Follow Us On

03

June

2020

Wednesday

കൊറോണാ ബാധിച്ച് കോവിഡ് വാർഡിലെത്തി; പക്ഷേ, അജപാലനം തുടർന്ന് അന്റോണിയോ അച്ചൻ

കൊറോണാ ബാധിച്ച് കോവിഡ് വാർഡിലെത്തി; പക്ഷേ, അജപാലനം തുടർന്ന് അന്റോണിയോ അച്ചൻ

മെക്‌സിക്കോ സിറ്റി: നാം ഏത് അവസ്ഥയിൽ ആയിരിക്കുന്നോ ആ അവസ്ഥയിലും ക്രിസ്തുവിനെ പ്രഘോഷിക്കാനാവുക! ഓരോ ക്രിസ്തുശിഷ്യനും മനസിൽ സൂക്ഷിക്കേണ്ട ഈ നിയോഗം കൊറോണാക്കാലത്തും അഭംഗുരം നിർവഹിക്കാനായതിന്റെ ആനന്ദത്തിലാണ് മെക്‌സിക്കോയിലെ അന്റോണിയോ അച്ചൻ. കൊറോണാ ബാധിതനായി കോവിഡ് വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും അവിടെയും അദ്ദേഹം തുടർന്ന അജപാലനശുശ്രൂഷയെക്കുറിച്ചുള്ള വാർത്തകൾ തരംഗമാവുകയാണിപ്പോൾ.

കോവിഡ് മുക്തനായി ആശുപത്രി വിട്ടശേഷം അദ്ദേഹത്തെ കുറിച്ച് മെക്‌സിക്കോയിലെ ട്‌ലെയ്ൻപാന്റ്‌ലാ അതിരൂപത തയാറാക്കിയ വീഡിയോ സാക്ഷ്യത്തിലൂടെയാണ് ഇക്കാര്യങ്ങൾ ലോകം അറിഞ്ഞത്. സഹനത്തിന്റെ നടുവിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ്, ഫാ. അന്റോണിയോ പെരസ് ഹെർണാണ്ടസ് എന്ന അന്റോണിയോ അച്ചൻ കൊറോണാ വാർഡിലെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

‘ഞാൻ ദൈവത്തോട് ഒന്നേ പ്രാർത്ഥിച്ചുള്ളൂ. ദൈവമേ ഇതാ ഇവിടെ ഞാൻ എത്തിയിരിക്കുന്നു. എന്നെ വിളിക്കണമെന്നാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാനിതാ തയാർ. പക്ഷേ ഞാൻ നിന്നോട് ഒന്നുമാത്രം ചോദിക്കുന്നു. എന്നെപോലെ വേദനയിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോകുന്ന എന്റെ സഹോദരങ്ങൾക്ക് കൂദാശകളും ആശ്വാസവും നൽകാനുള്ള ശക്തി എനിക്ക് നൽകണം,’ സർക്കാർ ആശുപത്രിയിലെ കൊറോണാ വാർഡിൽവെച്ച് നടത്തിയ പ്രാർത്ഥന അദ്ദേഹം ഓർത്തെടുത്തു.

അനേകം കൊവിഡ് ബാധിതരോടൊപ്പം ഒരു മുറിയിലാണ് അച്ചനും പ്രവേശിപ്പിക്കപ്പെട്ടത്. അവിടെയുള്ള രോഗികൾക്ക് ദൈവസാന്നിധ്യം പകരാൻ ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന ചിന്ത അദ്ദേഹത്തെ കൂടുതൽ ഉന്മേഷവാനാക്കി. താൻ ഒരു വൈദികനാണെന്ന് വെളിപ്പെടുത്തിയതോടെ നിരവധിപേർ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചും ആശീർവാദം ആവശ്യപ്പെട്ടും തന്നെ സമീപിച്ചുതുടങ്ങിയെന്ന് അദ്ദേഹം പറയുന്നു.

രോഗികളായ നാലുപേർ നിസ്സഹായരായി തന്റെ കൺമുന്നിൽ മരിക്കുന്നത് കാണേണ്ടിവന്നെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, താൻ അന്ത്യകൂദാശ നൽകിയശേഷം അവർ അനുഭവിച്ച സമാധാനത്തേക്കുറിച്ചും ആശ്വാസത്തെക്കുറിച്ചും പങ്കുവെച്ചു. മരിച്ചവർ തങ്ങളുടെ കുടുംബത്തെ കാണാതെയാണ് മരണപ്പെട്ടതെന്ന കാര്യം സ്മരിച്ച അദ്ദേഹം, സ്വന്തം കുടുംബത്തെ എക്കാലവും വിലമതിക്കണമെന്ന ഉപദേശവും വീഡിയോയിലൂടെ നൽകുന്നു.

തങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചിരുന്ന അച്ചൻ രോഗമുക്തനായി ആശുപത്രി വിടുന്നുവെന്ന് അറിഞ്ഞപ്പോൾ സന്തോഷിക്കണോ ദുഃഖിക്കണോ എന്ന് ചിന്തിച്ച അവർക്ക് അച്ചൻ പകർന്ന ‘വിശ്വാസപരിശീലന’വും ശ്രദ്ധേയമാണ്: ‘ഞാൻ പോകുന്നുവെന്നത് ശരിയാണ്. പക്ഷേ, ക്രിസ്തു ഇവിടെയുണ്ട്. എപ്പോഴും നിങ്ങളുടെ കൂടെയുണ്ടായിരിക്കുകയും ചെയ്യും. അവിടുന്ന് നിങ്ങളെ ഒരിക്കലും അനാഥരായി വിടുകയുമില്ല.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?