Follow Us On

19

April

2024

Friday

വിഷാദരോഗത്തിന് ഒറ്റമൂലി പരസ്‌നേഹം!

വിഷാദരോഗത്തിന് ഒറ്റമൂലി പരസ്‌നേഹം!

‘വിഷാദരോഗത്തിലൂടെ കടന്നുപോകുന്നവരുടെ വീണ്ടെടുപ്പ്’ നവംബർ മാസത്തിലെ പ്രാർത്ഥനാ നിയോഗമായി ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തതിലൂടെ,
ഡിപ്രഷൻ അഥവാ വിഷാദരോഗം വീണ്ടും ചർച്ചയാകുമ്പോൾ സുപ്രധാനമായ ചില മുൻകരുതൽ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയാണ് മെഡിക്കൽ ഡോക്ടർകൂടിയ ഫാ. ഫ്രാൻസിസ് ആലപ്പാട്ട്.

ഇന്ന് ലോകത്തിൽ 30 കോടിയിൽപ്പരം പേർ വിഷാദരോഗത്തിന്റെ അടിമകളാണെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വിഷാദം ജനിപ്പിക്കുന്നു. മാനസികാരോഗ്യം അതിവേഗതയിൽ താഴോട്ട് കുതിക്കുന്നു എന്നതിന്റെ ലക്ഷണമാണിത്. 2005നു ശേഷം ഈ രോഗത്തിന്റെ വളർച്ച 15% ഉയർന്നു എന്നത് ആരോഗ്യ, സാമൂഹിക പ്രവർത്തകർക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

കാരണങ്ങൾ ആന്തരികമോ ബാഹ്യമോ ആയാലും മനുഷ്യമനസ് വിഷാദത്തിന്റെ തമോഗർത്തത്തിലൂടെ സഞ്ചരിക്കുന്ന വിഷമകരമായ കാലമാണ് ഡിപ്രഷൻ. ബാല്യദശയൊഴിച്ച് മിക്കവാറും എല്ലാം പ്രായക്കാരും വിവിധ കാലദൈർഘ്യങ്ങളിൽ ഇതിലൂടെ കടന്നുപോകുന്നുണ്ട്. പ്രത്യക്ഷത്തിൽ അപകടരഹിതമായ ഉത്സാഹക്കുറവ് മുതൽ ആത്മഹത്യ, കൊലപാതകം എന്നീ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കുവരെ ഈ രോഗത്തിന്റെ പ്രത്യാഘാതങ്ങൾ ചെന്നെത്തുന്നുണ്ട്.

കാരണങ്ങൾ രണ്ട്

വിഷാദരോഗത്തിന് രണ്ട് കാരണങ്ങളുള്ളതായി കാണാം; ആന്തരീകവും ബാഹ്യവും. ആന്തരീക വിഷാദരോഗം മൂന്ന് ന്യൂറോട്രാൻസ്മിറ്ററുകളായ ഡോപമിൻ സിറോടോണിൻ, നോർഎപിനെഫ്രിൻ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ബാഹ്യഘടകങ്ങൾ (പരാജയം, സാമ്പത്തിക തകർച്ച, ദമ്പതികൾ തമ്മിലുള്ള അകൽച്ച അപ്രതീക്ഷിതമായ മരണം) എന്നിവ താൽക്കാലികമായ വിഷാദാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇതിനെ രോഗമായി കാണേണ്ടതില്ല.

മനസിനെ പിടിച്ചുകുലുക്കുന്ന ഈ അവസ്ഥ സ്വപ്രയത്‌നത്താലോ, ബാഹ്യഇടപെടലുകൾ മൂലമോ നിയന്ത്രണവിധേയമാക്കുമ്പോൾ ഒരു പക്ഷേ മരുന്നുകളൊന്നും കൂടാതെ രോഗി സൗഖ്യം പ്രാപിക്കും. പക്ഷേ, ഈ ഘടകങ്ങൾ രോഗിക്ക് തന്റെ വിഷാദാവസ്ഥക്ക് കാരണമാകുന്നു എന്ന തിരിച്ചറിവുണ്ടാകേണ്ടതുണ്ട്.

