Follow Us On

25

September

2020

Friday

കേൾക്കുന്നുണ്ടോ? കൊറോണാ വൈറസ് നമ്മോട് പറയുന്ന കാര്യങ്ങൾ!

കേൾക്കുന്നുണ്ടോ? കൊറോണാ വൈറസ് നമ്മോട് പറയുന്ന കാര്യങ്ങൾ!

ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ച് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് തിരക്കുപിടിച്ച് പടർന്നുകയറുന്നതിനിടയിലും ചില കാര്യങ്ങൾ കൊറോണാ വൈറസ് നമ്മോട് പറയാതെ പറയുന്നുണ്ട്. കേൾക്കുന്നുണ്ടോ അക്കാര്യങ്ങൾ…

ഡോ. ബിൻസ് എം. മാത്യു

ഭയം ഒരു നാഗരികതയുടെ പേരായി മാറുകയാണ്. ഉത്തരാർദ്ധത്തെയും ദക്ഷിണാർദ്ധത്തെയും പൊതിയുകയാണത്. ഭൂഖണ്ഡങ്ങൾക്കുമേൽ ഭീതിയുടെ മേഘാവരണം. ഒന്നല്ല എല്ലാ ഭൂഖണ്ഡങ്ങളും ഇരുണ്ടതായി മാറിയിരിക്കുന്നു. ഏകാന്തവാസം നമുക്ക് ചില പാഠങ്ങൾ സമ്മാനിക്കുന്നുണ്ട്.

ധ്യാനമാവാത്ത നമ്മുടെ പ്രാർത്ഥനകൾ- വെറും അധര കസർത്തുകൾ മാത്രമായിരുന്നില്ലേ പലതും? വാക്കുകളും ഹൃദയവും രണ്ട് വഴിക്ക് പിരിഞ്ഞു പോയവ. ഇന്ന് ഹൃദയത്തിൽ ദൈവത്തെ സ്വീകരിക്കാൻ നാം പഠിച്ചു. ദിവ്യകാരുണ്യം ഹൃദയംകൊണ്ട് സ്വീകരിക്കുകയാണ് നാം, ഭയത്തെ പ്രാർത്ഥന കൊണ്ട് നേരിടുകയാണ് നാം.

ഭയം ആത്മീയതയുടെ ശരിയായ വാതിലാണോ? ഭയപ്പെടുത്തിക്കൊണ്ട് ആത്മീയത വിതറുന്നവരെ കണ്ടിട്ടുണ്ട്. ഭയപ്പാടിന്റെ രാത്രി തീരും, സൂര്യനുദിക്കും അപ്പോൾ അത് കരിഞ്ഞുപോകും. കാരണം അത് വീണത് മണ്ണധികമില്ലാത്ത പാറമേലായിരുന്നു. സത്യത്തിൽ, സ്‌നേഹമല്ലേ പ്രാർത്ഥനയുടെ ആദിരൂപവും അന്ത്യരൂപവും.

അത്മീയത ഉദിക്കുന്നതും വൃദ്ധിനേടുന്നതും സ്‌നേഹത്തിൽ നിന്നല്ലേ? ദൈവസ്‌നേഹവും പരസ്‌നേഹവും ഇതില്ലാത്ത ഭയത്തിന്റെ ആത്മീയതയ്ക്ക് ആയുസുണ്ടാവില്ല. അതുകൊണ്ട് ലോക് ഡൗൺ എന്നത് മനസിന്റെ പുട്ടുതകർത്ത് അകത്തു കയറാനുള്ള മാർഗമാണെന്നറിയണം. കണ്ടുപിടിക്കാത്ത വൻകരകൾ ഉള്ളിൽത്തന്നെയുണ്ടെന്ന് അറിയണം.

മനുഷ്യൻ ഒരു ഏകവചനമാണെന്ന് നാം അറിയുന്നു. ലോകത്തിലെ എല്ലാ മനുഷ്യരുടെയും ചിന്ത ഒരേ ദിശയിൽ ഒഴുകുന്നു. മനുഷ്യർ നിർമിച്ച സുരക്ഷിതത്വത്തിന്റെ കോട്ടകൾ ദുർബലമാണെന്ന് അറിയുന്നു. സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും ഒരുപോലെ.

