Follow Us On

14

July

2020

Tuesday

കാർ ഷോറൂമുകൾവരെ തുറക്കാം, എന്നാലും ദൈവാലയം തുറക്കരുത്! തുറന്നടിച്ച് കർദിനാൾ നിക്കോൾസ്

കാർ ഷോറൂമുകൾവരെ തുറക്കാം, എന്നാലും ദൈവാലയം തുറക്കരുത്! തുറന്നടിച്ച് കർദിനാൾ നിക്കോൾസ്

യു.കെ: വ്യാപാരസ്ഥാപനങ്ങൾക്ക് ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ദൈവാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത ഭരണകൂടത്തിനെതിരെ തുറന്നടിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ വിൻസെന്റ് നിക്കോൾസ്. ‘എല്ലാത്തരം കടകമ്പോളങ്ങൾവരെ തുറക്കാൻ അനുമതി നൽകിയ സർക്കാർ എന്തുകൊണ്ട് ദൈവാലയങ്ങൾ തുറക്കൻ അനുമതി നൽകുന്നില്ല,’ എന്ന അദ്ദേഹത്തിന്റെ ചോദ്യം ചർച്ചയായിക്കഴിഞ്ഞു.

പന്തക്കുസ്താ തിരുനാൾ ദിനത്തിലാണ്, ദൈവാലയങ്ങൾ അടച്ചിടുന്ന സർക്കാർ നയത്തിനെതിരെ വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പുകൂടിയായ അദ്ദേഹം ആഞ്ഞടിച്ചത്. ലോക് ഡൗൺ നിയന്ത്രണങ്ങളിൽ രാജ്യവ്യാപകമായി ഇളവുകൾ പ്രഖ്യാപിച്ച് വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടും ജൂലൈവരെ ദൈവാലയങ്ങൾ അടച്ചുതന്നെയിടാനുള്ള ഭരണകൂട നിലപാടിനെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ദൈവാലയങ്ങൾ വീണ്ടും തുറന്നു പ്രവർത്തിക്കുമ്പോൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നിട്ടും എന്തുകൊണ്ട് ആരാധനാലയങ്ങളെ ഒഴിവാക്കുന്നു എന്നത് മനസിലാകുന്നില്ല. മാർച്ച് ഇരുപതോടെ ദൈവാലയങ്ങൾ അടച്ചതാണ്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ ദൈവാലയ ശുശ്രൂഷകൾ പുനരാരംഭിക്കാൻ ആവശ്യപ്പെടുന്നുണ്ട്,’ കർദിനാൾ വ്യക്തമാക്കി.

ദൈവാലയങ്ങൾ തുറക്കണം, തങ്ങൾക്കു കൂദാശകൾ ലഭ്യമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദിനങ്ങൾക്കുമുമ്പ് കത്തോലിക്കാ വിശ്വാസികൾ പുറത്തിറക്കിയ വീഡിയോ പതിനായിരങ്ങളാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. ദൈവാലയങ്ങൾ സുരക്ഷിതമാംവിധത്തിൽ തുറക്കാൻ കഴിയും എന്നതിൽ തങ്ങളുടെ വൈദികർ ആത്മവിശ്വാസം ഉള്ളവരാണെന്നും കർദിനാൾ വിൻസെന്റ് നിക്കോൾസ് കൂട്ടിച്ചേർത്തു.

ദൈവാലയങ്ങൾ തുറക്കേണ്ടതിന്റെ ആത്മീയവും വൈകാരികവുമായ ആവശ്യകത തിരിച്ചറിയുന്നതിൽ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി പ്രതിഷേധ കുറിപ്പ് പുറപ്പെടുവിച്ചിരുന്നു. സർക്കാർ നിർദേശങ്ങൾക്ക് വിധേയമായി ദൈവാലയങ്ങൾ തുറക്കാൻ വിശദമായ ഒരു പദ്ധതി സഭ സമർപ്പിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്തതാണ് പ്രതിഷേധ കുറിപ്പിന് കാരണമായത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?