Follow Us On

29

March

2024

Friday

പിതൃകരങ്ങളിലേക്കൊരു ആത്മനൈവേദ്യം- ലെന്റൻ റിഫ്‌ളെക്ഷൻ 48

പിതൃകരങ്ങളിലേക്കൊരു ആത്മനൈവേദ്യം- ലെന്റൻ റിഫ്‌ളെക്ഷൻ 48

കുരിശോളമെത്തുന്ന സമർപ്പണങ്ങളാണ് പിതാവിനു സ്വീകാര്യമാകൂവെന്ന്‌ അവിടുത്തെ ആത്മസമർപ്പണം നമുക്ക് പറഞ്ഞുതരുന്നു. 

ഫാ. ബെന്നി നൽക്കര സി.എം.ഐ

“പിതാവേ, അങ്ങേ കരങ്ങളിലേക്ക് എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” (ലൂക്കാ 23:46) –

യേശുവിന്റെ ഏഴു അന്ത്യമൊഴികളിൽ അവസാനത്തേത്. ലൂക്കായുടെ സുവിശേഷത്തിലെ മൂന്നാമത്തെ അന്ത്യമൊഴിയും. ഈ ജന്മം പാഴായി പോയി എന്നു കരുതിയവന്റെ പാഴ് വാക്കല്ലത് . തന്നെ ഏൽപ്പിച്ച ജീവനും ജീവിതവും ഉടയോനു സംതൃപ്തിയോടും നന്ദിയോടും കൂടി തിരിച്ചേല്പിക്കുന്നവന്റെ കാഴ്ചസമർപ്പണപ്രാർത്ഥനയാണിത്.

സമവീക്ഷണസുവിശേഷങ്ങളൊക്കെയും അടയാളപ്പെടുത്തുന്നതു യേശു ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ജീവൻ വെടിഞ്ഞുവെന്നാണ് (മത്താ 27: 50; മാർക്കോ 15:37; ലൂക്കാ 23:46). എന്നാൽ ലുക്കാ മാത്രം ആ കരച്ചിലിനോട് ഒരു പ്രാർത്ഥന കൂട്ടിച്ചേർക്കുകയാണ്. കഠോരവേദനയോടെ പ്രാണൻ പിടയുമ്പോൾ പോലും അതിനെ പിതൃകരങ്ങളിലേക്കുള്ള ആത്മസമർപ്പണമാക്കി മാറ്റുകയാണ് അവിടുന്ന്.

“പുനഃസംഗമം” എന്നാണ് വേദപണ്ഡിതർ ഈ പ്രാർത്ഥനയേയും അർപ്പണത്തെയും വിശേഷിപ്പിക്കുന്നത്. പിതാവിന്റ പക്കൽ നിന്നും വന്ന താൻ പിതാവിന്റെ ഹിതവും പിതാവ് ഏൽപ്പിച്ച ദൗത്യവും പൂർത്തിയാക്കി അവിടുത്തെ സന്നിധിയിലേക്ക് തിരികെയണയുന്നതിന്റെ ധ്വനിയാണിതിനുള്ളത്. അതുകൊണ്ടുതന്നെ വേദനാജനകവും നിരാശാപൂർണ്ണവുമായ ഒരാർത്തനാദമല്ല യേശു കുരിശിൽ മുഴക്കിയത്. താൻ ശരണം വയ്ക്കുന്നവനിലുള്ള സമ്പൂർണ്ണ ആശ്രയത്വമാണ്‌ അവൻ ആ വാക്കുകളിലൂടെ വെളിപ്പെടുത്തിയത്.

സങ്കീർത്തനം 31:5 ഉദ്ധരിച്ചുകൊണ്ടാണ് യേശു ഈ “സമർപ്പണപ്രാർത്ഥന” നടത്തിയത്. ഒരു വ്യക്തിവിലാപസങ്കീർത്തനമാണത്. ദുരിതവും ദുഃഖവുമനുഭിക്കുന്ന, എല്ലാവരാലും പരിഹസിക്കപ്പെടുന്ന ഒരാളുടെ വിലാപത്തോടൊപ്പം ദൈവത്തിലുള്ള ശരണം വയ്ക്കൽകൂടി ഈ സങ്കീർത്തനം വരച്ചു കാട്ടുന്നു. കർത്താവു എന്റെ അഭയശിലയും എനിക്ക് “രക്ഷ നൽകുന്ന ശക്തിദുർഗവുമാണെന്നു” ഏറ്റുപറഞ്ഞുകൊണ്ടാണ് സങ്കീർത്തകൻ “അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നു ശരണം വയ്ക്കുന്നത്.

