Follow Us On

03

June

2020

Wednesday

കൊറോണാ വാക്‌സിൻ മനുഷ്യൻ കണ്ടെത്തും, ശാസ്ത്രംതന്നെ ജയിക്കും! കാരണം ബൈബിളിലുണ്ട്!

കൊറോണാ വാക്‌സിൻ മനുഷ്യൻ കണ്ടെത്തും, ശാസ്ത്രംതന്നെ ജയിക്കും! കാരണം ബൈബിളിലുണ്ട്!

ദൈവനിഷേധികളും യുക്തിവാദികളും വാദിക്കുന്നതുപോലെ, കൊറോണയെ ചെറുക്കാനുള്ള വാക്‌സിൻ മനുഷ്യൻ തന്നെ കണ്ടുപിടിക്കും, ശാസ്ത്രംതന്നെ ജയിക്കും. അതാന്താ അങ്ങനെ എന്ന് ചോദിക്കുംമുമ്പ് ബൈബിൾ വായിക്കൂ, കാരണം ബൈബിളിന്റെ ആദ്യഭാഗത്തുതന്നെ അതിന്റെ ഉത്തരമുണ്ട്.

ക്രിസ്റ്റഫർ ജോസ്

ദൈവത്തിന്റെ അസ്ഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളും ആക്ഷേപങ്ങളുമൊക്കെയാണ് ഈ ദിനങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്. കൊറോണാ വൈറസും തന്മൂലമുള്ള ക്ലേശങ്ങളും  ദൈവമില്ല എന്ന് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ വലിയൊരു ഉത്സവമായി കൊണ്ടാടുന്നുമുണ്ട്, വിശിഷ്യാ, സാമൂഹ്യമാധ്യമങ്ങളിൽ.

ദൈവം ഒരു കള്ളവും ശാസ്ത്രം മാത്രം സത്യവും എന്ന് ഇക്കൂട്ടർ പറയുമ്പോൾ, ചോദിക്കാനാഗ്രഹിക്കുന്ന  പ്രസക്തമായ ഒരു ചോദ്യമിതാണ്: ‘എന്നാണ് ശാസ്ത്രം ആവിർഭവിച്ചത്?’ കൃത്യമായ ഒരു ഉത്തരം കണ്ടെത്തുക സാധ്യമാകുമെന്ന് തോന്നുന്നില്ല. എങ്കിലും ‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്’ എന്ന പൊതുവിൽ സ്വീകാര്യമായ ഒരു തത്വത്തിലേക്ക് നമുക്ക് എത്തിച്ചേരാനാകും.

മനുഷ്യരാശിയുടെ പുരോഗതിയിൽ നിർണായകമായ ചക്രത്തിന്റെ കണ്ടുപിടുത്തം മുതൽ ഇന്ന് നമ്മുടെ ജീവിതം ഇത്ര സുന്ദരവും അനായാസകരവുമാക്കുന്നതിൽ  ശാസ്ത്രത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന ആഹാരം, വസ്ത്രം, പാർപ്പിടം തുടങ്ങി ഇന്ന് മനുഷ്യൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്റർനെറ്റും അതിന്റെ അനന്തസാധ്യതകളും വരെ എല്ലാം പലവിധത്തിലുള്ള ശാസ്ത്ര ശാഖകളുടെ സംഭാവനകൾ തന്നെയാണ്.

എന്തുകൊണ്ട് ഇത്തരം പുതിയ പുതിയ അറിവുകളിലേക്ക് മനുഷ്യൻ കടക്കുന്നു എന്ന് ചോദിച്ചാൽ ‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്’ എന്ന് തന്നെയാണ് ഉത്തരം. അതായത് പുതിയ ആവശ്യങ്ങൾ ഉണ്ടാവുമ്പോൾ പുതിയ കണ്ടുപിടുത്തങ്ങളും സംഭവിക്കുന്നു. അങ്ങനെ നോക്കിയാൽ കോവിഡ് 19നുള്ള പ്രതിവിധിയും ശാസ്ത്രം കണ്ടെത്തും, തീർച്ച.

മനുഷ്യനെന്താ ഇത്രമാത്രം ആവശ്യം? 

ശാസ്ത്രത്തിന്റെ കാഴ്ചപാടുകളിലൂടെ നോക്കിയാലും ബൈബിളിന്റെ അടിസ്ഥാനത്തിൽ നാക്കിയാലും ഭൂമിയിൽ അവസാനം രൂപം കൊണ്ട ജീവിവർഗമാണ് മനുഷ്യൻ. അപ്പോൾ മനുഷ്യന് മുമ്പേ രൂപംകൊണ്ട, ഇപ്പോഴും ഈ ഭൂമിയിൽ നിലനിലൽക്കുന്ന മറ്റ് ജീവജാലങ്ങൾക്കൊന്നും പുതിയ ആവശ്യങ്ങൾ ഇല്ലായിരുന്നോ?

