Follow Us On

20

May

2022

Friday

ലോകമെമ്പാടുമുള്ള നഴ്‌സുമാർക്ക് സ്‌നേഹപൂർവം…

റോയി അഗസ്റ്റിൻ, മസ്‌ക്കറ്റ്

ലോകമെമ്പാടുമുള്ള നഴ്‌സുമാർക്ക് സ്‌നേഹപൂർവം…

വിശ്രമമില്ലാതെ, സ്വന്തം ജീവരക്ഷപോലും മറന്ന് കോവിഡ് രോഗികൾക്കടക്കം കാവലിരിക്കുന്ന ആയിരക്കണക്കിനു നഴ്‌സുമാരെ നമുക്ക് കൈകൂപ്പി നമിക്കാം, ഈ നഴ്‌സസ് ദിനത്തിൽ (മേയ് 12).

നഴ്‌സസ് ഡേയിൽ ശുഭ്ര സേവനത്തിന്റെ മാലാഖാമാർക്ക് കൃതജ്ഞതയുടെ കൂപ്പുകൈ! കാരുണ്യത്തിന്റെയും സമർപ്പണത്തിന്റെയും പ്രകാശചൈതന്യം, കത്തിച്ചൊരു നെയ് വിളക്കിൽ നിന്നെന്ന പോലെ നിങ്ങളിൽനിന്നും ലോകമെമ്പാടും ചൊരിയപ്പെടട്ടെ. ദയ, ക്ഷമ, സൗമ്യത, കരുതൽ, സഹാനുഭൂതി ഇതെല്ലാം ചേർന്നാൽ നഴ്‌സായി. സ്വന്തം ഇഷ്ടങ്ങളും ഇടങ്ങളും ത്യജിച്ചു കൊണ്ടുള്ള സേവന തൽപ്പരതയുടെയും കൂടെ പേരാകുന്നു അത്.

കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ ജീവൻ നഷ്ടമായ നഴ്‌സുമാരെ അനുസ്മരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പ അവരെ വിശേഷിപ്പിച്ചത് ‘അയൽവീട്ടിലെ വിശുദ്ധ ജീവിതങ്ങൾ’ എന്നാണ്. മുമ്പൊരിക്കൽ, മനുഷ്യത്വത്തിൽ വൈദഗ്ധ്യം ഉള്ളവരെന്ന് ആതുര ശുശ്രൂഷകരെ വിളിച്ച അദ്ദേഹം, സ്‌നേഹത്തോടും പുഞ്ചിരിയോടും കൂടിയുള്ള നഴ്‌സുമാരുടെ സ്പർശനത്തിലൂടെ രോഗിക്കു ലഭിക്കുന്ന മാനസികവും ശാരീരികവുമായ സൗഖ്യം യേശുവിന്റെ സ്പർശനത്തിലൂടെ ഒരു വ്യക്തിക്കു ലഭിക്കുന്ന ബഹുതല സ്പർശിയായ സൗഖ്യത്തിന് തുല്യമായായാണ് സഭ പരിഗണിക്കുന്നതെന്നും വ്യക്തമാക്കുകയുണ്ടായി.

വാക്കിലൂടെയും സ്‌നേഹ സ്പർശനത്തിലൂടെയും ആർദ്രമായ നോട്ടങ്ങളിലൂടെയും ചികിത്സയിലൂടെയും രോഗികൾക്ക് ആശ്വാസം പകരുന്ന കരുതലിന്റെ ഈ കരങ്ങൾ ഒപ്പമുള്ളതിനാൽ കൂടിയാണ് നമ്മുടെ ജീവിതം ഇത്രമേൽ മിഴിവുള്ളതാകുന്നത്. തീർച്ചയായും അവർ ചൊരിയുന്ന സാന്ത്വനങ്ങൾക്കും നീട്ടിത്തരുന്ന ആയുസിനും നാം കടപ്പെട്ടിരിക്കുന്നു.

