Follow Us On

29

March

2024

Friday

കൊറോണയെ മറയാക്കി സഭയെ അടിച്ചമർത്താൻ ശ്രമിക്കേണ്ട; രൂക്ഷ വിമർശനവുമായി കർദിനാൾ മുള്ളർ

കൊറോണയെ മറയാക്കി സഭയെ അടിച്ചമർത്താൻ ശ്രമിക്കേണ്ട; രൂക്ഷ വിമർശനവുമായി കർദിനാൾ മുള്ളർ

ജർമനി: കൊറോണ മഹാമാരിയെ മറയാക്കി കത്തോലിക്കാസഭയെ അടിച്ചമർത്താൻ ശ്രമിക്കുന്ന ആഗോളനേതാക്കളുടെ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനവുമായി വിശ്വാസതിരുസംഘം മുൻ അധ്യക്ഷൻകൂടിയായ ജർമൻ കർദിനാൾ ജെറാർഡ് ലുഡ്‌വിഗ് മുള്ളർ. ജീവന്റെ മൂല്യം, കുടുംബത്തിന്റെ പവിത്രത, മതസ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുന്നതിനാൽ അധികാരശക്തികൾ കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു.

പ്രമുഖ കത്തോലിക്കാ മാധ്യമമായ ഇ.ഡബ്ല്യു.ടിഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആഗോളതലത്തിൽ അധികാരത്തിലിരിക്കുന്നവർ ഈ പ്രത്യേക കാലഘട്ടത്തെ സഭയെ അടിച്ചമർത്താനും സഭയെക്കെതിരായ പ്രചാരണങ്ങൾക്കുമുള്ള അവസരമായി ഉപയോഗിക്കുകയാണ്. ആത്മീയമൂല്യങ്ങൾ കൂടി ചേരുമ്പോഴേ ജീവിതത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയൂ.

കൊറോണ പടർന്നുപിടിക്കുന്നുവെന്ന് കരുതി ആളുകളെ ഒറ്റപ്പെടുത്താൻ കഴിയില്ല. ജീവിതത്തിൽ അസുഖങ്ങളും അപകടങ്ങളും ഉൾപ്പെടെയുള്ള പല പ്രതിസന്ധികളുമുണ്ടാകാം. എന്നുകരുതി നമുക്ക് എക്കാലവും വീട്ടിൽതന്നെ തുടരാനാവില്ലെന്നും ദൈവാരാധന വിലക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

മതപരമായ അവകാശമെന്നാൽ മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. എല്ലാവർക്കുമുള്ള ഈ അവകാശങ്ങൾ ഭരണകൂടങ്ങൾ മാനിക്കണം. സുരക്ഷിതത്വത്തെ മാനിച്ച് ദിവ്യബലിയർപ്പണം നിരോധിക്കാമെങ്കിലും ഈ ഘട്ടത്തിൽ മരണപ്പെടുന്നവരും രോഗികളുമായവരെ സന്ദർശിക്കുന്നതിൽനിന്ന് ദൈവികരെയോ അജപാലനശുശ്രൂഷകരെയോ നിരോധിക്കാനോ വിലക്കാനോ ശ്രമിക്കരുത്. ഇത്തരം അവസരങ്ങളിൽ പുരോഹിതരുടെ ആശീർവാദം സ്വീകരിക്കാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ട്.

ലോക് ഡൗണിനുശേഷം സഭയിലുടനീളം സുവിശേഷവത്ക്കരണം നടത്തണമെന്നാണ് ആഗ്രഹം. ഈ ലോകത്തിലെ എല്ലാ അപകടങ്ങൾക്കുമിടയിലും പ്രത്യാശ നൽകുന്ന വിശാലമായ ഒരു ചക്രവാളമുണ്ടെന്ന ബോധ്യം മനുഷ്യർക്ക് നൽകണം. സാമൂഹ്യനീതിക്കും സമാധാനത്തിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കുംവേണ്ടി മതേതര സ്ഥാപനങ്ങളുമായുള്ള സഹകരണം ഉറപ്പാക്കാമെങ്കിലും ദൈവരാജ്യം പ്രസംഗിക്കുക എന്നതാണ് സഭയുടെ പ്രധാന ദൗത്യമെന്നും കർദിനാൾ മുള്ളർ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?