ശാരീരികമായി നോക്കിയാൽ മനുഷ്യനേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള എത്രയോ മൃഗങ്ങളുണ്ട്. ശക്തികൊണ്ടും വേഗത കൊണ്ടും ഘ്രാണശക്തി കൊണ്ടും കേൾവി ശക്തി കൊണ്ടും കാഴ്ചശക്തി കൊണ്ടും പറക്കാനുള്ള കഴിവുകൾ കൊണ്ടും അങ്ങനെ എല്ലാത്തരത്തിലും നോക്കിയാൽ മനുഷ്യനേക്കാൾ മുൻപന്തിയിലായ മറ്റു ജീവികൾ, എന്നാൽ അവക്ക് ഇല്ലാത്ത വിധം ആവശ്യങ്ങൾ ഉണ്ടാകാനും ആവശ്യങ്ങളോട് പ്രതികരിക്കാനും അസാധ്യതകളെ സാധിതമാക്കാനും മനുഷ്യന്  മാത്രം എങ്ങിനെ സാധിച്ചു?

ശാസ്ത്രത്തിന്റെ ഭാഷയിൽ, മഹാവിസ്‌ഫോടനത്തിന്റെ ഫലമായി ജലത്തിൽ ആദ്യം ഉണ്ടായ ഏകകോശ ജീവികൾ, പിന്നീട് ഉണ്ടായ ബഹുകോശ ജീവികൾ, തുടർന്ന് ഉണ്ടായ സങ്കീർണ്ണ കോശഘടനയോടു കൂടിയ വലിയ ജീവികൾ, മനുഷ്യൻ ആവിർഭവിക്കുന്നതിന് മുമ്പേ വംശനാശം സംഭവിച്ച ജീവികൾ… ഈ വിധം തന്നെയാണ് മനുഷ്യനും ഉണ്ടായതെങ്കിൽ ഈ ജീവികൾക്കൊന്നും ഇല്ലാത്ത വിധം മനുഷ്യനുമാത്രം എന്താണ് പ്രത്യേകത?

തിരിച്ചറിയണം, മനുഷ്യന്റെ സവിശേഷത

മേൽപ്പറഞ്ഞ മറ്റുള്ള ജീവികളേക്കാൾ വികാസം പ്രാപിച്ച തലച്ചോറാണ് മനുഷ്യന്റേത്. എന്തുകൊണ്ട് മനുഷ്യന്റെ തലച്ചോറ് മാത്രം ഇത്രയും വികാസം പ്രാപിച്ചു? അതിന് ഉത്തരം നൽകാൻ കഴിയുന്ന ഒരു പുസ്തകമേ ഉള്ളൂ, അതിന്റെ പേരാണ്, ബൈബിൾ.

ഉല്പത്തി പുസ്തകം ഒന്നാം അധ്യായത്തിന്റെ 20 മുതലുള്ള വാക്യങ്ങളിൽ ദൈവത്തിന്റെ സൃഷ്ടികർമ്മത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. ഉണ്ടാകട്ടെ എന്ന വാക്കിൽ നിന്നു പുൽകൊടി മുതൽ സർവ്വ ജീവജാലങ്ങളേയും  സൃഷ്ടിച്ച ദൈവം എന്നാൽ, മനുഷ്യനെ സൃഷ്ടിച്ചത് സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണെന്നത് വിസ്മരിക്കരുത്.

ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. ദൈവത്തിന്റെ ഛായയിൽ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയും മേൽ നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ. (ഉൽപ്പ. 1:26- 28)

എന്തുകൊണ്ടാണ് മറ്റു ജീവികളിൽ നിന്നും മനുഷ്യൻ വ്യത്യസ്തനായിരിക്കുന്നത്? എന്തുകൊണ്ടാണ് മനുഷ്യന്റെ മസ്തിഷ്‌കം മറ്റു ജീവികളുടേതിൽ നിന്നും വ്യത്യസ്തമായ വിധത്തിൽ വികാസം പ്രാപിച്ചത്? അതിന്  ഉള്ള ഒരേ ഒരു ഉത്തരം, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്നതാണ്.

എന്താണ് ഛായയും സാദൃശ്യവും?

