Follow Us On

02

December

2023

Saturday

ചാരായഷാപ്പില്‍ വചനം വിതച്ച തങ്കച്ചന്‍!

സുബിന്‍ തോമസ്

ചാരായഷാപ്പില്‍ വചനം വിതച്ച തങ്കച്ചന്‍!

ഏത് സാഹചര്യത്തിലും ദൈവിക ശുശ്രൂഷയുടെ വഴികളില്‍ മുന്നേറാനാകും എന്നതിന് ഉത്തമസാക്ഷ്യമാണ് ചാരായഷാപ്പില്‍ തൊഴില്‍ ചെയ്ത കട്ടപ്പന സ്വദേശി തങ്കച്ചന്‍ പാമ്പാടും പാറയുടെ ജീവിതം. ലഹരി വിരുദ്ധ ദിനമായ ഇന്ന്  (ജൂൺ 26)
അടുത്തറിയാം, അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ ശുശ്രൂഷാ ജീവിതം.

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തും പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചും ആത്മീയജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ഒരാള്‍ ചാരായഷാപ്പില്‍ പണിയെടുക്കുകയോ! വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണ്. ഇയാളെന്ത് ആത്മീയന്‍ എന്ന് മനസില്‍ പറയുംമുമ്പ് വിശ്വസിക്കാന്‍ പ്രയാസമുള്ള മറ്റൊരു കാര്യംകൂടി അറിഞ്ഞോളൂ ഇദ്ദേഹം ചാരായഷാപ്പില്‍ ജോലിചെയ്തതുകൊണ്ടുമാത്രം മദ്യത്തിന്റെ അടിമത്വത്തില്‍നിന്ന് രക്ഷപ്പെട്ടവരും ഏക രക്ഷകനായ ക്രിസ്തുവിനെ അറിഞ്ഞവരും നിരവധിയത്രേ. ഇടുക്കി കട്ടപ്പന സ്വദേശിയായ തങ്കച്ചന്‍ പാമ്പാടുംപാറയാണ് സമാനതകളില്ലാത്ത ആ ശുശ്രൂഷകന്‍.

ധ്യാനം കൂടി, വീട് പോയി

പതിനൊന്ന് മക്കളുള്ള കുടുംബത്തിലായിരുന്നു തങ്കച്ചന്റെ ജനനം, കട്ടപ്പനയിലെ പാമ്പാടുംപാറ എന്ന ഗ്രാമത്തില്‍. സാമ്പത്തിക ക്ലേശങ്ങള്‍ക്കു പുറമെ, ശ്വാസംമുട്ടലും അലട്ടിയ ബാല്യം. രോഗപീഡകള്‍ കാരണം പഠനം അഞ്ചാം ക്ലാസില്‍ അവസാനിച്ചു. അമ്മ രോഗിയായി കിടപ്പിലായതും അക്കാലത്താണ്. രോഗാവസ്ഥയില്‍ അമ്മയുടെ സഹനജീവിതം മനസിലാക്കിയ തങ്കച്ചന്‍ അമ്മയ്ക്കുവേണ്ടി വളരെയധികം പ്രാര്‍ത്ഥിക്കുമായിരുന്നു.

കണ്ണീരോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ അമ്മയ്ക്ക് രോഗശമനം ലഭിക്കുന്നത് പ്രാര്‍ത്ഥനയിലുള്ള വിശ്വാസം ഉള്ളില്‍ രൂപപ്പെടാന്‍ കാരണമായി. വാടകവീട്ടിലാണ് അക്കാലത്ത് താമസം. അങ്ങനെയിരിക്കെ ഒരു ബന്ധുവിന്റെ പ്രേരണയാല്‍ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കാനിടയായി. ആദ്യമായി കൂടിയ ആ ധ്യാനം ജീവിതത്തെ വളരെയേറെ സ്വാധീനിച്ചു. ക്രിസ്തുവിനുവേണ്ടി ഇനിയുള്ള കാലം എന്തെങ്കിലും ചെയ്യണം എന്ന ചിന്തയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്.

അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നു വാടകവീട് പൂട്ടിക്കിടക്കുന്നു. വാടക കൊടുക്കാത്തതിനാല്‍ വീട്ടുകാരെയെല്ലാം പുറത്താക്കി ഉടമസ്ഥന്‍ വീട് അടച്ചുപൂട്ടിയതാണ്. കുടുംബാംഗങ്ങളെ അന്വേഷിച്ചിറങ്ങിയ തങ്കച്ചന്‍ അവരെ കണ്ടെത്തിയത് മലമുകളിലെ ഒരു തൊഴുത്തിലാണ്. ആദ്യം ഉള്‍ക്കൊള്ളാനായില്ലെങ്കിലും പിന്നീട് പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിനെ ഓര്‍ത്ത് മാറി ചിന്തിച്ചു. അക്കാലത്ത് കരിസ്മാറ്റിക് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ കൂടുതല്‍ സജീവമായി. കൂലിപ്പണിയായിരുന്നു അന്നേന്നപ്പം നേടാനുള്ള മാര്‍ഗം.

