Follow Us On

03

June

2020

Wednesday

ദൈവവിശ്വാസവും ശാസ്ത്രവും തമ്മിൽ ഒരിക്കലും യുദ്ധം ചെയ്യില്ല! കാരണം ഈ വിഖ്യാത ശാസ്ത്രജ്ഞൻ പറയും

ദൈവവിശ്വാസവും ശാസ്ത്രവും തമ്മിൽ ഒരിക്കലും യുദ്ധം ചെയ്യില്ല! കാരണം ഈ വിഖ്യാത ശാസ്ത്രജ്ഞൻ പറയും

ദൈവവിശ്വാസവും ശാസ്ത്രവും വിരുദ്ധമാണോ? ഇക്കാര്യത്തിൽ സംശയമുള്ളവർ, ഇക്കഴിഞ്ഞ ദിവസം ‘ടെമ്പിൾട്ടൺ അവാർഡ്’ നേടിയ വിഖ്യാത ജനിതക ശാസ്ത്രജ്ഞൻ ഡോ. ഫ്രാൻസിസ് എസ്. കോളിൻസിന്റെ ജീവിതവഴികൾ നിർബന്ധമായും അറിയണം.

ജോസഫ് മൈക്കിൾ

ശാസ്ത്രവും വിശ്വാസവും ഒന്നിച്ചുപോകുമോ? ശാസ്ത്രത്തിന് വിരുദ്ധമല്ലേ വിശ്വാസം? ചോദ്യങ്ങൾക്ക് ഒരുപക്ഷേ ശാസ്ത്രത്തോളം പഴക്കമുണ്ടാകാം. എന്നാൽ, അവയ്ക്ക് കൃത്യമായ മറുപടിയുണ്ട് ഡോ. ഫ്രാൻസിസ് എസ്. കോളിൻസ് എന്ന ലോകപ്രശസ്ത ജനിതക ശാസ്ത്രജ്ഞന്. ലോകം ഏറെ ആദരവോടെ കാണുന്ന ശാസ്ത്രകാരന്മാരിൽ ഒരാളായ ഇദ്ദേഹത്തെ, മനുഷ്യന്റെ ജനിതകഘടനയെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളാണ് പ്രശസ്തിലേക്ക് ഉയർത്തിയത്.

ആ സംഭാവനകളെ മാനിച്ച് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രസിഡന്റിന്റെ ഫ്രീഡം മെഡൽ നൽകിയാണ് അമേരിക്ക അദ്ദേഹത്തെ ആദരിച്ചത്. വിശ്വാസമെന്നത് ബുദ്ധിയില്ലാത്തവർ കാട്ടിക്കൂട്ടുന്ന ഏർപ്പാടുകളാണെന്ന് പറഞ്ഞിരുന്ന ഭൂതകാലവും ഡോക്ടർക്ക് സ്വന്തം. എന്നാൽ സത്യം തിരിച്ചറിഞ്ഞപ്പോൾ അത് ഉച്ചത്തിൽ വിളിച്ചുപറയാൻ അദ്ദേഹം മടിച്ചില്ല.

‘വാഷിംഗ്ടൺ പോസ്റ്റി’ന്റെ നിരീക്ഷണം

പദവിയുടെയും അറിവിന്റെയും തലത്തിൽ ഉയർന്നുനിൽക്കുമ്പോഴും മറുവശത്ത് തന്റെ വിശ്വാസവും ഉയർത്തിപ്പിടിക്കുന്നു എന്നതാകാം ഡോ. കോളിൻസിനെ മറ്റുപലരിൽനിന്ന് വ്യത്യസ്തനാക്കുന്നത്. ദൈവമാണ് തന്നെ ശാസ്ത്രത്തിന്റെ വഴികളിലേക്ക് നയിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. പരമമായ സത്യം തേടിയുള്ള യാത്രയാണ് വിശ്വാസമെന്ന് പറയുന്ന ഡോ. കോളിൻസ്, ജീവിതത്തിന്റെ അർത്ഥം പറഞ്ഞുതരാൻ ശാസ്ത്രത്തിന് ഒരിക്കലും കഴിയില്ലെന്നും കൂട്ടിച്ചേർക്കുന്നു. 2009 മുതൽ വത്തിക്കാന്റെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസിലെ അംഗംകൂടിയാണ് ഈ ശാസ്ത്രജ്ഞൻ.

