നിരന്തരമായ പ്രാർത്ഥനാനുഭവങ്ങളിലൂടെ കണ്ടെത്താൻ കഴിഞ്ഞ പരിശുദ്ധാത്മാവിന്റെ വിവിധ വരങ്ങളും അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള പങ്കുവെയ്ക്കലുമാണ് ജോസ് കാപ്പന്റെ വരദാനങ്ങൾ പ്രായോഗിക ജീവിതത്തിൽ. അനുദിന ജീവിതത്തിലുണ്ടാകുന്ന പരിശുദ്ധാത്മാവിന്റെ ഇടപെടലുകളെകുറിച്ചും ആ ഇടപെടലുകളെ എങ്ങനെ മനസ്സിലാക്കാമെന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. മാനുഷികബുദ്ധിക്കും ലൗകികവിജ്ഞാനത്തിനും അതീതമായ ദൈവാത്മാവിന്റെ പ്രവർത്തനങ്ങൾ ആലസ്യത്തിലാണ്ടു കിടന്നിരുന്ന ക്രൈസ്തവസമൂഹങ്ങളെ ഇന്ന് ഉണർത്തിക്കൊണ്ടിരിക്കുന്നു. ആദിമസഭയിൽ സാധാരണമായിരുന്നതും പിന്നീട് വിശുദ്ധരുടെ ജീവിതത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നതുമായ രോഗശാന്തി, ദർശനങ്ങൾ, പ്രവചനങ്ങൾ, അത്ഭുതങ്ങൾ മുതലായ അരൂപിയുടെ വരങ്ങൾ സാധാരണക്കാരുടെ ജീവിതത്തിലും അനുഭവവേദ്യമാക്കിക്കൊണ്ട്് യേശുക്രിസ്തു ഇന്നും ജീവിക്കുകയാണെന്ന് ലേഖകൻ വ്യക്തമാക്കുന്നു.
ഭാഷാവരം
നവീകരണാനുഭവത്തിൽ വന്നിട്ടുള്ള ചുരുക്കം ചിലർക്ക് ലഭിച്ചിട്ടുള്ളതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു വരമാണ് ഭാഷാവരത്തിലുള്ള സന്ദേശം. അഥവാ പരിശുദ്ധാത്മാവിന്റെ ഭാഷയിലുള്ള സന്ദേശം. നാം നമ്മുടെ ബുദ്ധിയും സ്വരവും അധരങ്ങളും പരിശുദ്ധാത്മാവിന് സമർപ്പിച്ച് എളിമപ്പെടാൻ തയാറായിക്കഴിയുമ്പോൾ പരിശുദ്ധാത്മാവ് നമ്മിൽവന്ന് നിറഞ്ഞ് നമ്മുടെ ബലഹീനതകളിൽ നമ്മെ സഹായിക്കുന്നു. സ്വരം പുറപ്പെടുവിക്കാതെയും അധരങ്ങൾ ചലിപ്പിക്കാതെയും ഹൃദയത്തിനുള്ളിലും ഭാഷാവരത്തോടെ പ്രാർത്ഥിക്കുവാൻ സാധിക്കും. സ്വയം പ്രാർത്ഥിക്കുവാൻ ഏറ്റവും എളുപ്പമുള്ള ഒരു വഴിയാണ് ഭാഷാവരത്തിലുള്ള പ്രാർത്ഥനയെന്നും ലേഖകൻ അഭിപ്രായപ്പടുന്നു. അന്ധകാരശക്തികളെ അകറ്റാനും മറ്റ് വരങ്ങൾ ലഭിക്കാനുമുള്ളഒരു വാതിലാണ് ഭാഷാവരം. പ്രാർത്ഥനാനുഭവത്തിൽ ആഴപ്പെടുവാനുംആത്മീയവളർച്ചയുടെ നാളുകളിൽ വീണുപോകാതെ പിടിച്ചുനിൽക്കാനും ഇത് ഉപകരിക്കും. ഭാഷാവരം വിവേകപൂർവം ഉപയോഗിക്കാതിരുന്നാൽ അസ്വസ്ഥതകൾക്കും നവീകരണത്തോടുതന്നെ എതിർപ്പിനും കാരണമാകാമെന്നും ലേഖകൻ ഉദാഹരണസഹിതം വ്യക്തമാക്കുന്നു. ഭാഷാവരം ആത്മീയ ജീവിതവളർച്ചയ്ക്ക് സഹായകമാണെങ്കിലും അതല്ല ക്രിസ്തീയജീവിതത്തിന്റെ ശക്തിസ്രോതസ്സ്. എല്ലാവർക്കും എല്ലാ നന്മകളും നൽകിക്കൊണ്ടിരിക്കുന്നത് പരിശുദ്ധാത്മാവാണ്. എങ്കിലും ക്രൈസ്തവ ജീവിതത്തിന്റെ ശക്തികേന്ദ്രം ദിവ്യബലിയാണെന്നും ഭാഷാവരം ഉചിതമായും ക്രമമായും ഉപയോഗിക്കുവാൻ ശ്രദ്ധിക്കേണ്ട ഒന്നാണെന്നും ലേഖകൻ ഓർമപ്പെടുത്തുന്നു ഇവിടെ.
