Follow Us On

11

July

2020

Saturday

‘തോല്‍ക്കുന്ന’ ദൈവത്തിന്റെ കൂട്ടിരുപ്പുകാര്‍!

‘തോല്‍ക്കുന്ന’ ദൈവത്തിന്റെ കൂട്ടിരുപ്പുകാര്‍!

റോയി അഗസ്റ്റിന്‍, മസ്‌കറ്റ്

നാലുചുവരുകള്‍ക്കുള്ളിലേക്ക് ലോകം ചുരുങ്ങിയിട്ട് നൂറു ദിവസങ്ങളാകുന്നു. നഗരങ്ങള്‍ മരണത്തിന്റെ നിഴല്‍വീണ താഴ്‌വരകളായിട്ടും… മരണത്തിന്റെ ഗന്ധം പേറുനന്നൊരു കാറ്റ് പുറത്തു ചൂളമടിക്കുന്നുണ്ട്. ഒന്നും ഇങ്ങനെ ആയിരുന്നില്ല, ഇതു വരെ. ഇനിയങ്ങോട്ട് നമ്മുടെ ജീവിതം എങ്ങനെയാകും എന്ന് ആകുലപ്പെടാത്തവര്‍ ആരുമുണ്ടാകില്ല. ഒന്നുറപ്പ് ഇതുവരെ ജീവിച്ചുതീര്‍ത്ത ജീവിതമായിരിക്കില്ല ഇനി ജീവിക്കാനുള്ള ജീവിതം!

നമ്മുടെ ബോധമണ്ഡലത്തിന്റെ പരിസരങ്ങളില്‍പോലും നാം ചിന്തിക്കാതിരുന്നതൊക്കെ സംഭവിക്കുന്നുണ്ടിപ്പോള്‍. വിചാരിക്കാതെ സംഭവിച്ചവയൊക്കെ നമ്മുടെ ജീവിതത്തെ അപരിചിതമായൊരു തുരുത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നു.

ചില തിരിച്ചറിവുകളുടെ കൂടെ കാലമാണിത്. നമ്മള്‍ ആഗ്രഹിക്കാതെ പലതും നമ്മുടെ അനുവദമില്ലാതെതന്നെ നമ്മുടെ ജീവിതത്തിലേക്ക് വരാമെന്നതിന്റെ, ജീവിതത്തില്‍ ഒന്നും സ്ഥിരമല്ല എന്നതിന്റെയൊക്കെ… ഇപ്പോള്‍ നീ അനുഭവിക്കുന്ന സന്തോഷങ്ങള്‍, നിനക്ക് കിട്ടിയ പ്രശസ്തി, സ്‌നേഹാദരവുകള്‍, ഒന്നും സ്ഥായിയാട്ടുള്ളതല്ലെന്ന് ഈ കാലം പറഞ്ഞുതരുന്നു. ഇന്നലെ വരെ നിന്നെ പുകഴ്ത്തിയവരും, ആദരവുകളുടെ തിടമ്പേറ്റിയവരും , നിന്റെ തോളോടുതോള്‍ ചേര്‍ന്നുനിന്നവരും ഒരു പക്ഷേ തിരിച്ചുവരവില്ലാത്തൊരു യാത്രയിലാണെന്ന ത് നമ്മെ പരിഭ്രമിപ്പിക്കുന്നുണ്ട്.

