Follow Us On

18

April

2024

Thursday

ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി; എന്തുസംഭവിക്കും കേരളത്തിൽ?

ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി; എന്തുസംഭവിക്കും കേരളത്തിൽ?

ന്യൂഡൽഹി/ തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ നൽകിയ അനുമതിയിൽ സംസ്ഥാനത്തിന്റെ അനുകൂല തീരുമാനം പ്രതീക്ഷിച്ച് കേരളത്തിലെ വിശ്വാസീസമൂഹം. ദേശീയ ലോക്ക്ഡൗൺ ജൂൺ 30വരെ നീട്ടിക്കൊണ്ടുള്ള മാർഗനിർദേശത്തിലാണ് ആരാധനാലയങ്ങൾക്ക് ഉപാധികളോടെ ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്.

ആരാധനാലയങ്ങൾ തുറക്കുന്നത് ഉൾപ്പെടെ സംസ്ഥാനത്ത് പ്രാബല്യത്തിലാക്കേണ്ട ഇളവുകളും വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ച് അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ചാം ഘട്ട ലോക്ക് ഡൗൺ ജൂൺ ഒന്ന് മുതൽ ആരംഭിക്കുമെങ്കിലും എട്ടാം തിയതി മുതലാകും ഇളവുകൾ നൽകിത്തുടങ്ങുക. കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ഡൗൺ തുടരും. ആരാധനാലയങ്ങൾക്കു പുറമെ ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവ ജൂൺ എട്ടു മുതൽ തുറക്കാം.

ആരോഗ്യ വകുപ്പിന്റെ മാർഗരേഖ അനുസരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം രണ്ടാം ഘട്ടത്തിലായിരിക്കും തീരുമാനിക്കുക. എന്നാൽ, സാഹചര്യം വിലയിരുത്തി അതത് സംസ്ഥാന സർക്കാരുകളാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാൽ, നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിന്റെ തീരുമാനം നിർണായകമാണ്.

പുതിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും വകുപ്പു സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം സാഹചര്യങ്ങൾ മെച്ചപ്പെട്ടശേഷമേ പരിഗണിക്കൂവെന്ന് ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിശ്വാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?