Follow Us On

18

April

2024

Thursday

ഏത് ജീവിതാവസ്ഥയിലും പ്രാർത്ഥന തുടരണം; ദാവീദിനെ മാതൃകയായി ചൂണ്ടിക്കാട്ടി പാപ്പ

ഏത് ജീവിതാവസ്ഥയിലും പ്രാർത്ഥന തുടരണം; ദാവീദിനെ മാതൃകയായി ചൂണ്ടിക്കാട്ടി പാപ്പ

വത്തിക്കാൻ സിറ്റി: ജീവിത സാഹചര്യങ്ങൾ എങ്ങനെയായാലും പ്രാർത്ഥനയിൽ ആശ്രയിച്ച് ദൈവീക സംരക്ഷണം തേടണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കുറ്റബോധംപോലെ ആനന്ദവും, സഹനമെന്നപോലെ സ്‌നേഹവും, രോഗമെന്നപോലെ സൗഹൃദവുമെല്ലാം നമ്മെ സദാ ശ്രവിക്കുന്ന ദൈവത്തോടുള്ള പ്രാർത്ഥനയാക്കി മാറ്റാനാകുമെന്നും പാപ്പ പറഞ്ഞു. ജീവിതത്തിലെ വൈരുദ്ധ്യാത്മക ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രാർത്ഥനയെ മുറുകെപ്പിടിച്ച ദാവീദിനെ മാതൃകയാക്കി ചൂണ്ടിക്കാട്ടുകയും ചെയ്തു അദ്ദേഹം.

വത്തിക്കാൻ ലൈബ്രറിയിൽനിന്ന് തത്‌സമയം ക്രമീകരിച്ച പൊതുസന്ദർശനമധ്യേ, പ്രാർത്ഥനയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രഭാഷണ പരമ്പര തുടരുകയായിരുന്നു പാപ്പ. ദാവീദ്, സർവോപരി ഒരു ഇടയനാണ്. മൃഗങ്ങളെ പരിപാലിക്കുന്ന, അപകടങ്ങൾ മുൻകൂട്ടിക്കണ്ട് അവയ്ക്ക് സംരക്ഷണം ഒരുക്കുന്ന, അവയ്ക്ക് തീറ്റ കണ്ടെത്തുന്ന മനുഷ്യൻ. ദൈവഹിതാനുസാരം ജനങ്ങളുടെ കാര്യം നോക്കേണ്ടി വരുമ്പോൾ ഇവയിൽ നിന്നേറെ വ്യത്യസ്തമായ കാര്യങ്ങളല്ല അദ്ദേഹം ചെയ്യുക.

നല്ല ഇടയൻ എന്നത് കൂലിത്തൊഴിലാളിയിൽനിന്ന് വ്യത്യസ്തനാണ്. അവൻ ആടുകൾക്കായി ജീവൻ നൽകുന്നു, അവയെ നയിക്കുന്നു, അവയിൽ ഒരോന്നിന്റെയും പേര് അവൻ അറിയുന്നു. അതിനാൽ, നല്ല ഇടയനായിരിക്കുക എന്ന ഒരു ആഗ്രഹം ദാവീദിനുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന് ഈ ദൗത്യത്തിനൊത്തുയരാൻ സാധിക്കുന്നു, മറ്റു ചിലപ്പോൾ അതിൽ കുറവ് അനുഭവപ്പെടുന്നു.

ദാവീദിന്റെ ജീവിതത്തെ കുറിച്ച് ഒന്നു ചിന്തിക്കാം. വിശുദ്ധനും പാപിയും, പീഡിതനും മർദകനും, ഇരയും ആരാച്ചാരും. ദാവിദ് ഇവയെല്ലാമായിരുന്നു. ഇതൊരു വൈരുദ്ധ്യമാണ്. വിപരീത സ്വഭാവങ്ങൾ പലപ്പോഴും നമ്മുടെ ജീവിതത്തിലുമുണ്ട്. ജീവിത പദ്ധതിയിൽ സകല മനുഷ്യരും പലപ്പോഴും പൊരുത്തക്കേട് എന്ന പാപം ചെയ്യുന്നു. എന്നാൽസ സംഭവിക്കുന്നവയെ എല്ലാം കൂട്ടിച്ചേർക്കുന്ന ഒരു സ്വർണ നൂൽ ദാവീദിന്റെ ജീവിതത്തിലുണ്ട്. അത് അദ്ദേഹത്തിന്റെ പ്രാർത്ഥനയാണ്.

വിശുദ്ധനായ ദാവീദ് പ്രാർത്ഥിക്കുന്നു, പാപിയായ ദാവീദ് പ്രാർത്ഥിക്കുന്നു. പീഡിതനായ ദാവീദ് പ്രാർത്ഥിക്കുന്നു, ബലിയാടായ ദാവീദ് പ്രാർത്ഥിക്കുന്നു, ആരാച്ചാരായ ദാവീദ് പ്രാർത്ഥിക്കുന്നു. ഇതാണ് ദാവീദിന്റെ ജീവിതത്തിലെ സ്വർണ നൂൽ. അവൻ പ്രാർത്ഥനയുടെ മനുഷ്യനാണ്. ഈ സ്വരം ഒരിക്കലും നിലയ്ക്കുന്നില്ല. അത് സന്തോഷത്തിന്റെ സ്വരമായാലും സന്താപത്തിന്റെ സ്വരമായാലും എല്ലായ്‌പ്പോഴും ഒരേ പ്രാർത്ഥനയാണ്, ഈണം മാത്രമെ മാറുന്നുള്ളു. ഇപ്രകാരം ചെയ്തുകൊണ്ട് ദാവീദ്, സകലത്തെയും ദൈവവുമായുള്ള സംഭാഷണത്തിലേക്ക് സന്നിവേശിപ്പിക്കാൻ നമ്മെ പഠിപ്പിക്കുന്നു.

വാസ്തവത്തിൽ, ദാവീദ് ഒരിക്കലും ഏകാന്തനായിരുന്നില്ല. അതാണ്, ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഇടം നൽകുന്നവർക്ക് ലഭിക്കുന്ന മൗലികമായ ശക്തി. അതായത്, മനുഷ്യന്റെ യാത്രയിൽ, ജീവിതത്തിലെ പ്രതികൂലാവസ്ഥകളിൽ, നല്ലതും മോശവുമായ അവസ്ഥകളിൽ, യഥാർത്ഥ തുണയായ ദൈവവുമായുള്ള ബന്ധം അത് ഉറപ്പു നൽകുന്നു. പ്രാർത്ഥനയുടെ ശ്രേഷ്~ത നമ്മെ ദൈവത്തിന്റെ കരങ്ങൾക്കുള്ളിലാക്കുന്നു. സ്‌നേഹത്താൽ മുറിപ്പെട്ട ആ കരങ്ങൾ മാത്രമാണ് നമുക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന കരങ്ങളെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?