Follow Us On

29

March

2024

Friday

പൊതുവായ ദിവ്യബലി അർപ്പണം: തയാറെടുപ്പുകൾ വേഗത്തിലാക്കി ഐറിഷ് സഭ

പൊതുവായ ദിവ്യബലി അർപ്പണം: തയാറെടുപ്പുകൾ വേഗത്തിലാക്കി ഐറിഷ് സഭ

ഡബ്ലിൻ: ദൈവാലയങ്ങളിൽ പൊതുവായ ദിവ്യബലി അർപ്പണങ്ങൾക്ക് ഉടൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ സുരക്ഷാ നിർദേശങ്ങളും ക്രമീകരണങ്ങളും വേഗത്തിലാക്കി അയർലൻഡിലെ സഭ. ഇതിന്റെ ഭാഗമായി, ദൈവാലയങ്ങളിൽ കൈക്കൊള്ളേണ്ട നടപടിക്രമങ്ങളുടെ മാർരേഖ തയാറാക്കി ഭരണകൂടത്തിന് സമർപ്പിക്കാനൊരുങ്ങുകയാണ് ഐറിഷ് കത്തോലിക്കാ മെത്രാൻ സമിതി.

അതുവഴി എത്രയും പെട്ടന്ന് ദൈവാലയങ്ങൾ പുനരാരംഭിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് ഐറിഷ് കത്തോലിക്കാസഭാ അധ്യക്ഷനും അർമാ ആർച്ച്ബിഷപ്പുമായ എയ്മൻ മാർട്ടിൻ പറഞ്ഞു. ‘പൊതുവായ തിരുക്കർമങ്ങൾ എത്രത്തോളം സുരക്ഷിതമായും ഫലപ്രദമായും പുനരാരംഭിക്കാൻ കഴിയും എന്നതിനെ സംബന്ധിച്ച നിർദേശങ്ങളാകും മാർഗരേഖയിൽ ഉണ്ടാവുക,’ ഇക്കഴിഞ്ഞ ദിവസം വീഡിയോ കോളിലൂടെ സമ്മേളിച്ച മെത്രാൻ സമിതിയുടെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽതന്നെ, മേയ് 19മുതൽ വ്യക്തിപരമായ പ്രാർത്ഥനകൾക്കായി ദൈവാലയങ്ങൾ തുറക്കാൻ ഭരണകൂടം അനുമതി നൽകിയിരുന്നു. അതിൽ നന്ദി അറിയിച്ചുകൊണ്ട് സഭാ നേതൃത്വം ഭരണകൂടത്തിന് അയച്ച കത്തിൽ, വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയശേഷമേ ദൈവാലയങ്ങൾ തുറക്കൂവെന്നും വ്യക്തമാക്കിയിരുന്നു. അതിന്റെ ആദ്യപടി എന്ന നിലയിലാണ് സഭാ നേതൃത്വം മാർഗരേഖ തയാറാക്കുന്നത്.

‘ദൈവാലയത്തിനകത്ത് പാലിക്കേണ്ട ശാരീരിക അകലം, ശുചിത്വം എന്നിവ സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് ഇടവക വൈദികരും ഇടവകയിലെ ഭക്തസംഘടനകളും ചേർന്ന് തയാറാക്കും. അതുവഴി ഇതുവരെയുള്ള പുരോഗതി മനസിലാക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനുമാണ് ഉദ്ദേശിക്കുന്നത്,’ ആർച്ച്ബിഷപ്പ് എയ്മൻ മാർട്ടിൻ തുടർന്നു:

‘ആരാധനക്രമവുമായി ബന്ധപ്പെട്ട് വിശ്വാസികൾ ഉന്നയിക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. അതായത് ദിവ്യകാരുണ്യം സ്വീകരിക്കേണ്ടത് എങ്ങനെ, സഹകാർമകരുടെയും അൾത്താര ശുശ്രൂഷകരുടെ സാന്നിധ്യം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാവണം. ഞായറാഴ്ച ആചരണത്തിനും ഹന്നാൻ വെള്ളം ഉപയോഗിക്കുന്നതിനുമുള്ള നിലവിലെ വിലക്കിനെക്കുറിച്ചും ജൂൺ ആദ്യം സമ്മേളിക്കുന്ന മെത്രാൻ സമിതി ചർച്ച ചെയ്യും.’

പെന്തക്കുസ്ത തിരുനാൾ ആചരണം വരെ എത്തിയിട്ടും ഇനിയും ദൈവാലയങ്ങളിലെത്തി ദിവ്യകാരുണ്യം സ്വീകരിക്കാൻ കഴിയാത്തതിൽ വലിയ ആശങ്കയുണ്ട്. എങ്കിലും നമ്മുടെ ആരോഗ്യവും ജീവനും പൊതുനന്മയും സംരക്ഷിക്കാൻ വേണ്ടിയുള്ള നിങ്ങളോരോരുത്തരുടെയും ത്യാഗം വളരെ വലുതുമാണ്. അതിന്റെ ഫലമായി മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവും രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായ രീതിയിൽ എത്രയും പെട്ടന്ന് പൊതുവായ തിരുക്കർമങ്ങൾ ആരംഭിക്കാൻ പ്രസ്തുത മാർരേഖ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?