Follow Us On

19

April

2024

Friday

നമ്മെ ദൈവമക്കളായി ഒന്നിപ്പിക്കുന്ന ശക്തിയാണ് പരിശുദ്ധാരൂപി: പാപ്പ

നമ്മെ ദൈവമക്കളായി ഒന്നിപ്പിക്കുന്ന ശക്തിയാണ് പരിശുദ്ധാരൂപി: പാപ്പ

വത്തിക്കാൻ സിറ്റി: സഭയുടെ പ്രാഥമിക ദൗത്യം വിശ്വാസ പ്രഘോഷണമാണെന്നും ആ ദൗത്യ നിർവഹണത്തിനായി നമ്മെ ദൈവമക്കളെന്ന നിലയിൽ ഒന്നിപ്പിക്കുന്ന ശക്തിയാണ്
പരിശുദ്ധാത്മാവെന്നും ഫ്രാൻസിസ് പാപ്പ. സ്വയം ദാനമായി നൽകി നമ്മെ ദൈവമക്കളായി ഒന്നിപ്പിക്കുന്നവനാണ് പരിശുദ്ധാത്മാവെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. പന്തക്കുസ്ത തിരുനാളിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ആദിമസഭയിൽ ക്രിസ്തുവിന്റെ അനുയായികൾക്കിടയിൽ വിഭിന്ന പശ്ചാത്തലങ്ങളും വംശീയതയും ഉണ്ടായിരുന്നെങ്കിലും അവർ പ്രാഥമികമായി ദൈവമക്കളാണെന്ന ബോധ്യം പരിശുദ്ധാത്മാവ് അവർക്ക് നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാപ്പ സന്ദേശം ആരംഭിച്ചത്. നമ്മുടെ വിശ്വാസങ്ങൾക്കും ധാർമികതയ്ക്കും അപ്പുറത്തേക്ക് പരിശുദ്ധാത്മാവാണ് നമ്മെ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായി ചേർത്തുനിർത്തുന്നത്. അങ്ങനെയാണ് എകദൈവത്തിന്റെ മക്കളായ നാം സാഹോദരങ്ങളായി വസിക്കുന്നതും.

പന്തക്കുസ്തയ്ക്കുശേഷമുള്ള സഭയുടെ ആദ്യത്തെ ദൗത്യം വിശ്വാസ പ്രഖ്യാപനമായിരുന്നു. മുറികളിൽ പൂട്ടിയിരിക്കാതെ വാതിലുകൾ തുറന്ന്, ഭീരുത്വം നിറഞ്ഞ വിശ്വാസത്തിന്റെ പരിധികൾ ഭേദിച്ച് വിശ്വാസ പ്രഖ്യാപനം നടത്താൻ സഭയെ പരിശുദ്ധാത്മാവ് അനുഗ്രഹിക്കുകയായിരുന്നു പന്തക്കുസ്തയിലൂടെ. അങ്ങനെ പരിശുദ്ധാത്മാവ് സ്വയം നമുക്ക് ഒരു സമ്മാനമായി നൽകി ഐക്യത്തിന്റെ രഹസ്യമായി മാറി.

അവിടുത്തെ സ്വാതന്ത്ര്യത്തിലും അനർഹമായ ദാനത്തിലും നാം എന്താണെന്ന് തിരിച്ചറിയുമ്പോൾ നമ്മുടെ ജീവിതവും മറ്റുള്ളവർക്ക് സമ്മാനമായി നൽകാൻ നാം ആഗ്രഹിക്കും. താഴ്മയോടെ സ്‌നേഹിച്ചും സ്വതന്ത്രമായി, ആനന്തമായി ശുശ്രൂഷ ചെയ്തും ദൈവത്തിന്റെ യഥാർത്ഥ പ്രതിച്ഛായ ഈ ലോകത്തിന് നമുക്ക് കാണിച്ചുകൊടുക്കാനുമാകും. എന്നാൽ ഇങ്ങനെ സ്വയം ദാനം ചെയ്യുമ്പോൾ ആത്മാരാധന, ഇരയാകപ്പെടൽ, വിഷാദാത്മക ചിന്ത എന്നീ മൂന്ന് ശത്രുക്കൾ നമ്മെ ആക്രമിച്ചേക്കാം.

സ്വയം നൽകുന്നതുകൊണ്ട് വ്യക്തിപരമായി ഒന്നും നേടില്ലെന്ന ചിന്തയും സമൂഹത്തിൽ നല്ലതൊന്നും സംഭവിക്കുന്നില്ലെന്ന ചിന്തയുമെല്ലാം നമ്മെ അലട്ടിയേക്കാം. എന്നാൽ, ഇത്തരം ചിന്തകളിൽനിന്ന് പ്രത്യാശ നൽകി നമ്മെ സുഖപ്പെടുത്തുന്ന ദാനമാണ് പരിശുദ്ധാത്മാവ്. സ്വാർത്ഥതയുടെ മരവിപ്പിൽനിന്ന് സ്വതന്ത്രമായി നല്ലതുചെയ്യാൻ പ്രചോദിപ്പിക്കണേയെന്ന് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?