Follow Us On

29

March

2024

Friday

ലോക് ഡൗൺ: മദർ തെരേസ സിസ്റ്റഴ്‌സ് ഇതുവരെ അന്നം എത്തിച്ചത് 40,000 കുടുംബങ്ങളിൽ

ലോക് ഡൗൺ: മദർ തെരേസ സിസ്റ്റഴ്‌സ് ഇതുവരെ അന്നം എത്തിച്ചത് 40,000 കുടുംബങ്ങളിൽ

കൊൽക്കത്ത: ഇല്ലായ്മയുടെ ലോക് ഡൗൺ കാലം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ, അനേകർക്ക് ആശ്വാസമാകുകയാണ് കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച ‘മിഷ്ണറീസ് ഓഫ് ചാരിറ്റി’ സഭാംഗങ്ങളുടെ സേവനങ്ങൾ. ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് ഭക്ഷണത്തിന് വഴിയില്ലാതായ ഏതാണ്ട് 40,000 കുടുംബങ്ങൾക്കാണ് സിസ്റ്റേഴ്‌സ് ഇതുവരെ സഹായം ലഭ്യമാക്കിയത്. കൂടാതെ, ആംബുലൻസ് സൗകര്യവും സന്യാസികൾ സജ്ജീകരിച്ചിട്ടുണ്ട്.

ഭക്ഷണപ്പൊതിക്ക് പുറമെ ഭക്ഷ്യധാന്യ കിറ്റുകളും വീടുവീടാന്തരം നേരിട്ടെത്തിക്കുന്നുണ്ട് സിസ്റ്റേഴ്‌സ്. ജനസാന്ദ്രതയിൽ മുന്നിലുള്ള കൊൽക്കത്താ നഗരത്തിൽ വിശിഷ്യാ, ദരിദ്രർ ഏറെയുള്ള ഹൗറാ മേഖലയിലാണ് ഭക്ഷണപ്പൊതികളിൽ കൂടുതലും വിതരണം ചെയ്യുന്നത്. ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ വിവിധ ചേരികളിൽ സിസ്റ്റേഴ്‌സ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു തുടങ്ങിയിരുന്നു. അരി, ഗോതമ്പ്, പഞ്ചസാര, പയർവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയാണ് കിറ്റിലുള്ളത്.

ഹൗറയിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് ദരിദ്രർക്ക് വലിയ ആശ്വാസമാണെന്ന് സന്യാസികളെ അഭിനന്ദിച്ചുകൊണ്ട് കൊൽക്കത്ത ആർച്ച്ബിഷപ്പ് തോമസ് ഡിസൂസ പറഞ്ഞു. സമൂഹത്തിൽ വിസ്മരിക്കപ്പെട്ടവർക്കുവേണ്ടി മനുഷ്യത്വപരമായ വലിയ സേവനമാണ് മദർ തെരേസാ സിസ്റ്റേഴ്‌സ് ചെയ്യുന്നതെന്ന് അതിരൂപതാ വികാരി ജനറൽ മോൺ. ഡൊമിനിക്ക് ഗോമസ് അഭിപ്രായപ്പെട്ടു.

സന്യാസിനി സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. സന്യാസിനികളുടെ പ്രവർത്തനത്തിന് പൊലീസ് സഹായ സഹകരണങ്ങൾ ലഭ്യമാക്കുന്നതും ശ്രദ്ധേയമാണ്. മദർ തെരേസ 1950ൽ സ്ഥാപിച്ച ‘മിഷ്ണറീസ് ഓഫ് ചാരിറ്റി’ സന്യാസിനി സമൂഹത്തിൽ ഇന്ന് വിവിധ രാജ്യങ്ങളിലായി അയ്യായിരത്തിൽപ്പരം സിസ്റ്റേഴ്‌സ് സേവനം ചെയ്യുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?