രോഗശാന്തിവരം
മനുഷ്യന് ആത്മാവ്, മനസ്സ്, ശരീരം എന്നിങ്ങനെ മൂന്ന് തലങ്ങളാണ് ഉള്ളത്. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ആത്മീയസൗഖ്യം ലഭിക്കുമ്പോൾ പല ശാരീരിക രോഗങ്ങൾക്കും സൗഖ്യംലഭിക്കാൻ അത് കാരണമാണെന്നും ലേഖകൻ പറയുന്നു. അതുപോലെ ആന്തരിക (മാനസിക) സൗഖ്യം ലഭിക്കുമ്പോഴും ശാരീരിക രോഗങ്ങൾ മാറുന്നു. ചിലപ്പോഴെല്ലാം ശാരീരിക രോഗങ്ങളിൽ നിന്ന് സൗഖ്യം നേടുന്നതിന്റെ മുൻപായി ആത്മീയ സൗഖ്യവും ആന്തരിക സൗഖ്യവും ലഭിക്കുക ആവശ്യമാണെന്ന് പുസ്തകം വ്യക്തമാക്കുന്നു. രോഗശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ ചില രോഗികൾക്ക് വളരെ പെട്ടെന്ന് സൗഖ്യം ലഭിക്കുന്നു. എന്നാൽ എല്ലായ്‌പ്പോഴും എല്ലാ രോഗികൾക്കും പെട്ടെന്ന് സൗഖ്യം കിട്ടണമെന്നില്ല. അതിൽ സംശയമോ നിരാശയോ ഉണ്ടാവേണ്ടതില്ല. ഒരു രോഗിക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ പലവിധത്തിലായിരിക്കും ആ പ്രാർത്ഥന ഫലദായകമാകുകയെന്ന് അനുഭവത്തിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ലേഖകൻ പങ്ക് വെയ്ക്കുന്നു. രോഗശാന്തിവരം ഉപയോഗിക്കുമ്പോൾ പാളിച്ചകൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ ഉത്തരവാദിത്തങ്ങൾ മറന്നുകൊണ്ട് രോഗശാന്തി പ്രാർത്ഥനയ്ക്കായി ഇറങ്ങിത്തിരിക്കുന്നത് ഒരിക്കലും ഉചിതമല്ല. അങ്ങനെ ചെയ്യുന്നപക്ഷം അത് അഹങ്കാരം തലപൊക്കാനും നമ്മെ ആത്മീയമായി തളർത്താനും ഇടവരുത്തും. രോഗശാന്തിവരമുള്ള വ്യക്തിക്ക് കൂടുതൽ വ്യക്തിപരമായ പ്രാർത്ഥനയും ക്രമമായ ഉപവാസവും ദൈവേഷ്ടമറിഞ്ഞ് പ്രാർത്ഥിക്കാനുള്ള വിവേചനവരവും ആവശ്യമാണെന്നും ലേഖകൻ ഉദ്‌ബോധിപ്പിക്കുന്നു.