ആന്തരീകവിഷാദരോഗമുള്ള വ്യക്തിയുടെ ജീവിതത്തിൽ മേലുദ്ധരിച്ചതുപോലുള്ള നിരാശാജനകമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ കൂനിൻമേൽക്കുരുവെന്നതുപോലെ വിഷാദം വ്യക്തിത്വത്തെ മുഴുവനായി കീഴ്‌പ്പെടുത്തുന്നു. ഇവിടെ സ്‌നേഹിതരുടേയൊ ഉറ്റ സുഹൃത്തുക്കളുടേയൊ ഇടപെടൽവഴി മാനസികരോഗ വിദഗ്ദ്ധന്റെ സഹായം തേടേണ്ടിവരും.

ലാഭക്കണ്ണുള്ള ചില ‘വിദഗ്ദ്ധൻമാർ ‘

താൽക്കാലിക രോഗാവസ്ഥയിലുള്ള ഇത്തരക്കാരെ തന്റെ നിത്യരോഗി ലിസ്റ്റിൽ ‘ഫിക്‌സഡ് ഡെപ്പോസിറ്റ്’ ആക്കാൻ ശ്രമിക്കുന്നതും കാണാനിടയായിട്ടുണ്ട്. രോഗം അനിയന്ത്രിതമായി മാത്രം വരുമ്പോൾ, വളരെ ആലോചിച്ചും വിദഗ്ദ്ധരുമായി ചർച്ച ചെയ്തും നിശ്ചയിക്കേണ്ട ഇ.സി.റ്റി. (പ്രത്യേക ചികിത്‌സാരീതി) പ്രഥമഘട്ടത്തിൽതന്നെ നിർദേശിക്കുന്നത് ധാർമികമല്ല. സമൂഹഗാത്രമെന്ന ഉദാത്തമായ ആശയം ഒരു തത്വശാസ്ത്രമാക്കി ചില്ലലമാരയിൽ കാഴ്ചവസ്തുവാക്കേണ്ട കാര്യമല്ലെന്നും ‘ഇന്നു ഞാൻ നാളെ നീ’ എന്നത് മരണത്തെ മാത്രമല്ല ദ്യോതിപ്പിക്കുന്നത് എന്നതും അതിസങ്കീർണ്ണമായ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ നമുക്ക് വിസ്മരിക്കാതിരിക്കാം.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ വിഷാദരോഗികളുടെ എണ്ണം ആഗോളതലത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ചില പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ സാമ്പത്തിക അസമത്വം, പട്ടിണി, മതരാഷ്ട്രീയ വിവേചനം, അടിച്ചമർത്തൽ, അസഹിഷ്ണുത, യുദ്ധം, അധികാരികളുടെ ഏകാധിപത്യപ്രവണത എന്നിവ ഗുരുതരമായ കാരണങ്ങളാണ്. വികസിതരാഷ്ട്രമായ യു.എസിൽപ്പോലും ആറിൽ ഒരാൾ വിഷാദരോഗിയാണെന്നത് ശ്രദ്ധേയമാണ്. മെച്ചപ്പെട്ട സാമ്പത്തികഭദ്രത, ജോലി സാധ്യത എന്നിവയുള്ള ഒരു നാട്ടിൽ ഇതാണ് സ്ഥിതിയെങ്കിൽ വിഷാദരോഗം ജനിപ്പിക്കുന്ന സാമൂഹികഘടകങ്ങൾ നിലവിലുള്ള രാജ്യങ്ങളുടെ സ്ഥിതി ദയനീയമായിരിക്കും.

