Follow Us On

28

March

2024

Thursday

ക്രിസ്തു പൂർത്തിയാക്കി, ഇനി നമ്മുടെ ദൗത്യം!- ലെന്റൻ റിഫ്‌ളെക്ഷൻ 49

ക്രിസ്തു പൂർത്തിയാക്കി, ഇനി നമ്മുടെ ദൗത്യം!- ലെന്റൻ റിഫ്‌ളെക്ഷൻ 49

രക്ഷകന്റെ നിയോഗം അവിടുന്ന് കുരിശിൽ പൂർത്തിയാക്കി. ഇനി, രക്ഷിക്കപ്പെട്ടവരുടെ നിയോഗമാണ് ബാക്കിയുള്ളത്. കുരിശിലെ രക്ഷ വിളിച്ചുപറയുക എന്നതാണത്. ആത്മപരിശോധന ചെയ്യാം, ആ ജീവിത നിയോഗം എത്രമാത്രം നമുക്ക് നിറവേറ്റാനാകുന്നുണ്ട്‌?

ഫാ. റോയ് പാലാട്ടി സി.എം.ഐ

യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു (യോഹ 19:30).

നിയോഗം പൂര്‍ത്തിയാക്കി യഥാസമയം മടങ്ങാനാവുക ഭാഗ്യമാണ്. മരണത്തിന്റെ പാനപാത്രം കുരിശിലെ ക്രിസ്തു ചോദിച്ചുവാങ്ങി. ഇനിയൊന്നും ബാക്കിവച്ചിട്ടില്ല. തന്നെ അയച്ച പിതാവിലേക്ക് മടങ്ങുകതന്നെ. ഇനി വിശ്വാസികളുടെ ഊഴമാണ്. കുരിശില്‍ മരിച്ചവനെ ചേര്‍ത്തുപിടിച്ച് ഓരോരുത്തരുടെയും സ്ലീവാപ്പാത ബോധപൂര്‍വം നടത്തുക.

കാല്‍വരിക്കുന്നില്‍ ഈശോയുടെ വേദന കണ്ട് മനസലിഞ്ഞ ഒരു ചെറുപ്പക്കാരന്‍. എന്തു സഹിച്ചും ആ ആണികള്‍ വലിച്ചൂരി അവനെ മോചിപ്പിക്കാന്‍ എത്തി. ഈശോ പറഞ്ഞു, അരുത്. അതവിടെ ഇരിക്കട്ടെ. മനുഷ്യകുലം മുഴുവനും ഈ കുരിശിലേക്ക് വരാതെ എനിക്ക് ഈ കുരിശില്‍നിന്നും ഇറങ്ങാനാവില്ല.

അതുകേട്ട് അയാള്‍, ‘എനിക്ക് അവിടുത്തെ നിലവിളി സഹിക്കാനാവുന്നില്ല. എനിക്കിനി എന്തുചെയ്യാനാകും?’
‘താങ്കള്‍ ലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവരോടും പറയുക, ഒരു മനുഷ്യന്‍ കുരിശില്‍ കിടക്കുന്നുവെന്ന്. നിങ്ങള്‍ അവിടെ ചെല്ലാതെ അയാള്‍ കുരിശില്‍നിന്നും ഇറങ്ങില്ലെന്ന്!’ ക്രിസ്തു പറഞ്ഞു.

രക്ഷകന്റെ നിയോഗം അവന്‍ കുരിശില്‍ പൂര്‍ത്തിയാക്കി. ഇനി, രക്ഷിക്കപ്പെട്ടവരുടെ നിയോഗം ബാക്കിയുണ്ട്. കുരിശിലെ രക്ഷ വിളിച്ചുപറയുകയാണിത്. വ്യത്യസ്ത ജീവിതസാഹചര്യത്തിലൂടെയാണ് നാമത് വിളിച്ചുപറയുന്നത്. ഓടിനടന്ന് പ്രസംഗിച്ചും ശാന്തമായി പ്രാര്‍ത്ഥിച്ചും സഹനക്കിടക്ക ബലിത്തറയാക്കി മാറ്റിയും നെഞ്ചുരുക്കങ്ങള്‍ കാഴ്ചയായി അര്‍പ്പിച്ചും എല്ലാം നമുക്കത് വിളിച്ചുപറയാം.

എളുപ്പമല്ലിത്. അതുകൊണ്ടുതന്നെ, എല്ലാം പൂര്‍ത്തിയായി എന്നു പറഞ്ഞ് നമുക്ക് മരണത്തെ പുല്‍കാനും പറ്റിയെന്നുവരുമോ? ഓരോ ദിനത്തിനും ആ ദിനത്തിന്റെ ക്ലേശം മതി. പക്ഷെ, ഇന്നലെയെക്കുറിച്ച് അമിതമായി ഭാരപ്പെട്ടും നാളെയെക്കുറിച്ച് കാര്യമായി ഉല്‍ക്കണ്ഠപ്പെട്ടും കഴിയുന്നവന് ഒരു രാത്രിയിലും പൂര്‍ത്തിയായി എന്നു പറയാനാവില്ല. ഏറെ ബാക്കിവച്ചിട്ടാണ് കിടന്നുറങ്ങാന്‍ പോകുന്നത്. എന്തിന് പരദൂഷണം പറയുമ്പോഴും പൂര്‍ത്തിയാക്കുന്നില്ല, ബാക്കി നാളെ പറയാം!