‘അനുമാനങ്ങളും ധാരണകളുമല്ലേ ശാസ്ത്രജ്ഞൻ പരിശോധിക്കുന്നത്. ക്രൈസ്തവൻ എന്ന നിലയിൽ എല്ലാം വിശ്വാസത്തിൽ കേന്ദ്രീകൃതമാണ്. എങ്ങനെയാണ് വ്യത്യസ്ത ധ്രുവങ്ങളെ സംയോജിപ്പിക്കാൻ കഴിയുന്നത്?’ ഡോ. കോളിൻസ് ഏറ്റവും കൂടുതൽ പ്രാവശ്യം മറുപടി പറഞ്ഞ ചോദ്യം ഇതായിരിക്കാം. ആർക്കും മനസിലാകുന്ന ലളിതമായ ഭാഷയിലുള്ള ഉത്തരമുണ്ട് അദ്ദേഹത്തിന്റെ കൈയിൽ:

‘സയൻസും വിശ്വാസവും വ്യത്യസ്ത ധ്രുവങ്ങളല്ല. സത്യം തേടിയുള്ള യാത്രയിലെ വ്യത്യസ്ത വഴികളാണ് സയൻസും വിശ്വാസവും. ഈ ലോകം എങ്ങനെയാണ് ചലിക്കുന്നതെന്ന് സയൻസ് പറയുമ്പോൾ ജീവിതത്തിന്റെ അർത്ഥം പറഞ്ഞുതരുകയാണ് വിശ്വാസം.’

2009 ജൂലൈ എട്ടിന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ഡോ. കോളിൻസിനെ നോമിനേറ്റു ചെയ്തത് സെനറ്റ് ഏകകണ്ഠമായാണ് അംഗീകരിച്ചത്. പ്രഖ്യാപനം വന്നപ്പോൾ ‘വാഷിംഗ്ടൺ പോസ്റ്റ്’ ദിനപത്രത്തിൽ വന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമായിരുന്നു. ‘ജനിതക ശാസ്ത്രവും വിശ്വാസവും തമ്മിൽ യോജിച്ചുപോകുന്നതല്ലെന്നും വിശ്വാസത്തിന് വിരുദ്ധമാണെന്നും ചിന്തിക്കുന്നവരെയും വിശ്വാസികൾക്ക് അവിടെ സാധ്യതകളുണ്ടെന്ന് ചിന്തിക്കുന്നവരെയും ഒന്നിപ്പിക്കാൻ കഴിയുന്ന ഒന്നാണ് ഈ നിയമനം.’

2017 ജൂൺ ആറിന് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്, ഡോ. കോളിൻസ് ആ പദവിയിൽ തുടരുമെന്നാണ്. രാഷ്ട്രീയ പാർട്ടികളും പ്രസിഡന്റുമാരും മാറിയാലും ഡോ. കോളിൻസിന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് ഒരേ മനസാണ് എന്നറിയുമ്പോൾ ആ രാജ്യം ഇദ്ദേഹത്തിന് കൽപ്പിക്കുന്ന പ്രാധാന്യം വ്യക്തമാകും.

