Follow Us On

29

March

2024

Friday

എവിടേക്ക് ചാഞ്ഞോ, അവിടേക്ക് പതിക്കും- ലെന്റൻ റിഫ്‌ളെക്ഷൻ 44

എവിടേക്ക് ചാഞ്ഞോ, അവിടേക്ക് പതിക്കും- ലെന്റൻ റിഫ്‌ളെക്ഷൻ 44

നിങ്ങള്‍ എവിടേക്കു ചാഞ്ഞുനില്‍ക്കുന്ന വൃക്ഷമാണ്? എവിടേക്ക് ചാഞ്ഞിരിക്കുന്നുവോ അവിടേക്കുതന്നെ നിങ്ങള്‍ വന്നു പതിക്കും. കുരിശുമരണത്തിലേക്ക് ചാഞ്ഞിരിക്കാം, വാക്കിലും പ്രവൃത്തിയിലും ധ്യാനത്തിലും.

ഫാ. റോയ് പാലാട്ടി സി.എം.ഐ

”അവര്‍ അവനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ. കുരിശില്‍ നിന്നിറങ്ങി വരട്ടെ” (മത്താ. 27:42).

ഒരാളുടെ ജീവിതത്തിന്റെ ഒടുക്കത്തില്‍ വിളമ്പുന്നത് അയാളുടെ ജീവിതത്തിന്റെ സംഗ്രഹം ആയിരിക്കും. ചിലതു പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്നതുതന്നെ ഭാഗ്യമല്ലേ. ജീവിച്ചതിനെ മരണംകൊണ്ട് സാക്ഷ്യപ്പെടുത്താം. അല്ലെങ്കില്‍ ജീവിച്ചതിനെ മരണസമയത്ത് തള്ളിപ്പറയാം. രണ്ടിനും നിരവധി ഉദാഹരണങ്ങളുണ്ട്. ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ അവരുടെ അവസാന നിമിഷങ്ങളെക്കുറിച്ച് പ്രിയപ്പെട്ടവര്‍ ചോദിച്ചറിയും. ആരാണ് കൂടെ ഉണ്ടായിരുന്നത്, എന്താണ് പങ്കുവച്ചത് എന്നിങ്ങനെ പലതും. പ്രത്യേകിച്ചും രക്തബന്ധത്തിലുള്ളവരുടെ ചാവരുള്‍ ഏറെ പ്രധാനപ്പെട്ടതാണ്.

ക്രിസ്തുവിന്റെ അവസാന വാക്കുകള്‍ കുരിശെന്ന പ്രസംഗപീഠത്തില്‍ നിന്നുകൊണ്ടാണ്. അഷ്ടസൗഭാഗ്യങ്ങളുടെ മലയിലിരുന്ന് അവന്‍ പഠിപ്പിച്ചതൊക്കെ സപ്തവാക്യങ്ങളുടെ കാല്‍വരിക്കുന്നില്‍ പൂവിടുന്നതു കാണുക. മരണസമയത്ത് ഒരാള്‍ക്ക് കഴിയുവോളം ശാന്തത നല്‍കാന്‍ പരിസരം ശ്രദ്ധിക്കും. എന്നാല്‍ രക്ഷകന്റെ കുരിശിന് സമീപത്തും വശങ്ങളിലുംനിന്ന് വെല്ലുവിളികളാണ്. പ്രലോഭിപ്പിക്കുന്ന വാക്കുകളും പ്രഹസനത്തിന്റെ ശരങ്ങളും. അവസാനം മുറിവേല്‍പിക്കുന്നവനെ കൂടെ തന്റെ സ്‌നേഹത്തിന്റെ രക്തത്തില്‍ വീണ്ടെടുക്കണമെന്ന ആഗ്രഹത്താല്‍ അവരെയെല്ലാം ക്രിസ്തു ചേര്‍ത്തുപിടിക്കുന്നു. മുപ്പത്തിമൂന്ന് വര്‍ഷം ജീവിച്ചത് മൂന്നുമണിക്കൂറില്‍ അവന്‍ സംഗ്രഹിച്ചു.

ജീവിതത്തിന്റെ അവസാനഭാഗത്ത് നാം പറയാന്‍ കൊതിക്കുന്ന വാക്കുകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അമേരിക്കയിലെ കാര്‍ഗണിമെല്ലന്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലിയില്‍നിന്നും വിരമിക്കുന്ന പ്രഫസര്‍മാര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന പ്രഭാഷണ പരമ്പരയാണ് ‘ലാസ്റ്റ് ലക്ച്ചര്‍ സീരീസ്.’ 2007 സെപ്റ്റംബര്‍ 18-ന് അവിടെയൊരാള്‍ പ്രസംഗിച്ചു. ഔദ്യോഗികമായ ജോലിയില്‍നിന്നു മാത്രമല്ല, ജീവിതത്തില്‍നിന്നുതന്നെ വിരമിക്കാന്‍ സമയമായെന്നറിഞ്ഞപ്പോള്‍ നടത്തിയ പ്രഭാഷണമായിരുന്നു അത്. പ്രഫസര്‍ റാന്‍ഡിപോഷ് നടത്തിയ അന്ത്യപ്രഭാഷണം.