ഇപ്പോഴുള്ളവയൊക്കെ എപ്പോഴും ഉണ്ടാകുമെന്നു കരുതുന്നതിലും വലിയ മണ്ടത്തരം വേറെന്താണ്? ഇപ്പോള്‍ നമുക്ക് എല്ലാമുണ്ട്, എല്ലാവരുമുണ്ട്. സ്‌നേഹം പങ്കിടാന്‍ പങ്കാളി, വാത്സല്യം പകരാന്‍ മക്കള്‍, ജോലി, ആരോഗ്യം, സമൂഹത്തില്‍ മാന്യത, സ്ഥാനമാനങ്ങള്‍.. എന്നാലിതൊക്കെ എന്നുമുണ്ടാകുമെങ്ങനെ കരുതാനാകും? ചിറകുമുളച്ചു കഴിയുമ്പോള്‍ മഴവില്ലഴകുകളുടെ പുതിയ ആകാശങ്ങള്‍ തേടി മക്കള്‍ പറന്നുപോകും. നിന്റെ ഇഷ്ടങ്ങള്‍ പങ്കാളിയുടെതല്ലാതാകുമ്പോള്‍ ജീവിതപങ്കാളിയും നിന്നോടസ്വസ്ഥ പ്രകടിപ്പിക്കാന്‍ തുടങ്ങും; തിരിച്ചും. ജോലിയില്‍ കിട്ടുന്ന ആദരവും അംഗീകാരവും അതു ചെയ്യാന്‍ നിനക്ക് കഴിവുണ്ടാകുന്ന ദിവസംവരെ മാത്രം. ആരോഗ്യം നീ രോഗിയാകുന്നതുവരെയും പേര് പേരുദോഷം ഉണ്ടാകുന്ന സമയം വരെയും.

ദൈവമെന്തേ ഇങ്ങനെ?

ഒരു സന്ധ്യാപ്രാര്‍ത്ഥനക്കൊടുവിലാണ് ജീവിത പങ്കാളി ചോദിച്ചത് ഇത്രയേറെ പ്രാര്‍ത്ഥിച്ചിട്ടും ദൈവം ഒന്നും ചെയ്യാത്തതെന്തേ? നമ്മുടെ ആയുസില്‍ ലോകം ഒന്നാകെ ഇതുപോലെ ദൈവത്തിലേക്ക് തിരിഞ്ഞ മറ്റൊരു കാലമുണ്ടോ? ദൈവത്തിന്റെ നിശബ്ദത പരാജയപ്പെട്ടവന്റെ ഒഴിഞ്ഞുമാറലാണോ? ദൈവമില്ലെന്ന് വിശ്വസിക്കുകയും പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ചാകരക്കാലമാണിത്.

പഴയനിയമത്തില്‍ നാം കണ്ടുമുട്ടുന്നൊരു ദൈവമുണ്ട്. മേഘങ്ങളെ വാഹനമാക്കുന്നവന്‍. കാറ്റിന്റെ ചിറകിലേറി എല്ലാ വിധ മഹിമ പ്രതാപത്തോടും കൂടി എഴുന്നള്ളി വരുന്ന ഒരു ദൈവം, ശത്രുവിനെ മുച്ചൂടും മുടിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവ്. ചോദിക്കുമ്പോള്‍ ഉത്തരം തരുന്നവൻ. വിജയം നൽകുന്ന ഐശ്വര്യദായകനായ ദൈവം. ദൈവത്തെക്കുറിച്ചുള്ള ഈ വിചാരം യഥാര്‍ത്ഥത്തില്‍ പ്രതിസന്ധിയുടെ കാലത്ത് വിശ്വാസജീവിതത്തെ അരക്ഷിതമാക്കുന്നുണ്ട്. ദൈവം വിജയിക്കുന്നവര്‍ക്കൊപ്പം മാത്രമല്ല, പരാജയപ്പെടുന്നവര്‍ക്കൊപ്പവും ചേരുന്നവനല്ലേ? മാറാരോഗത്താല്‍ വേദനിക്കുന്നവനും, ഒരു നേരത്തെ ആഹാരമില്ലാത്തവനും ദൈവാനുഗ്രഹത്തിനുപുറത്തു ജീവിക്കുന്നവരാണോ?

പ്രാര്‍ത്ഥനകള്‍ക്കും പരിത്യാഗങ്ങള്‍ക്കും ഉത്തരം കിട്ടാത്തപ്പോഴും, ഏതു കൊടുങ്കാറ്റിലും പേമാരിയിലും ഇടറാതെയും ഇളകാതെയും ദൈവത്തിന്റെ കൈകളില്‍ ജീവിതമേല്‍പ്പിച്ചുകൊടുക്കാനും ആത്മീയതയില്‍ വളര്‍ന്നവര്‍ക്കേ കഴിയൂ. ഏറുന്ന ജീവിതനൊമ്പരങ്ങള്‍ക്കിടയിലും ഉത്തരമില്ലാതെ അവശേഷിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കുമിടയില്‍ നമുക്ക് തോന്നിയേക്കാം ദൈവം ശത്രുപക്ഷത്തുനിന്ന് നമ്മെ വേട്ടയാടുകയാണെന്ന്! ആഴമായ ദൈവൈക്യത്തില്‍ നിന്നുയര്‍ന്ന ഒരു പ്രാര്‍ത്ഥന നാം കേട്ടത് ഗത്സമേനിയിലാണ്.