സങ്കീർത്തനം 31:5 ലെ ഈ സമർപ്പണമാണ് ഓരോ ദിവസത്തിന്റെയും അവസാനത്തിൽ ഉറങ്ങാൻപോകുമ്പോൾ ചൊല്ലാൻ ഓരോ യഹൂദബാലനെയും അമ്മമാർ പഠിപ്പിച്ചിരുന്നത്. മരണം യേശുവിനെ സംബന്ധിച്ചിടത്തോളം നിദ്ര മാത്രമായിരുന്നു. അതുകൊണ്ടാണ് ഉറങ്ങാൻ പോകുന്ന യഹൂദൻ ഉരുവിട്ടു പ്രാർത്ഥിച്ചിരുന്ന സങ്കീർത്തനം അവനുമാവർത്തിച്ചത്. പിടഞ്ഞുകൊണ്ടല്ല, പ്രാർത്ഥിച്ചു തലയിണയിൽ ചാഞ്ഞുറങ്ങുന്നപോലെ തല ചായ്ച്ചു അവൻ മരിച്ചു എന്നാണ് സുവിശേഷഭാഷ്യം.

കുരിശിൽ നിന്നുള്ള ഒരു വിലാപകീർത്തനം മാത്രമായിപ്പോകുമായിരുന്ന ഈ പ്രാർത്ഥനയെ കൂടുതൽ മഹനീയവും മനോഹരവും ഏറെ ഹൃദയസ്പർശിയും ആക്കിമാറ്റി, യേശു. “അബ്ബാ -പിതാവേ” എന്നു വിളിച്ചാണ് അവൻ ഈ പ്രാർത്ഥന നടത്തുന്നത്. ഞാനും പിതാവും ഒന്നാണ് എന്ന് പറഞ്ഞവന്റെ പിതാവുമായുള്ള ഒന്നാകലാണ് കുരിശിൽ അവൻ നടത്തിയ ആത്മാർപ്പണത്തിലൂടെ നിറവേറ്റിയത്‌. യേശുവിന്റെ ജീവിതം മുഴുവൻ പിതാവിനോടുള്ള ആത്മസമർപ്പണത്തിന്റെ മറുവാക്കായിരുന്നു.

“ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനാകേണ്ടവനല്ലേ?” എന്ന ആത്മാവബോധം കുഞ്ഞുനാളിലെ കാട്ടിയവൻ, അന്ത്യനിമിഷത്തിലും ആ സമർപ്പണബോധം കാത്തുസൂക്ഷിക്കുകയാണ്. പിതാവിന്റെ ഹിതമല്ലാതെ അവൻ എന്താണ് അന്വേഷിച്ചിട്ടുള്ളത്? അതല്ലാതെ എന്താണ് അവൻ നിറവേറ്റിയത്? അവന്റെ ഭക്ഷണവും പാനീയവും മറ്റെന്തായിരുന്നു? ഒടുവിൽ ആ പിതാവിന്റെ സ്നേഹകരങ്ങളിലേക്ക് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവൻ സമർപ്പിക്കുകയാണ്, “ഇനി എന്തായാലും, സന്തോഷമായാലും സഹനമായാലും നിന്നോടൊപ്പം, നിന്നിൽ ശരണം വയ്ച്ചു” എന്ന നിറമനസ്സോടെ. “പിതാവേ” എന്ന ആ വിളി നിസ്സഹായതയ്ക്കും നിരാശയ്ക്കുമപ്പുറം ആശ്രയത്വത്തിന്റെയും ആത്മബന്ധത്തിന്റെയും വിളിയാണ്.

യേശുവിനെ ദേവാലയത്തിൽ കാഴ്ചയർപ്പിച്ചപ്പോൾ ആട്ടിൻകുട്ടിയെ സമർപ്പിക്കാനില്ലാത്ത ദാരിദ്ര്യത്തിന്റെ നടുവിൽ നിന്നു മറിയവും യൗസേപ്പും രണ്ടു പ്രാവുകളെ സമർപ്പിക്കുന്നുണ്ട്. പ്രതീകാത്മകമായ ആ സമർപ്പണത്തിന്റെ നിമിഷം മുതൽ അവന്റെ ജീവിതം മുഴുവൻ മറ്റുള്ളവർക്കുവേണ്ടിയുള്ള സമർപ്പണമായിരുന്നു. താൻ കണ്ടുമുട്ടിയവർക്കായി, തന്നെ കണ്ടവർക്കായി അവൻ ഉള്ളും ഉള്ളതും സമർപ്പിച്ചു. അന്ത്യ അത്താഴവിരുന്നിലെ ഊട്ടുമേശയിൽ വച്ച് “ഇതെന്റെ ശരീരം! ഇതെന്റെ രക്തം” എന്നു പറഞ്ഞു സമ്പൂർണ്ണ ആത്മാർപ്പണം നടത്തി.

