Follow Us On

03

June

2020

Wednesday

ഫാ. റോബർട്ടോ യാത്രയായി; ബ്രസീലിലെ ‘കുഞ്ഞച്ചൻ’ ഇനി ജീവിക്കും ജനഹൃദയങ്ങളിൽ

സാവോ പോളോ: സ്വന്തമായി ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളില്ലെങ്കിലും ഇവയിലൂടെയെല്ലാം തരംഗമായി മാറിയ ബ്രസീലിയൻ കപ്പൂച്ചിൻ മിഷണറി ഫാ. റോബർട്ടോ മരിയ ഡി മഗൾഹയാസ് നിത്യതയിലേക്ക് യാത്രയായി. മേയ് 18ന് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആശ്രമത്തിലായിരുന്നു 99 വയസുകാരനായ ഇദ്ദേഹത്തിന്റെ വിയോഗം.

പ്രായത്തിന്റെ അവശതകളെ അതിജീവിച്ച് ശുശ്രൂഷകളിൽ വ്യാപൃതനാകുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ ഇന്നും ശ്രദ്ധേയമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ഹൃദയം കവർന്ന ഇദ്ദേഹം ഈ അടുത്തനാൾവരെ ശുശ്രൂഷകളിൽ സജീവമായിരുന്നു.

ബ്രസീലിലെ ഫോർട്ടലാസ അതിരൂപത 2016ൽ സംഘടിപ്പിച്ച, ആറ് കിലോമീറ്റർ ദൈർഘ്യമുള്ള ‘പാപപരിഹാര പ്രദക്ഷിണ’ത്തിൽ പങ്കെടുത്തതോടെയാണ് ബ്രസീലിലെ മുതിർന്ന കപ്പൂച്ചിൻ സന്യാസിയായ ഇദ്ദേഹം മാധ്യമശ്രദ്ധ നേടിയത്. 95 വയസുള്ള അദ്ദേഹം വിശ്വാസികളുടെ കുമ്പസാരം കേട്ട് നടക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും തരംഗമായി.

പ്രായാധിക്യത്തിലും രോഗീ സന്ദർശനം ഒഴിച്ചുകൂടാനാവുമായിരുന്നില്ല ഇദ്ദേഹത്തിന്. 2017ലെ ആശുപത്രി സന്ദർശനവേളയിൽ ഒരു പൊലീസുകാരന്റെ ശിരസിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രവും തരംഗമായി. അതുപോലെ, ഫോർട്ടലാസ ദൈവാലയത്തിൽ പ്രവേശിക്കവേ, പ്രായാധിക്യത്തിന്റെ അവശതകളെ തോൽപ്പിച്ച് മുട്ടുകുത്തി തന്റെ വിശ്വാസം പ്രകടിപ്പിക്കുന്ന വീഡിയോയും വ്യാപമായി ഷെയർ ചെയ്യപ്പെട്ടു.

2009ൽ നടത്തിയ ഒരു സർവേയിൽ, ബ്രസീലിലെ ഏറ്റവും പ്രിയപ്പെട്ട കപ്പൂച്ചിൻ വൈദികനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് ഇദ്ദേഹം. 80 വർഷത്തെ സന്യാസ ജീവിതം പൂർത്തിയാക്കിയ 2019 മാർച്ചിൽ ഫാ. റോബർട്ടോ മരിയയെ സിറ്റി കൗൺസിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു.

1920 സെപ്റ്റംബർ 10ന് മരക്കാനുവിലാണ് റോബർട്ടോ മരിയ ജനിച്ചത്. 13-ാം വയസിൽ കപ്പൂച്ചിൻ സെമിനാരിയിൽ ചേർന്നു. 1944ൽ തിരുപ്പട്ടം സ്വീകരിച്ചശേഷം ഇടവക വികാരിയായും അധ്യാപകനായും ദീർഘകാലം സേവനം ചെയ്തു. 1992ൽ ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ മിഷണറി ശുശ്രൂഷയ്ക്കായി നിയുക്തനായി. ഒരു വർഷത്തോളം അവിടെ സേവനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?