‘പിതാവേ എന്റെ ഹിതമല്ല, നിന്റെ ഹിതം നിറവേറട്ടെ’. ദൈവഹിതം വെളിപ്പെടുന്നതിനുള്ള വഴിയാണ് പ്രാര്‍ത്ഥന. അപ്പോള്‍ എന്റെ ഇഷ്ടത്തിനനുസരിച്ച് ദൈവം മാറുകയല്ല, ദൈവത്തിന്റെ ഹിതപ്രകാരം ഞാന്‍ മാറുകയാണ്. അതാണല്ലോ കാല്‍വരിയുടെ നെറുകയിലും കാണ്ടത്. എന്റെ ദൈവമേ, ‘എന്റെ ദൈവമേ നീ എന്തിനെന്നെ ഉപേക്ഷിച്ചു’ എന്ന പുത്രന്റെ ഹൃദയം പിളർന്നുള്ള നിലവിളിക്ക് അപ്പന്റെ മറുപടി വന്യമായൊരു നിശബ്ദത (Aggressive Silence) ആയിരുന്നിട്ടും ശാന്തമായി തോളില്‍ തലചായ്ച് മരണത്തെ പുല്‍കാന്‍ ക്രിസ്തുവിന് ബലം നല്‍കിയത് ദൈവഹിതം തിരിച്ചറിഞ്ഞതു കൊണ്ടായിരുന്നല്ലോ?

ഇതെഴുതുമ്പോള്‍ കോവിഡ് 19 ഒന്നേകാൽ ലക്ഷത്തിലധികം ജീവന്‍ കവര്‍ന്നു കഴിഞ്ഞു. ഇനിയും എത്രയോ ആയിരങ്ങള്‍…? അവര്‍ എന്ത് തെറ്റു ചെയ്തിട്ടാണ് സഹിക്കേണ്ടിയും മരിക്കേണ്ടിയും വരുന്നത്? നീതിമാന്‍ എന്തുകൊണ്ട് സഹിക്കുന്നു എന്ന ചോദ്യത്തോട് വിശുദ്ധ ഗ്രന്ഥം ഒരു പരിധിവരെ നിശബ്ദത പാലിക്കുകയാണ്. അത് ദൈവത്തിന് മാത്രം അറിയാവുന്ന കാര്യമാണ്. സഹനത്തിന്റെ ഉത്തരം തേടി അലയുന്നവരെല്ലാം അവസാനം ദൈവത്തിന്റെ നിശബ്ദതയില്‍ ഉത്തരം കണ്ടെത്തുന്നു. ‘ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം! (റോമ 11:33)

ദൈവത്തിന്റെ നിശബ്ദതയ്ക്ക് ദൈവീക പദ്ധതികളുടെ കാലതാമസമുണ്ട്. സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തിന്റെ പദ്ധതിയില്‍ സഹനങ്ങളുടെ മൂല്യം വിലമതിക്കാനാവാത്തതാണ്. കാല്‍വരിയിലെ കുരിശാണ് നീതിമാന്റെ സഹനങ്ങള്‍ക്കുള്ള ഉത്തരം. ഇക്കഴിഞ്ഞ മാര്‍ച്ച് 27-ാം തിയതി നഗരത്തിനും ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ദിവ്യകാരുണ്യം എടുത്തുയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ചപ്പോള്‍ മാനസാന്തരപ്പെട്ട ലാറാ യൂജെയിനിയുടെ സാക്ഷ്യവും നമ്മെ കൊണ്ടെത്തിക്കുന്നത് കാല്‍വരിയിലെ കുരിശിലേക്ക് തന്നെയാണ്.

