Follow Us On

18

April

2024

Thursday

പ്രത്യാശയോടെ കാത്തിരിക്കേണ്ട ദിനം- ലെന്റൻ റിഫ്‌ളെക്ഷൻ 50

പ്രത്യാശയോടെ കാത്തിരിക്കേണ്ട ദിനം- ലെന്റൻ റിഫ്‌ളെക്ഷൻ 50

ദുഃഖശനി ഏറെ നിശബ്ദത കോരിയിടുന്ന ദിനമാണ്. ഉയിര്‍പ്പില്‍ പ്രത്യാശ വയ്ക്കുന്നവർക്കേ നിരാശയിലേക്ക് വീണുപോകാതെ ഈയൊരു ദിനം പിന്നിടാനാകൂ.

ഫാ. റോയ് പാലാട്ടി സി.എം.ഐ

അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെ കൊണ്ടുപോയി. അവന്‍ ആരോഹണം ചെയ്തുവെന്നതിന്റെ അര്‍ത്ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ? (എഫേ. 4:8-9).

അരിമത്തിയായിലെ ജോസഫിനെക്കുറിച്ച് രണ്ട് പ്രത്യേക പ്രതിപാദ്യങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. ഒന്ന്, അവന്‍ നീതിമാനും ധനികനുമായിരുന്നു. രണ്ട്, അവന്‍ ആലോചനാസംഘത്തിലെ അംഗമെങ്കിലും അവരുടെ ആലോചനകളില്‍ പങ്കുചേരാത്തവനായിരുന്നു. എല്ലാത്തിലുമുപരി, ദൈവരാജ്യം പ്രതീക്ഷിച്ചിരിക്കുന്നവനുമായിരുന്നു (മത്താ 27:57, ലൂക്കാ 23:50). ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് അവനെ ക്രിസ്തുശിഷ്യനാക്കിയത്.

രസകരമായ ഒരു ഖ്യാതിയിങ്ങനെ: ക്രിസ്തുവിനെ സംസ്‌കരിച്ചതിന്റെ പിറ്റേനാള്‍ പീലാത്തോസ് ജോസഫിനെ കണ്ടുമുട്ടി. ‘ജോസഫ്, ഒരു കാര്യം എനിക്ക് പിടികിട്ടുന്നില്ല. ഈ ദേശത്തെ ഏറ്റവും വലിയ ധനികനാണ് നീ. പുതുപുത്തന്‍ കല്ലറയാണ് നീ പണിതുവച്ചിരുന്നത്. എന്തുകൊണ്ടാണ് ആ ക്രിസ്തുവിനെ സംസ്‌കരിക്കാന്‍ നീയത് വിട്ടുകൊടുത്തത്?’

ജോസഫ്: ‘ആരാ പറഞ്ഞത് എല്ലാക്കാലത്തേക്കുമായിട്ടാണെന്ന്. ഈ മൂന്നുദിവസത്തെ കാര്യമേയുള്ളൂ!’ ദൈവരാജ്യം പ്രതീക്ഷിച്ചിരുന്ന ജോസഫിന് ക്രിസ്തുവിനെ അറിയാം. അറിയാമെന്ന് കരുതിയിരുന്ന പലര്‍ക്കും യഥാര്‍ത്ഥത്തില്‍ അറിയുകയുമില്ല.

ദുഃഖശനി ഏറെ നിശബ്ദത കോരിയിടുന്ന ദിനമാണ്. ഉയിര്‍പ്പില്‍ പ്രത്യാശ വച്ചിരിക്കുന്നവര്‍ക്കുമാത്രമേ നിരാശയിലേക്ക് വീണുപോകാതെ ഈയൊരു ദിനം പിന്നിടാനാകൂ. ക്രിസ്തുവിന്റെ അനുയായികളെ ആ ശനിയാഴ്ച പിടിച്ചുനിര്‍ത്തിയത് മറിയമായതുകൊണ്ടാകണം ആണ്ടുവട്ടത്തിലെ എല്ലാ ശനിയും മറിയത്തിനുള്ളതാണ്. പ്രത്യാശയുടെ പ്രഭാത നക്ഷത്രമാണവള്‍.

സൂര്യവെളിച്ചത്തെ എത്രകാലം ആകാശമേഘങ്ങള്‍ക്ക് മറച്ചു പിടിക്കാനാകും? സത്യത്തെ എത്രകാലം കല്ലറയില്‍ പൂട്ടിവയ്ക്കാനാകും? അവളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. ആ മൗനത്തിന്റെ തിരുമുറ്റത്ത് മറിയം ശിഷ്യരെയെല്ലാം ഒരുക്കിനിര്‍ത്തി, അടുത്ത പ്രഭാതത്തിനായി. ഇന്നും അവള്‍ ചെയ്യുന്നത് ഇതുതന്നെ. കാത്തിരിക്കുക, ഉയിരിന്റെ വിസ്മയം കാണാം എന്നവള്‍ പറയും. കാത്തിരിക്കുക, അവന്റെ രണ്ടാമത്തെ വരവ് കാണാം.

