മിനിപ്പോളിസ്: ഷോപ്പിംഗ് മാളുകൾക്കും സ്റ്റോറുകൾക്കും ഉളവ് അനുവദിച്ചിട്ടും ദൈവാലയങ്ങൾക്ക് പ്രവർത്തനാനുമതി നിഷേധിച്ച സംസ്ഥാന ഭരണകൂടത്തിന് ഒടുവിൽ വീണ്ടുവിചാരം. അമേരിക്കൻ സംസ്ഥാനമായ മിനിസോട്ടയിലെ ഭരണകൂടമാണ്, പ്രാദേശിക സഭാനേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്ന് തീരുമാനം തിരുത്തിയത്. പൊതുവായ ആരാധനകൾക്ക് ഉപാധികളോടെയാണ് ഗവർണർ ടിം വാൾസ് അനുമതി നൽകിയത്. ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സെന്റ് പോൾസ് ആൻഡ് മിനിപ്പോളിസ് ആർച്ച്ബിഷപ്പ് ബെർണാഡ് പ്രതികരിച്ചു.
ലോക് ഡൗൺ ഇളവുകളിൽനിന്ന് ദൈവാലയങ്ങളെ ഒഴിവാക്കിയതിനെ തുടർന്ന് സംസ്ഥാന ഭരണകൂടം രൂക്ഷ വിമർശനമാണ് നേരിട്ടത്. പ്രസ്തുത നടപടി മതപരമായ ചടങ്ങുകളെ അന്യായമായി നിയന്ത്രിക്കുന്നതാണെന്ന് വ്യക്തമാക്കിയ ബിഷപ്പുമാർ, മേയ് 26 മുതൽ പൊതുവായ ആരാധനകൾ ആരംഭിക്കാനുള്ള ആലോചനയുമായി മുന്നോട്ടുപോവുകയും ചെയ്തു. മിനിസോട്ടയിലെ ബിഷപ്പുമാർ ഇക്കാര്യത്തിൽ സംയുക്ത പ്രസ്താവനയും പുറത്തിറക്കി.
ലോക് ഡൗൺ ഇളവുകളിൽനിന്ന് ദൈവാലയങ്ങളെ മാറ്റിനിറുത്തുന്ന ഇരട്ടത്താപ്പ് ദേശീയ തലത്തിൽതന്നെ ചർച്ചയായകാൻ പ്രസ്തുത സംഭവം ഇടയാക്കി. അവശ്യസേവനമായ് പ്രഖ്യാപിച്ച് ദൈവാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകാൻ ട്രംപ് ഭരണകൂടം സംസ്ഥാന ഗവർണർമാർക്ക് നിർദേശം നൽകുന്നതിനുവരെ പ്രസ്തുത ഇടപെടൽ വഴിവെച്ചു എന്നാണ് റിപ്പോർട്ടുകൾ.
Leave a Comment
Your email address will not be published. Required fields are marked with *