യഥാര്‍ത്ഥ വിശ്വാസിയുടെ ജീവിതത്തിന്റെ ഓരങ്ങളില്‍പോലും ഉണ്ടാകില്ല അപ്രതീക്ഷിതം എന്ന വാക്ക്. അവന്‍ എല്ലാം ഏറ്റുവാങ്ങുകയാണ് ദൈവകരങ്ങളില്‍നിന്ന്. സഹനവും സന്തോഷവും, ത്യാഗവും, സങ്കടങ്ങളും, കണ്ണീരും, പുഞ്ചിരിയുമൊക്കെ. അവനെ സംബന്ധിച്ച് ദൈവം അറിയാത്തതൊന്നും അവന്റെ ജീവിതത്തിലും ചുറ്റുപാടുകളിലും സംഭവിക്കുന്നില്ല. അതിനാല്‍തന്നെ ഏതു ദുരിതത്തിന്റെ നടുവിലും ഒറ്റപ്പെടലിന്റെ തുരുത്തിലും നില്‍ക്കേണ്ടിവരുമ്പോഴും അവന്റെ ചൂണ്ടുവിരല്‍ അറിയാതെ പോലും ഉയരില്ല, ദൈവത്തിന് നേരെ.

യുക്തിവാദിയുടെ യുക്തിയില്ലായ്മ

ദൈവം തോറ്റുപോയെന്ന് ഹാലിളകുന്നവരിലേക്ക് മടങ്ങിവരാം. ദൈവത്തില്‍ വിശ്വസിക്കാന്‍ നൂറുകണക്കിന് കാരണങ്ങളുള്ള ലോകത്താണ് നാം ജീവിക്കുന്നത്. എന്നിരുന്നാലും ദൈവമില്ലെന്ന് പറയാനും തെളിയിക്കാനും ചിലര്‍ അത്യധ്വാനം ചെയ്യുന്നത് കാണാതിരിക്കുന്നതെങ്ങനെ? ദൈവം നല്‍കിയ ബുദ്ധിയുപയോഗിച്ച് ദൈവത്തെ തങ്ങളുടെ ബുദ്ധിയിലേക്ക് ഒതുക്കുന്നാമെന്ന് വ്യാമോഹിക്കുന്ന അവര്‍ക്ക് ശാസ്ത്രത്തെ കൂട്ടുപിടിച്ച് ദുരന്തങ്ങളുടെ ഉത്തരവാദിത്വം ദൈവത്തിന് ചാര്‍ത്തിക്കൊടുക്കാന്‍ എന്തൊരു തിടുക്കമാണ്. മനുഷ്യന്റെ അപരാധങ്ങള്‍ക്കും അജ്ഞതക്കും ദൈവത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും വിശ്വാസികളെ വിസ്തരിക്കാനും തുനിഞ്ഞിറങ്ങുന്നു ഇക്കൂട്ടര്‍.

കൊറോണ കൊണ്ടെത്തിച്ച മരണക്കിടക്കയില്‍ കിടന്ന് അവസാന ശ്വാസം വല്ലവിധേനയും വലിച്ചു വിടുന്നവരില്‍ ബഹുഭൂരിപക്ഷവും ശബ്ദമില്ലാതെയാണെങ്കിലും വിളിച്ചത് ദൈവത്തെ മാത്രമാണ്. ഒരു നേര്‍ത്ത തൂവലോളം പോലും ഭാരമില്ലാത്ത വായു ഒന്നുള്ളിലേക്കെടുക്കാന്‍ കഴിയാതെ നെഞ്ചുന്തി കണ്ണുതള്ളി ജീവന്റെയും മരണത്തിന്റെയും നൂല്‍പ്പാലം കടക്കാന്‍ ശ്രമിക്കുന്നവര്‍ ആഗ്രഹിച്ചതും കൊതിച്ചതും അടുത്തിരുന്ന് നെഞ്ചൊന്ന് തടവാന്‍ ഒരു മനുഷ്യ ജീവിയെയാണ്. റോബോട്ടുകളെയും നിര്‍മ്മിത ബുദ്ധിയെയും ഒന്നുമല്ല.

ചരിത്രത്തിൻ്റെ കുമ്പസാരം!