ഈ രോഗാവസ്ഥ ഒരു വർഷം വരെ നീണ്ടുപോകാമെന്നിരിക്കെ, വിവാഹമോചനം, കൊലപാതകം, ആത്മഹത്യ എന്നിവയിലേക്ക് എത്തിച്ചേരാനും സാധ്യതയുണ്ട്. ഡിപ്രഷൻ പ്രഥമമായി തിരിച്ചറിയേണ്ടതും, ഇടപെടേണ്ടതും സമൂഹമാണ്. രോഗാവസ്ഥകളിലേക്ക് കടന്നുകഴിഞ്ഞൊരാൾക്ക് ഒരു പക്ഷേ സ്വന്തം അവസ്ഥ മനസിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. അതിനാൽ രോഗത്തിന്റെ അടിസ്ഥാനലക്ഷണങ്ങൾ സാമൂഹിക പ്രതിബന്ധതയുള്ളവർ തിരിച്ചറിയേണ്ടതുണ്ട്. അധ്യാപകർ, ഓഫീസ് മേധാവികൾ, സഹപ്രവർത്തകർ, ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ, കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം സഹോദരന്റെ ജീവിതത്തെ തളർത്തുന്ന ലക്ഷണങ്ങൾ തിരിച്ചറിയാൻ ഉത്തരവാദിത്വമുണ്ട്.

ഒന്ന്: നിസ്സഹായാവസ്ഥയും അശുഭാപ്തിവിശ്വാസവും പ്രതിഫലിക്കുന്ന മ്ലാനമുഖം.

രണ്ട് : വീട്ടിലും ഓഫീസിലും മറ്റ് പ്രവൃത്തി സ്ഥലങ്ങളിലും സാധാരണ ചെയ്തുവരാറുള്ള ജോലികളിലും ഉത്തരവാദിത്വങ്ങളിലും സ്ഥിരമായി വീഴ്ചവരുത്തുക.

മൂന്ന്: തുച്ഛമായ സംസാരവും മൗനവും

നാല്: ഉറക്കം, വിശപ്പ് എന്നിയുടെ കുറവ്, കുറയുന്ന ശരീരഭാരം.

അഞ്ച്: ചെറിയ പ്രകോപനം ഉണ്ടാകുമ്പോഴേക്കും ക്ഷോഭിക്കുക, നിയന്ത്രണാതീതമായ കുറ്റബോധം.

ആറ്: ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, ഇടപ്പെടലുകളില്ലാത്ത പക്ഷം ഇത് ആത്മഹത്യയിൽ ചെന്നെത്തും.

ആത്മഹത്യപ്രവണതയുള്ള രോഗികളിൽ ന്യൂറോട്രാൻസ്മിറ്റർ സീറോടോണിന്റെ അളവ് കുറവുള്ളതായി ഗവേഷകർ ചൂണ്ടികാണിക്കുന്നു. ആത്മഹത്യയിലേക്കു നയിക്കുന്ന വിഷാദരോഗങ്ങൾ ഗൗരവതരമായി സംബോധനചെയ്യപ്പെടേണ്ടതുണ്ട്. നാലിൽ ഒരാൾ ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസികരോഗാവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. അതായത് ഏകദേശം 450 മില്യൻ ആളുകൾ!

ഇതിൽ 350 മില്യൻ പേരും വിഷാദരോഗത്തിന്റെ ഇരുണ്ട ഗുഹയിൽ എത്തിച്ചേരുന്നു. ഇക്കാരണത്താൽ എട്ട് ലക്ഷത്തോളം പേർ പ്രതിവർഷം ആത്മഹത്യചെയ്യുന്നുവെന്നത് അപകടസൂചനയാണ്. 2015- 16 ലെ ദേശീയമാനസികാരോഗ്യ സർവേ പ്രകാരം ഭാരതത്തിൽ 15% മുതിർന്നവർക്ക് കൗൺസിലിങ്ങോ മരുന്നുകളൊ ആവശ്യമായി വരുന്നു. ദേശീയ മാനസികാരോഗ്യ സർവേയിൽ ഭാരതത്തിൽ 20ൽ ഒരാൾ വിഷാദത്തിന് അടിമപ്പെടുന്നതായി കണ്ടു. നിരാശമൂലം ലഹരിക്കടിമപ്പെടുന്നവർ വൈകാതെ വിഷാദരോഗികളായി മാറി ആത്മഹത്യയിൽ ജീവിതമവസാനിപ്പിക്കുന്നുമുണ്ട്. വിഷാദരോഗികളിൽ ചിലരെങ്കിലും സമൂഹത്തിന്റെ സൃഷ്ടിതന്നെയാണ്.

