Follow Us On

03

June

2020

Wednesday

പെന്തക്കുസ്താ തിരുനാൾ: ബൈബിൾ തീർത്ഥാടനത്തിന് യു.കെയിൽ ഗംഭീര തുടക്കം

പെന്തക്കുസ്താ തിരുനാൾ: ബൈബിൾ തീർത്ഥാടനത്തിന് യു.കെയിൽ ഗംഭീര തുടക്കം

യു.കെ: പെന്തക്കുസ്താ തിരുനാളിന് ഒരുക്കമായി യു.കെയിലെ സീറോ മലങ്കര യുവജനങ്ങൾ സംഘടിപ്പിക്കുന്ന ‘ബൈബിൾ തീർത്ഥാടന’ത്തിന് ഗംഭീര തുടക്കം. ലോക്ക് ഡൗണിന്റെ പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ കൂട്ടായ്മകളിലെ ആത്മീയനിറവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നോട്ടിങ്ങ്ഹാം, കോവെന്ററി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റെർ എന്നീ മിഷനുകളിലെ യുവജനങ്ങളാണ് വ്യത്യസ്ഥമായ ഈ ആശയത്തിന്റെ പിന്നണിയിലുള്ളത്.

സ്വർഗാരോഹണ തിരുനാൾ ദിനമായ മേയ് 21 രാവിലെ 9.00 മുതൽ പെന്തകോസ്താ തിരുനാളിന്റെ തലേന്ന് മേയ് 30 രാത്രി 10.00ന് സമാപിക്കുംവിധം ബൈബിൾ ആദ്യാവസാനം പാരായണം ചെയ്യുകയാണ് ‘ബൈബിൾ തീർത്ഥാടനം’കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ ദിവസവും 13 മണിക്കൂർ വീതം (രാവിലെ 9.00മുതൽ രാത്രി 10.00വരെ) ദിവ്യകാരുണ്യസന്നിധിയിൽ പ്രാർത്ഥനാപൂർവം ആയിരുന്നു കൊണ്ടാണ് ഈ വചനസപര്യ പൂർത്തിയാക്കുന്നത്.

നാല് സീറോ മലങ്കര മിഷനുകളിൽനിന്നുള്ള നൂറിൽപ്പരം പേർ ഒൻപതു ദിവസങ്ങളിൽ ഓൺലൈനിലൂടെ ഈ തീർത്ഥാടനത്തിൽ പങ്കുചേരും. ദിവസവും വൈകിട്ട് 4.30 മുതൽ 5.30വരെ ക്രമീകരിക്കുന്ന ദിവ്യബലി അർപ്പണം ബൈബിൾ തീർത്ഥാടനത്തെ കൂടുതൽ മിഴിവുള്ളതാക്കും. Bible Pilgrimage എന്ന യൂ ട്യൂബ് ചാനലിലൂടെ ‘ബൈബിൾ തീർത്ഥാടന’ത്തിൽ തത്സമയം പങ്കുചേരാനാകും.

ഈ ഒൻപതു ദിവസങ്ങളിൽ ലോകം മുഴുവനുംവേണ്ടി പ്രത്യേക മധ്യസ്ഥ പ്രാർത്ഥന നടത്താനും യുവജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. സീറോ മലങ്കര മിഷനുകളിലെ എം.സി.വൈ.എം ഭാരവാഹികളായ ആൽബിൻ മാത്യു, ജിസ് മരിയ ടിറ്റോ, ജെയ്മി മൈക്കിൾ, ജറോം മാത്യു, വിവിയൻ ജോൺസൻ, ഡാനിയേൽ മിൽട്ടൺ, ജ്യൂവൽ ജോസ്, ജോബി ജോസ്, ആൻസി മനു, മനോഷ് ജോൺ എന്നിവരാണ് ക്രമീകരണങ്ങൾ നിർവഹിക്കുന്നത്.

സീറോ മലങ്കര സഭ യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. വിൻസെന്റ് മാർ പൗലോസ് ബൈബിൾ തീർത്ഥാടനം ഉദ്ഘാടനം ചെയ്തു. ആത്മീയവും ഭൗതീകവുമായ പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുമ്പോൾ ദിവ്യകാരുണ്യവും ദൈവവചനവുമാണ് നമ്മുടെ പ്രത്യാശയും സങ്കേതവുമെന്ന് ഉദ്ഘാടനസന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.

യു.കെ സീറോ മലങ്കര സഭാ കോർഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിൽ, യു.കെയിലെ എം.സി.വൈ.എം ഡയറക്ടർ ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. എം.സി.വൈ.എം ഭാരവാഹികളായ ജോഫി തോമസ് ജിജി, ജൊഹാൻ മനോഷ്, മിയ മനു ജോർജ്, റൂബൻ റെജി, ഹെലൻ പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഈ നാലു മിഷനുകളുടെയും ചാപ്ലൈൻ ഫാ. മാത്യു നെരിയാട്ടിലിന്റെ പ്രോത്സാഹനവും പിന്തുണയും ഈ സംരംഭത്തിനുണ്ട്.

വിശ്വാസപരമായ വെല്ലുവിളികൾ നേരിടുന്ന യു.കെയിലെ സംസ്‌കാരത്തിൽ ജീവിക്കുമ്പോഴും തങ്ങൾക്ക് പൈതൃകമായി ലഭിച്ച ആത്മീയപാരമ്പര്യം ഊട്ടിയുറപ്പിക്കാനുള്ള യുവജനങ്ങളുടെ പരിശ്രമം അഭിനന്ദനാർഹമാണെന്ന് സഭാനേതൃത്വം വ്യക്തമാക്കി. സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ, അപ്പസ്‌തോലിക വിസിറ്റേറ്റർ ബിഷപ്പ് മാർ തിയഡോഷ്യസ് എന്നിവരുടെ ആശീർവാദത്തോടെയാണ് ബൈബിൾ തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?