ചരിത്രം അതിന്റെ താളുകളില്‍ എഴുതിവച്ചിട്ടുള്ള മഹാമാരികളുടെ കാലങ്ങളില്‍ മനുഷ്യന് എന്നും കൂട്ടായുണ്ടായിരുന്നത് ഉള്ളില്‍ വിശ്വാസത്തിന്റെ വിത്തുപേറിയ മനുഷ്യന്‍ തന്നെ ആയിരുന്നു. ‘ നിന്നെപോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക’ എന്ന ക്രിസ്തു വചനമായിരുന്നു അവരുടെ പാതയില്‍ പ്രകാശമായും പാദങ്ങളില്‍ വിളക്കായും നിന്നത്. റോമന്‍ സാമ്രാജ്യത്തിന്റെ നാലിലൊന്നില്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ തട്ടിയെടുത്ത രണ്ടാം നൂറ്റാണ്ടിലെ അന്റോണിന്‍ പ്ലേഗിന്റെ കാലം.

വിജാതീയ ദൈവങ്ങള്‍ കോപിച്ചതാണ് പകര്‍ച്ചവ്യാധിക്ക് കാരണം എന്നു പറഞ്ഞ് ജീവനെ മരണമുനമ്പിലേക്കെറിഞ്ഞുകൊടുത്ത് ലക്ഷക്കണക്കിനാളുകള്‍ മരണത്തിന്റെ കാലടിയൊച്ചക്ക് കാതോര്‍ത്തിരുന്ന കാലത്ത് ആശങ്കകളുടെയും ഭയത്തിന്റെയും ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കുമീതെ അന്നു നടന്നു നീങ്ങിയത് കടലിന്റെ മീതെ നടന്നവന്റെ അനുയായികളായിരുന്നു. മരണത്തിന് മറുമരുന്ന് കണ്ടുപിടിക്കാനൊന്നും അവര്‍ക്കു കഴിഞ്ഞില്ലെങ്കിലും ആരെയും നിരാശയോടെ മരണമുഖത്തെയും പറഞ്ഞുവിടാന്‍ അവര്‍ അനുവദിച്ചില്ല. നിഴലുപോലെ കൂടെ നിന്നു…

തീര്‍ന്നിട്ടില്ല. കാര്‍ത്തേജിലെ ബിഷപ്പായിരുന്ന വിശുദ്ധ സിപ്രിയാന്റെ കാലത്ത് പടര്‍ന്ന് പിടിച്ച പ്ലേഗിന്റെ മധ്യേ ക്രിസ്തുവിന്റെ കൈപിടിച്ചെഴുന്നേറ്റ അദ്ദേഹം പറഞ്ഞു; ”മരിച്ചവരെയോര്‍ത്ത് നിങ്ങള്‍ കരയരുത്, അവര്‍ സ്വര്‍ഗത്തിലാണ്. പകരം ജീവിച്ചിരിക്കുന്നവരുടെ കൂടെ ആയിരിക്കുക. അവര്‍ക്കുവേണ്ടി ഇരട്ടിയായി പ്രാര്‍ത്ഥിക്കുക. അവരെ ഇരട്ടിയായി പരിപാലിക്കുക.”

എന്തൊരു ഊര്‍ജ്ജമായിരുന്നു തന്റെ വാക്കുകളിലൂടെ അദ്ദേഹം പകര്‍ന്നത്. ആ ഊര്‍ജ്ജവുമായി മരണം പതിയിരിക്കുന്ന തെരുവുകളിലേക്ക്, രോഗികളുടെ ചാരത്തേക്ക് ഇറങ്ങിയ ക്രിസ്ത്യാനികളുടെ സ്‌നേഹവും കാരുണ്യവും ദയയും പരിപാലനയു കണ്ട് കണ്ണ് തള്ളിയ വിജാതീയ ചക്രവര്‍ത്തി – ജൂലിയന്‍- ക്രിസ്ത്യാനികളെ മുച്ചൂടും മുടിച്ചിട്ടല്ലാതെ തനിക്ക് വിശ്രമമില്ലെന്ന് പ്രഖ്യാപിച്ചവന്‍- അവന് പറയേണ്ടിവന്നു. ”ഒടുവില്‍ നസ്രായന്‍ നീ തന്നെ ജയിച്ചു.” ഇതു കാലത്തിന്റെ സാക്ഷ്യവും നീതിയും!