വിഷാദരോഗത്തെ ക്രൈസ്തവർ കേവലമൊരു ആരോഗ്യപ്രശ്‌നമായി മാത്രം കണ്ടാൽ പോര. പ്രശ്‌നപരിഹാരത്തിന് നല്ല സമരിയാക്കാരൻ (ലൂക്ക 10, 25- 37) ഉത്തമ മാതൃകയായി നമുക്ക് മുമ്പേ നടക്കുന്നു. സാമ്പത്തിക ഞെരുക്കമടക്കം ജീവിതത്തെ ബാധിക്കുന്നതിലപ്പുറം ബന്ധിക്കുന്ന കാരണങ്ങളാണ് വിഷാദരോഗത്തിലേക്ക് നയിക്കുന്നത്. എന്നതിനാൽ സൗഹാർദവും സൗജന്യവും സമന്വയിപ്പിച്ചുള്ള ഒരു ക്രൈസ്തവ ചികിൽസരീതിയാണ് ഏറ്റവും അഭികാമ്യം.

സ്‌കൂളുകളിലും കോളേജുകളിലും മറ്റും കൗൺസിലിംങ്ങ് കേന്ദ്രങ്ങൾ സൗജന്യമായി പ്രവർത്തിക്കുന്നുണ്ടോയെന്നത് ശ്ലാഘനീയമാണ്. എന്നാൽ, യേശുവിന്റെ സൗഖ്യദായകമായ ശുശ്രൂഷാ സാന്നിധ്യമായ നമ്മുടെ മിഷൻ ആശുപത്രികളും പ്രഥമികാരോഗ്യകേന്ദ്രങ്ങളിലുമെല്ലാം കൗൺസിലിംങ്ങ് മാത്രമല്ല, വിഷാദരോഗചികിൽസയും സൗജന്യമായിരിക്കണം.

ആസക്തിവുമുക്തചികിൽസയും ഈ ഗണത്തിൽപ്പെടുന്നു. കാരണം ഈ രണ്ട് വിഭാഗം രോഗികളും ചികിൽസയ്ക്ക് സ്വയം വിധേയമാകണമെന്ന മാനസികാവസ്ഥ നഷ്ടപ്പെട്ട നിസ്സഹായരാണ്. ഇക്കൂട്ടർക്ക് ചികിൽസ നൽകുന്നത് നഷ്ടമായിട്ടല്ല, ക്രൈസ്തവസാക്ഷ്യമായിട്ടാണ് കാണേണ്ടത്. സാമ്പത്തികമായി ഉയർന്നുനിൽക്കുന്നവരിലും ചിലർ വിഷാദരോഗികളാകുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം രോഗികളും സാമ്പത്തിക പശ്ചാത്തലം തകർന്നവരാണ്.

ഒരു രോഗിയെ നമുക്ക് രക്ഷിച്ചെടുക്കാനായാൽ ഒരു കുടുംബമല്ലേ രക്ഷപ്പെടുന്നത്. ഈയിടെയായി വ്യക്തികൾ മാത്രമല്ല, ചില കുടുംബങ്ങൾ മുഴുവനായി ആത്മഹത്യചെയ്യുന്ന വാർത്തകൾ സമൂഹത്തിൽ വിഷാദാവസ്ഥ വർദ്ധിക്കുന്നുവെന്നതിന്റെ അടയാളമാണ്. ‘ചങ്ങലയുടെ ബലം അതിന്റെ ഏറ്റവും ദുർബലമായ കണ്ണിയുടെ കരുത്താണ് ‘ എന്ന സമൂഹശാസ്ത്രം ഇവിടെ പ്രസക്തമാകുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?