Follow Us On

22

February

2024

Thursday

നന്മ നിറഞ്ഞ മറിയമേ, സ്വസ്തി!

നന്മ നിറഞ്ഞ മറിയമേ, സ്വസ്തി!

റോയി അഗസ്റ്റിൻ, മസ്കറ്റ്

ദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടയിൽ നിൽക്കുന്ന ‘ഏക മദ്ധ്യസ്ഥൻ’ ക്രിസ്തുവാണെന്ന് പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നു. (1 തിമോ. 2:4-6) എങ്കിൽ മാതാവിനോടും വിശുദ്ധരോടുമുള്ള മദ്ധ്യസ്ഥ പ്രാർത്ഥന പുതിയ നിയമത്തിനു വിരുദ്ധമല്ലേ? സംശയമുള്ളവർ തുടർന്നു വായിക്കുക…

രക്ഷാകര ചരിത്രത്തിലും സഭയിലും അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് പരിശുദ്ധ കന്യകാമറിയം. യേശുവിൻ്റെ മാതാവായി വിശുദ്ധ ഗ്രന്ഥം മറിയത്തെ അവതരിപ്പിക്കുന്നു. അതുപോലെ തന്നെ യേശുവിൽ വിശ്വസിക്കുന്ന എല്ലാവരുടെയും മാതാവായും.

മറിയത്തിനു സ്വന്തമായി ദൈവത്വവും ശക്തിയുമുണ്ടെന്ന ധാരണയല്ല അവളോടുള്ള സഭയിലെ ഭക്തിക്കു നിദാനം. സഭ മറിയത്തെ ആരാധിക്കുന്നില്ല. അതേ സമയം മാതാവിനോടുള്ള അപേക്ഷയിൽ എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണെന്ന് ഒരിക്കലും വിസ്മരിക്കുന്നില്ല താനും. ക്രിസ്തുവിൻ്റെ യോഗ്യതകൾ തന്നെയാണ് ദൈവസന്നിധിയിൽ മറിയത്തിനുള്ള സ്വാധീനതയ്ക്ക് അടിസ്ഥാനം. മറിയത്തിൻ്റെ ശക്തി ഏക മധ്യസ്ഥനായ ക്രിസ്തുവിൻ്റെ മധ്യസ്ഥ്യത്തിൽ ആശ്രയിച്ചു നിൽക്കുന്നു.

കന്യാമറിയത്തിൽ സഭ അർപ്പിക്കുന്ന വിശ്വാസത്തിൽ നിന്നും ഉടലെടുത്തതാണ് ‘മാതാവ് ‘, ‘സഹായക’, ‘മധ്യസ്ഥ’ തുടങ്ങിയ അഭിധാനങ്ങൾ. പക്ഷേ, ഇവയൊന്നും മറിയത്തെ ക്രിസ്തുവിനുപരി പ്രതിഷ്ഠിക്കുകയോ ദൈവവുമായുള്ള ബന്ധത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നില്ല .മറിച്ച് മറിയത്തിനു നമ്മൾ നൽകുന്ന അംഗീകാരം ക്രിസ്തുവിനോടു കൂടുതൽ അടുക്കാൻ ഉത്തേജനവും പ്രോത്സാഹനവും നൽകുന്നു.

എല്ലാ മനുഷ്യരേയും പോലെ മറിയവും ക്രിസ്തുവിൻ്റെ യോഗ്യതയാൽ രക്ഷിക്കപ്പെട്ടവളാണ്. പക്ഷേ, എല്ലാവരിൽ നിന്നും വിഭിന്നമായ രീതിയിലാണ് മറിയം രക്ഷിക്കപ്പെട്ടത്. പാപപങ്കിലമായ മനുഷ്യവംശത്തിൻ്റെ അഭിമാന ഭാജനമായിത്തീരാൻ തക്കവിധം മറിയത്തെ ദൈവം ഉത്ഭവം മുതൽ പാപമില്ലാത്തവളായി സൂക്ഷിച്ചു. അങ്ങനെ അമലോത്ഭവം കറതീർന്ന മനുഷ്യരാശിയിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിൽ സ്വർഗ്ഗാരോപണം പാപവിമുക്തമായ മനുഷ്യാസ്തിത്വത്തിനു കൈവരുന്ന സാഫല്യത്തിലേയ്ക്കാണ് നമ്മുടെ ശ്രദ്ധയെ തിരിക്കുക.

മനുഷ്യാവതാര രഹസ്യത്തെക്കുറിച്ചു പറയുമ്പോൾ മറിയത്തെ കാണുന്നത് ‘യേശുവിൻ്റെ മാതാവ്’ എന്ന രീതിയിലാന്ന്. ഈ കാഴ്ചപ്പാടിൽ നിന്ന് ഒരു പടികൂടി ഉയർന്ന വീക്ഷണമാണ് മംഗള വാർത്താ വിവരണത്തിൽ നമ്മൾ കാണുന്നത്. അതായത് മറിയം ‘ദൈവമാതാവും’ ആണ്. കാരണം, ‘ പരിശുദ്ധാത്മാവ് നിൻ്റെ മേൽ വരും; അത്യുന്നതൻ്റെ ശക്തി നിൻ്റെ മേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ (ലൂക്ക 1:35).