ലോകത്തെവിടെയാണെങ്കിലും ആതുരശുശ്രൂഷാ രംഗത്തുള്ള നഴ്‌സുമാരുടെ സേവനം സ്തുത്യർഹമാണ്. ഇന്ത്യയിലെ ആകെ 18 ലക്ഷം നഴ്‌സുമാരിൽ 12 ലക്ഷവും മലയാളികളാണെന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ കോവിഡ് കാലത്ത് വിവിധ ഇടങ്ങളിൽ സ്വന്തം ജീവനെയും കുടുംബത്തെയും മറന്ന് മലയാളികളായ ആയിരക്കണക്കിന് നഴ്‌സുമാരാണ് രോഗികൾക്ക് കാവലിരിക്കുന്നത്.

ജീവിത മാർഗം എന്നതിലുപരി അർപ്പണബോധവും ആത്മാർത്ഥതയുമാണ് മലയാളി നഴ്‌സുമാരുടെ പൊതുവെയുള്ള സവിശേഷത. അവിടെയും ഇവിടെയുമെല്ലാം ചില പുഴുക്കുത്തുകൾ കണ്ടേക്കാമെങ്കിലും ലോകമെമ്പാടും മലയാളികളായ നഴ്‌സുമാർക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയ്ക്ക് കാരണം അവരുടെ കനിവൂറുന്ന ശുശ്രൂഷാ വൈദഗ്ധ്യം തന്നെയാണ്.

ആതുര സേവനമെന്നാൽ കാരുണ്യം എന്നുകൂടി അർത്ഥമുണ്ടെന്നു ലോകത്തോടു വിളിച്ചു പറഞ്ഞ ഫ്‌ലോറൻസ് നൈറ്റിംഗേലിന്റെ പാരമ്പര്യം പിന്തുടരുന്നവരെന്ന് നഴ്‌സുമാരെ വിശേഷിപ്പിക്കുമെങ്കിലും ആ മഹത് ജീവിതത്തിന്റെ 201-ാം ജന്മദിനം ആചരിക്കുന്ന ഇന്നും, നഴ്‌സുമാരുടെ കഷ്ടപ്പാടുകളും സങ്കടങ്ങളുമൊക്കെ സർക്കാരുകളോ സമൂഹമോ വേണ്ടവിധം തിരിച്ചറിഞ്ഞിട്ടിലെന്നത് വേദനാജനകമാണ്.

വേദനിക്കുന്നവർക്ക് ആശ്വാസമേകാൻ തങ്ങളുടെ ജീവിതം സമർപ്പിക്കുന്നവരെ വേണ്ടവിധം പരിഗണിക്കാതിരിക്കുക എന്നതിലും വലിയ നന്ദി ഹീനത വേറെ എന്താണ്? കോവിഡ് വാർഡിലെ നഴ്‌സായതിന്റെ പേരിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്ന നഴ്‌സുമാരെയും അവരുടെ പ്രിയപ്പെട്ടവരെയുംകൂടി ഇന്ന് നാം ഓർക്കണം.

മൂന്ന്‌ വർഷം മുമ്പ്, നിപ്പ വൈറസ് ബാധിച്ച ഒരു രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ അതേ രോഗം ബാധിച്ച് മരിച്ച ലിനി എന്ന നഴ്‌സ് ആതുര സേവനമെന്നാൽ ആത്മത്യാഗമെന്നു കൂടി നമ്മോടു പറഞ്ഞു തരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ ജീവൻ വെടിഞ്ഞ മലയാളികളുൾപ്പെടെയുള്ള നഴ്‌സുമാരും ഇതേ യാഥാർത്ഥ്യം നമ്മുടെ മുമ്പിൽ അവശേഷിപ്പിച്ചാണ് കടന്നുപോയത്. എല്ലാവരുടെയും കണ്ണീരുണങ്ങാത്ത ഓർമകൾക്കു മുന്നിൽ പ്രണാമം !

വിശ്രമമില്ലാതെ, സ്വന്തം ജീവരക്ഷപോലും മറന്ന് കോവിഡ് രോഗികൾക്കടക്കം കാവലിരിക്കുന്ന ആയിരക്കണക്കിനു നഴ്‌സുമാരെ കൈകൂപ്പി നമിക്കാം. അവരുള്ളതുകൊണ്ടു കൂടിയാണ് നാമും ജീവനോടെ ഉള്ളതെന്ന് ഓർത്തുകൊണ്ട് ഹൃദയത്തിൽ സൂക്ഷിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ വാക്കുകൾക്കൊണ്ട് അവർക്ക് ആദരവ് അർപ്പിക്കാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?