പ്രവചനവരം
പ്രവചിക്കുന്നവൻ തന്റെ സ്വന്തം ആശയങ്ങളും പദ്ധതികളുമല്ല സമൂഹത്തെ അറിയിക്കേണ്ടത്. ദൈവം നൽകുന്ന സന്ദേശം അവിടുന്നാഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന വിധം സമൂഹത്തിന് നൽകുകയാണ് ചെയ്യേണ്ടത്. ചില പ്രാർത്ഥനാസമൂഹങ്ങളിൽ ബൈബിളിലെ വാക്യങ്ങൾ അതേപടി സമൂഹത്തിൽ പറയുന്നു. അത് പ്രവചനമല്ല, ബൈബിൾ സന്ദേശങ്ങൾ മാത്രമാണെന്നും പുസ്തകം വിശദമാക്കുന്നു. മുൻവിധിയോടുകൂടി പ്രാർത്ഥനാസമൂഹത്തെയോ ആ സമൂഹത്തിലെ ഏതെങ്കിലും വ്യക്തിയെയോ കുറ്റപ്പെടുത്തുംവിധം സ്വന്തം ഭാവനകൾ പ്രഖ്യാപിക്കുന്നത് പ്രവചനമല്ല. പരസ്പരം ഒത്തു പ്രവചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതും പരിശുദ്ധാത്മാവിന്റെ പ്രവർത്തനമല്ല. അവ അംഗീകാരത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണെന്നും ലേഖകൻ സമർത്ഥിക്കുന്നു. ദർശനങ്ങളും പ്രവചനങ്ങളും ഉള്ള വ്യക്തിക്ക് ഏറ്റവും അത്യാവശ്യമായ ഒരു വരമാണ് വ്യാഖ്യാനവരം. ഈ വരം ലഭിച്ചിട്ടില്ലെങ്കിൽ തെറ്റായ വ്യാഖ്യാനം ഉണ്ടാവുകയും പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് ഇടവരുത്തുകയും ചെയ്യും. അതുകൊണ്ട് ദർശനങ്ങളും പ്രവചനങ്ങളും ലഭിക്കുന്നവർ വ്യാഖ്യാനത്തിനായി കൂടുതൽ തീക്ഷ്ണതയോടെ പ്രാർത്ഥിക്കേണ്ടതാണ്. വരങ്ങളുടെ ഉപയോഗത്തിൽ ഏറ്റവും അവശ്യമായ ഒരു വരമാണ് വിവേചനവരം. ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്ന മൂന്ന് അരൂപികൾ ദൈവാരൂപിയാണോ, മനുഷ്യാരൂപിയാണോ, ദുഷ്ടാരൂപിയാണോ എന്ന് മനസ്സിലാക്കുവാൻ ഈ വരം വളരെ അത്യാവശ്യമാണ്. വിവേകവും വിവേചനവരവുമില്ലാത്ത ഒരു വ്യക്തിക്ക് ശരിയായ ക്രിസ്തീയ നേതൃത്വം വഹിക്കുവാൻ പ്രയാസമാന്നെും ലേഖകൻ വ്യക്തമാക്കുന്നു.
ദർശനവരം
ദർശനങ്ങൾ ഒരിക്കലും സ്വന്തം ഭാവനകൾ ആയിരിക്കുകയില്ല. പ്രോത്സാഹനങ്ങൾ നൽകാനും ശാസനകൾ നൽകാനും മാർഗനിർദേശങ്ങൾ നൽകാനും തെറ്റുതിരുത്തുന്നതിനും ഉതകുന്ന സന്ദേശങ്ങൾ ആയിരിക്കും ദർശനങ്ങളിലൂടെ ലഭിക്കുകയെന്ന് ലേഖകൻ ഓർമപ്പെടുത്തുന്നു. ഒരു പ്രാർത്ഥനാസമ്മേളനം നടക്കുമ്പോൾ ആ ഗ്രൂപ്പ് നയിക്കുന്ന ആളിന്റെ അന്നത്തെ മാനസികാവസ്ഥയും അയാളുടെ അസ്വസ്ഥതകളും ഗ്രൂപ്പിലുള്ള മറ്റൊരു വ്യക്തിക്ക് അറിയാമെന്ന് കരുതുക. അയാൾ ആ കാര്യങ്ങൾ ദർശനങ്ങളായി രൂപപ്പെടുത്തിപ്പറയുന്നു. അവ പരിശുദ്ധാത്മാവ് നൽകുന്ന ദർശനങ്ങളല്ല. ഭാവനകൾ ദർശനങ്ങളായി ചിത്രീകരിക്കുന്നതാണെന്നും പുസ്തകം വ്യക്തമാക്കുന്നു. ദർശനങ്ങൾ ഒരു വ്യക്തിക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും ലഭിക്കാറുണ്ട്. അവയിൽ ചിലതിനെല്ലാം വ്യാഖ്യാനം ലഭിക്കേണ്ടതായുണ്ട്. അതുകൊണ്ട് വ്യാഖ്യാനത്തിനായി പ്രാർത്ഥിക്കണം. ഒരിക്കലും സ്വന്തം അറിവും ഭാവനയും ഉപയോഗിച്ച് വ്യാഖ്യാനിക്കാതെ, പ്രാർത്ഥനാപൂർവം പരിശുദ്ധാത്മാവിന്റെ വ്യാഖ്യാനത്തിനായി കാത്തിരിക്കണമെന്നും ലേഖകൻ ആവശ്യപ്പെടുന്നു. ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ മറ്റൊരു ദർശനത്തിലൂടെയായിരിക്കാം ആദ്യത്തെ ദർശനത്തിന്റെ വ്യാഖ്യാനം പരിശുദ്ധാത്മാവ് നൽകുന്നത്. ദർശനങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ എസക്കിയേലിന്റെ പുസ്തകം ഒന്നാം അധ്യായം വായിക്കുന്നത് കൂടുതൽ സഹായകമാണെന്നും പുസ്തകം നിർദേശിക്കുന്നു.