”ദൈവമാതാവ് ” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മറിയം “ദൈവ”ത്തിന് ജന്മം നൽകി എന്നല്ല, മറിച്ച് മനുഷ്യനായി പിറന്ന ദൈവപുത്രന്, ദൈവത്വവും മനുഷ്യത്വവും സംയോജിച്ച യേശു ക്രിസ്തുവിന് ജന്മം നൽകിയെന്നാണ്. അതുകൊണ്ട്, പരിശുദ്ധ കന്യാമറിയത്തെ “ദൈവമാതാവ് ” എന്നും “ക്രിസ്തുവിൻ്റെ അമ്മ എന്നും വിളിക്കാവുന്നതാണ്.

മറിയം യേശു വിശ്വാസികളായ നമ്മുടെയും മാതാവാണ്. ” സ്ത്രീയേ, ഇതാ നിൻ്റെ മകൻ ” എന്ന് മാതാവിനോടും “ഇതാ നിൻ്റെ അമ്മ” എന്ന് യോഹന്നാനോടും കുരിശിൽ കിടന്നുകൊണ്ട് അവിടുന്ന് പറഞ്ഞതോർക്കുക (യോഹ. 19: 25-27). ഈ വാക്യങ്ങൾ യേശുവിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും പരിശുദ്ധ കന്യാമറിയവും തമ്മിലുള്ള ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

രണ്ടാം വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നതു പോലെ ‘വിശ്വാസികൾ മറിയത്തെ കീർത്തിക്കുകയും വണങ്ങുകയും ചെയ്യുമ്പോൾ അവൾ അവരെ സ്വ സുതനിലേക്കും അവിടുത്തെ ബലിയിലേക്കും ദൈവപിതാവിൻ്റെ സ്നേഹത്തിലേക്കും ആനയിക്കുന്നു. ക്രിസ്തുവിൻ്റെ മഹത്വം മാത്രം അന്വേഷിച്ചുകൊണ്ട് സഭ മറിയത്തിൻ്റെ മഹനീയ മാതൃകയോട് കൂടുതൽ അനുരൂപപ്പെടുകയും വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിൽ നിരന്തരം പുരോഗമിച്ച് എല്ലാറ്റിലും ദൈവ തിരുമനസ്സ് അന്വേഷിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുന്നു’ (തിരുസ്സഭ 65)

പരിശുദ്ധ കന്യാമറിയത്തിൻ്റെ മാധ്യസ്ഥത്തെപ്പറ്റി സൂചിപ്പിച്ചതു പോലെ ക്രിസ്തുവിലൂടെയും ക്രിസ്തുവിനോടുകൂടെയും അല്ലാതെ സ്വതന്ത്രമായ മാധ്യസ്ഥം വിശുദ്ധർക്കുമില്ല. സഭാ പണ്ഡിതനായ വിശുദ്ധ തോമസ് അക്വിനാസിൻ്റെ പഠനമനുസരിച്ച് ഏക മധ്യസ്ഥനായ ക്രിസ്തുവിലേയ്ക്കാണ് എല്ലാ ക്രിസ്തുശിഷ്യരുടെയും മാധ്യസ്ഥം വിരൽ ചൂണ്ടുന്നത്. (Summa TheoIogica Ill, 26, 1) ‘

സഭ രക്ഷയുടെ അടയാളവും ഉപകരണവുമാണ്. ക്രിസ്തുവിൻ്റെ സമൂഹത്തിൽ സജീവാംഗങ്ങളായി, ക്രിസ്തുവിൻ്റെ കൃപാവരത്തിൽ ആശ്രയിച്ചു കൊണ്ട്, അവിടുന്ന് പ്രദാനം ചെയ്യുന്ന രക്ഷ ലോകത്തിനു വെളിപ്പെടുത്തുന്നവരാണ് രക്തസാക്ഷികളും വിശുദ്ധരും. അവരുടെ ശക്തിയും പ്രചോദനവും ക്രിസ്തുതന്നെ. ലോകത്തിൽ ജീവിക്കുന്നവരുടെയും സ്വർഗ്ഗഭാഗ്യം പ്രാപിച്ചവരുടെയും കൂട്ടായ്മയാണ് സഭ.

ഈ കൂട്ടായ്മയിലെ വ്യക്തികൾ തമ്മിൽ ബന്ധമുണ്ടായിരിക്കുക സ്വാഭാവികമാണ്. സ്വർഗ്ഗീയർക്ക് ലോകത്തിലുള്ളവരോടുള്ള ബന്ധമാണ് മാധ്യസ്ഥത്തിലൂടെ അവർ പ്രകടിപ്പിക്കുന്നത്. ലോകത്തിലുള്ളവർ അവരോടുള്ള ബന്ധം പ്രാർത്ഥനയിലൂടെയും പ്രകടമാക്കുന്നു. ഇവരണ്ടും ഏകരക്ഷകനായ ക്രിസ്തുവിനെ മറികടന്നു കൊണ്ടല്ല. ഏക മധ്യസ്ഥനായ ക്രിസ്തുവിലൂടെയും ക്രിസ്തുവിനോടുകൂടെയുമുള്ള ബന്ധത്തിലൂടെയാണുതാനും.

(2003-ൽ കെ.സി.ബി.സി പ്രസിദ്ധീകരിച്ച വിശ്വാസവും ധാർമ്മികതയും എന്ന പ്രബോധന രേഖയെ അടിസ്ഥാനമാക്കി എഴുതിയത്)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?