‘സ്‌നേഹിതനുവേണ്ടി സ്വന്തം ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന്’ ലോകത്തോട് വിളിച്ചുപറഞ്ഞ ക്രിസ്ത്യാനിയുടെ ഈ മരമണ്ടത്തരത്തെ ഒരു പേരിട്ടുവിളിക്കാം- ആത്മീയത. ഈ രണ്ടായിരത്തിയിരുപതാമാണ്ടിലും നാമത് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. ഫ്രാന്‍സിസ് പാപ്പ റോമിന്റെ തെരുവീഥികളില്‍ ഒരു തീര്‍ത്ഥാടകന് സമം ഏകനായി നടന്നു പ്രാര്‍ത്ഥിച്ചപ്പോഴും, എന്നും തിങ്ങിനിറഞ്ഞുമാത്രം കണ്ടിട്ടുള്ള സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഒഴിഞ്ഞ ചത്വരത്തില്‍ 135 കോടി കത്തോലിരെ മാത്രമല്ല ലോകത്തുള്ള 750 കോടി ജനത്തെയും അവരുടെ നെഞ്ചിലടഞ്ഞുകൂടിയ നൊമ്പരങ്ങളേയും വേവലാതികളേയും ആത്മനാ ചേര്‍ത്തുവെച്ച് ദൈവകാരുണ്യത്തിനായി കേണപേക്ഷിച്ചപ്പോഴും ലോകം സാക്ഷിയായത് ഈ ആത്മീയതയ്ക്കാണ്.

തനിക്ക് ലഭിച്ച വെന്റിലേറ്റര്‍ അടുത്തുകിടന്ന് ജീവനുവേണ്ടിപ്പൊരുതുന്ന ചെറുപ്പക്കാരന് നല്‍കി സ്വര്‍ഗം തേടിപ്പോയ ഇറ്റാലിയൻ വൈദികന്‍ ഗ്വിസേപ്പെ ബെരാര്‍ഡിലും, കൊറോണമൂലം ഇന്നേവരെ മരണമടഞ്ഞ നൂറില്‍പരം വൈദികരും സമര്‍പ്പിതരും രോഗം ബാധിച്ച ഇടവകാംഗങ്ങളെ ശുശ്രൂഷിക്കാനായി ജീവന്‍ പകരം കൊടുത്തവരാണെന്നും തിരിച്ചറിയുമ്പോഴാണ് വിശുദ്ധ സിപ്രിയാന്റെ വാക്കുകളുടെ കാന്തികശക്തി നൂറ്റാണ്ടുകള്‍ക്കിപ്പുറവും പ്രസരിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ പ്രഭാവം നാം തിരിച്ചറിയുന്നത്.

ഹിറ്റ്‌ലറുടെ കൊടും ക്രൂരതകളെക്കുറിച്ചറിവുള്ളവര്‍ക്ക് മറക്കാന്‍ കഴിയാത്തൊരുപേരാണ് വിക്ടര്‍ ഫ്രാങ്ക്‌ലിന്റേത്. മരണം തേരോട്ടം നടത്തിയ ഔഷ്‌വിറ്റ്‌സിലെ കോണ്‍സട്രേഷന്‍ ക്യാമ്പിനെ അത്ഭുതകരമായി അതിജീവിച്ച അദ്ദേഹം തന്റെ തടവറ ജീവിതത്തെ വിവരിക്കുന്ന സങ്കടാക്ഷരങ്ങള്‍ കാണുക: ‘കഴിക്കാന്‍ ഭക്ഷണമോ മരുന്നോ ഇല്ലാതിരുന്നതല്ല. കടിച്ചു പിടിച്ചു സഹിക്കാനും പോരാടാനും ജീവിക്കാനുമുള്ള പ്രതീക്ഷയും പ്രത്യാശയും ഇല്ലാതായിപ്പോയതുകൊണ്ടാണ് തടവറയില്‍ മരിച്ചവരില്‍ ഭൂരിപക്ഷത്തിനും ജീവന്‍ നഷ്ടമായത്.’

ലോകത്തിലൊട്ടാകെ നസ്രായൻ്റെ കൂട്ടുകാർ പകരാൻ ശ്രമിക്കുന്നത് ഈ പ്രത്യാശയും പ്രതീക്ഷയുമാണ്. നെഞ്ചിലെരിയുന്ന ഭയത്തിന്റെ നെരിപ്പോടിനു മുകളില്‍ കത്തുന്ന വിശ്വാസത്തിന്റെ തീജ്വാല പേറിക്കൊണ്ടാണ് ഒരിറ്റുവായുവിനുവേണ്ടി പടപൊരുതുന്ന രോഗികളുടെ കൂടെ വൈദ്യമായും വേദമായും ഡോക്ടര്‍മാരും നഴ്‌സുമാരും നിലകൊള്ളുന്നത്. അവര്‍ നമ്മോടാവശ്യപ്പെടുന്നത് ഒന്നുമാത്രം. ‘ദൈവത്തെയോര്‍ത്ത് വീടിനകത്തിരിക്കുക’.

അകലങ്ങളിലെ ആത്മീയത

അപകടത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കാന്‍ മുന്‍കരുതലെടുക്കണം എന്ന രാഷ്ട്രത്തിന്റെയും ശാസ്ത്രത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആളുകള്‍ക്കിടയില്‍ അകലം പാലിക്കേണ്ടതിനാണ് പള്ളികള്‍ അടച്ചതും പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ അവസാനിപ്പിച്ചതും. അനുസരണത്തിന്റെ ഈ നിലപാടിനെ ‘വിശ്വാസത്തിന്റെ പരാജയമെന്നും’, ‘ദൈവത്തിന്റെ തോല്‍വി’ എന്നുമൊക്കെ സോഷ്യല്‍ മീഡിയയുടെ പുരമുകളില്‍ കയറിപ്പറയുന്നവരെ ഏതുയുക്തിയുടെ പേരിലാണ് ‘യുക്തിവാദി’ എന്ന് വിളിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

അകന്നിരിക്കുന്നതിലും ഒരു ആത്മീയതയുണ്ട്. അടുത്തിരുന്നാല്‍ അപകടമുണ്ടാകും എന്ന അറിവുള്ളവര്‍ മുന്നറിയിപ്പ് തരുമ്പോള്‍, എന്റെ സാന്നിധ്യം എന്റെ അയല്‍ക്കാരന് അപകടമാകുമെന്ന തിരിച്ചറിവ് കിട്ടിയവര്‍ ബലിയര്‍പ്പണത്തില്‍നിന്നും പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍നിന്നും വിട്ടുനില്‍ക്കുന്നതാണ് ഉചിതം. ഇവിടെ അകലം ആത്മീയതയായി പരിണമിക്കുന്നു. ഒന്നോര്‍ക്കുക, ആത്മാവ് വന്ന് ശക്തിപ്പെടുത്തുന്നതുവരെ നസ്രായന്റെ കൂട്ടുകാര്‍ അപ്പം മുറിക്കല്‍ ശുശ്രൂഷകള്‍ നടത്തിയിരുന്നത് അടച്ചിട്ട മുറികളിലായിരുന്നു.ഏതു പകര്‍ച്ചവ്യാധികയേയും പ്രതിരോധിക്കാനുള്ള മരുന്നാണ് പരിശുദ്ധാത്മാവ്. ആത്മാവ് വരുന്നതുവരെ അടച്ചിട്ട മുറികളില്‍ മറിയത്തിന്റെ വിരല്‍ ചേര്‍ത്തുപിടിക്കുന്നതായിരിക്കണം ഈ കാലഘട്ടത്തിന്റെ ആത്മീയത.

സര്‍പ്പത്തിന്റെ വിവേകമെന്ന് കര്‍ത്താവ് പഠിപ്പിച്ചത് വെറുതെയല്ല. ചോരയുടെ ചൂരടിക്കുന്ന കൊളോസിയത്തിലെ വഴികളിലൂടെ ക്രിസ്തുവിന്റെ അനുയായികളെ വലിച്ചിഴയ്ക്കുന്ന പീഢകരുടെ കണ്‍വെട്ടത്തുനിന്ന് ഒഴിഞ്ഞുമാറി അവര്‍ പ്രാര്‍ത്ഥിച്ചത് ക്രിസ്തു പഠിപ്പിച്ച ഈ വിവേകത്തിന്റെ പൊരുള്‍ ആത്മാവ് ആവരുടെ ഹൃദയഭിത്തികളില്‍ കോറിയിട്ടതുകൊണ്ടുതന്നെയാണ്. എടുത്തുചാട്ടം ഒന്നിനും ഉപകരിക്കില്ല എന്ന എത്രയോ അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈശോയും പിന്മാറിയിട്ടുണ്ടല്ലോ പലതിൽ നിന്നും.