നാമെന്താണോ അതാണ് ദൈവത്തിന്റെ സമ്മാനം. ആ ദാനം ഉപയോഗിച്ച് നാം ചെയ്യുന്നതൊക്കെ ദൈവത്തിനുള്ള സമ്മാനം. ദൈവം അനുവദിക്കുന്ന എന്തും നമുക്കീ ജീവിതത്തില്‍ ചെയ്യാം. എന്നാല്‍, അവിടുത്തെ ഹിതം നിറവേറ്റുമ്പോഴാണ് ജീവിതത്തിന് പൂര്‍ണിമ ഉണ്ടാകുന്നത്. ഒരുപക്ഷേ, രക്ഷകന് കുറെക്കൂടി ചെയ്യാമായിരുന്നു എന്നു തോന്നിയിട്ടുണ്ടോ? കുറെക്കൂടി പ്രസംഗിക്കാം, കുറെക്കൂടി വീരകൃത്യങ്ങള്‍ ചെയ്യാം. പക്ഷെ, ചെയ്തില്ല. അബ്ബാ പറഞ്ഞത് മാത്രം ചെയ്തു. പറഞ്ഞ സമയത്ത് എല്ലാം പൂര്‍ത്തിയായി.

ഏറ്റവുമധികംപേര്‍ തോല്‍ക്കുന്നത് ജീവിതമെന്ന പരീക്ഷയിലാണ്. കാരണം, ലളിതമാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്ത ചോദ്യപേപ്പറാണ്. കോപ്പിയടിക്കാന്‍ പറ്റില്ല. ഒരേ ചോദ്യപേപ്പറെന്ന മട്ടില്‍ കോപ്പിയടിക്കുന്നതുകൊണ്ട് പലരും തോറ്റുപോകുന്നു. ഉത്തരം എഴുതിയിട്ട് തീരുന്നുമില്ല. സമയം കഴിഞ്ഞും പോകുന്നു. എന്തിനാണ് ഇത്രയും തിടുക്കം? ഇത്രയും ആവലാതികള്‍ ജീവിതം അര്‍ഹിക്കുന്നുണ്ടോ? ആരെ ബോധ്യപ്പെടുത്താനാണ് ഈ ഓട്ടം? മരിക്കാന്‍പോലും സമയമില്ലാത്ത ഓട്ടം!

കാര്യത്തിലേക്ക് വരാം. ക്രൂശിതന്‍ കാത്തുനില്‍ക്കുന്നു എന്ന് ജീവിതംകൊണ്ട് പറയേണ്ട ബാധ്യതയിലാണ് നാം. ക്രൂശിതനെ കണ്ടുമുട്ടിയവരൊക്കെ ഇതു പറയണം. എങ്കിലേ, അവന്‍ ആണികളില്‍നിന്ന് മോചിതമാകൂ. ഇതു പറയാന്‍ വിശ്വാസി ഏറ്റുവാങ്ങുന്ന ആണികളാണ് ക്രിസ്തുവിന്റെ ശരീരത്തെ മനോഹരമാക്കുന്നത്.

 

മരണത്തിന്റെ ചഷകം മട്ടുവരെ കുടിച്ചവന്‍, നമ്മോടും പറയുന്നുണ്ട്: നിന്റെ കൈവെള്ളയില്‍ വച്ചുതന്നിരിക്കുന്നവ മട്ടുവരെ കുടിക്കുക. എന്നിട്ട് പറയുക, ഒന്നും ഇനി ശേഷിച്ചിട്ടില്ല. മുഴുവന്‍ കുടിച്ചുതീര്‍ത്തു. എല്ലാം പൂര്‍ത്തിയായി. മറ്റനേകരുടെ പ്രതീക്ഷക്കൊപ്പം വളരാനുള്ള തിടുക്കത്തിലാണ് നാം. അതിനിടെ നമ്മുടെ നിയോഗം മറന്നു കളയുന്നു. നാം എന്താകണമോ അതായിത്തീരാനാണ് ഈ ജീവിതം.

പ്രാര്‍ത്ഥന: കൊഴിഞ്ഞുപോയ ഇന്നലെകളില്‍ ശേഷിപ്പിച്ച നിയോഗങ്ങള്‍ അനവധിയാണ്. എങ്കിലും ദൈവമേ, ഇന്നത്തെ ദിനത്തിന്റെ നിയോഗം പൂര്‍ത്തിയാക്കാന്‍ കൃപ തരണമേ. പൂര്‍ത്തിയായി എന്നു പറഞ്ഞ് ഒരു രാത്രിയെങ്കിലും ഞാന്‍ വിശ്രമിക്കട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?