ദൈവത്തിന് വിധേയപ്പെട്ട് അവിടുന്ന് സൃഷ്ടിച്ചവ അനുഭവിക്കാനും  സൃഷ്ടികർമ്മങ്ങളിൽ പങ്കാളികളാകാനും മക്കൾക്കുള്ള അവകാശവും സ്വാതന്ത്ര്യവും. കാരണം, മനുഷ്യനിലേക്ക് നിക്ഷേപിക്കപ്പെട്ട ജീവൻ ദൈവത്തിന്റെ ശ്വാസത്തിൽ നിന്നുമായിരുന്നു. ദൈവമായ കർത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു. (ഉൽപ്പ. 2:7)

തന്റെ ശ്വാസത്തിൽ നിന്നും ജീവൻ പ്രാപിച്ച മനുഷ്യനാണ് താൻ സൃഷ്ടിച്ച ആകാശത്തിന്റേയും ഭൂമിയുടേയും മേൽ ദൈവം  ആധിപത്യം കൊടുത്തത്. കാഴ്ചയിലും സ്വാഭാവത്തിലുമൊക്കെ മക്കൾക്ക് തങ്ങളോടുള്ള സാമ്യത്തെ കുറിച്ച് മാതാപിതാക്കൾ വാചാലരാകാറുണ്ട് മക്കളോടുള്ള വലിയ സ്നേഹമാണ് അതിന് കാരണം.

ദൈവത്തിന് തന്റെ സൃഷ്ടിയായ മനുഷ്യനോടുള്ള സ്‌നേഹത്തെ കുറിച്ച് ബൈബിളും പറയുന്നത് അങ്ങനെയാണ് തന്റെ പുത്രനെ പോലും ഒഴിവാക്കാതെ എല്ലാം തന്ന് ദൈവം നമ്മെ സ്‌നേഹിച്ചു. സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി അവനെ ഏൽപ്പിച്ചുതന്നവൻ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നൽകാതിരിക്കുമോ? (റോമാ. 8:32)

സകല സൃഷ്ടിയുടേയും മകുടമായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെയാണ് തന്റെ സൃഷ്ടികളെ പരിപാലിക്കാനും സംരക്ഷിക്കാനും കാലഘട്ടങ്ങൾക്കനുസരിച്ച്, ആവശ്യത്തിനനുസരിച്ച്, പ്രബഞ്ചത്തിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനും ദൈവം മനുഷ്യനെ അനുവദിച്ചത്.

എങ്കിലും എല്ലാം കണ്ടെത്താൻ എല്ലാവരേയും അവിടുന്ന് അനുവദിച്ചിട്ടുമില്ല. എന്നാൽ, എല്ലാവർക്കും അവരുടേതായ ഉത്തരവാദിത്വങ്ങളും അവിടന്ന് കൊടുത്തിട്ടുണ്ട്. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാൻവേണ്ടി ദൈവം മുൻകൂട്ടി ഒരുക്കിയ സത്പ്രവൃത്തികൾക്കായി യേശുക്രിസ്തുവിൽ സൃഷ്ടിക്കപ്പെട്ടവരാണ്. (എഫേസോസ് 2:10)

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോലും കുതിരയൊ കാളയൊ തുടങ്ങി ഏതെങ്കിലും ഒരു ജീവിയുടെ സഹായമില്ലാതെ മുന്നോട്ട് നീങ്ങുന്ന ഒരു വാഹനത്തെ കുറിച്ച് മനുഷ്യർക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ഇന്നൊ? അത്തരം ജീവികളുടെ സഹായത്തോടെയുള്ള വാഹനങ്ങൾ എതാണ്ട് വിസ്മൃതിയിലാണ്ട് കഴിഞ്ഞു. എത്രയൊ നൂറ്റാണ്ടുകൾക്ക് മുമ്പ് കണ്ടുപിടിക്കപ്പെട്ട ചക്രമാണ് ഇന്നത്തെ ഈ പുരോഗതിക്ക് കാരണം.

ചക്രം കണ്ടു പിടിച്ചയാൾ സ്വപ്‌നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല തന്റെ കണ്ടുപിടുത്തം മനുഷ്യരാശിക്ക് ഇത്രയും വലിയ പുരോഗതി സമ്മാനിക്കുമെന്ന്, വിമാനം പോലും പറന്നുയരുന്നത് മൂന്ന് ചക്രങ്ങളിലൂടെ സഞ്ചരിക്കുന്നത് മൂലം ലഭിക്കുന്ന ഗതിവേഗത്തിൽ നിന്നാണല്ലോ.ഇരുമ്പ് കണ്ടെത്തിയ ആൾ അതു കൊണ്ടുണ്ടാക്കാൻ പോകുന്ന യന്ത്രങ്ങളെ കുറിച്ച് ചിന്തിച്ചിരിക്കില്ല. സ്വർണ്ണം കണ്ടെത്തിയ ആൾ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയാണ് തന്റെ കയ്യിലിരിക്കുന്നത് എന്നും ചിന്തിച്ചിരിക്കില്ല

ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴുന്നതിനും മുമ്പ് ആപ്പിളും മാങ്ങയും തേങ്ങയുമെല്ലാം താഴേക്ക് വീഴുന്നത് ആ കാലത്തും അതിന് മുമ്പുമൊക്കെയുള്ള ജനങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ഭൂഗുരുത്വാഘർഷണം കണ്ടുപിടിക്കാൻ ദൈവം ഭരമേൽപ്പിച്ചത് ഐസക് ന്യൂട്ടനെ ആയിരുന്നു. ആ തത്വത്തെ ആധാരമാക്കി എന്തെല്ലാം കണ്ടുപിടുത്തങ്ങൾ പിൽകാലത്ത് നടന്നിരിക്കുന്നു.

ഓരോ കാലഘട്ടത്തിനും ആവശ്യമുള്ള അറിവുകളും കണ്ടെത്തലുകളും നടത്താൻ ദൈവം തന്നെയാണ് മനുഷ്യനെ അനുവദിക്കുന്നത്. എന്നാലും  ആ അറിവുകൾ അതിൽത്തന്നെ പൂർണ്ണമാകുന്നുമില്ല. എങ്കിലും അവ സചേതനങ്ങളായി നിലനില്ക്കുന്നു. അതിന്റെ പൂർണ്ണത ആവശ്യപ്പെടുന്ന കാലഘട്ടങ്ങളിൽ പഴയ അറിവിന്റെ ചുവടുപിടിച്ചു പുതിയ ചരിത്രങ്ങൾ രചിക്കപ്പെടുന്നു. അതു പുതിയൊരു കാലഘട്ടത്തിൽ കൂടുതൽ ഉയരങ്ങളിലെത്താൻ കാത്തു സൂക്ഷിക്കപ്പെടുന്നു.

അതുകൊണ്ട് കണ്ടുപിടുത്തങ്ങൾ എല്ലാം തന്നെ ദൈവസ്‌നേഹത്തിലേക്കും ദൈവാസ്ഥിത്വത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. കാരണം ഓരോ കണ്ടുപിടുത്തവും മനുഷ്യനോടുള്ള ദൈവത്തിന്റെ സ്‌നേഹത്തയാണ് വെളിവാക്കുന്നത്. ശാസ്ത്രം ഒരിക്കലും ഒറ്റക്ക് നിലനിൽക്കുന്നതല്ല അതിന് അടിസ്ഥാനമിട്ടിരിക്കുന്നത് ദൈവ സ്‌നേഹത്തിലും കരുതലിലുമാണ്. സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. (റോമാ 8:19)

അതുകൊണ്ട് തന്നെ ഇന്ന് ഈ ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കോവിഡ് 19 എന്ന വൈറസിനെതിരെയും മരുന്ന് കണ്ടു പിടിക്കപ്പെടും, അതിന് മുമ്പേയുള്ള, ദൈവം അനുവദിക്കുന്ന ഈ സമയം പ്രാർത്ഥനയോടെ സ്വന്തം വിശുദ്ധീകരണത്തിനും ദൈവനിഷേധികളുടെ മാനസാന്തരത്തിനുമായി ദൈവതിരുമുമ്പിലായിരിക്കാം. തനിക്ക് ലഭിച്ച ചിന്തകളും ആശയങ്ങളും സ്വാർത്ഥലാഭത്തിനായി തിന്മയാക്കി മാറ്റുന്നവരുമുണ്ട്. അത്തരക്കാരുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കാനുളള സമയം കൂടിയാണിതെന്ന് മറക്കരുത്.

വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട് ഐൻസ്റ്റീൻ മതത്തെയും ശാസ്ത്രത്തെയും കുറിച്ച് പറഞ്ഞ ഒരു കമന്റ് കുറിച്ചുകൊണ്ട് ഈ ലേഖനം ചുരുക്കാം: ‘മതമില്ലാത്ത ശാസ്ത്രം മുടന്തുള്ളതാണ്,ശാസ്ത്രമില്ലാത്ത മതം അന്ധവുമാണ്. ദൈവം ഒരു രഹസ്യമാണ് പക്ഷെ മനസ്സിലാക്കാവുന്നതെ ഉള്ളൂ.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?