നാൽപ്പതു ദിവസത്തിൻ്റെ വിശപ്പ് കല്ലിനെ അപ്പമാക്കാനുള്ള പ്രലോഭനമായി വന്ന് വെല്ലുവിളിച്ചപ്പോഴും, ദേവാലയത്തിൻ്റെ അഗ്രത്തു നിന്നെടുത്തു ചാടി നിലം തൊടുന്നതിനു മുമ്പ് മാലാഖമാരെക്കൊണ്ട് പിടിപ്പിക്കുന്ന മാജിക്ക് ലോകത്തെക്കാണിച്ച് കൈയ്യടി നേടാനുള്ള ഓഫറും നൈസായി തള്ളിക്കളഞ്ഞവനാണ് നസ്രായൻ.. ആരും ചെയ്തിട്ടില്ലാത്ത അത് ഭുത പ്രവൃത്തികൾ ചെയ്തതിനു ശേഷം ആരുമറിയാതെ മലമുകളിലേക്ക് മറയുകയാണവൻ ചെയ്തത്. അവനിൽ പുതിയൊരു രാജാവിനെ കണ്ടെത്തിയ ജനക്കൂട്ടം അവനെത്തേടി നടക്കുമ്പോൾ, മീൻ മണക്കുന്ന വഞ്ചികളുടെ അണിയത്തവൻ ആരുമറിയാതെ തല ചായ്ച്ചുറങ്ങിയിരുന്നത് സമയത്തിനു മുമ്പ് കളത്തിലിറങ്ങുന്നത് അവിവേകവും അപകടവുമാണെന്നറിഞ്ഞിട്ടു തന്നെയാണ്.

ഈ വിവേകം തരുന്നത് പരിശുദ്ധാത്മാവാണ്. അതു കൊണ്ടാണ് അധികാരികളുടെ -അതാരുമായിക്കൊള്ളട്ടെ – നിർദ്ദേശങ്ങളനുസരിച്ച് പള്ളികൾ പൂട്ടിയതും ധ്യാനകേന്ദ്രങ്ങൾ നിശബ്ദമായതും. അരുതെന്ന ഈ നിർദ്ദേശങ്ങൾ അംഗീകരിക്കുകയെന്നതാണ് അർപ്പിക്കപ്പെടാതെ പോകുന്ന ബലികളെക്കാൾ ഏറെ ശ്രേഷ്ഠം !

തോൽപ്പിക്കാനാവില്ല ഈ ദൈവത്തെ !

ദൈവികതയുടെ അടയാളങ്ങളായും ആത്മീയതയുടെ അളവുകോലായും പള്ളികളുൾപ്പടെയുള്ള കെട്ടിട സമുച്ചയങ്ങളെ കാണുന്നവർക്കാണ് ദൈവം തോറ്റുപോയെന്നു തോന്നുന്നത്. കല്ലും മണ്ണും കൊണ്ടു പണിത ദേവാലയങ്ങളിൽ ബലിയർപ്പണം നിലച്ചു എന്നു കരുതി ആനന്ദിക്കുന്ന നിരീശ്വരവാദികളോടും യുക്തിവാദിയോടും ഒരേ ഒരു വാക്ക്: വിശ്വാസികളുടെ ഹൃദയമാകുന്ന ബലിക്കല്ലിൽ ബലി വസ്തു ചുട്ടെടുക്കപ്പെടുകയും, അൾത്താരയായി മാറിയ വിശ്വാസികളുടെ അകത്തളങ്ങൾ വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും കെടാവിളക്കുകൾ തെളിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നിടത്തോളം ഈ ദൈവം തോറ്റു പോവില്ല; അതുറപ്പ്!!

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?