പൈശാചികശക്തികൾ
രോഗികൾ പൈശാചികശക്തികൾക്ക് സ്വയം കീഴ്‌പ്പെട്ടാണ് ഇരിക്കുന്നതെങ്കിൽ അതിൽനിന്ന് വിടുതൽ നേടിയാലെ യേശുവിന്റെ സൗഖ്യാനുഭവം ലഭിക്കുകയുള്ളൂ. കൂടോത്രം, മന്ത്രവാദം, പൈശാചികസേവകൾ തുടങ്ങിയവയിലൂടെ യേശുവിന്റെ കർതൃത്ത്വം തള്ളിപ്പറഞ്ഞവർ അത്തരം പ്രവൃത്തികൾ ഉപേക്ഷിക്കുകയും യേശുവിനെ നാഥനും കർത്താവുമായി ഏറ്റുപറയുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ലേഖകൻ വ്യക്തമാക്കുന്നു. ചില രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ സൗഖ്യം ലഭിക്കാൻ കുറേയധികം സമയം തന്നെ എടുക്കാറുണ്ട്. കർത്താവിന്റെ സൗഖ്യപ്പെടുത്തൽ പ്രാർത്ഥിച്ച നിമിഷം മുതൽ ആരംഭിക്കുകയും ഏതാനും മണിക്കൂറുകളിലൂടെയും ദിവസങ്ങളിലൂടെയും പൂർത്തിയാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തുടർച്ചയായ പ്രാർത്ഥന ആവശ്യമാണ്. കർത്താവിന്റെ സൗഖ്യപ്പെടുത്തൽ നമ്മുടെ ആഗ്രഹമോ കണക്കുകൂട്ടലോ അനുസരിച്ചല്ല. ഉടനടി ആഗ്രഹിച്ച രീതിയിൽ സഖ്യം കിട്ടിയില്ലെങ്കിലും വിശ്വാസത്തോടും പ്രതീക്ഷയോടും കർത്താവിനു സ്വീകാര്യമായ സമയംവരെ കാത്തിരിക്കുകയാണ് ഉത്തമമായിട്ടുള്ളതെന്നും ഉദാഹരണസഹിതം വ്യക്തമാക്കുന്നു.
ചുരുക്കം
ലേഖകന്റെ സ്വന്തം അനുഭവങ്ങളും ദൈവവചനത്തിൽനിന്നുള്ള ഉൾക്കാഴ്ചകളുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ, വരങ്ങളുടെ ഉപയോഗം ഇവയെക്കുറിച്ച് കൂടുതൽ ബോധ്യം ലഭിക്കുന്നു ഇവിടെ. നവീകരണാനുഭവത്തിൽ നിലനിൽക്കാനും വളരാനുമുള്ള മാർഗങ്ങളും നവീകരണാനുഭവത്തിൽ വന്നിട്ടുള്ള ചില വ്യക്തികളിൽ കാണുന്ന പാളിച്ചകളും ലേഖകൻ പങ്ക് വെയ്ക്കുന്നു. നമ്മൾ അവിടുത്തെ ശക്തിയാൽ നിറയപ്പെട്ട് ലോകത്തിന്റെപ്രകാശവും ഭൂമിയുടെ ഉപ്പുമായിത്തീർന്ന് സജീവ ക്രൈസ്തവ ജീവിതം നയിക്കുവാൻ പുസ്തകം നമ്മെ ക്ഷ്ണിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *