Follow Us On

28

November

2022

Monday

ദിവ്യകാരുണ്യ അത്ഭുതങ്ങൾ: കാർലോ അക്യുറ്റിസിന്റെ അമൂല്യ ശേഖരം കാണാം ഒറ്റക്ലിക്കിൽ!

ദിവ്യകാരുണ്യ അത്ഭുതങ്ങൾ: കാർലോ അക്യുറ്റിസിന്റെ അമൂല്യ ശേഖരം കാണാം ഒറ്റക്ലിക്കിൽ!

വാഴ്ത്തപ്പെട്ടരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്ന കാർലോ അക്യുറ്റിസ് ശേഖരിച്ച മരിയൻ പ്രത്യക്ഷീകരണങ്ങൾ, പരിശുദ്ധ അമ്മയുടെ ജനന തിരുനാളായ സെപ്തം. എട്ടിന് ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ലഭ്യമാക്കുമെന്നും ‘കാർലോ വോയ്‌സ്’ വെളിപ്പെടുത്തി.

ആദിലാബാദ്: വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുന്ന കാർലോ അക്യുറ്റിസ്, ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങൾ വായിക്കാം, ചിത്രങ്ങൾ കാണാം ഒറ്റ ക്ലിക്കിൽ! കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും വിശ്വാസസത്യങ്ങളും കൃത്യതയോടെ വിശ്വാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാളികളായ
വൈദിക വിദ്യാർത്ഥികൾ ആരംഭിച്ച ‘കാർലോ വോയ്‌സ്’ (carlovoice.com) എന്ന ഓൺലൈൻ മാഗസിനാണ് ഇതിന് അവസരമൊരുക്കുന്നത്. ഒക്‌ടോബർ 10 നാണ് ‘സൈബർ അപ്പോസ്തൽ ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർലോ അക്യുറ്റിസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.

സഭ അംഗീകരിച്ച 150 ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് കാർലോ അക്യുറ്റിസ് സമാഹരിച്ച ചിത്രങ്ങൾക്കും വിവരങ്ങൾക്കുമൊപ്പം ഗ്രാഫിക്‌സുകളും ഉൾപ്പെടുത്തിയാണ് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ‘വെർച്വൽ മ്യൂസിയം’ തയാറാക്കിയിരിക്കുന്നത്. പതിനഞ്ച് വയസുവരെമാത്രം ദീർഘിച്ച ജീവിതം മുഴുവൻ ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ആധുനിക വിവര സാങ്കേതിക വിദ്യകൾ സമർത്ഥമായി ഉപയോഗിച്ച കാർലോയുടെ പ്രചോദനത്താൽ ബ്രദർ എഫ്രേം കുന്നപ്പള്ളി, ബ്രദർ ജോൺ കണയങ്കൽ എന്നിവരാണ് ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന് ‘കാർലോ വോയ്‌സി’ന് തുടക്കം കുറിച്ചത്.

‘കാർലോ വോയിസി’ന്റെ പ്രസിഡന്റുകൂടിയായ കാർലോ അക്യുറ്റിസിന്റെ മാതാവ് അന്റോണിയ അക്യുറ്റിസാണ് കോർപ്പസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ ഓൺലൈനിലൂടെ ‘വെർച്വൽ മ്യൂസിയം’ ഉദ്ഘാടനം ചെയ്തത്. ഇടവകൾക്കും സംഘടനകൾക്കുമെല്ലാം ഈ ശേഖരം പ്രദർശിപ്പിക്കാനാകും. കാർലോയുടെ മാതാപിതാക്കളും നാമകരണ നടപടിക്രമങ്ങളുടെ പോസ്റ്റലേറ്ററർ ഡോ. നിക്കോളോ ഗോരിയും കാർലോയുടെ നാമകരണത്തിനായി സ്ഥാപിതമായ അസോസിയേഷനും അതിനുള്ള അനുവാദം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ബ്രദർ എഫ്രേം, ബ്രദർ ജോൺ എന്നിവർ ‘സൺഡേ ശാലോ’മിനോട് വ്യക്തമാക്കി. നാമകരണത്തിനായി സ്ഥാപിതമായ അസോസിയേഷന്റെ ജനറൽ കോർഡിനേറ്റർമാരുമാണ് ഇവർ.

ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കലും

‘സൈബർ ലോകത്തെ അപ്പസ്‌തോലനായി അറിയപ്പെടുന്ന ‘കാർലോ അക്യുറ്റിസി’ന്റെ മാധ്യമ സുവിശേഷവൽക്കരണ തീക്ഷ്ണതയെക്കുറിച്ച് കാർലോയുടെ അമ്മയിൽനിന്ന് അറിയാനിടയായതാണ് ‘കാർലോ വോയ്‌സ്’ എന്ന മാസിക ആരംഭിക്കാൻ പ്രചോദനമായത്. അദിലാബാദ് രൂപതാ ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ, പുനൈ രൂപതാ ബിഷപ്പ് മാർ തോമസ് സാബരെ, സത്‌നാ സെമിനാരി റെക്ടർ ഫാ. ജോസഫ് ഒറ്റപുരക്കൽ എന്നിവർ നൽകിയ പ്രോത്‌സാഹനവും മാർഗനിർദേശങ്ങളും ശക്തി പകർന്നു,’ ബ്രദർ എഫ്രേം പറഞ്ഞു.

ആദിലാബാദ് രൂപതയിൽ രണ്ടാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥിയാണ് ബ്രദർ എഫ്രേം. അദ്ദേഹത്തിന്റെ ബന്ധുവായ ബ്രദർ ജോൺ കോതമംഗലം രൂപതയിൽ മൂന്നാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥിയാണ്. ‘കാർലോ വോയ്‌സി’ന് അനുമോദനവും അനുഗ്രഹവും നേർന്ന് കൽദായ പാത്രയാർക്കിസ് കർദിനാൾ ലൂയീസ് റാഫേൽ സാക്കോ ഇവർക്ക് കത്ത് അയച്ചിരുന്നു. ‘ദിവ്യകാരുണ്യത്തിലേക്ക് ലോകത്തെ അടുപ്പിക്കാൻ നിങ്ങൾ ശ്രമിക്കണം,’ എന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ‘വെർച്വൽ മ്യൂസിയം’ ആരംഭിക്കാൻ പ്രചോദനമായതെന്ന് ബ്രദർ ജോൺ പറഞ്ഞു.

ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ ബ്രദർ ജോണിന്റെ ജേഷ്ഠൻ ലിജോ ജോർജിന്റെ പിന്തുണയുമുണ്ടായിരുന്നു. വാഴ്ത്തപ്പെട്ടരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്ന കാർലോ അക്യുറ്റിസ് ശേഖരിച്ച മരിയൻ പ്രത്യക്ഷീകരണങ്ങൾ, പരിശുദ്ധ അമ്മയുടെ ജനന തിരുനാളായ സെപ്തം. എട്ടിന് ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ലഭ്യമാക്കുമെന്നും ബ്രദർ ജോൺ പറഞ്ഞു.

ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനം സംഘടിപ്പിക്കാനും കൂടുതൽ അറിയാനും താൽപ്പര്യമുള്ളവർക്ക് ‘കാർലോ വോയ്‌സ്’ വെബ്‌സൈറ്റിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാം. സൗജന്യമായി ആർക്കും ഇത് പ്രദർശിപ്പിക്കാം. എന്നാൽ ഒറ്റ അഭ്യർത്ഥനേ ഇവർക്കുള്ളൂ: ‘കാർലോ വോയിസി’ൽനിന്നെടുക്കുന്ന ഫോട്ടോകൾക്കും വിരങ്ങൾക്കുമൊപ്പം സഭ അംഗീകരിക്കാത്ത ദിവ്യകാരുണ്യ അത്ഭുതങ്ങൾ കൂടിച്ചേർത്ത് പ്രദർശിപ്പിക്കരുത്.’ അത്തരം സംഭവങ്ങൾ സഭാധികാരികൾ ശ്രദ്ധയിൽപെടുത്തിയതിനാലാണ് ഈ മുൻകരുതലെന്നും ബ്രദർ എഫേം വ്യക്തമാക്കി.

കത്തോലിക്കാ വിശ്വാസസത്യങ്ങൾ ദുർവ്യാഖ്യാനിച്ചും പുനർവ്യാഖ്യാനിച്ചും വിശ്വാസികളിലേക്ക് പകരപ്പെടുന്ന ഇക്കാലഘട്ടത്തിൽ ശ്രദ്ധേയമാകുകയാണ് ‘കാർലോ വേയ്‌സി’ന്റെ ഇടപെടൽ. ലോകം മുഴുവനുമുള്ള ക്രൈസ്തവരിലേക്ക് എത്തിചേരണമെന്ന ചിന്തയാണ് മാഗസിൻ ഇംഗ്ലീഷിൽ തയാറാക്കാൻ കാരണം. ജെറുസലം ലത്തിൽ പാത്രയർക്കീസ് മാർ പിയർ ബാറ്റിസ്റ്റാ പീസബല്ലാ എഴുതുന്ന ധ്യാനചിന്തകൾ ഉൾപ്പെടെയുള്ള പംക്തികളുമായി ശനിയാഴ്ചകളിലാണ് മാഗസിൻ അപ്പ്‌ലോഡ് ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?