Follow Us On

03

June

2020

Wednesday

രണ്ടു മാസത്തിനുശേഷം ദിവ്യകാരുണ്യനാഥൻ നാവിൽ! വികാരനിർഭരം ഫ്രാൻസിലെ ‘ഡ്രൈവ് ത്രൂ മാസ്’

രണ്ടു മാസത്തിനുശേഷം ദിവ്യകാരുണ്യനാഥൻ നാവിൽ! വികാരനിർഭരം ഫ്രാൻസിലെ ‘ഡ്രൈവ് ത്രൂ മാസ്’

ലോക് ഡൗൺ ഇളവുകൾ പ്രകാരം മാളുകൾക്കും ഓഫീസുകൾക്കും നിബന്ധനകളോടെ പ്രവർത്തനാനുമതി നൽകിയിട്ടും ദൈവാലയങ്ങൾ തുറക്കാത്ത ഫ്രഞ്ച് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ചാലോൻസ്: രണ്ടു മാസത്തിനുശേഷം ദിവ്യകാരുണ്യ ഈശോ ഇതാ നാവിൽ! പറഞ്ഞറിയിക്കാൻ സാധിക്കുന്നതിനും അപ്പുറമുള്ള നിർവൃതിയായിരുന്നു ആ നിമിഷം. ലോക് ഡൗൺ പ്രഖ്യാപിച്ചശേഷം ഫ്രാൻസിൽ ആദ്യമായി ക്രമീകരിച്ച ‘ഡ്രൈവ് ത്രൂ മാസ്‌’ ആണ് അതിന് അവസരമൊരുത്തിയത്. വാഹനങ്ങളിൽനിന്ന് ഇറങ്ങാതെയാണെങ്കിലും ദിവ്യബലിയിൽ പങ്കെടുക്കാനായതിന്റെ ആനന്ദത്തോടെയാണ് പാർക്കിംഗ് ഏരിയയിലെ ബലിവേദിയിൽനിന്ന് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്. ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടശേഷം ഇവരെല്ലാം ദിവ്യകാരുണ്യ നാഥനെ രുചിച്ചറിഞ്ഞ് ഇതാദ്യമായിരുന്നു.

കിഴക്കൻ ഫ്രാൻസിലെ ചാലോൻസ് നഗരത്തിലുള്ള ദൈവാലയത്തിന്റെ പാർക്കിംഗ് ഏരിയയാണ് ഇക്കഴിഞ്ഞ ഞായറിൽ വികാരനിർഭരമായ ദിവ്യബലി അർപ്പണത്തിന് വേദിയായത്. കാറുകൾ പാർക്കിംഗ് ഏരിയയിൽ നിറുത്തി അതിൽനിന്ന് പുറത്തിറങ്ങാതെ ഭക്തിപൂർവം നിലയുറപ്പിച്ച വിശ്വാസികൾക്ക് നടുവിലൂടെ പ്രദക്ഷിണമായി വൈദികർ ബലിവേദിയിലേക്ക് എത്തുമ്പോൾ ദൈവസ്തുതിഗീതം മുഴങ്ങി. തങ്ങളും അതിനൊപ്പം അണിചേരുന്നു എന്ന് അറിയിക്കുംവിധം വിശ്വാസീസമൂഹം വാഹനത്തിന്റെ ഹോളുകൾ താളത്തിൽ മുഴക്കി.

നിരനിരയായി, വരിവരിയായി നിറുത്തിയിട്ട കാറുകൾക്ക് അഭിമുഖമായി ക്രമീകരിച്ച ബലിവേദിയിലേക്ക് ചാലോൻസ് ബിഷപ്പ് ഫ്രാങ്കോയിസ് ടൗവെറ്റ് ആഗതനായി. അദ്ദേഹത്തിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, കാറുകൾക്ക് സമീപമെത്തി വൈദികർ തിരുവോസ്തി വിശ്വാസികൾക്ക് നൽകുകയായിരുന്നു. കൈയിൽ നൽകിയ തിരുവോസ്തി അവർ നാവിൽവെച്ച് ഭുജിക്കുന്നുണ്ടെന്നും വൈദികർ ഉറപ്പാക്കി.

ദിവ്യബലി അനന്തരം കടന്നുപോകുന്ന വാഹനങ്ങളെയും അതിലുള്ളവരെയും ആശീർവദിച്ച് ബിഷപ്പ് നിലയുറപ്പിച്ചതും വികാരനിർഭരമായ കാഴ്ചയായിരുന്നു. പ്രതിസന്ധികളുടെ ഈ നാളുകളിലും വിശ്വാസീസമൂഹത്തോടുള്ള ഇടയന്റെ കരുതലും സ്‌നേഹവും വ്യക്തമാക്കുന്നതായിരുന്നു ആ രംഗം. ‘ഡ്രൈവ് ത്രൂ മാസ്’ ക്രമീകരിക്കുന്നതിന് മുന്നോടിയായി, പങ്കെടുക്കാനെത്തുന്നവർ കർശനമായി പാലിക്കേണ്ട നിർദേശങ്ങളും നൽകിയിരുന്നു.

കാർപൂളിംഗ് പാടില്ല, കുടുംബാംഗങ്ങളാണെങ്കിലും നാലു പേരിൽ കൂടുതൽ കാറിൽ ഉണ്ടാകരുത്, മുഖാവരം നിർബന്ധമാണ്, കാറിൽനിന്ന് യാതൊരു കാരണവശാലും പുറത്തിറങ്ങരുത് തുടങ്ങിയ നിർദേശങ്ങൾ വിശ്വാസികൾ പാലിക്കുകയും ചെയ്തു. ലോക് ഡൗൺ ഇളവുകൾ പ്രകാരംമാളുകൾക്കും ഓഫീസുകൾക്കും നിബന്ധനകളോടെ പ്രവർത്തനാനുമതി നൽകിയിട്ടും ദൈവാലയങ്ങൾ തുറക്കാത്ത ഫ്രഞ്ച് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?