പാതാളത്തിലെ തടവുകാര്‍ക്കുള്ളതാണ് ഈ ദിനം എന്നതും പ്രധാനമാണ്. വിശ്വാസപ്രമാണത്തില്‍ ‘അവന്‍ പാതാളത്തില്‍ ഇറങ്ങി’ എന്ന പ്രഖ്യാപനം ശ്രദ്ധിക്കുക. ആദം മുതല്‍ ക്രിസ്തുവിന്റെ കാലംവരെ രക്ഷകനായി കാത്തുപാര്‍ത്തിരുന്ന സകല നീതിമാന്മാരെയും തന്റെ രക്ഷാകര ചെയ്തിയില്‍ പങ്കുകാരാക്കാനാണ് ഈ ഇറങ്ങല്‍. ഭൂമിയെ അനാഥമാക്കാനല്ല, പാതാളത്തെ സനാഥമാക്കാനാണ് ഈ ദിനം.

ഈയൊരു പശ്ചാത്തലത്തിലാണ് ആദിമക്രിസ്ത്യാനികള്‍ വലിയ ശനിയാഴ്ചദിവസം മാമോദീസ നല്‍കുന്ന ദിനമാക്കി മാറ്റിയത്. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയും, മാമോദീസ എന്നത് നരകത്തിലേക്കുള്ള ഇറക്കവും കയറ്റവുമാണ്. ദുഷ്ടകരങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കുന്ന കൃപയാണിത്.

കാത്തിരിക്കുന്നവര്‍ക്കാണ് ഉത്ഥാനം. വെല്ലൂര്‍ ആശുപത്രിയില്‍ കാന്‍സറിന്റെ ചികിത്സയുമായി മരണത്തോട് മല്ലിട്ടു കിടക്കുമ്പോള്‍ ഫാ. സാജന്‍ ഇങ്ങനെ പാടാന്‍ തുടങ്ങി: ‘ഒരു മഴയും തോരാതിരുന്നിട്ടില്ല; ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല; ഒരു രാവും പുലരാതിരുന്നിട്ടില്ല; ഒരു നോവും കുറയാതിരുന്നിട്ടില്ല.’

കാത്തിരിക്കുന്നവരെത്തേടി ഉത്ഥിതന്‍ വരാതിരിക്കില്ല. ഈ ഭൂമുഖത്തെ മുഴുവന്‍ ഇരുട്ടും ഒരുമിച്ചു ശ്രമിച്ചാലും ഒരു ചെറുതിരിയുടെ വെളിച്ചത്തെ നശിപ്പിക്കാനാവില്ല എന്നറിയുക. ജീവനാണ് മരണത്തെക്കാള്‍ സത്യം. വെളിച്ചമാണ് ഇരുട്ടിനെക്കാള്‍ ശക്തം. സ്‌നേഹത്തിനാണ് വെറുപ്പിനെക്കാള്‍ ഊര്‍ജം. എങ്കില്‍, ക്രിസ്തുവിന്റെ ഉയിരിനാണ് മരണത്തെക്കാള്‍ കരുത്ത്.
ഉയിര്‍പ്പ് ജീവിതാവസാനം മാത്രം ഉണ്ടാകേണ്ട ഒന്നല്ല. ജീവിതത്തിന്റെ നിരന്തര പോരാട്ടങ്ങളില്‍ സംഭവിക്കേണ്ടതാണിത്.

ഈ ജീവിതത്തിന്റെ പോരാട്ടങ്ങളില്‍ പാപത്തോടും ദുഷ്ടനോടും മരണകരമായ പ്രലോഭനങ്ങളോടും വിജയിക്കാനായില്ലെങ്കില്‍ മരണശേഷം മാത്രം സംഭവിക്കുന്ന ഒരു ഉത്ഥാനത്തില്‍ പ്രതീക്ഷ വയ്ക്കുന്നതെങ്ങനെ? നിരാശയില്‍ ചടഞ്ഞിരിക്കാതെ, ക്രിസ്തുവിന്റെ വെളിച്ചത്തില്‍ എഴുന്നേല്‍ക്കുക. ആ വെളിച്ചത്തിന്റെ പൂമുഖത്ത് ഉത്ഥിതന്‍ കാത്തുനില്‍ക്കുന്നുണ്ടാകും.

കസന്‍ദ്‌സാക്കീസ് ഓര്‍മിപ്പിക്കുന്നുണ്ട്: ഒരു ഇലയെടുത്ത് കണ്ണോടടുപ്പിച്ച് നേരെ നോക്കുമ്പോള്‍ നിങ്ങള്‍ക്കതില്‍ കുരിശു കാണാം. അതേ ഇല സൂര്യവെളിച്ചത്തിലേക്ക് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതില്‍ ഉയിര്‍പ്പുമുണ്ട്. കുരിശുമരണങ്ങളും ഉയിര്‍പ്പും നിത്യജീവിതത്തിലെ സംഭവങ്ങളാണ്. ജീവിതകുരിശുകളെ ആ നീതിസൂര്യന്റെ നേരെ ഉയര്‍ത്തുക. എന്നിട്ട്, പതുക്കെ പതുക്കെ ഉയിര്‍ക്കുക. ഉയിരിന്റെ നാഥന്‍ കൂടെയുണ്ട്.

പ്രാര്‍ത്ഥന: അനുദിന പോരാട്ടങ്ങളില്‍ പതറാതെ ഉത്ഥിതനില്‍ മനസുറപ്പിക്കാന്‍ മറിയമേ, തുണയായിരിക്കണ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?