ഒടുവിൽ, ഉടുതുണിപോലുമില്ലാത്ത പരമദരിദ്രനായി കുരിശിൽ കിടന്നു പ്രാണൻ വെടിയുമ്പോൾ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന കുഞ്ഞാടായി അവൻ സ്വയം സമർപ്പിക്കുകയാണ്. സ്വയം നിവേദ്യമായുള്ള ആ സമർപ്പണം സമാനതകളില്ലാത്ത വിധം നിറവേറ്റിയെന്ന നിർവൃതിയോടെയാണ് യേശു ഈ സമർപ്പണപ്രാർത്ഥന ചൊല്ലിയത്.

യേശുവിന്റെ സമാപനമൊഴി എത്രയോ സമ്മോഹനമാണ്! “ഇവൻ എന്റെ പ്രിയ പുത്രൻ! ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു” എന്നു യേശുവിന്റെ ജ്ഞാനസ്നാനവേളയിൽ പറഞ്ഞു അംഗീകാരമുദ്ര ചാർത്തിക്കൊടുക്കുന്ന പിതാവ്, മകൻ അവന്റെ പരസ്യജീവിതകാലത്തു തിരസ്കൃതനാകുമ്പോൾ, പാനപാത്രം മാറ്റിത്തരണേ എന്നു കേഴുമ്പോൾ, വിധിക്കപ്പെടുമ്പോൾ, പരിഹസിക്കപ്പെടുമ്പോൾ, അതിദാരുണമാം വിധം പീഡിപ്പിക്കപ്പെടുമ്പോൾ, കുരിശിൽ ഒരു കുറ്റവാളിയെപ്പോലെ തറക്കപ്പെടുമ്പോൾ, ശരീരം തച്ചുതകർക്കപ്പെടുമ്പോൾ, “എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?” എന്നു വിളിച്ചപേക്ഷിക്കുമ്പോൾ… ഒന്നും മിണ്ടുന്നില്ല.

എന്നിട്ടും അടിപതറാത്ത ആത്മധൈര്യത്തോടെ യേശു ജീവിതത്തിന്റെ സമാപനപ്രാർത്ഥന ചൊല്ലുകയാണ്, അതേ പിതാവിന്റെ മടിയിൽ നിദ്ര കൊള്ളാൻവേണ്ടി. കുരിശോളമെത്തുന്ന സമർപ്പണങ്ങളാണ് പിതാവിനു സ്വീകാര്യങ്ങളായിതീരുകയുള്ളുവെന്നു അവന്റെ ആത്മസമർപ്പണം നമുക്ക് പറഞ്ഞുതരുന്നു. ജീവിതത്തിന്റ തുടക്കം മുതൽ ഒടുക്കം വരെ ഒരുവൻ ദൈവത്തോട് പുലർത്തേണ്ട വിശ്വസ്തതാപൂർണ്ണമായ സമർപ്പണമാണിത്. യേശു പറഞ്ഞ “രണ്ടു പുത്രന്മാരുടെ ഉപമ”യിൽ (മത്താ 21:28-32) രണ്ടു പുത്രന്മാരും – താൻ മുന്തിരിത്തോട്ടത്തിലേക്കു പോകാമെന്നു പറഞ്ഞിട്ട് പോകാതിരുന്നവനും പോകില്ലെന്നു പറഞ്ഞിട്ട് ഒടുവിൽ മനസ്സ് തിരിഞ്ഞു പോയവനും – പിതാവിന് വേദന നൽകുന്നവരാണ്.

ഒരാൾ ഒടുവിലും, മറ്റെയാൾ തുടക്കത്തിലും എന്ന വ്യത്യാസമേയുള്ളൂ. മനസ്സ് തിരിഞ്ഞവൻ പ്രകീർത്തിക്കപ്പെടുന്നുവെന്നു മാത്രം. എന്നാൽ ആ ഉപമയിൽ ഒരു മൂന്നാമത്തെ പുത്രൻ മറഞ്ഞിരിപ്പുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ പിതാവിന്റെ ഹിതം നിറവേറ്റി സമ്പൂർണ്ണാനന്ദം സമ്മാനിക്കാൻ കഴിയുന്നവൻ. ആ മൂന്നാമത്തെ പുത്രൻ യേശുക്രിസ്തുവാണ്. ആ ക്രിസ്തുവിനോളം വളർന്നവർക്കു മാത്രമേ “പിതാവേ, അങ്ങേ കരങ്ങളിലേക്ക് എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നു ജീവിതത്തിന്റെ സമാപനപ്രാർത്ഥന ചൊല്ലാനും കഴിയൂ.

മറുമൊഴി: ക്രൂശിതനായ കർത്താവേ, ജീവിതത്തിലെപ്പോഴും, എന്റെ മരണനേരത്തും നിന്നെപ്പോലെ പിതാവിന് ആത്മസമർപ്പണം ചെയ്യാൻ എന്നെ സഹായിക്കണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?