പ്രാര്‍ത്ഥനാഗ്രൂപ്പില്‍നിന്ന് ചാരായഷാപ്പിലേക്ക്

പ്രാര്‍ത്ഥനാഗ്രൂപ്പില്‍ അംഗമായതോടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ വീട് ലഭിച്ചു. ജലക്ഷാമം രൂക്ഷമായ പ്രദേശമായിരുന്നു അവിടം. വെള്ളത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു, ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. ടോയ്‌ലറ്റിനുവേണ്ടി കുഴിയെടുത്തപ്പോള്‍ നീരുറവ കണ്ടെത്തി. അങ്ങനെ ജലക്ഷാമം പരിഹരിക്കപ്പെട്ടു. ആഴ് ചതോറുമുള്ള കരിസ്മാറ്റിക് കൂട്ടായ്മയില്‍ മുടങ്ങാതെ പങ്കെടുത്ത തങ്കച്ചന്‍ മറ്റൊരു ദൗത്യം കൂടി സ്വയം ഏറ്റെടുത്തു. ആരെങ്കിലും കൂട്ടായ്മയില്‍ വരുന്നത് മുടങ്ങിയാല്‍ എത്ര അകലെയാണെങ്കിലും അവരെ അന്വേഷിച്ചെത്തും.

ചെറിയ അവസരം ലഭിച്ചാല്‍പോലും പ്രാര്‍ത്ഥിക്കാനും പാട്ടുകള്‍ പാടി ദൈവത്തെ സ്തുതിക്കാനും പരിശ്രമിച്ചിരുന്നു. ഇപ്രകാരം ആത്മീയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴാണ് ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്. ചാരായക്കടയിലെ യൂണിയന്‍ തൊഴിലാളിയായിരുന്നു ജ്യേഷ്ഠന്‍. മറ്റൊരു ജോലിയുമായി ബന്ധപ്പെട്ട് വിദൂരസ്ഥലത്ത് പോകേണ്ടിവന്നതിനാല്‍ തന്റെ ജോലി അനുജന് നല്‍കാന്‍ ജേഷ്ഠന്‍ തീരുമാനിച്ചു.

കുടുംബത്തിന്റെ ദയനീയമായ അവസ്ഥ ഒരുവശത്ത്, മറുവശത്ത് ആത്മീയ ജീവിതത്തോടുള്ള സ്‌നേഹം. രണ്ടും ഉപേക്ഷിക്കാനാകാത്ത സാഹചര്യം. ചാരായഷാപ്പിലെ ജോലി സ്വീകരിക്കരുതെന്ന് ആത്മീയ സുഹൃത്തുക്കള്‍ ഉപദേശിച്ചപ്പോള്‍, കുടുംബം പുലര്‍ത്താന്‍ ജോലി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ചു. ഒടുവില്‍, അന്നത്തെ കുടുംബസാഹചര്യം പരിഗണിച്ച് ആ ജോലി സ്വീകരിക്കേണ്ടി വന്നു.

സുവിശേഷപ്രഘോഷണം ചാരായഷാപ്പിലും

എന്നാല്‍, അസാധാരണമായ ഒരു ശുശ്രൂഷയുടെ തുടക്കമായിരുന്നു അത്. ആത്മീയജീവിതം നയിക്കുന്നവരെ അസ്വസ്ഥതപ്പെടുത്തുന്ന ജീവിതസാഹചര്യത്തിലേക്കാണ് തങ്കച്ചന്‍ വലിച്ചെറിയപ്പെട്ടത്. പക്ഷേ, തങ്കച്ചന്‍ നിരാശനായില്ല. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് ഉത്തമബോധ്യമുണ്ടായിരുന്ന അദ്ദേഹം, തന്റെ പുതിയ ജോലിയിലും ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് മനസിലാക്കി. കുമളിയിലെ ചാരായഷാപ്പിലായിരുന്നു ജോലി. അടുത്തുള്ള ആശ്രമത്തിലെത്തി അച്ചനെ കണ്ട് അവിടെ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് തുടങ്ങാന്‍ അനുവാദം വാങ്ങി. ഏതാനും പേരിലൂടെ ആരംഭിച്ച കൂട്ടായ്മ വളര്‍ന്നു.

മാസത്തില്‍ പരമാവധി 15 ദിവസം മാത്രം ജോലി, ദിവസത്തില്‍ പരിമിതമായ ജോലിസമയം ഇതെല്ലാം പുതിയ ജോലിയുടെ സാധ്യതകളായിരുന്നു. അത് ദൈവവേലയ്ക്കായി തങ്കച്ചന്‍ സമര്‍ത്ഥമായി വിനിയോഗിച്ചു. ജോലിസമയത്ത് പ്രധാന മദ്യപന്മാരെയെല്ലാം നോക്കിവെക്കും. ജോലിസമയം കഴിഞ്ഞ് അവരുമായി സൗഹൃദം സ്ഥാപിക്കും. ഓരോരുത്തരെയായി ധ്യാനം കൂടാന്‍ പറഞ്ഞുവിടും. കുറഞ്ഞ കാലംകൊണ്ട് ടൗണിലെ പ്രധാന മദ്യപന്മാരെല്ലാം മാനസാന്തരപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ചാരായക്കച്ചവടത്തില്‍ വലിയ ഇടിവുണ്ടായി. അതിന്റെ കാരണം അന്വേഷിച്ച് ഉടമയ്ക്ക് അധികം അലയേണ്ടിവന്നില്ല.