‘ന്യൂയോർക്ക് ടൈംസ്’ ബെസ്റ്റ് സെല്ലർ

ശാസ്ത്രജ്ഞനാണെങ്കിലും അക്ഷരങ്ങളുടെ ലോകവും ഡോ. കോളിൻസിന് വഴങ്ങും. സയൻസ്, വൈദ്യശാസ്ത്രം, വിശ്വാസം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയ ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ് ‘ദ ലാംഗ്വേജ് ഓഫ് ഗോഡ്: എ സയന്റിസ്റ്റ് പ്രസന്റ്‌സ് എവിഡൻസ് ഫോർ ബിലീഫ്’.

ഡോ. കോളിൻസിനെപ്പോലെ ഒരാളുടെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പുസ്തകം അദ്ദേഹത്തിന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യത. എന്നാൽ, ഈ പുസ്തകം വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് കൗതുകം. തന്റെ ക്രിസ്തീയ വിശ്വാസം ലോകത്തിന്റെ മുമ്പിൽ ഏറ്റുപറയുകയായിരുന്നു ഇതിലൂടെ എന്നു പറഞ്ഞാൽ അത് തെറ്റാവില്ല. ആ വിശ്വാസത്തിന്റെ പുറത്ത് ദൈവം കൈയൊപ്പ് ചാർത്തിയെന്ന് നിസംശയം പറയാം. അതിന്റെ തെളിവാണ് ‘ന്യൂയോർക്ക് ടൈംസി’ന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ പുസ്തകം ഇടംപിടിച്ചത്.

ജീവിതം മാറ്റിമറിച്ച രോഗി

ഒരു രോഗിയുടെ ഇടപെടലാണ് ഡോക്ടറെ വിശ്വാസത്തിലേക്ക് നയിച്ചത്. ഡോ. കോളിൻസ് മെഡിക്കൽ കോളജിൽ പഠിക്കുമ്പോഴായിരുന്നു അത്. നിരവധി രോഗങ്ങളാൽ ക്ലേശിച്ചിരുന്ന ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു, സഹനങ്ങളെ പുഞ്ചിരിയോടെ നേരിടാൻ ശക്തിപ്പെടുത്തുന്നത് തന്റെ വിശ്വാസമാണെന്ന്. എന്നിട്ട്, ഡോക്ടറുടെ നിരീശ്വരവാദത്തെ പൊളിച്ചടുക്കുന്ന ചോദ്യങ്ങളും അവർ നിരത്തി. അന്വേഷണ തൽപ്പരനായ അദ്ദേഹം സാധാരണക്കാരിയായ അവരുടെ ചോദ്യങ്ങളെ പരിഹാസത്തോടെ തള്ളിക്കളഞ്ഞില്ല. കൃത്യമായ മറുപടി നൽകണമെന്ന ആഗ്രഹത്തോടെ അന്വേഷണം ആരംഭിച്ചു.

സമാനമായ ചോദ്യങ്ങൾ ഇനിയുമുണ്ടാകമെന്ന തിരിച്ചറിവും ആ സമയത്ത് ഉത്തരംമുട്ടരുതെന്ന നിർബന്ധവും അദ്ദേഹത്തെ പ്രചോദിപ്പിച്ചിട്ടുണ്ടാകും. ദൈവം പ്രവർത്തിക്കുന്ന വഴികൾ മനുഷ്യബുദ്ധിക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമായിരിക്കുമെന്ന് ഓർമിപ്പിക്കുംവിധമുള്ള സംഭവങ്ങളാണ് പിന്നീട് നടന്നത്. ദൈവം ഇല്ലെന്നു തെളിയിക്കാനുള്ള തെളിവുകൾ അന്വേഷിച്ചുനടന്ന ഡോക്ടർ ഒടുവിൽ തികഞ്ഞ വിശ്വാസിയായി മാറി. ഉത്തരങ്ങൾ തേടിയുള്ള അന്വേഷണം ഡോക്ടറെ വിശ്വാസിയാക്കി മാറ്റി എന്നുപറയുന്നതാകും കൂടുതൽ ശരി. എന്നാൽ, സത്യം തിരിച്ചറിഞ്ഞപ്പോൾ അത് ഉറക്കെ പറയാൻ തയാറായി എന്നതാണ് ഡോ. കോളിൻസിനെ വ്യത്യസ്തനാക്കുന്ന ഘടകം.

