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും,
മേലിൽ പാപം ചെയ്യുകയില്ല എന്നും ദൃഢമായി ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നദ്ധനായിരിക്കുന്നു. ആമ്മേൻ.

വ്യക്തിഗത കുമ്പസാരത്തിൽ ലഭിക്കുന്ന പ്രായശ്ചിത്തം ചെയ്തു കൊള്ളാം എന്ന് തീരുമാനിക്കുന്നതിനോടൊപ്പം സ്വന്തം നിലയിൽ എന്തെങ്കിലുമൊക്കെ നന്മ പ്രവർത്തികളും കുടുംബത്തിൽ ചെയ്യാൻ പരിശ്രമിക്കുക.

വലിയ ആഴ്ചയിലെ എല്ലാ ശുശ്രൂഷകളും വീട്ടിൽ ഇരുന്ന് തന്നെ പ്രാർത്ഥനാപൂർവം നടത്തുന്ന നമ്മുടെ ആദ്യത്തെ അനുഭവമായിരിക്കാം ഇത്. ഒരു പക്ഷെ ജീവിതത്തിൽ ഏറ്റവും തീക്ഷണതയോടെ സന്തോഷത്തോടെ കൂടുവാൻ പോകുന്ന വലിയ ആഴ്ച്ചയും ഇത് തന്നെ ആയിരിക്കും. കർത്താവിൻറെ അനന്തകരുണയ്ക്ക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?