ജോലിയും കുടുംബവുമൊക്കെയായി മുന്നോട്ടു പോകുന്നതിനിടയിലാണ് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ പിടിയിലാണ് ഇദ്ദേഹം എന്നറിയുന്നത്. ഏറെപ്പേര്‍ക്ക് ഇത്തരം രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ രോഗസമയത്ത് ഇദ്ദേഹം കാണിച്ച പ്രതികരണമാണ് ശ്രദ്ധേയനാക്കിയത്. ഏതാനും ദിവസത്തെ ആയുസുമാത്രമേ ശേഷിക്കുന്നുള്ളൂ എന്നറിഞ്ഞപ്പോള്‍ ഒരു ലാസ്റ്റ് ലക്ച്ചര്‍ അദ്ദേഹം തയാറാക്കി. ഒരു മണിക്കൂര്‍ പതിനേഴു മിനിറ്റ് പ്രഫ. പോഷ് സംസാരിച്ചു. മരണത്തെക്കുറിച്ചല്ല, ജീവനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

‘നിങ്ങളുടെ ശൈശവത്തിലെ സ്വപ്നങ്ങള്‍ വീണ്ടെടുക്കുക’ എന്ന വിഷയത്തെപ്പറ്റിയായിരുന്നു പോഷിന്റെ പ്രഭാഷണം. മരണാസന്നനായ ഒരു മനുഷ്യന്‍ ജീവിതത്തെക്കുറിച്ചും അവസാന നാഴികയിലും തന്നെ നയിക്കുന്ന സ്വപ്നത്തെക്കുറിച്ചും പറഞ്ഞത് അനേകരെ ചിന്തിപ്പിച്ചു. അര്‍ത്ഥശൂന്യമായ കാര്യങ്ങളില്‍ മനസുടക്കി അമൂല്യമായ ജീവിതം തകര്‍ത്തുകളയരുതല്ലോ എന്നോര്‍ത്ത് അനുതപിച്ചു, ചിലര്‍. വിവാഹമോചനത്തിനായി നടപടി സ്വീകരിച്ചവര്‍ അതു വേണ്ടെന്നുവച്ചു. ആത്മഹത്യ ഭീരുത്വമാണെന്ന തിരിച്ചറിവില്‍ ജീവനാശകരമായ കാര്യങ്ങളില്‍നിന്നും പിന്‍മാറി.

എങ്ങനെയാണ് നിന്റെ ബാല്യകാല സ്വപ്നങ്ങള്‍ വീണ്ടെടുക്കുന്നത്? റാന്‍ഡി പോഷ് അക്കമിട്ടു നിരത്തി.

ഒന്ന്: ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ജീവിതത്തെ നോക്കിക്കാണുക. വിസ്മയം നശിപ്പിക്കരുത്. രണ്ട്: മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ പൂവണിയാന്‍ നിങ്ങള്‍ക്കാവുന്നത് ചെയ്യുക. സ്‌നേഹം പുഷ്പിക്കുന്നത് അന്യനായി ജീവിക്കുമ്പോഴാണ്. മൂന്ന്: പരാതി ഒഴിവാക്കി കഠിനാധ്വാനം ചെയ്യുക. നാല്: എല്ലാവരിലും നന്മയുണ്ട്. പൂര്‍ണമായി ദുഷിച്ചവര്‍ ആരുമില്ല. അതുകൊണ്ട്, നല്ലതിനെ പുറത്തുകൊണ്ടുവരാന്‍ കാത്തിരിക്കുക. അഞ്ച്: ക്ഷമ ഒറ്റമൂലിയാണ്. സര്‍വരോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി. ആറ്: ഭാഗ്യമെന്നു പറയുന്നത് അധ്വാനവും അവസരവും കൂടിച്ചേര്‍ന്നതാണ്. അധ്വാനിക്കാതെ അവസരത്തിനായി മാത്രം കാത്തുനില്‍ക്കരുത്. ഏഴ്: സത്യം പറയുക, അതിനായി ജീവിക്കുക – എല്ലായ്‌പ്പോഴും.