തങ്കച്ചനാണ് എല്ലാത്തിനും കാരണമെന്ന് തിരിച്ചറിഞ്ഞതോടെ സഹപ്രവര്‍ത്തകരില്‍ നിന്ന് എതിര്‍പ്പ് ശക്തമായി. രാത്രിയില്‍ ശുശ്രൂഷയും മറ്റും കഴിഞ്ഞ് വരുമ്പോള്‍ കുത്തുവാക്കുകളും കളിയാക്കലുകളും പ്രകോപനങ്ങളുമായി അവര്‍ തങ്കച്ചനെ വീര്‍പ്പുമുട്ടിച്ചു.

ആഴമായ പ്രാര്‍ത്ഥനയും പ്രത്യാശയും മനോബലവുംകൊണ്ടുമാത്രം പിടിച്ചുനിന്നു. ഒടുവില്‍, മാനേജ്‌മെന്റും ഒപ്പം ജോലി ചെയ്തിരുന്നവരും ചേര്‍ന്ന് മറുപടി ആവശ്യപ്പെട്ട്  ഷോക്കാസ് നോട്ടീസ് നല്‍കി. ഒന്നുകില്‍ ദൈവശുശ്രൂഷ അവസാനിപ്പിക്കുക, അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കുക. ഏഴ് ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണം. തീരുമാനം അനുകൂലമല്ലെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ അവര്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഏഴു ദിവസം പൂര്‍ത്തിയാകുംമുമ്പേ കേരളത്തില്‍ ചാരായനിരോധനം നടപ്പില്‍വന്നു എന്നതാണ് അത്ഭുതം!

അടുക്കളയില്‍നിന്ന് വചനവേദിയിലേക്ക്

ഭക്ഷണം ഉണ്ടാക്കാന്‍ അറിയാമായിരുന്നതിനാല്‍ കണ്‍വെന്‍ഷനുകളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പോയിരുന്നു. പ്രാര്‍ത്ഥനാപൂര്‍വമാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. അടുക്കളയില്‍ പാചകം ചെയ്യുമ്പോഴും ഇദ്ദേഹത്തിന്റെ കാതുകള്‍ സ്റ്റേജിലായിരുന്നു. ഒരിക്കല്‍ ഒരു കണ്‍വെന്‍ഷനില്‍ വചനം പറയാന്‍ ഏറ്റിരുന്ന ശുശ്രൂഷകന് വരാനായില്ല. അടുക്കളയിലായിരുന്ന തങ്കച്ചനെ തേടി സംഘാടകരെത്തി. 10 മിനിറ്റ് സാക്ഷ്യം പറയാന്‍ അവര്‍ തങ്കച്ചനെ നിര്‍ബന്ധിച്ചു.

ആദ്യമായി അങ്ങനെ സ്റ്റേജില്‍ പ്രസംഗിച്ചു, പ്രസംഗം ഒരു മണിക്കൂറോളം നീണ്ടു. അടുക്കളയില്‍ ശുശ്രൂഷ ചെയ്ത തങ്കച്ചനെ കര്‍ത്താവ് വചനവേദിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. അന്നത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പലരും പിന്നീട് തങ്ങളുടെ ഇടവകയില്‍ സാക്ഷ്യം പറയാനും വചനം പങ്കുവെക്കാനും തങ്കച്ചനെ ക്ഷണിച്ചു. പിന്നീട് യുവജനങ്ങള്‍ക്കായുള്ള ധ്യാനം നയിക്കാനും ഇടവകധ്യാനങ്ങള്‍ ചെയ്യാനും കര്‍ത്താവ് കൃപ നല്‍കി.

ജീവിതത്തില്‍ ശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം നല്‍കുന്ന തങ്കച്ചന് ഭാര്യ ബിന്ദുവാണ് വലിയ പിന്തുണ. മൂന്ന് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല് മക്കള്‍. ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കാന്‍ ദൈവത്തിന് സാധിക്കുമെന്ന് തങ്കച്ചന്റെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു. ചെറുപ്പംമുതല്‍ അലട്ടിയിരുന്ന ശ്വാസംമുട്ടല്‍രോഗം ശുശ്രൂഷാജീവിതം ആരംഭിച്ചപ്പോള്‍ത്തന്നെ കര്‍ത്താവ് സൗഖ്യപ്പെടുത്തി. ജീവിതസാഹചര്യങ്ങള്‍ മാറിയിട്ട് ശുശ്രൂഷ ചെയ്യാമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഈ ശുശ്രൂഷകന്റെ ജീവിതം പുതിയ ദിശാബോധവും ആവേശവും പകരുമെന്ന് തീര്‍ച്ച.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?