‘ഡി.എൻ.എ’ എന്നാൽ ‘ദൈവത്തിന്റെ ഭാഷ’

ഫ്‌ളെച്ചർ കോളിൻസിന്റെയും മാർഗരറ്റിന്റെയും നാല് മക്കളിൽ ഇളയവനായി 1950 ഏപ്രിൽ 14ന് വിർജീനിയിലായിരുന്നു ജനനം. ചെറിയ ഫാമിന്റെ ഉടമസ്ഥരായിരുന്നു മാതാപിതാക്കൾ. കെമിസ്റ്റാകുക എന്നതായിരുന്നു ഹൈസ്‌കൂൾ കാലത്തെ ആഗ്രഹം. ആ സമയത്തും ബയോളജിയോട് താൽപ്പര്യം ഉണ്ടായിരുന്നു.

1970ൽ വിർജീനിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് കെമിസ്ട്രിയിൽ ബിരുദം നേടി. നാല് വർഷത്തിനുശേഷം ഫിസിക്കൽ കെമിസ്ട്രിയിൽ പി.എച്ച്.ഡിയും. ഈ സമയത്താണ് മെഡിക്കൽ സയൻസിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്. ആരോഗ്യ മേഖലയിലേക്ക് മാറിയാലോ എന്ന ചിന്ത പ്രിയപ്പെട്ട അധ്യാപകനുമായി ചർച്ച ചെയ്തു. കോളിൻസിന്റെ കഴിവുകൾ തിരിച്ചറിഞ്ഞിരുന്ന അധ്യാപകൻ ആഗ്രഹത്തെ പ്രോത്സാഹിപ്പിച്ചു.

താമസിയാതെ ചാപ്പൽ ഹില്ലിലുള്ള നോർത്ത് കരോളിന യൂണിവേഴ്‌സിറ്റിയിൽ വൈദ്യശാസ്ത്ര പഠനത്തിന് ചേർന്നു. ആ പഠനനാളിലാണ് നിരീശ്വരവാദിയായിരുന്ന കോളിൻസിന്റെ ജീവിതം മാറിമറിഞ്ഞത്. ശാസ്ത്രവും വിശ്വാസവും ഒരുമിച്ചുകൊണ്ടുപോകുന്നത് എങ്ങനെ എന്ന ചോദ്യത്തിന്, ‘ദൈവം എന്നെ പ്രത്യേക മിഷൻ ഏൽപ്പിച്ചിട്ടുണ്ട്,’ എന്നാണ് ഡോ. കോളിൻസിന്റെ മറുപടി.

നിരവധി ശ്രദ്ധേയങ്ങളായ കണ്ടുപിടുത്തങ്ങൾ നടത്താൻ കഴിഞ്ഞതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ദൈവം അതിലേക്ക് തന്നെ കൈപിടിച്ചു നടത്തുകയായിരുന്നു എന്നാണ്. മനുഷ്യശരീരത്തിന്റെ അടിസ്ഥാന ഘടകമായ ‘ഡി.എൻ.എ’യെ ‘ദൈവത്തിന്റെ ഭാഷ’ എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കുന്നത്. ദൈവാന്വേഷണത്തിന്റെ രണ്ടു വഴികളാണ് ശാസ്ത്രത്തെയും സയൻസിനെയും അദ്ദേഹം നിരീക്ഷിക്കുന്നത്. ശാസ്ത്രം പ്രകൃതിയെക്കുറിച്ച് പഠിപ്പിക്കുമ്പോൾ വിശ്വാസം അതിലും ഗഹനമായ ജീവിതത്തിന്റെ അർത്ഥമാണ് തേടുന്നതെന്നാണ് ഡോ. കോളിൻസ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?