2008 മെയ് മാസത്തിലെ ടൈംവാരിക ലോകത്തെ ഏറ്റം പ്രശസ്തരായ നൂറുപേരില്‍ ഒരാളായി റാന്‍ഡി പോഷിനെയും തിരഞ്ഞെടുത്തു. അധികം വൈകാതെ ഇദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

നിങ്ങളുടെ ശവക്കല്ലറയില്‍ എഴുതിവയ്ക്കാന്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ തയാറാക്കാമോ? നാളെ മരിക്കുമെന്നറിഞ്ഞാല്‍ ഇന്ന് ഞാന്‍ ലോകത്തോട് എന്തു പറയാനാകും ശ്രദ്ധിക്കുക: ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. നമ്മുടെ ജീവിതയാത്രയിൽ ആയുസിന്റെ ഏതാനും തിരിനാളങ്ങള്‍ തന്നാണ് നമ്മെ ലോകത്തിലേക്ക് അയക്കുന്നത്. ഓരോ ജന്മദിനത്തിന്റെ ഓര്‍മയിലും ഓരോ തിരിവീതം ഊതിക്കെടുത്തും. എന്തായാലും നമ്മില്‍ പലരുടെയും പിറകില്‍ ഊതിക്കെടുത്തിയ തിരികളോളം വരില്ല, മുമ്പില്‍ തെളിഞ്ഞിരിക്കുന്ന തിരികള്‍.

ജീവിച്ചതിനനുസരിച്ചേ മരിക്കൂ. എന്തുപറഞ്ഞ് ജീവിച്ചോ, അതുതന്നെ പറഞ്ഞ് മരിക്കും. അറിയപ്പെടുന്ന ദൈവനിഷേധിയായിരുന്നു ചിന്തകനായ വോള്‍ട്ടയര്‍. സഭയുടെ അവസാന ആണിക്കല്ലും ഊരിക്കളഞ്ഞ തന്റെ വിപ്ലവം അവസാനിപ്പിക്കൂ എന്നു പറഞ്ഞാണ് ആയിരക്കണക്കിന് ചെറുപ്പക്കാരെ അയാള്‍ കൂട്ടുചേര്‍ത്തത്. എന്റെ മരണശേഷം നൂറു വര്‍ഷം കഴിയുമ്പോള്‍ ബൈബിള്‍ എന്ന പുസ്തകം മ്യൂസിയത്തിലെ ഒരു കാഴ്ചവസ്തു മാത്രമാകും എന്നദ്ദേഹം തറപ്പിച്ചു പറഞ്ഞു.

എന്നാല്‍ മരണസമയത്ത്, എനിക്ക് ആശ്രയത്തിന് മനുഷ്യനുമില്ല, ദൈവവുമില്ല എന്നു നിലവിളിച്ചുകൊണ്ടിരുന്നു. ശുശ്രൂഷിച്ച നഴ്‌സ് തന്റെ ആത്മഗ്രന്ഥത്തിലെഴുതി, യൂറോപ്പിലെ മുഴുവന്‍ സമ്പാദ്യം തന്റെ പേരില്‍ എഴുതിത്തരാം എന്നു പറഞ്ഞാലും വോള്‍ട്ടയര്‍ കണക്കേയുള്ള മനുഷ്യരുടെ മരണക്കിടക്കയുടെ സമീപത്തു നില്‍ക്കാന്‍ ഞാന്‍ ഒരു ജന്മത്തിലും തയാറാകില്ല. എന്തായാലും വോള്‍ട്ടയര്‍ മരിച്ച് നൂറു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വീട് ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റിയുടെ ആസ്ഥാനമായി മാറി. നാം ജീവിച്ചതേ മരണത്തിലും ജീവിക്കൂ. മരിക്കാന്‍ സമയത്ത് വിശുദ്ധനാകാന്‍ പറ്റണമെന്നില്ല.

ഓർക്കുക, നിങ്ങള്‍ എവിടേക്കു ചാഞ്ഞുനില്‍ക്കുന്ന വൃക്ഷമാണ്? എവിടേക്ക് ചാഞ്ഞിരിക്കുന്നുവോ അവിടേക്കുതന്നെ നിങ്ങള്‍ വന്നു പതിക്കും. കുരിശുമരണത്തിലേക്ക് ചാഞ്ഞിരിക്കാം, വാക്കിലും പ്രവൃത്തിയിലും ധ്യാനത്തിലും.

പ്രാര്‍ത്ഥന: കുരിശുമരണത്തിലേക്ക് ചാഞ്ഞിരിക്കുന്ന ഒരു വൃക്ഷമാകണമെനിക്ക്. കാല്‍വരിക്കുന്നിലെ കുരിശിലേക്ക് എന്റെ പ്രാണനെ ചേര്‍ത്തുനിര്‍ത്താന്‍ ക്രൂശിതാ, തുണയാവുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?