സാങ്കേതിക വിദ്യകൾ മനുഷ്യനുതന്നെ ഭാരമായിമാറുന്നു (അമേരിക്ക മാസ്‌കുകൾക്കു വേണ്ടി ചൈനയെ ആശ്രയിക്കുമ്പോൾ ഇന്ത്യയിലെ തയ്യൽക്കാർ സൂചിയും നൂലും കോർത്ത് പണി തുടരുന്നു) മനുഷ്യർ ഒന്നാണെന്നും സകലഭൂപടങ്ങൾക്കുമപ്പുറം മനുഷ്യരൊക്കെ ഒറ്റ വീട്ടിലാണെന്നും കൊറോണ നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

ഇവിടുത്തെ ഓരോ മനുഷ്യജീവിയും പ്രധാനപ്പെട്ടതാണ്. തൊണ്ണൂറ്റി ഒൻപതിനെ ഉപേക്ഷിച്ച് ഒന്നിനെ തേടിപ്പോയ തലതിരിഞ്ഞ ക്രിസ്തുവിന്റെ ഗണിതം ഇന്ന് നിലനിൽപ്പിന്റെ സമവാക്യമായി മാറുന്നുണ്ട്. വഴിതെറ്റി ശരീരത്തിൽ വൈറസ് കയറിയ ആ ഒരാൾ മറ്റ് 99 പേരെക്കാൾ വിലയുള്ളവനാണ്. 100ന്റെ കഥ കഴിക്കാൻ ഒരു വിത്ത് മതിയാകും.

വൈറസ് അങ്ങനെയാണ്. ശരീരത്തിന് വെളിയിൽ അതിന് നിലനിൽപ്പില്ല. അതിന് ഒരു ശരീരംവേണം. ജീവനുള്ള ഒരു ശരീരം. പിന്നെ മനുഷ്യകോശത്തിന്റെ ഭാഗമായി അത് ജീവിച്ചുകൊള്ളും. ചിലപ്പോൾ പാപവും മനുഷ്യനെ പിടികൂടുന്നത് അങ്ങനെയാണ്, പതുക്കെ ഓരോ കോശങ്ങളിലൂടെയും അപഥസഞ്ചാരം ചെയ്ത് നാം പോലുമറിയാതെ അത് വളരും. പിന്നെ കൊണ്ടുംകൊടുത്തും ആളെക്കുട്ടി നാം മുന്നേറുന്നു.

നാം പോയ വഴികളിൽ ചിന്താപഥങ്ങളിൽ വാക്കുകളിൽ വൈറസുകൾ പടർത്തിയിരുന്നോ എന്ന് ഓർത്തെടുക്കേണ്ട കാലമാണ്. പിന്നെ വൈറസിൽനിന്ന് ഒരു കല്ലേറ് ദൂരം പാലിക്കാനുള്ള ഓർമപ്പെടുത്തലുമുണ്ട് ഇവിടെ. ഇടയ്ക്ക് കൈകൾ കഴുകി നിർമലരാകാനുള്ള ആഹ്വാനവുമുണ്ട് (പീലാത്തോസ് കഴുകിയതുപോലയുള്ള കഴുകലല്ല, പീലാത്തോസിന്റെ കൈയിൽ നിന്ന് വിട്ടുപോയിരുന്നില്ല) സമയമെടുത്ത് കഴുകണം, ഓർത്തെടുത്ത് ഓരോ ഇന്ദ്രിയങ്ങളെയും ശുദ്ധീകരിക്കണം.

ഒന്നും തീരുകയല്ല. പുതിയ തുടക്കങ്ങൾക്ക് ആരംഭം കുറിക്കുകയാണ്. വൈലോപ്പിളളിക്കവിതപോലെ,

‘മാവുകൾ പൂക്കും

മാനത്തമ്പിളി വികസിക്കും

മാനുഷ്യർ തമ്മിൽ സ്‌നേഹിക്കും വിഹരിക്കും…’

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?